Site iconSite icon Janayugom Online

എസ്ഐആര്‍: ജനാധിപത്യ,നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളി

രാജ്യവ്യാപക തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ)ത്തിന്റെ ആദ്യഘട്ടം 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആരംഭിച്ചിരിക്കുകയാണ്. വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യഘട്ടം എസ്ഐആർ ആരംഭിച്ചിരിക്കുന്നത്. ബിഹാറില്‍ നടത്തിയ എസ്ഐആറിനെതിരായ ആരോപണങ്ങളും ദശലക്ഷക്കണക്കിന് സമ്മതിദായകര്‍ പുറത്തായെന്ന വസ്തുതയും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ചില മണ്ഡലങ്ങളില്‍ നടന്ന വോട്ട് തട്ടിപ്പിന്റെ തെളിവുകളും മുന്നില്‍ നില്‍ക്കെയാണ് രാജ്യവ്യാപക എസ്ഐആര്‍ ആരംഭിച്ചത്. ബിഹാര്‍ എസ്ഐആര്‍ സംബന്ധിച്ച് പരിഗണനയിലുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി അന്തിമവിധി പറഞ്ഞിട്ടുമില്ല. ഈ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ പരമോന്നത കോടതി ഉന്നയിച്ച ആശങ്കകള്‍ പൂര്‍ണമായി പരിഹരിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, വിമര്‍ശനങ്ങള്‍ അതുപോലെ നിലനില്‍ക്കുകയുമാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ ശകാരിക്കുന്നതിന് സമാനമായ വിമര്‍ശനങ്ങളും അതിന്റെ സുതാര്യതയെ സംശയമുനയില്‍ നിര്‍ത്തുന്ന നിരീക്ഷണങ്ങളുമാണ് കോടതിയില്‍ നിന്നുണ്ടായിരുന്നത്. വോട്ടര്‍മാരെ ഒഴിവാക്കുന്നതിനുള്ള നീക്കമെന്ന് സംശയിക്കാവുന്ന വിധത്തില്‍ കമ്മിഷന്‍ നിര്‍ദേശിച്ച രേഖകളില്‍ ആധാര്‍ കാര്‍ഡിനെ ഉള്‍‍പ്പെടുത്തണമെന്ന നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിക്കുകയുണ്ടായി. ആദ്യം ഇത് കമ്മിഷന്‍ സമ്മതിച്ചില്ലെങ്കിലും പിന്നീട് രൂക്ഷമായി പരാമര്‍ശം നടത്തിയതിനാല്‍ അനുവദിക്കുകയായിരുന്നു. എന്നുമാത്രമല്ല ധൃതിപിടിച്ച് എസ്ഐആര്‍ നടത്തി അന്തിമമായി പ്രസിദ്ധീകരിച്ച ബിഹാര്‍ വോട്ടര്‍ പട്ടിക സംബന്ധിച്ച് ഇപ്പോഴും ആരോപണങ്ങളും പരാതികളും ഉയര്‍ന്നുവരുന്നുണ്ട്. സീമാഞ്ചല്‍ മേഖലയിലെ നൂറോളം വോട്ടുകള്‍ പൗരത്വരേഖകള്‍ ആവശ്യപ്പെട്ട് ഒഴിവാക്കിയെന്ന പരാതിയാണ് ഒടുവില്‍ ഉയര്‍ന്നത്. പൗരത്വം പരിഗണിക്കില്ലെന്ന കമ്മിഷന്‍ സത്യവാങ്മൂലത്തില്‍ നിന്നുള്ള വ്യതിചലനത്തിന്റെ തെളിവാണിത്. ഇതെല്ലാമായിട്ടും സുപ്രീം കോടതിയുടെ അന്തിമവിധി വരുന്നത് വരെ കാത്തുനില്‍ക്കാതെ ധൃതിപിടിച്ചുള്ള രാജ്യവ്യാപക ആദ്യഘട്ട എസ്­ഐആര്‍ പ്രഖ്യാപനം ഒന്നാമതായി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. 

