Site iconSite icon Janayugom Online

റായ്‌പൂര്‍ നല്കിയിട്ടില്ലാത്ത ഉത്തരങ്ങള്‍

ഇന്ത്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ച് സുപ്രധാനമാകുമെന്ന് പ്രതീക്ഷിച്ച കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ സമ്മേളനം സമാപിച്ചിരിക്കുന്നു. ഭാവി ദേശീയ രാഷ്ട്രീയത്തില്‍ സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് കോണ്‍ഗ്രസിന് യാഥാര്‍ത്ഥ്യബോധമുണ്ടായിരിക്കുന്നുവെന്നാണ് രണ്ടാം ദിവസം അവര്‍ അംഗീകരിച്ച ഒരു പ്രമേയം വ്യക്തമാക്കുന്നത്. 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ സമാന ചിന്താഗതിയുള്ള മതേതര പാര്‍ട്ടികളെ ഒരുമിപ്പിച്ച് നിര്‍ത്തണമെന്ന സുപ്രധാനമായ രാഷ്ട്രീയ ലക്ഷ്യം പ്രസ്തുത പ്രമേയം മുന്‍വയ്ക്കുന്നുണ്ട്. അതേസമയം ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയിട്ടുമില്ല. 2014ല്‍ അധികാരമേറ്റതു മുതല്‍ ബിജെപി ഒരു ഫാസിസ്റ്റ് ഭരണ സംവിധാനമാണെന്നും മതേതര-ഇടതു ജനാധിപത്യ പ്രസ്ഥാനങ്ങളുടെ യോജിച്ച നിര വളര്‍ത്തിക്കൊണ്ടുവരണമെന്നും സിപിഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വിലയിരുത്തിയിട്ടുളളതാണ്. 2015ലെ പുതുച്ചേരി പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐ ഈ രാഷ്ട്രീയ ലക്ഷ്യം അവതരിപ്പിക്കുകയും 2018ലെ കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഴയകാല പ്രതാപമില്ലെങ്കിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള പാര്‍ട്ടിയായ കോണ്‍ഗ്രസ്, രാജ്യത്തിന്റെ അടിസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങള്‍ വിലയിരുത്തുകയും നയസമീപനങ്ങള്‍ പുതുക്കുകയും ചെയ്യുകയെന്ന രാഷ്ട്രീയ ദൗത്യനിര്‍വഹണത്തില്‍ നിന്ന് അകന്നുമാറിത്തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു.

 


ഇതുകൂടി വായിക്കു;  പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് തടസമാകുമോ!


ഈയൊരു പശ്ചാത്തലത്തില്‍ റായ്‌പൂരിലെ കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയം വൈകിയുണര്‍ന്ന വിവേകമെന്ന് വിളിക്കാമെങ്കിലും പ്രസക്തമാണ്. മതനിരപേക്ഷ, സോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യമായിരിക്കും കോൺഗ്രസിന്റെ ഭാവി ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം, തങ്ങളുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കുന്ന മതേതര, പ്രാദേശിക ശക്തികളെ സഖ്യത്തില്‍ ഉൾപ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നു. പൊതുധാരണയുടെ അടിസ്ഥാനത്തിൽ എൻഡിഎയെ നേരിടാൻ പ്രതിപക്ഷ ഐക്യം അടിയന്തര ആവശ്യമാണെന്ന് സമ്പൂര്‍ണ സമ്മേളനം വ്യക്തമാക്കുന്നു. ഈ പ്രഖ്യാപനത്തോട് എത്രത്തോളം ആ പാര്‍ട്ടി ആത്മാര്‍ത്ഥത പുലര്‍ത്തുമെന്നത് കാത്തിരുന്നു കാണണം. കാരണം, ഗാന്ധി കുടുംബത്തിന്റെ വലയത്തിനകത്തുനിന്ന് പുറത്തു കടക്കാതെയും ലഭ്യമാകുന്ന ആശ്രിതവത്സരെ അധികാര സ്ഥാനങ്ങളില്‍ അവരോധിച്ചും പതിവ് കാഴ്ചകള്‍തന്നെ അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇതുവരെ കോണ്‍ഗ്രസ്. അതിനിടെ നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും നടന്ന ഒരു തെരഞ്ഞെടുപ്പിലും ബിജെപിയെ തോല്പിക്കുന്നതിനുള്ള കൂട്ടായ്മയ്ക്കുവേണ്ടിയുള്ള മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. എന്നുമാത്രമല്ല, പ്രാദേശികമായി വളര്‍ന്നുവന്ന സ്വാഭാവിക സാഹചര്യങ്ങളെ അമിതമായ അവകാശങ്ങളും നിരര്‍ത്ഥകമായ വാദങ്ങളുമുന്നയിച്ച് തടയുന്ന സമീപനങ്ങള്‍ പോലും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായി.


