Site iconSite icon Janayugom Online

നെയ്യാറ്റിൻകരയിൽ അരങ്ങേറിയത് രാഷ്ട്രീയ, ധാർമ്മിക മൂഢത്വം

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും ശിവഗിരിയിൽ കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിയെ ബുധനാഴ്ച നെയ്യാറ്റിൻകരയിൽ ഒരുപറ്റം ആർഎസ്എസ് — ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം ജനാധിപത്യ കേരളത്തിന് അപമാനകരവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. ‘രാജ്യത്തിന്റെ ആത്മാവിന് അർബുദം ബാധിച്ചിരിക്കുന്നു, സംഘ്പരിവാറാണ് അത് പടർത്തുന്നത്’, എന്ന് തുഷാർ ഗാന്ധി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞിരുന്നു. അത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആർഎസ്എസ് — ബിജെപി പ്രവർത്തകർ അദ്ദേഹത്തെ തടഞ്ഞത്. തന്റെ നിലപാടിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച തുഷാർ ഗാന്ധി ‘ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധത്തെ നേരിട്ടത്. ഒരു നൂറ്റാണ്ടുമുമ്പ് ശിവഗിരിയിൽ ഗുരുവും ഗാന്ധിജിയും തമ്മിൽനടന്ന കൂടിക്കാഴ്ച കോളനിവാഴ്ചയ്ക്കും ജാതിവിവേചനത്തിനുമെതിരെ രാജ്യത്തും വിശിഷ്യ, കേരളത്തിലും നടന്ന രാഷ്ട്രീയ, സാമൂഹിക വിമോചനപ്രസ്ഥാനങ്ങളുടെ നിർണായക സംഗമങ്ങളിൽ ഒന്നായിരുന്നു. ഹിന്ദുമതത്തിന്റെ പേരിൽ രാജ്യത്തും കേരളത്തിലും അന്ന് നിലനിന്നിരുന്ന മനുഷ്യത്വരഹിതവും അതീവ നിന്ദ്യവുമായ ജാതിവിവേചനം അവസാനിപ്പിക്കാതെ യഥാർത്ഥ രാഷ്ട്രീയ സ്വാതന്ത്ര്യം അസാധ്യമാണെന്ന വ്യക്തവും ശക്തവുമായ സന്ദേശമാണ് ആ കൂടിക്കാഴ്ച സമൂഹത്തിന് നൽകിയത്. സ്വാതന്ത്ര്യമെന്നാൽ കോളനി ഭരണത്തിന് അറുതിവരുത്തുക മാത്രമല്ല അന്നത്തെ ഇന്ത്യൻ സമൂഹത്തിൽ നടമാടിയിരുന്ന ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും കുലമഹിമയുടെയും അടിസ്ഥാനത്തിലുള്ള എല്ലാ ഉച്ചനീചത്വങ്ങൾക്കും വിവേചനങ്ങൾക്കും അവയുടെ അടിസ്ഥാനത്തിലുള്ള ഹിംസകൾക്കും അതിക്രമങ്ങൾക്കും അന്ത്യംകുറിക്കൽ കൂടിയാണെന്ന സന്ദേശമാണ് ആ യുഗപുരുഷന്മാരുടെ കൂടിക്കാഴ്ച രാജ്യത്തിന് നൽകിയത്. അതിന്റെ അന്തഃസത്ത ഒരു ശതാബ്ദത്തിന് ശേഷവും ഉൾക്കൊള്ളാനോ അംഗീകരിക്കാനോ കഴിയാത്ത സാമൂഹികവും രാഷ്ട്രീയവുമായ പ്രതിലോമതയുടെ പ്രകടനമാണ് കേരളത്തെ അപമാനിതമാക്കിയത്. 

