Site iconSite icon Janayugom Online

പത്തരമാറ്റിന്റെ വിജയത്തിളക്കം

സംസ്ഥാനത്തെ എസ്എസ്എൽസി, ടിഎച്ച്എസ് എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ മൂന്ന് പരീക്ഷകള്‍ കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടയിലാണ് നടന്നിരുന്നത്. 2020 മാര്‍ച്ചില്‍ പരീക്ഷ നടന്നുകൊണ്ടിരിക്കെയായിരുന്നു കോവിഡ് ലോകത്താകെ പിടിമുറുക്കിയത്. പരീക്ഷ പൂര്‍ത്തിയാക്കിയെങ്കിലും ഉത്തരക്കടലാസ് പരിശോധനയുള്‍പ്പെടെ വൈകുന്ന സാഹചര്യമുണ്ടായി. പിന്നീടുള്ള രണ്ട് അധ്യയന വര്‍ഷവും കോവിഡ് ഭീഷണി നിലനില്‍ക്കുകയായിരുന്നു. സ്കൂളുകളിലെത്തിയുള്ള പഠനം തടസപ്പെട്ടു. ഓണ്‍ലൈനായാണ് പഠന പ്രക്രിയ നടന്നത്. കഴിഞ്ഞ അധ്യയന വര്‍ഷം ഓണ്‍ലൈനായും ഭാഗികമായി നേരിട്ടുള്ള ക്ലാസുകളും നടന്നു. അതുകൊണ്ടുതന്നെ മൂന്നു പരീക്ഷകളുടെയും രണ്ട് അധ്യയന വര്‍ഷങ്ങളുടെയും ഇടവേള കഴിഞ്ഞ് പൂര്‍ണാധ്യയനം പഠനവും നടന്നതിനുശേഷമുള്ള പരീക്ഷാ ഫലപ്രഖ്യാപനമാണ് ഇത്തവണത്തേത് എന്ന പ്രത്യേകതയുണ്ട്. മാർച്ച്‌ ഒമ്പത് മുതല്‍ 29 വരെ 2960 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ നടന്നത്. 4,19,128 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് ഹാജരായത്. പ്രൈവറ്റായി 195 പേരും പരീക്ഷയെഴുതി. 47 കേന്ദ്രങ്ങളിലായി 2914 പേര്‍ ടിഎച്ച്എസ് എല്‍സി, 60 പേര്‍ എഎച്ച്എസ്എല്‍സി പരീക്ഷകള്‍ എഴുതി. സമയബന്ധിതമായും കൃത്യമായ ആസൂത്രണത്തോടെയും പഠനപ്രക്രിയ, പരീക്ഷ, മൂല്യനിര്‍ണയം എന്നിവ നടത്താനായി എന്നതുകൊണ്ട് ഇത്തവണ നിശ്ചയിച്ചതിനും ഒരുദിവസം മുന്നേ ഫലപ്രഖ്യാപനം നടത്താന്‍ കഴിഞ്ഞു. 3000ത്തോളം കേന്ദ്രങ്ങളിലെ ഉത്തരക്കടലാസുകള്‍ മുഴുവനായും 70 കേന്ദ്രങ്ങളിലെത്തിച്ച് സമയബന്ധിതമായി മൂല്യനിര്‍ണയം നടത്തുകയായിരുന്നു. മാര്‍ച്ച് 29ന് പരീക്ഷ പൂര്‍ത്തിയായി അഞ്ചാം ദിവസം മൂല്യനിര്‍ണയം ആരംഭിക്കാനായി. മേയ് 20ന് ഫലം പ്രഖ്യാപിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. വകുപ്പ് മേധാവികളും അധ്യാപകരും ഒരുപോലെ സഹകരിച്ച് ദൗത്യം പൂര്‍ത്തിയാക്കുകയായിരുന്നു. പരീക്ഷയെഴുതിയവരില്‍ 4,17,864 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.


ഇത് കൂടി വായിക്കൂ: ഉഷ എവിടെ നില്‍ക്കണമെന്ന് അവര്‍ തീരുമാനിക്കട്ടെ | JANAYUGOM EDITORIAL