ഇതുകൂടി വായിക്കു;   ഒരു കുമ്പസാരം പ്രതീക്ഷിക്കാമോ…!


സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ച മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതാണ്. അത് അഡാനിയുമായുള്ള മോഡിയുടെ ചങ്ങാത്ത മുതലാളിത്തമായിരുന്നു. ശക്തമായ ഭാഷയിലാണ് രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും നരേന്ദ്രമോഡിയുടെ ചങ്ങാത്ത മുതലാളിത്തത്തെ വിമര്‍ശിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രസക്തമാണെങ്കിലും ചങ്ങാത്ത മുതലാളിത്തത്തിന്റെയും ബിജെപി ഇപ്പോള്‍ പിന്തുടരുന്ന സാമ്പത്തിക നയങ്ങളുടെയും ഉപജ്ഞാതാക്കള്‍ കോണ്‍ഗ്രസുകാരായിരുന്നുവെന്ന വസ്തുത മറന്നുകൂടാ. പൂര്‍വിക കോണ്‍ഗ്രസ് ഭരണാധികാരികള്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ച സമ്മിശ്ര സമ്പദ്‌വ്യവസ്ഥയെ, കോര്‍പറേറ്റ് കേന്ദ്രീകൃതവും സ്വകാര്യവല്‍ക്കരണത്തിന്റെ അടിത്തറയിലുള്ളതുമാക്കി മാറ്റിയത് കോണ്‍ഗ്രസിന്റെ ഭരണാധികാരികള്‍ തന്നെയായിരുന്നു. 1991ല്‍ കോണ്‍ഗ്രസ് തുടങ്ങിവയ്ക്കുകയും 2014വരെ പിന്തുടരുകയും ചെയ്ത ആ നയങ്ങള്‍ ബിജെപി ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയാണ്. അതുകൊണ്ടുതന്നെ ആ നയങ്ങള്‍ ഇന്ത്യയുടെ അടിത്തറയിലുണ്ടാക്കിയ പോറലുകള്‍ക്ക് കോണ്‍ഗ്രസിനും ഉത്തരവാദിത്തമുണ്ട്. ആ തെറ്റ് ഏറ്റുപറയാനും പൊതുമേഖലയെയും സാധാരണ ജനവിഭാഗങ്ങളെയും അടിസ്ഥാനമാക്കിയുള്ള നയങ്ങളിലേക്ക് മാറാനും പുതിയ കോണ്‍ഗ്രസ് തയ്യാറാകുമോ എന്ന ചോദ്യത്തിന് റായ്‌പൂരില്‍ ഉത്തരം ലഭ്യമായിട്ടില്ല. കൂടാതെ ബിജെപി ഭരിക്കുന്ന ഇന്ത്യ ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയായ തീവ്ര വലതുപക്ഷ, സവര്‍ണ, ഹിന്ദുത്വ വാദത്തെ കുറിച്ച് സമ്പൂര്‍ണ സമ്മേളനം അധികമൊന്നും സംസാരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ബിജെപിയുടെ തീവ്ര ഹിന്ദുത്വ നിലപാടിനെ മൃദു ഹിന്ദുത്വ സമീപനങ്ങളിലൂടെ പകരം വയ്ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കാറുണ്ട് എന്നുള്ളതും മറക്കാന്‍ പാടില്ല. ന്യൂനപക്ഷങ്ങളോടുള്ള നിലപാടില്‍ വ്യക്തത വരുത്തുകയും വേണം. അക്കാര്യം ചില കോണ്‍ഗ്രസ് നേതാക്കള്‍തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ബിൽക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികളുടെ മോചനം, പശു സംരക്ഷകരോടുള്ള സമീപനം എന്നിവയില്‍ കൂടുതല്‍ കര്‍ശന നിലപാട് വേണമെന്ന ആവശ്യം അതാണ് വ്യക്തമാക്കുന്നത്. നാമനിര്‍ദേശത്തിനു പകരം തെരഞ്ഞെടുപ്പിലൂടെ നേതൃത്വത്തെ നിശ്ചയിക്കുകയെന്ന രീതി അംഗീകരിക്കുവാന്‍ ഇത്തവണയും തയ്യാറായിട്ടുമില്ല. ഇതെല്ലാംകൊണ്ട് റായ്‌പൂരിലെ രാഷ്ട്രീയ പ്രമേയത്തെ അംഗീകരിക്കുമ്പോഴും കൂടുതല്‍ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉത്തരം നല്കുകയും നിലപാടുകളിലെ വ്യക്തത ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്.

Exit mobile version