Site iconSite icon Janayugom Online

വോട്ടർപട്ടിക പുനഃപരിശോധന; എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക്

ബിഹാറിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുനഃപരിശോധനയുമായി (എസ്ഐആർ) ബന്ധപ്പെട്ട് ഭരണഘടനാ സ്ഥാപനമായ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിലനിൽക്കുന്ന ആശയക്കുഴപ്പം തുറന്നുകാട്ടുന്ന സംഭവവികാസങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നത്. ജൂൺ 24ന് പ്രഖ്യാപിച്ച കമ്മിഷന്റെ ഉത്തരവുപ്രകാരം നിഷ്കർഷിക്കുന്ന രേഖകൾ കൈവശമില്ലാത്തവർ നിർദിഷ്ട അപേക്ഷ പൂരിപ്പിച്ച് സമർപ്പിച്ചാൽ മതിയാകുമെന്ന സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫിസർ നൽകിയ പരസ്യം ബിഹാറിലെ മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ കഴിഞ്ഞ വാരാന്ത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് നടപടിക്രമങ്ങളിൽ യാതൊരു മാറ്റവുമില്ലെന്ന തിരുത്തുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. ബിഹാറിലെ ജനങ്ങളിലും ദേശീയതലത്തിൽത്തന്നെ രാഷ്ട്രീയപാർട്ടികളിലും ഏറെ ആശങ്കയുളവാക്കിയ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിലനിൽക്കുന്ന അഭിപ്രായഭിന്നതയും ആശയ‌ക്കുഴപ്പവുമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ ഉത്തരവിനും നടപടിക്കുമെതിരെ ഇതിനകം രാഷ്ട്രീയപാർട്ടി നേതാക്കളും പൗരസംഘടനകളും സുപ്രീം കോടതിയെ സമീപിച്ചുകഴിഞ്ഞു. ഈ ഹർജികൾ ഫയലിൽ സ്വീകരിച്ച സുപ്രീം കോടതി ഈ മാസം 10ന് പരാതിക്കാരെ കേൾക്കാൻ സന്നദ്ധമായിട്ടുണ്ട്. മാധ്യമ പരസ്യത്തോടെ വെളിപ്പെട്ട കമ്മിഷനിലെ ആശയ‌ക്കുഴപ്പം വിശദീകരിക്കാനും പ്രതിപക്ഷപാർട്ടികൾ ഉന്നയിക്കുന്ന ആശങ്കകൾക്ക് മറുപടി നൽകാനും ഇതോടെ തെരഞ്ഞെടുപ്പ് കമ്മിഷനും ഇപ്പോഴത്തെ എസ്ഐആർ പ്രക്രിയയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന മോഡി സർക്കാരും നിർബന്ധിതമായിരിക്കുകയാണ്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വയംഭരണാധികാരമുള്ള ഒന്നല്ല നിലവിലുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ സംവിധാനമെന്ന് ഇതിനോടകം വ്യക്തമായിരിക്കെ, ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ വിധി രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലും ജനാധിപത്യത്തിന്റെ സ്വതന്ത്രമായ നിലനില്പിലും നിർണായകമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

