മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അതിന്റെ അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രാഷ്ട്രീയ സ്ഥിരതയുടെയും തുടർച്ചയുടെയും ഒരു ദശകത്തിന്റെ അവസാനപാദത്തിലേക്കാണ് എൽഡിഎഫ് സർക്കാർ പ്രവേശിച്ചിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന, ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിന്റെ കടുത്ത അവഗണനയെയും സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക വിഹിതം നിഷേധിക്കുന്ന അനീതിയയെയും നേരിട്ടാണ് എൽഡിഎഫ് വൻ ജനപിന്തുണയോടെ വിജയകരമായ ഒമ്പത് ഭരണവർഷങ്ങൾ പിന്നിട്ടത്. തുടർച്ചയായി നേരിടേണ്ടിവന്ന പ്രകൃതിദുരന്തങ്ങളെ കേന്ദ്ര സഹായത്തിന്റെ അഭാവത്തിലും നേരിട്ട് ജനങ്ങൾക്ക് ആശ്വാസം പകർന്നുനൽകിക്കൊണ്ടാണ് എൽഡിഎഫ് ഭരണം മുന്നേറുന്നത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. പ്രതിപക്ഷമായ കോൺഗ്രസിന്റെയും അവർ നേതൃത്വം നൽകുന്ന യുഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയ എതിർപ്പുകളെയും തികച്ചും ശത്രുതാപരമായ സമീപനങ്ങളെയും അതിജീവിച്ചാണ് ഇക്കാലമത്രയും എൽഡിഎഫ് ഭരണം നിലനിന്നതും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്നതും. മാത്രമല്ല, ശക്തമായ അത്തരം എതിർപ്പുകളെ അതിജീവിച്ച് അടുത്ത തെരഞ്ഞെടുപ്പിലും അധികാരത്തിൽ വരാനും ഭരണത്തുടർച്ചയും വികസനമുന്നേറ്റവും ജനക്ഷേമവും കരുതലും ഉറപ്പുനൽകാനും കഴിയുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും കൈമുതലാക്കിയാണ് സർക്കാരിന്റെ മുന്നേറ്റം. രാഷ്ട്രീയമായതും പ്രകൃതിയുടെയും മഹാമാരിയുടെയും എല്ലാ പ്രാതികൂല്യങ്ങളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റിയ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായിമാറി സംസ്ഥാനത്തിന്റെ വികസനക്കുതിപ്പ് ഉറപ്പുവരുത്തിയ ഒമ്പത് വർഷങ്ങളെയാണ് കേരളം പിന്നിട്ടിരിക്കുന്നത്.
അതിദരിദ്രരില്ലാത്ത കേരളം എന്ന ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണത്തിന് എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിപുലമായ സർവേയിലൂടെ കണ്ടെത്തിയ 64,006 അതിദരിദ്ര കുടുംബങ്ങളിൽ 59,707 കുടുംബങ്ങളെ (79.22ശതമാനം) അതിദാരിദ്ര്യത്തിൽനിന്ന് വിമുക്തരാക്കാൻ ഈ സർക്കാരിന് കഴിഞ്ഞു. വരുന്ന നവംബർ ഒന്നിന്, കേരളപ്പിറവി ദിനത്തോടെ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കാനുള്ള തീവ്രയത്നത്തിലാണ് സർക്കാർ ഏർപ്പെട്ടിട്ടുള്ളത്. നിതി ആയോഗിന്റെ കണക്കുകൾ പ്രകാരം അഖിലേന്ത്യാതലത്തിൽ ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം ജനസംഖ്യയുടെ 11.28 ശതമാനമാണ്. എന്നാൽ, കേരളത്തിൽ ഇത് കേവലം 0.48 ശതമാനമാണെന്നത് ഈ രംഗത്ത് സംസ്ഥാനം കൈവരിച്ച പുരോഗതിയെയാണ് വിളിച്ചറിയിക്കുന്നത്. സാമ്പത്തിക ഞെരുക്കങ്ങളെ അതിജീവിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെങ്കിലും ഇടക്കാലത്ത് മുടങ്ങിപ്പോയ സാമൂഹ്യക്ഷേമ പെൻഷൻ 600 