ഹിന്ദുമതത്തിന്റെ പേരിൽ ഒരു നൂറ്റാണ്ടുമുമ്പ് ഇന്ത്യയിലും കേരളത്തിലും നിലനിന്നിരുന്ന ചാതുർവർണ്യ വ്യവസ്ഥയെയും അതിന്റെ പേരിൽ രാജ്യത്തുടനീളം നടമാടിയിരുന്ന മനുഷ്യത്വഹീനവും ഹൃദയശൂന്യവുമായ ജാതിവ്യവസ്ഥയെയും ഹിംസയെയും അതിക്രമങ്ങളെയും എതിർക്കുക മാത്രമല്ല ഗാന്ധിജിയും ഗുരുവും ചെയ്തത്. ഇരുവരും എല്ലാ മതങ്ങളെയും അവരുടെ വിശ്വാസങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നുവെന്ന് മാത്രമല്ല സർവമത സാഹോദര്യത്തിന്റെ ഏറ്റവും പ്രബലരായ വക്താക്കളും പ്രയോക്താക്കളുമായിരുന്നു. അത് അവരുടെ പ്രസംഗങ്ങളിലും ലിഖിതങ്ങളിലും ഉപദേശങ്ങളിലും മാത്രമല്ല ജീവിതത്തിൽകൂടിത്തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. ജാതി വിവേചനത്തിന് എതിരായ നവോത്ഥാന പ്രസ്ഥാനത്തിൽ ഗുരുവിന്റെ സൂത്രവാക്യമായ ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ എന്നതിൽനിന്നും ‘മതമേതായാലും മനുഷ്യൻ നന്നായാൽമതി’ എന്ന വികാസ പരിണാമം സമാനതകളില്ലാത്ത മാനവികതയെയും ദർശന ഔന്നത്യത്തെയുമാണ് അടയാളപ്പെടുത്തുന്നത്. കോളനിവാഴ്ചയ്ക്കെതിരായ ഇന്ത്യയുടെ രാഷ്ട്രീയവിജയത്തിന്റെ താക്കോൽ ജാത്യാടിസ്ഥാനത്തിലുള്ള എല്ലാത്തരം വിവേചനങ്ങളും ഹിംസയും അവസാനിപ്പിക്കുകയും സർവമത സാഹോദര്യം ഊട്ടിയുറപ്പിക്കുകയുമാണെന്ന് ഗാന്ധിജി തിരിച്ചറിയുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയ ഈ ധർമ്മ, കർമ്മധാരകൾ ഉൾക്കൊള്ളാനുള്ള ധാർമ്മികവും ബൗദ്ധികവുമായ കരുത്തില്ലാത്ത ചിന്താധാരയെയും രാഷ്ട്രീയ കാഴ്ചപ്പാടിനെയുമാണ് ബിജെപി, ആർഎസ്എസ് — സംഘ്പരിവാർ ശക്തികൾ പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടാണ് അവർ ഗോഡ്സെയ്ക്ക് ക്ഷേത്രങ്ങൾ പണിയുകയും മസ്ജിദുകൾ തകർക്കുകയും ചെയ്യുന്ന മതഭ്രാന്തിന്റെ ഉടമകളായി മാറുന്നത്. അതുകൊണ്ടാണ് രാജ്യത്ത് ഗുജറാത്തുകളും മുസഫർനഗറുകളും ആവർത്തിക്കപ്പെടുകയും ഗോഡ്സെയുടെ പുതിയ അവതാരങ്ങൾ ജന്മമെടുക്കുകയും ചെയ്യുന്നത്.

ഗാന്ധിജിയുടെയും ശ്രീനാരായണഗുരുവിന്റെയും ചിന്തകൾക്കും സാമൂഹികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകൾക്കും ഉപരി ഗോൾവാള്‍ക്കറുടെ ചിന്താധാരയെയും ഹിന്ദുത്വ സങ്കുചിത രാഷ്ട്രീയത്തെയും പ്രതിഷ്ഠിക്കാനുള്ള വ്യഗ്രതയിൽ സംഘ്പരിവാർ സ്വതന്ത്രചിന്തയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും തടയാനും തകർക്കാനുമാണ് ശ്രമിക്കുന്നത്. തുഷാർ ഗാന്ധിക്കെതിരെ കഴിഞ്ഞദിവസം അരങ്ങേറിയത് മറ്റൊന്നല്ല. ഹിന്ദുമതമെന്നാൽ ഹിന്ദുത്വയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങൾക്കെതിരെ ഉയരുന്ന എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമർത്താനുള്ള അവരുടെ ത്വര കൂടിയാണ് ഇത്തരം സംഭവങ്ങൾ പുറത്തുകൊണ്ടുവരുന്നത്. ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്’ എന്ന മഹത്തായ ഗുരുപാരമ്പര്യം ഉയർത്തിപ്പിടിക്കുകയാണ് ഗുരു — ഗാന്ധിജി കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തിലൂടെ ശിവഗിരി മഠം ചെയ്തത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഈ മഹത്തായ നിർവചനം ഉൾക്കൊള്ളാൻ വിസമ്മതിക്കുന്ന ധാർമ്മികവും രാഷ്ട്രീയവുമായ മൂഢത്വമാണ് നെയ്യാറ്റിൻകരയിൽ അരങ്ങേറിയത്. 

Exit mobile version