മൂന്നുമാസങ്ങള്‍ക്കു മുമ്പ് ആലപ്പുഴയില്‍ നടന്നതിനു സമാനമായി മണിക്കൂറുകളുടെ ഇടവേളയില്‍ പാലക്കാടും രണ്ടു കൊലപാതകങ്ങള്‍ നടന്നിരിക്കുന്നു. ഡിസംബര്‍ 19 ന് ആലപ്പുഴയില്‍ ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിന് മുമ്പാണ് കൊലയും പകരം വീട്ടലും നടന്നത്. പാലക്കാട് 24 മണിക്കൂറിന്റെ ഇടവേളയുണ്ടായെന്നേയുള്ളൂ. രണ്ടു ജില്ലകളിലും ആസൂത്രിതമായും ഉന്നതതല ഗൂഢാലോചനയുടെ പിന്‍ബലത്തോടെയെന്നും വ്യക്തമായി ബോധ്യമാകുന്ന വിധത്തിലാണ് തിരക്കഥകള്‍ തയാറാക്കപ്പെട്ടത്. തീവ്രവാദ സംഘടനകള്‍ക്കും കഥാപാത്രങ്ങള്‍ക്കും മാത്രം മാറ്റമുണ്ടായില്ല. വിഷുദിനത്തില്‍ നട്ടുച്ചയ്ക്കാണ് പിതാവിനൊപ്പം പോകുകയായിരുന്ന എസ്ഡിപിഐ‑പോപ്പുലര്‍ഫ്രണ്ട് നേതാവ് എ സുബൈറിനെ പാറ എലപ്പുള്ളിയിൽ വച്ച് വെട്ടിക്കൊല്ലുന്നത്.
ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഇരുകാറുകളിലെത്തിയാണ് കൃത്യം നിര്‍വഹിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആര്‍എസ്എസുകാരായ ചിലരെ പൊലീസ് പിടികൂടിയിട്ടുമുണ്ട്. ഈ സംഭവം നടന്ന് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് പട്ടാപ്പകല്‍തന്നെ എസ്ഡിപിഐക്കാര്‍ ആയുധങ്ങളുമായെത്തി പാലക്കാട് മേലാമുറി ജങ്ഷനില്‍ ആർഎസ്എസ് പാലക്കാട് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊന്നു. മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തിയാണ് ഇവിടെ കൃത്യം നടത്തിയത്. ഇതിന്റെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത് തിരക്കേറിയ നഗരത്തിലാണ് കൊലപാതകം നടത്തിയതെന്നാണ്.
ഇതുകൂടി വായിക്കൂ: അവസാനിക്കണം ആയുധമെടുത്തിറങ്ങുന്ന കാടത്തം
പരിശീലനം സിദ്ധിച്ചവരാണ് കുറ്റകൃത്യത്തിലുള്‍പ്പെട്ടതെന്ന് അക്രമം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളില്‍ നിന്ന് മനസിലാക്കാവുന്നതാണ്. നേരത്തെ കൊലപാതകക്കേസുകളില്‍ പ്രതികളായി ജയിലില്‍ കഴിഞ്ഞവര്‍ ഇപ്പോഴത്തെ സംഭവങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആലപ്പുഴയിലും പാലക്കാടും മറ്റു ചില ജില്ലകളിലും ഇരുവിഭാഗങ്ങളും കക്ഷികളായ ആക്രമണങ്ങളുടെ സാമ്യതയും ആ ധാരണയെ ഊട്ടിയുറപ്പിക്കുന്നതാണ്. നവംബറില്‍ പാലക്കാട് എസ്ഡിപിഐക്കാര്‍ ആര്‍എസ്എസുകാരനെയും ഡിസംബര്‍ ആദ്യം പത്തനംതിട്ടയിൽ ആര്‍എസ്എസുകാര്‍ സിപിഐ(എം) നേതാവിനെയും കൊലചെയ്തത് സമാനരീതിയിലായിരുന്നു. വാഹനത്തിലെത്തി കൃത്യം നിര്‍വഹിച്ച് രക്ഷപ്പെടുകയായിരുന്നു എല്ലാ സംഭവങ്ങളിലും. മാരകായുധങ്ങളുമായി ശരീരത്തില്‍ നിരവധി വെട്ടുകളേല്പിച്ച് കൊല്ലുകയെന്ന നിഷ്ഠുരമായ രീതിയാണ് അവലംബിക്കുന്നത്. ചെറിയ ചെറിയ പ്രശ്നങ്ങള്‍ പെരുപ്പിച്ച് സംഘര്‍ഷമുണ്ടാക്കുന്നതിനുള്ള നീക്കമാണ് ഈ സംഘടനകള്‍ സംസ്ഥാനത്ത് പലയിടങ്ങളിലും നടത്തിക്കൊണ്ടിരിക്കുന്നത്. അക്രമങ്ങള്‍ക്കു ശേഷം അണികളുടെ ചോരത്തിളപ്പ് കൂട്ടുന്ന പ്രസ്താവനകളുമായി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്യുന്നു. ആലപ്പുഴയില്‍ കലാപം സൃഷ്ടിക്കുവാനുള്ള ഇരുവിഭാഗത്തിന്റെയും ശ്രമങ്ങള്‍ നടക്കാതെ പോയതുകൊണ്ടാണ് പുതിയ അരങ്ങായി പാലക്കാടിനെ തിരഞ്ഞെടുത്തതെന്ന് സംശയിക്കേണ്ടതാണ്.