നിലവിലുള്ള ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് ഓഗസ്റ്റ് ഒന്നെന്ന സമയപരിധിക്കുള്ളിൽ ബിഹാറിലെ 7.9 കോടി വോട്ടർമാരുടെ കരട് പട്ടിക പ്രസിദ്ധീകരിക്കുക അസാധ്യമായിരിക്കുമെന്നാണ് ഇതുവരെയുള്ള പുനഃപരിശോധനാ പ്രക്രിയയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂൺ 25നുള്ളിൽ സമാഹരിക്കേണ്ട 7.9 കോടി വോട്ടർമാരുടെ അപേക്ഷകളിൽ 22.5 % അപേക്ഷകൾ മാത്രമേ ഇനി 15 ദിവസങ്ങൾ മാത്രം അവശേഷിക്കെ ലഭ്യമായിട്ടുള്ളു. അവയിൽത്തന്നെ 7.9 % മാത്രമേ കേന്ദ്ര പോർട്ടലിൽ ചേര്‍ക്കാനായിട്ടുള്ളു. ഡിജിറ്റൽ സംവിധാനത്തിന്റെ ഈ പരിമിതിയെ മറികടക്കാനായിരിക്കണം നിർദിഷ്ട രേഖകൾ കൂടാതെതന്നെ അപേക്ഷകൾ സ്വീകരിക്കാനുള്ള നീക്കം നടത്തിയത്. എസ്ഐആറിനെതിരെ പരാതിക്കാർ സുപ്രീം കോടതിയെ സമീപിച്ചതോടെ ദശലക്ഷക്കണക്കിന് അപേക്ഷകൾ സമാഹരിക്കാനായെന്നും, ഈ ഘട്ടത്തിൽ പ്രക്രിയയിൽനിന്നും പിന്മാറുന്നത് ഉചിതമല്ലെന്നും കോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു മാധ്യമ പരസ്യം എന്നുവേണം കരുതാൻ. എന്നാൽ വ്യക്തവും യുക്തിഭദ്രവുമായ കാരണങ്ങളാൽ പുനഃപരിശോധനയെ എതിർക്കുന്നവർ അത് തങ്ങളുടെ വിജയമായി പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തിരുത്തുമായി രംഗത്തുവന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരസ്യത്തെ വോട്ടർമാർക്കെതിരായ കൊടുംചതിപ്രയോഗമായി വിലയിരുത്തുന്നവരുമുണ്ട്. മതിയായ രേഖകളുടെ അഭാവത്തിൽ, മുമ്പ് അസമിൽ എന്നതുപോലെ ദശലക്ഷക്കണക്കിന് വോട്ടർമാരുടെ പൗരത്വത്തെത്തന്നെ സംശയത്തിന്റെ നിഴലിൽ നിർത്തും. അങ്ങനെയുള്ളവരെ പൗരത്വ ട്രിബ്യൂണലുകളിൽ എത്തിച്ച് പൗരാവകാശം മാത്രമല്ല പൗരത്വം തന്നെ നിഷേധിച്ച് നാടുകടത്താമെന്ന ഗൂഢലക്ഷ്യവും ഈ നീക്കത്തിന്റെ പിന്നിലുണ്ടാവാം. 14.2% മുസ്ലിങ്ങളുള്ള ബിഹാറിൽ കിഷൻഗഞ്ജ് ജില്ലയിൽ അവരുടെ ജനസംഖ്യ 68 % വരും. മതന്യൂനപക്ഷങ്ങളെയും ദളിതരും ആദിവാസികളുമടക്കം പിന്നാക്ക ജനവിഭാഗങ്ങളെയും ലക്ഷ്യം വച്ചുള്ളതാണ് എസ്ഐആർ എന്ന ആരോപണം ശക്തമാണ്. 

സാധാരണ പൗരന്മാരിൽ മഹാഭൂരിപക്ഷത്തിന്റെയും കൈവശമുള്ള ആധാർ, റേഷൻ കാർഡ് തുടങ്ങിയ രേഖകളെ അപേക്ഷയ്ക്കൊപ്പം പരിശോധനയ്ക്ക് ഹാജരാക്കാവുന്ന രേഖകളിൽനിന്നും ഒഴിവാക്കിയത് ദുരൂഹമാണ്. സുപ്രീം കോടതി നിർദേശത്തെപ്പോലും മറികടന്ന് എന്തിനുമേതിനും തെളിവായി നിഷ്കർഷിക്കുന്ന രേഖയാണ് ഇപ്പോൾ ആധാർ. എല്ലാ ആശങ്കകളെയും പ്രതിഷേധങ്ങളെയും അവഗണിച്ച് ബിഹാറിൽ നടക്കുന്ന വോട്ടർപട്ടിക പുനഃപരിശോധന നിർബാധം തുടരാൻ അനുവദിക്കുന്നത് ഭരണഘടനയെയും ജനാധിപത്യ തത്വങ്ങളെയും മറികടന്ന് പൗരത്വ ഭേദഗതി നിയമം പിൻവാതിലിലൂടെ നടപ്പാക്കുന്നതിലേക്കാകും നയിക്കുക. അത്, ജനസംഖ്യയിൽ ഗണ്യമായ, ഏറ്റവും ദുർബലമായ വിഭാഗങ്ങളുടെ പൗരത്വത്തെയും പൗരാവകാശങ്ങളെയും യഥേഷ്ടം ധ്വംസിക്കാൻ അവസരമൊരുക്കലായിരിക്കും. അതുകൊണ്ടുതന്നെയാണ് എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക് കേന്ദ്രീകരിക്കുന്നത്. 

Exit mobile version