വിജയ ശതമാനം 99.70. മുന്‍ വര്‍ഷത്തെ 99.26 നെ അപേക്ഷിച്ച് 0.44 ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയ ശതമാനം. 68,604 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 44,363 പേരാണ് ഈ നേട്ടം കൈവരിച്ചത്. ഇത്തവണത്തെ വര്‍ധന 24,241. 2020, 21, 22 വര്‍ഷങ്ങളില്‍ പരീക്ഷയില്‍ വിജയം നേടാനാകാതെ പോയ 150 പേര്‍ പുതിയ സ്കീം അനുസരിച്ച് പരീക്ഷ എഴുതിയതില്‍ 100 പേര്‍ ഉന്നത പഠനത്തിന് യോഗ്യരായി. ഇതിലെ വിജയശതമാനം 66.67. 2017 മുത ല്‍ 19 വരെ വര്‍ഷങ്ങളിലുള്ള പഴയ സ്കീമില്‍ പരാജയപ്പെട്ട 45 പേര്‍ ഇത്തവണ പരീക്ഷയെഴുതിയതില്‍ 64.44 ശതമാനം പേര്‍ വിജയിച്ചു, 29 പേര്‍. വിജയശതമാനം കൂടുതലുള്ള ജില്ല കണ്ണൂരാണ്, 99.94 ശതമാനം. കുറവ് വയനാട് ജില്ല, 98.41 ശതമാനം. ഇവ രണ്ടും തമ്മിലുള്ള അന്തരം ഏകദേശം 1.5 ശതമാനത്തിന്റേതാണ്. പാലാ, മൂവാറ്റുപുഴ എന്നിവയാണ് നൂറുശതമാനം വിജയത്തോടെ ഏറ്റവും മുന്നിലെത്തിയ വിദ്യാഭ്യാസ ജില്ലകള്‍. വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട്, 98.41 ശതമാനം. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എപ്ലസ് ലഭിച്ച ജില്ല മലപ്പുറം. ഇവിടെ 4865 പേര്‍ ഈ നേട്ടത്തിന് അര്‍ഹരായി. ടിഎച്ച്എസ്എല്‍സിയിലും 99.9 ശതമാനം വിജയമുണ്ടായി. 2914 പേര്‍ പരീക്ഷയെഴുതിയതില്‍ 2913 പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. വിജയം നേടിയ മുഴുവന്‍ പേരെയും അഭിനന്ദിക്കുന്നു. ഉന്നത പഠനത്തിന് അര്‍ഹത നേടാന്‍ സാധിക്കാതെ പോയവര്‍ക്ക് സേ പരീക്ഷയിലൂടെ അതിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ സൗകര്യത്തിന്റെയും പഠന നിലവാരത്തിന്റെയും കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും അധ്യാപക-രക്ഷാകര്‍തൃ സമിതികളും പൊതുസമൂഹമാകെയും പാലിക്കുന്ന ഉന്നതമായ ബോധവും ജാഗ്രതയുമാണ് ഈ നേട്ടത്തിന്റെ അടിത്തറ.


ഇത് കൂടി വായിക്കൂ:ഒന്നാമതെത്തിയ ഇന്ത്യക്ക് വേണ്ടത് ഇച്ഛാശക്തി | JANAYUGOM EDITORIAL


കേരളപ്പിറവിതൊട്ട് വിദ്യാഭ്യാസകാര്യത്തില്‍ നമ്മുടെ സര്‍ക്കാരുകള്‍, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ സര്‍ക്കാരുകള്‍ പ്രഥമ പരിഗണന നല്കിപ്പോരുന്നുണ്ട്. അത് കൃത്യമായി തുടരുന്നു എന്നതുകൊണ്ടാണ് അസാധാരണമായ പ്രതിസന്ധി നേരിട്ട കോവിഡ് കാലത്തുപോലും വിദ്യാര്‍ത്ഥികളുടെ പഠനപ്രക്രിയ മുടക്കമില്ലാതെ തുടര്‍ന്നുകൊണ്ടുപോകുന്നതിന് നമ്മുടെ സംവിധാനങ്ങള്‍ക്ക് സാധ്യമായത്. സാങ്കേതിക വിദ്യയുടെ നവസാധ്യതകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ച ആദ്യ സംസ്ഥാനങ്ങളിലൊന്നായി കേരളത്തിന് മാറാന്‍ സാധിച്ചു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസരംഗത്തെ ആദ്യ കടമ്പകളില്‍ ഒന്ന് എസ്എസ്എല്‍സിയാണ്. ഇത്തവണ ഉന്നത പഠനത്തിന് യോഗ്യത നേടിയവരുടെ എണ്ണം എല്ലാ വിഭാഗങ്ങളിലുമായി നാലേകാല്‍ ലക്ഷത്തോളമാണ്. ഇനി നമ്മുടെ മുന്നിലുണ്ടായേക്കാവുന്ന പ്രശ്നം എല്ലാവര്‍ക്കും ഉന്നത പഠനത്തിന് അവസരമൊരുക്കുക എന്നതാണ്. വിവിധ ശ്രേണികളായുള്ള ഉന്നത പഠന സൗകര്യങ്ങള്‍ ഉണ്ടെങ്കിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിന് സാധ്യമാകണമെന്നില്ല. അതുകൊണ്ട് ആവശ്യമെങ്കില്‍ കൂടുതല്‍ കോഴ്സുകളും ബാച്ചുകളും അനുവദിച്ചു നല്കുന്നതിനുള്ള നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്.

Exit mobile version