മതത്തിന്റെ പേരുപയോഗിച്ചാണ് ഇരുസംഘടനകളും ഈ ക്രൂരതകള്‍ കാട്ടുന്നത്. പക്ഷേ അവര്‍ക്ക് മതത്തോടും വിശ്വാസത്തോടും ഒരു ആത്മാര്‍ത്ഥതയും പ്രതിബദ്ധതയുമില്ലെന്ന് പാലക്കാട്ടെ സംഭവങ്ങള്‍ ഒരിക്കല്‍കൂടി അടിവരയിടുന്നുണ്ട്. വിശ്വാസത്തിന്റെയും കാര്‍ഷിക സംസ്കൃതിയുടെയും അടിസ്ഥാനത്തില്‍ പ്രധാനപ്പെട്ട, വിഷുവെന്ന ദിനമാണ് എസ്‍ഡിപിഐക്കാരനെ കൊല്ലാന്‍ ആര്‍എസ്എസ് തിരഞ്ഞെടുത്തതെങ്കില്‍ പകരം വീട്ടാന്‍ മുസ്‌ലിങ്ങള്‍ പുണ്യമാസമെന്ന് വിശ്വസിക്കുന്ന റംസാന്‍ വ്രതാനുഷ്ഠാന വേള തന്നെ എസ്ഡിപിഐക്കാരും തിരഞ്ഞെടുത്തുവെന്നത് അതാണ് വ്യക്തമാക്കുന്നത്. മതത്തോടും വിശ്വാസത്തോടും തരിമ്പെങ്കിലും കൂറുണ്ടെങ്കില്‍ അവരവരുടെ വിശ്വാസമനുസരിച്ചുള്ള പുണ്യദിനങ്ങളില്‍ ഇരുകൂട്ടരും ഈ ക്രൂരകൃത്യത്തിനൊരുമ്പെടില്ലായിരുന്നു. അവിടെയാണ് ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഇരുവിഭാഗത്തിന്റെയും താല്പര്യം പുറത്തുചാടുന്നത്.
ഇതുകൂടി വായിക്കൂ: രാജ്യം വിളിക്കുന്നു
മതവും വിശ്വാസവും അതിന് തടസമല്ലെന്നും ഇരുവിഭാഗങ്ങളും സ്ഥാപിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളെ ന്യായീകരിച്ച് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ രംഗത്തെത്തുന്നത് അപകടകരമായ പ്രവണതയാണ്. മതത്തെയും രാഷ്ട്രീയത്തെയും വേറിട്ടു കാണുകയും സമാധാനവും സ്വൈരവും ഉണ്ടാകണമെന്ന് അഭിലഷിക്കുകയും ചെയ്യുന്ന ജനങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെയും കര്‍ശന നടപടികളുണ്ടാവണം. ഉത്തരേന്ത്യയില്‍ നിന്ന് മാത്രം കേട്ടുകൊണ്ടിരുന്ന വര്‍ഗീയ — വിഭാഗീയ സംഘര്‍ഷ നീക്കങ്ങള്‍ കേരളംപോലെ സാംസ്കാരികവും പ്രബുദ്ധവുമായ സംസ്ഥാനത്ത് അനുവദിച്ചുകൂടാ. അതുകൊണ്ട് മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും അക്രമവും കൊലപാതകങ്ങളും അജണ്ടയാക്കുന്ന തീവ്രവാദ സംഘടനകളെ ഒറ്റപ്പെടുത്തുന്നതിന് മുഴുവന്‍ ജനങ്ങളും കൈകോര്‍ക്കേണ്ട സന്ദര്‍ഭമാണിത്. മതത്തിന്റെ പേരുപയോഗിച്ച് നാടിന്റെ സമാധാനം കെടുത്തുന്ന മതതീവ്രവാദ സംഘടനകള്‍ക്കെതിരെ മതത്തില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ജനസാമാന്യം തന്നെ മുന്നോട്ടുവരേണ്ടതുമുണ്ട്.