അടുത്ത വര്‍ഷം ഏപ്രി­ല്‍, മേയ് മാസങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവയ്ക്ക് പുറമേ ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്ത­ർപ്രദേശ്, ലക്ഷദ്വീപ്, ആ­ൻഡമാൻ എന്നിവിടങ്ങളിലാണ് പ്രക്രിയ ആരംഭിച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളെ നിശ്ചയി­ച്ചതിലൂടെ തെരഞ്ഞെടുപ്പ് ക­മ്മിഷന്‍ തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരോടുള്ള വിധേയത്വ പ്രഖ്യാപനം നടത്തുന്നുണ്ട്. അത് ഏപ്രില്‍, മേയ് മാസങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അസമിനെ ഒഴിവാക്കി എന്നുള്ളതാണ്. ഇതേ കാലയളവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയപ്പോഴാണ് അസമിനെ സാങ്കേതിക കാരണം പറഞ്ഞ് ഒഴിവാക്കിയിരിക്കുന്നത്. നാലില്‍ മൂന്ന് സംസ്ഥാനങ്ങളിലും പ്രതിപക്ഷകക്ഷികളും പുതുച്ചേരിയില്‍ ബിജെപി സഖ്യകക്ഷിയായുമാണ് ഭരിക്കുന്നത്. പുതുച്ചേരിയിലാകട്ടെ സഖ്യകക്ഷിയുമായുള്ള ബിജെപി ബന്ധത്തില്‍ ഉലച്ചിലുണ്ടായിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍ അസമിനെ മാത്രം ഒഴിവാക്കിയെന്നത് സദുദ്ദേശ്യപരമാണെന്ന് കരുതുകവയ്യ. പൗരത്വ നിയമപ്രകാരം പ്രത്യേക വ്യവസ്ഥകള്‍ ബാധകമായതിനാലാണ് അസമിനെ ഒഴിവാക്കിയതെന്നും അടുത്തുതന്നെ പ്രഖ്യാപനമുണ്ടാകുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വിശദീകരിച്ചിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കി പട്ടിക ശുദ്ധീകരിക്കുകയാണ് യഥാര്‍ത്ഥ ലക്ഷ്യമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം ആത്മാര്‍ത്ഥയുള്ളതാണെങ്കില്‍ അസം പോലുള്ള അതിര്‍ത്തി സംസ്ഥാനങ്ങളിലാണ് ആദ്യം ഈ പ്രക്രിയ പ്രഖ്യാപിക്കേണ്ടിയിരുന്നത്. അവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അനധികൃതമായി വന്നു താമസിക്കുന്നതെന്നും എല്ലാവരെയും തിരിച്ചയയ്ക്കുകയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശര്‍മ്മ നാഴികയ്ക്ക് നാല്പതുവട്ടമെന്നതുപോലെ ആവര്‍ത്തിക്കുന്നതാണ്. നാലുമാസത്തോളം നീണ്ടുനില്‍ക്കുന്ന പ്രക്രിയയാണ് മറ്റ് സംസ്ഥാനങ്ങളില്‍ ആരംഭിച്ചിരിക്കുന്നത്. പെട്ടെന്ന് പ്രഖ്യാപിക്കുന്നില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് പൂര്‍ത്തിയാക്കുവാന്‍ സാധിക്കാതെ വരും. അതുകൊണ്ടുതന്നെ നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകളുടെ നേട്ടം ബിജെപിക്ക് കിട്ടിക്കോട്ടെയെന്ന ഉദാരതയാണോ അസമിനെ ഒഴിവാക്കിയതിന് പിന്നിലെന്ന സംശയം സ്വാഭാവികമാണ്. 

കേരളത്തെ സംബന്ധിച്ച് ഇപ്പോള്‍ ഈ പ്രക്രിയ നടത്താന്‍ തീരുമാനിച്ചതും പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനം അടുത്ത ആഴ്ച മുതല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ്. ഈ ഘട്ടത്തില്‍ സംസ്ഥാനത്ത് എസ്ഐആര്‍ നടപ്പിലാക്കരുതെന്ന് നിയമസഭ ഏകകണ്ഠമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. പ്രക്രിയക്ക് നേതൃത്വം നല്‍കേണ്ടവര്‍ മുഴുവന്‍ രണ്ടുമാസത്തോളം തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകേണ്ടവരാണെന്നതിനാല്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചിരുന്നുവെന്നാണ് വിവരം. എന്നിട്ടും ജനാധിപത്യ പ്രക്രിയയെയും നിയമസംവിധാനത്തെയും അവഗണിച്ച് നടപടികളുമായി മുന്നോട്ടുപോകുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. ബിജെപിയോടും അതിന്റെ ഭരണസംവിധാനത്തോടമുള്ള വിധേയത്വ പ്രഖ്യാപനം നടത്തുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുഖമാണ് ഇതിലൂടെ പുറത്തുവരുന്നത്.

Exit mobile version