Site iconSite icon Janayugom Online

വിവേചനത്തിന്റെ തെളിവായി എസ്‍ഡിആർഎഫ് പ്രഖ്യാപനം

കേരളത്തോടുള്ള വിവേചനം തുടരുന്നുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്നുള്ള കേന്ദ്ര വിഹിതം അനുവദിച്ചുള്ള തീരുമാനം. ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകേണ്ട ധനസഹായമാണ് സംസ്ഥാന ദുരന്തനിവാരണ നിധി (എസ്ഡിആർഎഫ്). ഇതിൽ നിന്ന് ഈ സാമ്പത്തിക വർഷം നാലാമത്തെ തവണയാണ് കേന്ദ്ര വിഹിതം അനുവദിക്കുന്നത്. ആദ്യത്തെ രണ്ടുതവണ കേരളത്തെ ഒഴിവാക്കി. ഇപ്പോൾ സഹായം അനുവദിച്ചപ്പോഴാകട്ടെ മറ്റ് സംസ്ഥാനങ്ങൾക്ക് ലഭിച്ച പരിഗണന കിട്ടാതെ പോകുകയാണുണ്ടായത്. ആകെ 1066.80 കോടി രൂപയാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്. തുകയുടെ തോതില്‍ കേരളം മൂന്നാമതാണെങ്കിലും ഉള്ളടക്കം നോക്കിയാലാണ് വിവേചനം വ്യക്തമാകുക. അസമിന് 375, ഉത്തരാഖണ്ഡിന് 455, മണിപ്പൂരിന് 29.20, മേഘാലയ 30.40, മിസോറാമിന് 22.80 കോടി വീതമാണ് അനുവദിച്ചത്. കേരളത്തിന് 153.20 കോടി രൂപയും. നമ്മളെക്കാൾ പിറകിലാണ് മണിപ്പൂർ, മേഘാലയ, മിസോറാം എന്ന് കാണാമെങ്കിലും അവർക്ക് ലഭിക്കേണ്ട വാർഷിക വിഹിതം പരിശോധിച്ചാൽ ഇത് കേരളത്തെക്കാൾ കൂടുതലാണെന്ന് ബോധ്യമാകും. ധനകാര്യ കമ്മിഷൻ നിശ്ചയിച്ചതനുസരിച്ച് സംസ്ഥാന വിഹിതമായ 20.80 കോടിയുൾപ്പെടെ 208.60 കോടിയാണ് അസമിന് ലഭിക്കേണ്ടത്. സാധാരണ നിലയിൽ രണ്ട് ഘട്ടമായാണ് എസ്ഡിആർഎഫ് വിതരണം ചെയ്യാറുള്ളത് എന്നത് പരിഗണിച്ചാൽ ബിജെപി ഭരിക്കുന്ന അസമിന് രണ്ട് ഗഡുക്കളായി ലഭിക്കേണ്ട 208.60 കോടിക്ക് പകരം 375 കോടി അനുവദിച്ചിരിക്കുന്നു. 

കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ഉത്തരാഖണ്ഡിന് രണ്ട് ഗഡുക്കളായി 253 കോടിയാണ് അനുവദിക്കേണ്ടത്. എന്നാൽ നൽകിയത് 455 കോടി രൂപ. മണിപ്പൂരിന് 11.40 കോടിയെങ്കിൽ അനുവദിച്ചിരിക്കുന്നത് 29.20 കോടിയും. മാത്രമല്ല കഴിഞ്ഞ മേയിൽ എൻഡിആർഎഫിൽ നിന്നുള്ള പ്രത്യേക സഹായമായി 131 കോടി രൂപ മണിപ്പൂരിന് വേറെയും അനുവദിച്ചിട്ടുണ്ട്. മേഘാലയയ്ക്ക് 17.80 കോടിക്ക് പകരമാണ് 30.40 കോടി. മിസോറാമിന് 12.60 കോടിക്ക് പകരം 22.80 കോടിയും. ഇവിടെയാണ് കേരളത്തിന് ലഭിച്ചതിന്റെ ക­ണക്കുകൾക്ക് പ്രസക്തിയേറുന്നത്. ഈ സാമ്പത്തിക വർഷം കേരളത്തിന് രണ്ട് ഗഡുക്കളായി ലഭിക്കേണ്ടിയിരുന്ന 102 കോടിക്ക് പകരമാണ് 153.20 കോടി അനുവദിച്ചിരിക്കുന്നത്. കണക്കിൽ 40 കോടിയോളം കൂടുതലാണെങ്കിലും വേ­നൽ മഴയിലും കാലവർഷത്തിലുമുണ്ടായ വിവിധ നാശനഷ്ടങ്ങൾ പരിഗണിക്കുമ്പോഴും ഇതര സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുകയുമായി താരതമ്യം ചെയ്യുമ്പോഴും സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത് തുച്ഛമായ തുകയാണെന്ന് വ്യക്തമാകുന്നു. മാത്രവുമല്ല, ജൂൺ 30ന് 856 കോടിയും മേയിൽ 895 കോടിയും അനുവദിച്ചപ്പോഴും കേരളത്തിന് തുക മാറ്റിവച്ചതുമില്ല. നിയമപ്രകാരമുള്ള എസ്ഡിആർഎഫ് വിഹിതത്തിന് പുറമേ ദേശീയ ദുരന്ത നിവാരണ നിധി (എൻഡിആർഎഫ്) യിൽ നിന്നുള്ള പ്രത്യേക അധിക സഹായവും അനുവദിക്കാറുണ്ട്. ഈ സാമ്പത്തിക വർഷം രണ്ടിലധികം തവണ എൻഡിആർഎഫിൽ നിന്നുള്ള വിഹിതം അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിന് അനുവദിച്ചതിൽ നിന്ന് അധികമായി അനുവദിച്ച 40 കോടിയോളം രൂപ എൻഡിആർഎഫിൽ നിന്നാണെന്ന് കരുതിയാൽ പോലും അത് പരിമിതമാണെന്ന് മനസിലാക്കാനാകും. മേയ് 31ന് ഹിമാചൽ പ്രദേശിന് 107.15 കോടി, മണിപ്പൂരിന് 131, സിക്കിമിന് 59.86, തമിഴ്‌നാടിന് 522.34 കോടി വീതം അനുവദിക്കുകയുണ്ടായി. ജൂൺ 30ന് ബിഹാറിന് 76.74 കോടി, ഗുജറാത്തിന് 76.24, ഝാർഖണ്ഡിന് 33.294, മഹാരാഷ്ട്രയ്ക്ക് 138.09, നാഗാലാൻഡിന് 14.42 കോടി വീതവും നീക്കിവച്ചപ്പോൾ കേരളത്തിന് 36 കോടിയാണുള്ളത്. ഈ കണക്കുകളെല്ലാം തന്നെ കേരളത്തോടുള്ള വിവേചനം വെളിപ്പെടുത്തുന്നതാണ്. 

കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ തന്നെ വൻതോതിലുള്ള ജീവഹാനിയും വസ്തുനാശവും സംഭവിച്ച ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വേളയിൽ കേന്ദ്രം കാട്ടിയ വിവേചനം നമ്മുടെ അനുഭവത്തിലുള്ളതാണ്. കേരളത്തിൽ സംഭവിച്ച മഹാദുരന്തത്തെ സഹായിക്കുവാൻ മുന്നോട്ടുവന്ന ലോകമെമ്പാടുമുള്ള മനുഷ്യരുടെ കാരുണ്യം സ്വീകരിക്കുന്നതിന് അനുവദിച്ചില്ലെന്നുമാത്രമല്ല കേന്ദ്രം മതിയായ സഹായം നല്‍കിയതുമില്ല. പ്രധാനമന്ത്രിയുൾപ്പെടെ നേരിട്ടെത്തി ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കിയെങ്കിലും സഹായം അനുവദിക്കുന്ന കാര്യത്തിലെ വിവേചന മനോഭാവത്തിൽ മാറ്റമൊന്നുമുണ്ടായില്ല. നിയമപ്രകാരം ലഭിക്കേണ്ട എസ്‍ഡിആർഎഫ് വിഹിതം അനുവദിച്ച് അതിനെ സഹായമായി കൊട്ടിഘോഷിക്കുകയാണ് ചെയ്തത്. എന്നുമാത്രമല്ല എൻഡിആർഎഫിൽ നിന്നുള്ള സഹായം അനുവദിച്ചതായി പ്രഖ്യാപിക്കുകയും അത് കേന്ദ്ര സേനയും ഹെലികോപ്റ്ററും ഉപയോഗിച്ചതിനുള്ള വാടകയും മറ്റുമായി തിരിച്ചുവാങ്ങുകയും ചെയ്തു. ഈ വിധത്തിൽ ദുരന്തവേളയിൽ പോലും സംസ്ഥാനത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ എസ്‍ഡിആർഎഫ് വിഹിത പ്രഖ്യാപനം.

Exit mobile version