Site iconSite icon Janayugom Online

വിഷം വമിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അടുത്തുകൊണ്ടിരിക്കെ ബിഹാറില്‍ വിദ്വേഷ പ്രസംഗങ്ങൾ അരങ്ങ് കൊഴുപ്പിക്കുകയാണ്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെയും നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെയും സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികളൊന്നും ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാന്‍ ആകാത്തതിനാൽ പതിവുപോലെ കടുത്ത വിദ്വേഷ പ്രസംഗങ്ങളാണ് എൻഡിഎ നേതാക്കളിൽ നിന്നുണ്ടാകുന്നത്. തോൽവി ഉറപ്പാകുന്ന ഘട്ടങ്ങളിലെല്ലാം അവർ പ്രയോഗിക്കുന്ന പൂഴിക്കടകൻ തന്ത്രങ്ങളിൽപ്പെട്ടതാണിത്. 10 വർഷം ഭരിച്ച്, ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചുവെന്ന് ബിജെപിയുടെയും സഖ്യകക്ഷികളുടെയും നേതാക്കൾ ആവർത്തിച്ച് അവകാശപ്പെടുമ്പോഴും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അവർ ഇതേതന്ത്രമാണ് പ്രയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ളവർ മുസ്ലിം ജനവിഭാഗത്തിനെതിരെ വിഷം വമിപ്പിക്കുന്ന പ്രസ്താവനകൾ നടത്തിയത് ആ ഘട്ടത്തിൽ നാം കേട്ടതാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ സ്വർണവും സ്ത്രീകളുടെ കെട്ടുതാലികളും ആളുകളുടെ സ്വകാര്യ വസതികളും കയ്യടക്കുമെന്നാണ് നരേന്ദ്ര മോഡി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞത്. ഒട്ടനവധി ബിജെപി നേതാക്കൾ അത് ആവർത്തിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരുന്ന ഇത്തരം കടുത്ത പരാമർശങ്ങളുണ്ടായിട്ടും എന്തെങ്കിലും നടപടിയെടുക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറായതുമില്ല. അതിനുശേഷം നടന്ന ജമ്മു കശ്മീർ, മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും അതേരീതി സംഘ്പരിവാര്‍ നേതാക്കളിൽ നിന്നും കേന്ദ്ര മന്ത്രിമാരിൽ നിന്നുമുണ്ടായി. 

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയഭീതിയുള്ള ബിജെപിയും സഖ്യകക്ഷികളും ഏതുവിധേനയും ജയിക്കുന്നതിനുള്ള കുതന്ത്രങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യഘട്ടമായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് തീവ്ര പരിശോധന എന്ന പേരിൽ നടത്തിയ പ്രഹസനം. ദശലക്ഷക്കണക്കിന് മുസ്ലിം വോട്ടർമാരെയാണ് വോട്ടർപ്പട്ടിക ശുദ്ധീകരണത്തിന്റെ പേരിൽ പുറത്താക്കിയിരിക്കുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. അതുകഴിഞ്ഞ് പ്രചരണരംഗത്തെത്തുമ്പോൾ വിഷം വമിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങൾ തന്നെയാണ് അവർ എടുത്തുപയോഗിക്കുന്നത്. അതിന്റെ ഉദാഹരണമാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിൽ നിന്നുണ്ടായിരിക്കുന്നത്. നേരത്തെയും തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തി വിവാദത്തിലായ ബിജെപിക്കാരനാണ് ഗിരിരാജ് സിങ്. എന്നാൽ അദ്ദേഹത്തെ തിരുത്തുന്നതിന് നേതൃത്വം തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, കൂടുതൽ ഉയർന്ന പദവികൾ നൽകി ആദരിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സനാതന ധർമ്മം സംരക്ഷിക്കാൻ ഹിന്ദുക്കൾ ഹലാൽ മാംസം ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം വിവാദത്തിലായിരുന്നു. ഹലാൽ അല്ലാത്ത മാംസം കഴി‍ക്കില്ലെന്ന കാര്യത്തിൽ മുസ്ലിങ്ങൾ അവരുടെ വിശ്വാസത്തോട് പ്രതിബദ്ധതയുള്ളവരാണെന്നും അതുകൊണ്ട് ഹിന്ദുക്കള്‍ ഹലാൽ മാംസം കഴിക്കരുതെന്നും ജട്ക മാംസം കഴിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മതേതരത്വം നിലനിൽക്കുന്ന രാജ്യത്ത് അത് ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രിയായി വിരാജിക്കുന്നയാളിൽ നിന്നാണ് ഇത്തരം കടുത്ത വിഭാഗീയ പരാമർശമുണ്ടായത്.
ഒരുമാസം മുമ്പും അദ്ദേഹത്തിൽ നിന്ന് സമാനരീതിയിലുള്ള പരാമർശങ്ങളുണ്ടായി. 

