Site iconSite icon Janayugom Online

സാമ്പത്തിക അവലോകന റിപ്പോർട്ട് വിമർശനത്തിനുള്ള മറുപടി

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കും കേന്ദ്രസർക്കാരിന്റെ ശത്രുതാ സമീപനത്തിനും വിവിധ വെല്ലുവിളികൾക്കുമിടയിലും കേരളം വീണ്ടും വളർച്ച രേഖപ്പെടുത്തിയെന്ന പ്രതീക്ഷാനിർഭരമായ വെളിപ്പെടുത്തൽ നടത്തുന്ന സാമ്പത്തിക അവലോകന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം സംസ്ഥാന ആസൂത്രണ ബോർഡ് സമർപ്പിച്ചിരിക്കുന്നത്. പ്രളയങ്ങളും കോവിഡ് മഹാമാരിയുമുൾപ്പെടെ ഏൽപ്പിച്ച ആഘാതത്തിൽ നിന്നും തിരിച്ചുവരവ് നടത്തിയതിന് പിന്നിൽ എൽഡിഎഫ് സർക്കാരിന്റെ സാമ്പത്തിക അച്ചടക്കവും മാനേജ്മെന്റ് വൈദഗ്ധ്യവും കാരണമായി എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. ദേശീയ ശരാശരിയെക്കാൾ മികച്ചുനിന്നുകൊണ്ട് സ്ഥായിയായ വളർച്ച രേഖപ്പെടുത്തിയ വർഷമാണ് 2023–24 എന്നാണ് അവലോകന റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. 2022–23ൽ സംസ്ഥാന മൊത്ത ആഭ്യന്തര ഉല്പാദനം (ജിഎസ്ഡിപി) സ്ഥിരവിലയിൽ 6.6 ശതമാനം വളർച്ച കൈവരിച്ചു. ദേശീയ തലത്തിൽ ഇതേവർഷം പ്രതിശീർഷ വരുമാനം 5.9 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ ഇവിടെ 6.06 ശതമാനമാണ്. 2021–22ൽ ദേശീയതലത്തിൽ മൊത്തം ആഭ്യന്തര വരുമാനത്തിൽ സ്ഥിരവിലയിലുള്ള വളർച്ച 9.1 ൽ നിന്നും 2022- 23ൽ 7.0 ശതമാനമായി കുറയുകയാണ് ചെയ്തതെന്ന മറുവശവും കാണേണ്ടതുണ്ട്.

 


ഇതുകൂടി വായിക്കൂ; അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും


കേന്ദ്രത്തിൽ നിന്നും പ്രതിപക്ഷത്തിൽ നിന്നും നിരന്തരം കുറ്റപ്പെടുത്തലുകൾ നേരിടുമ്പോൾ തന്നെ മെച്ചപ്പെട്ട ധനകാര്യ മാനേജ്മെന്റും ഭരണനൈപുണ്യവും പ്രകടിപ്പിക്കാന്‍ എൽഡിഎഫ് സർക്കാരിന് സാധിച്ചുവെന്നതിന് കേന്ദ്ര സർക്കാരിൽ നിന്നുതന്നെയുള്ള അംഗീകാരങ്ങൾ കേരളം കരസ്ഥമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ അവലോകന റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരിക്കുന്നു. നാഷണൽ അർബൻ ലൈവ്‌ലിഹുഡ് മിഷൻ നടപ്പാക്കുന്നതിൽ ആറാം വർഷവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും ടൂറിസം രംഗത്ത് കേരളം ദേശീയ അന്തർദേശീയ തലത്തിൽ അവാർഡുകൾ നേടുന്നത് തുടരുന്നതും അതിന്റെ ഉദാഹരണങ്ങളാണ്. കൂടാതെ ടൂറിസം രംഗത്തെ സമഗ്ര വികസനത്തിനുള്ള ഹാൾ ഓഫ് ഫെയിം അവാർഡ് കേരളത്തിന് ലഭിച്ചു. ടൂറിസത്തിലും ഉത്തരവാദിത്ത ടൂറിസത്തിലും ഉന്നത നിലവാരമുള്ള ടൂറിസം കേന്ദ്രം എന്ന നിലയിലും അന്തർദേശീയ തലത്തിൽ സംസ്ഥാനം തുടർച്ചയായി ഉന്നത സ്ഥാനത്ത് പരിഗണിക്കപ്പെടുന്നു. സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമായും കേന്ദ്ര വ്യവസായ, വാണിജ്യ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. ജി എസ്‌ടി നഷ്ടപരിഹാരം നിർത്തലാക്കിയത്, റവന്യുക്കമ്മി ഗ്രാന്റ് ഇല്ലാതാക്കിയത്, കടംവാങ്ങാനുള്ള പരിധി കുറച്ചത്, കിഫ്ബി, സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡ് എന്നിവയുടെ കടമെടുക്കൽ സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ ഉൾപ്പെടുത്തിയത്, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വകയിരുത്തലും പേരുനൽകലുമായി ബന്ധപ്പെട്ട നയങ്ങൾ എന്നിങ്ങനെ കേരളത്തിന്റെ വരുമാനസ്രോതസുകൾ ഇല്ലാതാക്കുന്ന നിരവധി നടപടികളാണ് ബിജെപി സർക്കാർ സ്വീകരിച്ചത്. എല്ലാതരത്തിലും ഞെരുക്കുകയും ഫെഡറൽ തത്വങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന സമീപനങ്ങൾ ഉണ്ടാകുന്നതിനിടയിലാണ് ഈ അംഗീകാരങ്ങൾ നേടാനായത്. സംസ്ഥാനത്തിന്റെ ഈ നേട്ടങ്ങൾ അംഗീകരിക്കുന്നില്ലെങ്കിലും കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനങ്ങളെ പോലും വിമർശിക്കുവാൻ ഇവിടെയുള്ള പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന വൈരുധ്യവും നിലനിൽക്കുന്നുണ്ട്. അവർ ഇക്കാര്യത്തിലെങ്കിലും സംസ്ഥാന സർക്കാരിനൊപ്പം നിൽക്കേണ്ടതായിരുന്നു. കാരണം കേരളം മാത്രമല്ല, കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രത്തിൽ നിന്ന് ഇതേസമീപനം നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം അനുവദിച്ച് നടത്തിയ ചർച്ചയിലും കേന്ദ്രത്തെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്താൻ യുഡിഎഫ് തയ്യാറായില്ലെന്നത് നാം കണ്ടതാണ്.


