Site iconSite icon Janayugom Online

പാർലമെന്റ് വിളിച്ചുചേർക്കണം, ജനങ്ങളെ വിശ്വാസത്തിലെടുക്കണം

ഹൽഗാം ഭീകരാക്രമണം നടന്നിട്ട് 21 ദിവസങ്ങൾ പിന്നിട്ടിട്ടും ജനങ്ങളെയും പ്രതിപക്ഷ പാർട്ടികളെയും വിശ്വാസത്തിലെടുക്കാൻ ഇനിയും പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്നദ്ധനായിട്ടില്ല. പഹൽഗാം ഭീകരാക്രമണത്തെയും ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയെയും തുടർന്ന് വിളിച്ചുചേർത്ത സർവകക്ഷി യോഗങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കുകയുണ്ടായില്ല. അതീവ ഗുരുതരമായ അടിയന്തര സാഹചര്യത്തിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തോടും യൂണിയൻ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. രാജ്യത്തെ പ്രതിപക്ഷപാർട്ടികളും എല്ലാവിഭാഗം ജനങ്ങളും അടിയന്തര സാഹചര്യത്തിൽ സർക്കാരിനും ഇന്ത്യയുടെ പ്രതിരോധ സേനാവിഭാഗങ്ങൾക്കും സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടും ജനങ്ങളെയും അവരെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാർട്ടികളെയും വിശ്വാസത്തിലെടുക്കാൻ പ്രധാനമന്ത്രിയും യൂണിയൻ സര്‍ക്കാരും പ്രകടിപ്പിക്കുന്ന അമാന്തം രാജ്യത്തെ ജനാധിപത്യ സംവിധാനത്തോടും ഭരണഘടനാ സ്ഥാപനങ്ങളോടുമുള്ള അനാദരവും അവഗണനയുമായെ വിലയിരുത്താനാവൂ. ഓപ്പറേഷൻ സിന്ദൂറിന് താൽക്കാലിക വിരാമമായെങ്കിലും ഈ അവസ്ഥ തുടരുന്നത് പാകിസ്ഥാന്റെ സമീപനത്തെ ആശ്രയിച്ചിരിക്കുമെന്ന് പ്രധാനമന്ത്രിയും സൈനിക നേതൃത്വവും അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുള്ള പശ്ചാത്തലത്തിൽ താല്‍ക്കാലിക വിരാമത്തിലേക്ക് നയിച്ച വസ്തുതകൾ എന്തെന്നറിയാൻ ജനങ്ങൾക്കും പാർലമെന്റിനും രാഷ്ട്രീയ പാർട്ടികൾക്കും അവകാശമുണ്ട്. താല്‍ക്കാലിക വെടിനിർത്തൽ ധാരണയിലേക്ക് നയിച്ചതിൽ തനിക്കും തന്റെ ഭരണകൂടത്തിനുമുള്ള പങ്കിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയും നടത്തുന്ന അവകാശവാദങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ആവശ്യം ഏറെ പ്രസക്തമാണ്. വെടിനിർത്തലിലേക്ക് നയിച്ച ഇടപെടലിൽ നയതന്ത്രത്തോടൊപ്പം ഇന്ത്യയും പാകിസ്ഥാനുമായുള്ള യുഎസിന്റെ വാണിജ്യ താല്പര്യങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന അവകാശവാദവും വിഷയത്തിൽ വ്യക്തമായ ദേശീയ സമവായത്തിന്റെ ആവശ്യകതയിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. 