ഹിന്ദുക്കൾക്ക് മൃതദേഹം സംസ്കരിക്കാൻ പൊതുശ്മശാനങ്ങളാണെങ്കിൽ മുസ്ലിങ്ങൾക്ക് കൂടുതൽ സ്ഥലം വേണ്ടിവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇതിന് പുറമെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ കഴിഞ്ഞ ദിവസം അദ്ദേഹത്തില്‍ നിന്ന് വിഷവാക്കുകൾ ഉണ്ടായിരിക്കുന്നത്. നമക് ഹറാം (നന്ദികെട്ടവരുടെ) വോട്ടുകൾ വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപി സർക്കാരിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടും പാർട്ടിക്ക് വോട്ട് ചെയ്യാത്ത മുസ്ലിങ്ങളെ കുറ്റപ്പെടുത്തിയായിരുന്നു ഈ പരാമർശം. ഒരു മുസ്ലിം പുരോഹിതനോട് സംസാരിച്ചതിന്റെ ഉദാഹരണം പറഞ്ഞാണ് ഗിരിരാജ് സിങ് മുസ്ലിം സമുദായാംഗങ്ങളെ മുഴുവൻ നന്ദികെട്ടവരായി വിശേഷിപ്പിച്ചത്. “ആയുഷ്മാൻ കാർഡ് ലഭിച്ചോ ഇല്ലയോ എന്ന് ഞാൻ പുരോഹിതനോട് ചോദിച്ചു, ലഭിച്ചു എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ എന്തെങ്കിലും വിവേചനമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും പുരോഹിതൻ പറഞ്ഞു, എന്നാൽ വോട്ട് ഞങ്ങൾക്കാണോ ചെയ്തത് എന്ന ചോദ്യത്തിന് ആദ്യം അതെയെന്ന് ഉത്തരം പറഞ്ഞെങ്കിലും അല്ലാഹുവിന്റെ നാമത്തിൽ സത്യം ചെയ്ത് പറയണമെന്ന് ആവശ്യപ്പെട്ടപ്പോൾ പുരോഹിതൻ ഇല്ലെന്ന് പറഞ്ഞു” എന്നിങ്ങനെ വിശദീകരിച്ചാണ് കേന്ദ്രമന്ത്രി ഒരു സമുദായത്തെയാകെ കുറ്റപ്പെടുത്തുകയും വിദ്വേഷം ചൊരിയുകയും ചെയ്തത്. തെരഞ്ഞെടുപ്പ് നടക്കുന്ന വേളകളിലെല്ലാം ബിജെപി നേതാക്കൾ ഇത്തരം വിഭാഗീയ, വിദ്വേഷ പ്രസ്താവനകളുമായി അരങ്ങ് വാഴുകയാണ്. പതിവായി വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്ന വ്യക്തിയായിട്ടും അദ്ദേഹത്തെ തള്ളിപ്പറയാൻ നേതൃത്വം തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ നടപടിയെടുത്ത് തങ്ങളുടെ നിഷ്പക്ഷത തെളിയിക്കുവാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകേണ്ടതാണ്. 

Exit mobile version