Site iconSite icon Janayugom Online

അനധികൃത പെൻഷൻ കൈപ്പറ്റൽ; സമഗ്ര അന്വേഷണം നടത്തണം

സംസ്ഥാനത്ത് അരക്കോടിയോളം സാധാരണക്കാർക്ക് ജീവിതത്തിന്റെ വറുതിയില്‍ ആശ്വാസമേകിയാണ് സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ചെയ്തുവരുന്നത്. ഇതിനിടയിലാണ് 1,458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി ധന വകുപ്പിന്റെ കണ്ടെത്തലുണ്ടായിരിക്കുന്നത് എന്നത് അത്ഭുതപ്പടുത്തുന്നതാണ്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും യഥാസമയം സാമൂഹ്യക്ഷേമ — തൊഴിലാളി ക്ഷേമനിധി പെൻഷൻ വിതരണം ചെയ്യുന്നതിന് സംസ്ഥാന സർക്കാർ കിണഞ്ഞുശ്രമിക്കുകയാണ്. വളരെ കുറച്ചുപേർക്ക് മാത്രമേ കേന്ദ്ര മാനദണ്ഡമനുസരിച്ച് സാമൂഹ്യക്ഷേമ പെൻഷൻ നൽകാൻ സാധിക്കൂ എന്നിരിക്കേ സ്വന്തം ഖജനാവിൽ നിന്ന് വളരെയധികം തുക വിനിയോഗിച്ചാണ് സംസ്ഥാന സർക്കാർ സാമൂഹ്യ ക്ഷേമ — തൊഴിലാളി പദ്ധതികൾ വഴി പെൻഷൻ നൽകി വരുന്നത്. 200, 500 രൂപ വിഹിതമുള്ള കേന്ദ്ര പെൻഷൻ പദ്ധതികൾക്കു പോലും അധിക തുക ചേർത്ത് 1,600 രൂപയാണ് സംസ്ഥാനത്തെ അരക്കോടിയോളം പേരെ ചേർത്തുനിർത്തുന്നതിന്റെ ഭാഗമായി നൽകുന്നത്. അനർഹർ പെൻഷൻ കൈപ്പറ്റുന്നതും മറ്റ് വിധത്തിലുള്ള ചോർച്ചകളും കണ്ടെത്തുന്നതിനും തടയുന്നതിനും സർക്കാർ വിവിധ നടപടികളും കൈക്കൊള്ളുകയുണ്ടായി. 

തുച്ഛമെന്ന് വിശേഷിപ്പിക്കാവുന്ന സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുന്നതിന് കർശനമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2017 ഫെബ്രുവരി ആറിന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഏതെങ്കിലും ഒരു പെൻഷന് (ക്ഷേമനിധി ബോർഡ് പെൻഷനോ സാമൂഹ്യസുരക്ഷാ പെൻഷനോ) മാത്രമേ അർഹതയുണ്ടായിരിക്കുകയുള്ളു. തനത് ഫണ്ട് ഉപയോഗിച്ച് പെൻഷൻ നൽകുന്ന ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾക്ക് മറ്റൊരു സാമൂഹ്യസുരക്ഷാ പെൻഷൻ 600 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. എന്നാൽ 2022 സെപ്റ്റംബർ 22ലെ ധനവകുപ്പ് ഉത്തരവ് പ്രകാരം കേരള പ്രവാസി, മദ്രസാധ്യാപക, അഭിഭാഷക ക്ലർക്ക്, ആധാരമെഴുത്തുകാർ, പകർപ്പെഴുത്തുകാർ, സ്റ്റാമ്പ് വെണ്ടർമാർ എന്നിവർക്കുള്ള ക്ഷേമനിധി പോലെ തനത് ഫണ്ട് ബോർഡുകളിൽ നിന്നും പെൻഷൻ ലഭിക്കുന്നവർക്ക് സാമൂഹ്യസുരക്ഷാ പെൻഷന് അർഹതയുണ്ടായിരിക്കുന്നതല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അർഹരായ വ്യക്തികൾക്ക് മാത്രമേ സാമൂഹ്യസുരക്ഷാ പെൻഷനുകൾ ലഭിക്കുന്നുള്ളുവെന്ന് ഉറപ്പു വരുത്തുന്നതിനും ഒരേ വ്യക്തികൾ തന്നെ ഒന്നിലധികം പെൻഷനുകൾ കൈപ്പറ്റുന്നത് തടയുന്നതിനും വേണ്ടിയാണ് ഈ നിബന്ധനകൾ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സർക്കാർ നിയമസഭയിലും വ്യക്തമാക്കിയിരുന്നതാണ്. അർഹർക്ക് മാത്രമാണ് പെൻഷൻ ലഭിക്കുന്നത് എന്നുറപ്പ് വരുത്താൻ ഇങ്ങനെയെല്ലാം സർക്കാർ നടപടികൾ കൈക്കൊള്ളുമ്പോഴാണ് 1,500ഓളം സർക്കാർ ജീവനക്കാർ പെൻഷൻ വാങ്ങുന്നുവെന്ന വെളിപ്പെടുത്തൽ സർക്കാരിന്റെ ഭാഗത്തുനിന്നുതന്നെ ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ അവിശ്വസിക്കേണ്ട കാര്യമില്ല. തുച്ഛമായ തുകയായിരുന്നിട്ടും ക്ഷേമനിധി ബോർഡ് — സാമൂഹ്യക്ഷേമ പെൻഷൻ പോലും ഒരുമിച്ച് വാങ്ങരുതെന്ന വ്യവസ്ഥയുള്ളപ്പോഴാണ് ഇത്രയും പേർ ഈ കുറ്റം ചെയ്തിരിക്കുന്നത്. ഗസറ്റഡ് ഉദ്യോഗസ്ഥർ, കോളജ് അസിസ്റ്റന്റ് പ്രൊഫസർമാർ, ഹയർ സെക്കൻഡറി അധ്യാപകർ ഉൾപ്പെടെ ക്ഷേമ പെൻഷൻ വാങ്ങുന്നു എന്നത് ഞെട്ടിക്കുന്നതാണ്. പതിനായിരങ്ങളും ലക്ഷത്തിലധികവും രൂപ വേതനം പറ്റുന്നവരാണ് പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരിയത് എന്നത് ലജ്ജാകരമാണ്. 

ആദ്യം ചെയ്യേണ്ടത് നികൃഷ്ടമായ ഈ കൃത്യം ചെയ്തവരുടെ പേരുകൾ പുറത്തു വിടുകയാണ്. ‘ഒരു വകുപ്പിലെ ഇത്രപേർ’ എന്നിങ്ങനെ സൂചനകൾ മാത്രം പുറത്തുവിടുമ്പോൾ അവശേഷിക്കുന്ന മഹാ ഭൂരിപക്ഷവും സംശയത്തിന്റെ നിഴലിലാകുന്നുണ്ട്. ലക്ഷക്കണക്കിന് ജീവനക്കാരും അധ്യാപകരും ജോലി ചെയ്യുന്ന മേഖലയിലെ ന്യൂനപക്ഷം ചെയ്ത അപരാധത്തിന് എല്ലാവരും പഴികേൾക്കുന്നത് ഒഴിവാക്കുന്നതിന് വെളിപ്പെടുത്തല്‍ അത്യാവശ്യമാണ്. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചുപിടിക്കാൻ നിർദേശം നൽകിയതായും കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ധനവകുപ്പ് അറിയിച്ചിട്ടുണ്ട്. അച്ചടക്ക നടപടിയെന്തായിരിക്കുമെന്ന് വ്യക്തമല്ലെങ്കിലും വിശദീകരണം ചോദിക്കുക, അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടപ്പിക്കുക എന്നിങ്ങനെ തൊലിപ്പുറത്തുള്ള ചികിത്സ മതിയാകില്ല. ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കേണ്ട കാര്യമാണ് നടന്നിരിക്കുന്നത്. പെൻഷൻ മാത്രമല്ല ഏത് ആനുകൂല്യങ്ങൾ വാങ്ങുമ്പോഴും കൃത്യമായ വിവരങ്ങളും സത്യവാങ്മൂലവുമൊക്കെ നൽകേണ്ടതാണെന്ന വ്യവസ്ഥയുള്ളതാണ്. അതുകൊണ്ട് വിശ്വാസ വഞ്ചന, സർക്കാർ പണം അപഹരിക്കൽ, വ്യാജ സത്യവാങ്മൂലം സമർപ്പിക്കൽ എന്നിങ്ങനെ കുറ്റങ്ങൾ ചുമത്തി നിയമനടപടികൾ സ്വീകരിക്കണം. ഗ്രാമപഞ്ചായത്ത് തലം മുതലും ഉദ്യോഗസ്ഥതലങ്ങളിലും വിവിധ നടപടിക്രമങ്ങളിലൂടെയാണ് പെൻഷൻ ഗുണഭോക്താക്കളെ തീരുമാനിക്കുന്നത്. വ്യക്തമായ പരിശോധനയും അന്വേഷണവുമില്ലാതെയാണോ പെൻഷൻ അനുവദിച്ചത് എന്നും കണ്ടെത്തണം. അതുകൊണ്ട് എല്ലാ വിവരങ്ങളും പുറത്തുകൊണ്ടുവരുന്നതിനുള്ള സമഗ്ര അന്വേഷണം നടത്തണം.

Exit mobile version