ഇതുകൂടി വായിക്കൂ; സാമ്പത്തിക അവലോകനമെന്ന അടിസ്ഥാനരഹിത ആത്മപ്രശംസ


 

വ്യാഴാഴ്ച കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റിലോ, നടത്തിയ അവകാശവാദങ്ങളിലോ മുൻകാല ബജറ്റുകളിലോ രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിച്ചതിനെ കുറിച്ച് പറയുന്നില്ല. അതേസമയം കേരളത്തിന് ഇക്കാര്യത്തിൽ കൃത്യമായ കണക്കുകൾ അവതരിപ്പിക്കാനുണ്ട്. അതിലൊന്ന് സംരംഭകവർഷവും അതിലൂടെ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളുമാണ്. 250 ദിവസങ്ങൾക്കുള്ളിൽ ഒരുലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങുക എന്ന ലക്ഷ്യം കൈവരിക്കുകയും ഈ കാലയളവിൽ 13,474.52 കോടി രൂപയുടെ നിക്ഷേപം വരുന്ന 2,14,564 സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതിലൂടെ 4,56,913 തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും സാധിച്ചു. കൃത്യമായ ആസൂത്രണത്തോടെയും അതേസമയം അച്ചടക്കത്തോടെയും ഓരോ വകുപ്പുകളും പ്രവർത്തിക്കുന്നു എന്നതിന്റെ ഒരുദാഹരണമാണിത്. സ്ത്രീശാക്തീകരണ സംരംഭങ്ങളിലും വിപണി ഇടപെടലിലും വ്യാവസായിക — കാർഷിക രംഗത്തുമെല്ലാം ഈ ആസൂത്രണമികവ് കാണാനാകും. മനുഷ്യവിഭവശേഷി വികസനത്തിലും ആരോഗ്യ പരിപാലനത്തിലും കാട്ടുന്ന മികവും കേരളത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വേറിട്ടതും സാമ്പത്തികമായി മെച്ചപ്പെട്ടതുമാക്കുന്നതിന് സഹായകമാകുന്നുണ്ട്. അതെല്ലാം പ്രതിഫലിപ്പിക്കുന്നതാണ് സാമ്പത്തിക അവലോകന റിപ്പോർട്ട്. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപിയുടെ നേതാക്കളും സംസ്ഥാന പ്രതിപക്ഷമായ യുഡിഎഫും സാമ്പത്തിക പ്രതിസന്ധിക്ക് എൽഡിഎഫ് സർക്കാരിനെ കുറ്റപ്പെടുത്തുമ്പോൾ ഈ വളർച്ചയും അംഗീകാരങ്ങളും നേടാനായത് അവർക്കുള്ള മറുപടി കൂടിയാണ്.

Exit mobile version