രൂപയിൽനിന്നും 1,600 രൂപയാക്കി ഉയർത്തി കൃത്യതയോടെ വിതരണം ചെയ്യാൻ കഴിഞ്ഞുവെന്നത് ഈ സർക്കാരിന്റെ ഏറ്റവും ശ്ലാഘനീയ നടപടിയാണ്. സംസ്ഥാനത്ത് ഭവനരഹിതരായ കുടുംബങ്ങൾ ഉണ്ടാവരുതെന്ന ലക്ഷ്യം കൈവരിക്കുന്നതിലും വലിയ മുന്നേറ്റമുണ്ടാക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഇക്കൊല്ലം മാർച്ച് വരെ ലൈഫ് മിഷൻ പദ്ധതിയിലൂടെ 4,51,631 വീടുകള്‍ നിർമ്മാണം പൂർത്തീകരിച്ച് വിതരണം ചെയ്യാനായി. കഴിഞ്ഞ ഒമ്പത് വർഷംകൊണ്ട് 4,00,956 പട്ടയങ്ങൾ നൽകി അത്രയും കുടുംബങ്ങളെ ഭൂവുടമകളാക്കി മാറ്റാനായി. അതിൽ 2,23,945 പട്ടയങ്ങൾ 2021ന് ശേഷം വിതരണം ചെയ്യപ്പെട്ടവയാണ്. കേരളം എൽഡിഎഫ് ഭരണത്തിന്റെ കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ ഓരോ രംഗത്തും കൈവരിച്ച നേട്ടങ്ങൾ അക്കമിട്ട് നിരത്തുക ഇവിടെ അസാധ്യമാണ്. അവയെപ്പറ്റി ജനയുഗത്തിന്റെ താളുകളിൽ എൽഡിഎഫ് സർക്കാരിന്റെ വാർഷികാഘോഷ വേളയിലും മറ്റ് അവസരങ്ങളിലും പരാമർശവിധേയമായിട്ടുള്ളതിനാൽ ആവർത്തനത്തിന് മുതിരുന്നില്ല.
കേരളത്തിൽ അസാധ്യമെന്ന് കരുതപ്പെട്ടിരുന്ന സുപ്രധാനങ്ങളായ ഒട്ടേറെ അടിസ്ഥാനസൗകര്യ വികസനം കാര്യക്ഷമതയോടെ പൂർത്തീകരിക്കാനും ഏറ്റെടുത്ത് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. ലോക ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം ആഴക്കടൽ തുറമുഖത്തിന്റെ ഒന്നാംഘട്ട പൂർത്തീകരണം വിവിധങ്ങളായ വെല്ലുവിളികളുടെ നടുവിലും സാധ്യമായി. ഏറെ പ്രതിസന്ധികളെ മറികടന്നാണ് ദേശീയപാതാ വികസനം പൂർത്തീകരണത്തോട് അടുക്കുന്നത്. അതിനുവേണ്ടി സ്ഥലമേറ്റെടുക്കാനും സ്ഥലം വിട്ടുനൽകിയവർക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താനും ആവശ്യമായ തുകയുടെ 25 ശതമാനമായ 6,000 കോടിയോളം രൂപ സംസ്ഥാന സർക്കാർ വഹിക്കാൻ തയ്യാറായതോടെയാണ് നിർണായക പ്രാധാന്യമുള്ള ദേശീയപാതാ വികസനം സാധ്യമായത്. കൊച്ചി മെട്രോ, വാട്ടർ മെട്രോ, കണ്ണൂർ വിമാനത്താവളം, യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതി തുടങ്ങി കേരളത്തിന്റെ മുഖച്ഛായ മാറ്റിയ നിരവധി പദ്ധതികളുടെ പൂർത്തീകരണവും പുരോഗതിയും എൽഡിഎഫ് സർക്കാരിന്റെ തൊപ്പിയിലെ തൂവലുകളാണ്. ഉദാരവൽക്കരണ സാമ്പത്തികനയങ്ങളുടെ ഫലമായി അവഗണിക്കപ്പെട്ട പൊതുജനാരോഗ്യ രംഗത്തെ നവീകരിക്കാനും പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും സ്കൂൾ ക്ലാസ്‌മുറികൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനും എൽഡിഎഫ് സർക്കാർ സാമ്പത്തിക പരാധീനതയ്ക്ക് നടുവിലും ഗണ്യമായ നിക്ഷേപമാണ് നടത്തിയത്. കഴിഞ്ഞ ഒമ്പത് വർഷംകൊണ്ട് കൈവരിച്ച പുരോഗതിയും വികസനക്കുതിപ്പും അഭംഗുരം തുടർന്നുകൊണ്ടുപോകുക എന്ന രാഷ്ട്രീയ വെല്ലുവിളിയാണ് എൽഡിഎഫ് സർക്കാർ ഈ വാർഷികാഘോഷവേളയിൽ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്നത്. രാഷ്ട്രീയ പ്രബുദ്ധമായ കേരളീയ സമൂഹം ആ ദൗത്യത്തിൽ എൽഡിഎഫിന് ഒപ്പം ഉറച്ചുനിൽക്കുമെന്ന വിശ്വാസമാണ് ആ ആത്മവിശ്വാസത്തിന് ആധാരം.

