രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായപ്രകടനം നടത്തുന്നതിനുള്ള അവകാശവും ഹനിക്കുന്ന നടപടികൾ അടിയന്തരാവസ്ഥക്കാലത്തെ തോൽപിക്കുന്ന വിധത്തിലായിട്ട് 11വർഷം പിന്നിട്ടു. 2014ൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയതുമുതൽ നടപടികൾക്ക് ശൗര്യവും ക്രൗര്യവും ഏറിയെന്ന് മാത്രമല്ല ഏത് ആയുധവും അതിനായി പ്രയോഗിക്കുമെന്ന സ്ഥിതിയായി. പ്രാകൃത നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ചുള്ള ഉപരോധ ശ്രമങ്ങൾക്ക് പുറമേ സാമ്പത്തികമായി തകർക്കുന്നതിനുള്ള നീക്കങ്ങളും തകൃതിയായി. കേന്ദ്രസർക്കാരിന്റെ വിവിധ ഏജൻസികൾ ഇതിനായി അധിക സമയ ജോലിയെടുത്തുകൊണ്ടിരിക്കുന്നു. അതിൽ ഒന്നായിട്ടാണ് ന്യൂസ് ക്ലിക്കിനെതിരായ സാമ്പത്തിക ശിക്ഷണ നടപടി പുറത്തുവന്നിരിക്കുന്നത്. വൻതുക പിഴയായി ഒടുക്കുന്നതിന് വിധിച്ചാണ് ന്യൂസ് ക്ലിക്കിനെ പൂട്ടുന്നതിനുള്ള നടപടി കൈക്കൊണ്ടിരിക്കുന്നത്.
നിരവധി മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവർത്തകരും കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബിജെപി സർക്കാരുകളുടെ വേട്ടയാടലുകൾക്ക് ഇരയായി. കഴിഞ്ഞ വർഷം പുറത്തുവന്ന കണക്ക് പ്രകാരം ആദ്യ മാസങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന 329 സംഭവങ്ങളിൽ 283 എണ്ണത്തിലും മാധ്യമപ്രവർത്തകരും അക്കാദമിക വിദഗ്ധർ, വിദ്യാർത്ഥികൾ, കലാകാരന്മാർ, ഹാസ്യനടന്മാർ, ചലച്ചിത്ര പ്രവർത്തകർ എന്നിവരാണ് ഉൾപ്പെട്ടത്. നേരത്തെയും സർക്കാരിന് അഹിതമായ വിധത്തിൽ മാധ്യമ പ്രവർത്തനം നടത്തുന്ന ചില സ്ഥാപനങ്ങൾക്കെതിരെ സാമ്പത്തിക പിന്തുണ തകർത്ത് ഇല്ലാതാക്കുന്നതിനുള്ള ശ്രമമുണ്ടായി. അന്വേഷണാത്മക മാധ്യമ പ്രവർത്തനം നടത്തിവന്നിരുന്ന റിപ്പോർട്ടേഴ്സ് കളക്ടീവ്, കന്നഡ വാർത്താ വെബ്സൈറ്റായ ദി ഫയൽ എന്നിവയെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവ എന്ന പദവി റദ്ദാക്കിയാണ് ആദായനികുതി വകുപ്പ് അവയുടെ പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുന്നതിനുള്ള നീക്കം കഴിഞ്ഞ വർഷം നടത്തിയത്. അവരുടെ മാധ്യമപ്രവർത്തനം സദുദ്ദേശ്യപരമല്ലെന്നും പൊതുലക്ഷ്യത്തെ സഹായിക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആദായ നികുതി വകുപ്പ് നടപടി.
ഇതിലൂടെ ഈ രണ്ട് സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ചില സാമ്പത്തിക ആനുകൂല്യങ്ങളും സഹായങ്ങളും തടയുന്നതിനും അതിലൂടെ നിലനില്പ് തന്നെ അപകടപ്പെടുത്താമെന്നും ധരിച്ചാണ് കേന്ദ്ര നടപടിയുണ്ടായത്. റിപ്പോർട്ടേഴ്സ് കളക്ടീവ് അന്വേഷണാത്മകമായി നിരവധി വാർത്തകൾ പുറത്തുകൊണ്ടുവന്നതിൽ ബിജെപി സർക്കാരിന് അനിഷ്ടകരമായ പലതുമുണ്ടായിരുന്നുവെന്നതാണ് അവർക്കെതിരായ നടപടിക്ക് പിന്നിലെ യഥാർത്ഥ കാരണം. ബിജെപി സർക്കാരിന് എതിരായും പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് അനുകൂലമായും വാർത്തകളും ലേഖനങ്ങളും പുറത്തുകൊണ്ടുവന്ന ന്യൂസ് ക്ലിക്കിനെയും സമാന രീതിയിൽ തടയുന്നതിനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേന്ദ്രസർക്കാരിന്റെ വിവിധ ഏജൻസികൾ നടത്തിവരുന്നത്.