പഹൽഗാമിനെയും ഓ­പ്പറേഷൻ സിന്ദൂറിനെയും തുടർന്ന് ജനതയുടെ ഐ­ക്യവും സദ്ഭാവനയും ത­കർക്കാൻ വലിയ ശ്രമങ്ങളാണ് സമൂഹ മാധ്യമങ്ങൾ വഴി നടന്നുവരുന്നത്. യുദ്ധസമാനമായ സാ­­ഹചര്യത്തെപ്പറ്റി ജ­നങ്ങൾക്കിടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാവുകയും അ­വ പരസ്യമായി പ്രകടിപ്പിക്കുകയുമെന്നത് ഒരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തിൽ അസാധാരണമല്ല. പഹൽഗാമിനെയും ഓപ്പറേഷൻ സിന്ദൂറിനെയും തുടർന്ന് ജനതയുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് പകരം അത് സമൂഹത്തെ ഭിന്നിപ്പിക്കാനും വിദ്വേഷ പ്രചരണത്തിനുമുള്ള അവസരമാക്കി മാറ്റുന്നത് അപലപനീയവും ഖേദകരവുമാണ്. പഹൽഗാമിൽ തീവ്രവാദികളുടെ തോക്കിന് ഇരയാകേണ്ടിവന്ന 26കാരനായ യുവ നാവികസേനാ ഓഫിസർ വിനയ നർവാളിന്റെ വിധവ ഹിമാൻഷി നർവാൾ ഇപ്പോൾ തീവ്ര ഹിന്ദുത്വ സമൂഹ മാധ്യമ പ്രതിലോമതയുടെ കടന്നാക്രമണത്തിന്റെ ഇരയായത് ഇക്കൂട്ടർ പ്രതിനിധാനം ചെയ്യുന്ന മനുഷ്യത്വഹീനതയെയാണ് തുറന്നുകാട്ടുന്നത്. തന്റെ ജീവിതദുരന്തത്തെ മതന്യൂനപക്ഷങ്ങൾക്കും കശ്മീർജനതയ്ക്കും എതിരായ വിദ്വേഷപ്രചരണത്തിനുള്ള ഉപാധിയാക്കി മാറ്റരുതെന്നുള്ള അവരുടെ അഭ്യർത്ഥനയാണ് തീവ്ര ഹിന്ദുത്വ കടന്നല്‍ക്കൂട്ടങ്ങളുടെ ട്രോൾ ആക്രമണം ക്ഷണിച്ചുവരുത്തിയത്. മേയ് പത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപടികൾ താല്‍ക്കാലികമായി നിർത്തിവച്ചത് ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും സമാനമായ ദുരനുഭവം നേരിടേണ്ടിവന്നു. അദ്ദേഹത്തിന്റെ മകളെപ്പോലും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കാനും ബലാത്സംഗ ഭീഷണി മുഴക്കാനും ഇക്കൂട്ടർ മടിച്ചില്ല. മിസ്രി തന്റെ സമൂഹ മാധ്യമ അക്കൗണ്ട് അടച്ചുപൂട്ടാൻ നിർബന്ധിതനായി. ഇത്തരം തെമ്മാടിക്കൂട്ടങ്ങളെ കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരാനും അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ അടച്ചുപൂട്ടിക്കാനും അധികൃതർ മുന്നോട്ടുവന്നില്ല എന്നത് ബന്ധപ്പെട്ടവർ അത്തരക്കാരെ ഫലത്തിൽ പ്രോത്സാഹിപ്പിക്കുകയാണെന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത്. യുദ്ധത്തിനെതിരെ സമാധാനത്തിന്റെയും ചർച്ചകളിലൂടെ പരിഹാരത്തിന്റെയും പാത അവലംബിക്കണമെന്ന നിലപാട് സ്വീകരിക്കുന്നവരും സമാനമായ ദുരനുഭവത്തെയാണ് നേരിടേണ്ടിവന്നത്. പാകിസ്ഥാന്റെ സംരക്ഷണയിലും പ്രോത്സാഹനത്തിലും അതിർത്തികടന്നെത്തുന്ന ഭീകരവാദ ശക്തികളെയും അവരുടെ താവളങ്ങളെയും തുടച്ചുനീക്കുകയെന്ന ലക്ഷ്യം രാജ്യത്തിന്റെ പൊതുതാല്പര്യവും നിശ്ചയദാർഢ്യവുമാണ്. അത് ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ മാത്രം ലക്ഷ്യവുമല്ല. എല്ലാ ഇന്ത്യക്കാരും ഒറ്റക്കെട്ടായി ആ ലക്ഷ്യ സാക്ഷാൽക്കാരത്തിന് സര്‍ക്കാരിന്റെയും ആ ദൗത്യത്തിന്റെ മുന്നണിപ്പോരാളികളായ സൈന്യത്തിന്റെയും പിന്നിൽ അടിയുറച്ചുനിൽക്കുന്നു. എന്നാൽ ഈ അടിയന്തര സാഹചര്യത്തിലും ജനങ്ങളെ ഭിന്നിപ്പിക്കാനും അവർക്കിടയിൽ വിദ്വേഷം വളർത്താനും നടക്കുന്ന ഏതുശ്രമങ്ങളെയും ചെറുത്തുതോല്പിക്കേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ തന്ത്രപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കാൻ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകേണ്ടത് ഭരണകൂടത്തിന്റെ കടമയും ഉത്തരവാദിത്തവുമാണ്. അത് നിറവേറ്റാൻ മോഡി ഭരണകൂടം സന്നദ്ധമാവണം എന്നാണ് രാഷ്ട്രം ആവശ്യപ്പെടുന്നത്. 

Exit mobile version