നവംബർ പത്തിന് ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ കാർ ബോംബ് സ്ഫോടനത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഗുരുതര സുരക്ഷാ വീഴ്ചകളും ഇന്റലിജൻസ് പരാജയവും തുറന്നുകാട്ടിയതായിരുന്നു പ്രസ്തുത സംഭവം. അതൊരു ഭീകരാക്രമണമായിരുന്നുവെന്ന് കണ്ടെത്തുന്നതിന് തന്നെ രണ്ട് ദിവസത്തിലധികം വേണ്ടിവന്നു. ആദ്യം കാറിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന നിഗമനം പോലുമുണ്ടായി. രണ്ട് ദിവസത്തെ അന്വേഷണത്തിനു ശേഷമായിരുന്നു ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചത്. ഇപ്പോഴും അന്വേഷണ സംഘം ഇരുട്ടിൽ തപ്പുകയാണെന്നാണ് സാഹചര്യങ്ങൾ തെളിയിക്കുന്നതും. രാജ്യത്ത് പ്രത്യേകിച്ച് കശ്മീരിൽ ഭീകരത തുടച്ചുനീക്കിയെന്ന് ആവർത്തിച്ചുകൊണ്ടിരിക്കെയാണ് ഈ സംഭവമുണ്ടായത്. അതിനാൽ രാജ്യ തലസ്ഥാനത്തുണ്ടായത് ഭീകരാക്രമണമായിരുന്നുവെന്ന് സമ്മതിക്കുന്നതില്‍ ബിജെപി സർക്കാരിന് ജാള്യതയുണ്ടാവുക സ്വാഭാവികമാണ്. അതുകൊണ്ടാണ് ആദ്യഘട്ടത്തിൽ സ്വാഭാവിക സ്ഫോടനമാണെന്ന് ന്യായീകരിക്കുവാൻ ശ്രമിച്ചത്. എന്നാൽ അന്വേഷണം മുന്നോട്ടുപോകുന്നതിനിടെ തങ്ങളുടെ സംവിധാനങ്ങളെല്ലാം പരാജയമാണെന്ന് വരുന്നത് നാണക്കേടാണെന്നതിനാൽ രണ്ടുദിവസം കഴിഞ്ഞ് മന്ത്രിസഭ യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി യാഥാർത്ഥ്യം സമ്മതിക്കുകയായിരുന്നു.
പത്തുദിവസമായിട്ടും ഇതുസംബന്ധിച്ച യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് ഫരീദാബാദിൽ പ്രവർത്തിക്കുന്ന അൽ ഫലാ സർവകലാശാലയെക്കുറിച്ച് സംഭ്രമജനക കഥകൾ പുറത്തുവിടുകയും കശ്മീരികളെ വേട്ടയാടുകയും ചെയ്യുകയാണ് ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാന സർക്കാരുകൾ. അവർ ഭരിക്കുന്ന ഹരിയാനയിൽ, ഡൽഹിയോട് ചേർന്നു കിടക്കുന്ന ഫരീദാബാദിലാണ് അൽ ഫലാ സർവകലാശാല പ്രവർത്തിക്കുന്നത്. അതിന്റെ മേധാവികൾ നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ചൊക്കെ ഇപ്പോൾ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന വിവരങ്ങളും ഔദ്യോഗികമായി വെളിപ്പെടുത്തുന്നു. അവിടം കേന്ദ്രീകരിച്ച് സംഘടിത ഭീകരപ്രവർത്തനങ്ങളുടെ ആസൂത്രണം നടക്കുന്നുവെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വൻതോതിലുള്ള ആയുധ സംഭരണം നടത്തിയതുൾപ്പെടെ വിവരങ്ങളും പുറത്തുവരുന്നു. ഇതെല്ലാം ശരിയാണെങ്കിൽ അതിന്റെ മുഖ്യ ഉത്തരവാദിത്തം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കാണ്. ഗുരുതര സുരക്ഷാ വീഴ്ചയാണ് ഇതിലൂടെ തെളിയുന്നത്. അതുകൊണ്ടാവണം തങ്ങളുടെ പരാജയം മറച്ചുപിടിക്കുന്നതിന് കശ്മീരികളെ മുഴുവൻ ഭീകരരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ചെങ്കോട്ട സ്ഫോടനത്തിൽ ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ നബി കശ്മീർ സ്വദേശി ആണെന്നതിനാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവരെ ലക്ഷ്യംവച്ചുള്ള നടപടികൾ സ്വീകരിക്കുകയാണ്. ഇന്ത്യയുടെ ഭാഗമായ ആ പ്രദേശത്തുനിന്നുള്ളവരെല്ലാം കുറ്റവാളികളെന്നതുപോലെ പരിഗണിച്ചുള്ള നിർദേശങ്ങളും നടപടികളുമാണ് പലയിടങ്ങളിലുമുണ്ടാകുന്നത്. മിക്കവാറും എല്ലാ അന്വേഷണ ഏജൻസികളും ചേർന്ന് കശ്മീരിലാകെ കരിമ്പിൻകാട്ടിൽ കയറിയ കാട്ടാനക്കൂട്ടമെന്നതുപോലെ മേയുകയാണ്. വൈറ്റ്കോളർ ഭീകരതയെന്ന പുതിയ സംജ്ഞ സൃഷ്ടിച്ച് നടക്കുന്ന വേട്ടയുടെ ഭാഗമായി പിടികൂടിയ അര ഡസനോളം പേരെ തെളിവുകളില്ലാതെ വിട്ടയയ്ക്കേണ്ടിവരികയും ചെയ്തിരുന്നു. അതിനിടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യപ്പെട്ട ബിലാൽ അഹമ്മദ് വാനി എന്ന വ്യാപാരി തീകൊളുത്തി മരിച്ച സംഭവവുമുണ്ടായി.
കശ്മീരിന് പുറത്തുള്ള പൗരന്മാർക്കെതിരായ നടപടികൾ പലരീതിയിലാണ്. ഗുരുഗ്രാമിൽ താമസിക്കുന്ന കശ്മീരികളുടെ മുഴുവൻ വിവരശേഖരണം നടത്തുകയാണ് പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ വാർത്തകൾ, കശ്മീരികൾക്കെതിരെ വിദ്വേഷ പ്രചാരണങ്ങൾ എന്നിവ വ്യാപകമാണ്. ഇതിന് പുറമേ പൊലീസ് ഉൾപ്പെടെയുള്ള ഭരണകൂടസംവിധാനങ്ങൾ റെസിഡൻസ് അസോസിയേഷനുകളോടും വീടുകൾ വാടകയ്ക്ക് നൽകിയിരിക്കുന്ന വ്യക്തികളോടും കശ്മീരികളുടെ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് വാടകയ്ക്ക് താമസിക്കുന്നവരെ ഒഴിവാക്കുന്ന പ്രവണതയുണ്ടായിരിക്കുകയാണ്. ജോലിയും പഠനവുമുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കെത്തിയ അഞ്ഞൂറിലധികം കശ്മീരികളെ ഫരീദാബാദിൽ മാത്രം ചോദ്യം ചെയ്തു. ബിജെപി ഭരിക്കുന്ന അസമിൽ തൊഴിലാളികളായ കശ്മീരികളെ പിടികൂടി പീഡിപ്പിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം എല്ലാ രേഖകളും കൈവശമുണ്ടായിരുന്ന 44 കശ്മീരി തൊഴിലാളികളെയാണ് ഇവിടെ കസ്റ്റഡിയിലെടുത്തത്. പഠനത്തിനായി ഒന്നര ലക്ഷത്തോളം പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നാണ് ജമ്മു കശ്മീർ വിദ്യാർത്ഥി കൂട്ടായ്മ പറയുന്നത്. പൊലീസ് ചോദ്യം ചെയ്യൽ ഭയന്ന് പല പ്രദേശങ്ങളിലും നിന്ന് വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവന്നിരിക്കുകയാണ്. ഗുരുഗ്രാമിലും ഫരീദാബാദിലും നിന്ന് 700ലധികം പേർ മടങ്ങിയെന്നാണ് വിദ്യാർത്ഥി കൂട്ടായ്മ വെളിപ്പെടുത്തിയത്. ഇന്ത്യയുടെ അവിഭാജ്യഭാഗമായ കശ്മീരിലെ ജനങ്ങൾ എന്നും ഇന്ത്യക്കൊപ്പം ഉറച്ചുനിന്നവരും ഭീകരതയ്ക്കെതിരെ നിലയുറപ്പിക്കുന്നവരുമാണ്. തങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും പരാജയം മറച്ചുപിടിക്കുന്നതിന് കശ്മീരി പൗരന്മാരെയാകെ ഭീകരരായി ചിത്രീകരിക്കാനുള്ള ശ്രമം അപലപനീയമാണ്.