വിദേശ വിനിമയ ചട്ടം (ഫെമ), നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (യുഎപിഎ) തുടങ്ങിയ വിവിധ വകപ്പുകൾ പ്രകാരം 2020 മുതൽ ആരംഭിച്ചതാണ് ന്യൂസ് ക്ലിക്കിനെതിരായ നടപടി. മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് 2020 ഓഗസ്റ്റിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. ഡൽഹി പൊലീസ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ 2021 ഫെബ്രുവരിയിൽ ഇഡി ന്യൂസ് ക്ലിക്ക് ഓഫിസിലും സ്ഥാപകൻ പ്രബീർ പുർകായസ്തയുടെ വീട്ടിലും റെയ്ഡ് നടത്തിയെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ല. 2023 ഒക്ടോബറിൽ ഡൽഹി പൊലീസ് ന്യൂസ് ക്ലിക്ക് ഓഫിസും 80 ഓളം മാധ്യമപ്രവർത്തകരുടെയും മറ്റ് വ്യക്തികളുടെയും വസതികളും റെയ്ഡ് ചെയ്തു. ഇതേ ദിവസം തന്നെ പുർകായസ്തയെ അറസ്റ്റ് ചെയ്തു.
യുഎപിഎ ചുമത്തി 2024 മാർച്ചിൽ ഡൽഹി പൊലീസ് ഫയൽ ചെയ്ത മറ്റൊരു കേസുമായി ബന്ധപ്പെട്ടായിരുന്നു ഈ റെയ്ഡുകൾ. 2024 മേയ് മാസത്തിൽ, കേസിൽ പുർകായസ്തയുടെ അറസ്റ്റ് അസാധുവാണെന്ന് സുപ്രീം കോടതി പ്രഖ്യാപിക്കുകയും അദ്ദേഹത്തെ വിട്ടയയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. എങ്കിലും ന്യൂസ് ക്ലിക്കിനെതിരായ വേട്ട കേന്ദ്ര സർക്കാർ അവസാനിപ്പിച്ചില്ലെന്നാണ് ഇപ്പോഴത്തെ നടപടി തെളിയിക്കുന്നത്. വിദേശ വിനിമയ ചട്ടലംഘനത്തിന്റെ അടിസ്ഥാനത്തിൽ പിപികെ ന്യൂസ് ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡിന് 120 കോടി രൂപയും പ്രബീർ പുർകായസ്തയ്ക്ക് 64 കോടി രൂപയും ഉൾപ്പെടെ 184 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഫെമ ആക്ടിന് കീഴിലുള്ള ഒരു അഡ്ജുഡിക്കേറ്റിങ് അതോറിട്ടിയാണ് പിഴ ചുമത്തിയതെന്നാണ് ഇഡി അറിയിച്ചത്.
ഇപ്പോഴത്തേത് പ്രതികാര നടപടിയാണെന്നതിന് യാതൊരു സംശയത്തിന്റെയും ആവശ്യമില്ല. 2018–19 സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് ലഭിച്ച ഏകദേശം 9.5 കോടി രൂപ നിക്ഷേപം സംബന്ധിച്ച കണക്കുകൾ ഫയൽ ചെയ്തതിൽ പൊരുത്തക്കേട്, 2018–19 നും 2023–24 നും ഇടയിൽ 82.6 കോടി രൂപ ലഭിച്ചതിന്റെ രേഖകൾ സമർപ്പിക്കുന്നതിൽ വീഴ്ച തുടങ്ങിയവയാണ് ഭീമമായ പിഴ വിധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതനുസരിച്ചാണെങ്കിൽ 92 കോടി രൂപയുടെ കണക്കുകൾ സമർപ്പിക്കുന്നതിലാണ് വീഴ്ചയുണ്ടായത്. പക്ഷേ അതിന്റെ ഇരട്ടി തുക പിഴയായി നിശ്ചയിച്ചിരിക്കുന്നു. സാമ്പത്തികമായി തകർത്ത് സ്ഥാപനത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ളതാണ് നടപടിയെന്ന് ഇതിലൂടെ തന്നെ വ്യക്തമാണ്. അഭിപ്രായ സ്വാതന്ത്ര്യം തകർക്കുന്നതിന് ഏത് കുതന്ത്രവും പ്രയോഗിക്കുമെന്നതിന്റെ ഉദാഹരണം തന്നെയാണിതും. ഇതുകൊണ്ട് സ്വതന്ത്ര മാധ്യമ പ്രവർത്തനം ഇല്ലാതാക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് മാത്രമേ ഓർമ്മിപ്പിക്കാനുള്ളൂ.

