Site iconSite icon Janayugom Online

പിടിവാശിയില്‍ തോറ്റത് ഇന്ത്യയാണ്

ബിജെപിക്കെതിരായ പടയൊരുക്കത്തില്‍ പ്രമുഖ കക്ഷികള്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടുകള്‍ ദേശീയതലത്തില്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. അത് ബിജെപിക്കാണ് ഗുണം ചെയ്യുന്നതെന്ന അനുഭവപാഠമുള്‍ക്കൊള്ളാതെ പോയതിന്റെ സൂചകമാകുകയാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. ലോക്‌സഭയിലേക്ക് ഒരുമിച്ച് മത്സരിച്ചിട്ടും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാതെ പോയതിന് പരസ്പരം പഴിപറഞ്ഞ ആംആദ്മി പാര്‍ട്ടി (എഎപി)യും കോണ്‍ഗ്രസും ഈ രാഷ്ട്രീയ പോരാട്ടത്തെ ഗൗരവത്തോടെ കാണാനും ബിജെപിക്കെതിരെ ഒരുമിച്ച് നില്‍ക്കുവാനും സന്നദ്ധമാകാതിരുന്നതും ഭരണകക്ഷിയായ ആം ആദ്മിയുടെ പരാജയത്തിനും കോണ്‍ഗ്രസിന്റെ ദയനീയമായ പ്രകടനത്തിനും കാരണമായെന്ന് കണക്കുകളില്‍ വ്യക്തമാണ്. ഒടുവിലത്തെ കക്ഷി നിലയനുസരിച്ച് ബിജെപിക്ക് 48 സീറ്റുകളാണുള്ളത്. എഎപി 22 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് പൂജ്യത്തിലൊതുങ്ങുകയും ചെയ്തു. മൊത്തം വോട്ട് വിഹിതവും, കുറഞ്ഞത് 13 മണ്ഡലങ്ങളിലെയെങ്കിലും വോട്ട് നിലയും പരിശോധിച്ചാല്‍ ആം ആദ്മി പാര്‍ട്ടി (എഎപി)യും കോണ്‍ഗ്രസും തങ്ങളുടെ പ്രാമാണിത്തം പ്രകടിപ്പിക്കുക എന്ന വാശിയില്‍ പരസ്പരം മത്സരിച്ചതാണ് ബിജെപി വിജയത്തിന്റെ പ്രധാന ഘടകമായതെന്ന് കാണാം.
ബിജെപിക്ക് ലഭിച്ച ആകെ വോട്ട് വിഹിതം 45.56 ശതമാനമാണ്. അതേസമയം എഎപിക്ക് 43.57 കോണ്‍ഗ്രസിന് 6.34 ശതമാനം വീതം വോട്ടുകളുണ്ട്; ആകെ 49.91 ശതമാനം. ബിജെപിയെക്കാള്‍ നാലര ശതമാനത്തോളം അധികമാണിത്. മുന്‍ മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യത്തിലുള്ള സംസാരിക്കുന്ന തെളിവുകളാകും. കെജ്‌രിവാള്‍ മത്സരിച്ച ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേഷ് സാഹിബ് സിങ് (ആകെ വോട്ട് 30,088) ജയിക്കുന്നത് 4,089 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ഇവിടെ കെജ്‌രിവാളിന് ലഭിച്ചത് 25,999 വോട്ട്. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സന്ദീപ് ദീക്ഷിത് 4,568 വോട്ടുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇരുപാര്‍ട്ടികളുടെയും വോട്ടുകള്‍ കൂട്ടിയാല്‍ ബിജെപിക്ക് ലഭിച്ച വോട്ടിനെക്കാള്‍ കൂടുതലാണെന്നര്‍ത്ഥം. മനീഷ് സിസോദിയയുടെ മണ്ഡലമായ ജംഗ്പുരയില്‍ 675 വോട്ടുകള്‍ക്കാണ് ബിജെപിയുടെ തര്‍വീന്ദര്‍ സിങ്ങിന്റെ വിജയം. കോണ്‍ഗ്രസിലെ ഫര്‍ഹദ് സൂരിക്ക് ഇവിടെ 7,350 വോട്ടുകളുണ്ട്. സംഗം വിഹാറില്‍ ബിജെപിയുടെ ചന്ദന്‍ കുമാര്‍ ചൗധരിയുടെ വിജയം കേവലം 344 വോട്ടുകള്‍ക്കായിരുന്നു. എഎപിയുടെ ദിനേഷ് മൊഹാനിയ 53,705 വോട്ടുകള്‍ നേടിയ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 15,863 വോട്ടുകളാണ്. ബിജെപി ഭൂരിപക്ഷത്തെക്കാള്‍ എത്രയോ മടങ്ങ് അധികമാണിത്. ബിജെപി ജയം നേടിയ രജീന്ദര്‍ നഗറില്‍ 1,231 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. ഇവിടെ മൂന്നാമതുള്ള കോണ്‍ഗ്രസിന് 4,015 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഛത്താര്‍പൂരിലും സ്ഥിതി വ്യത്യസ്തമല്ല. 6,239 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി ജയിച്ച ഇവിടെ കോണ്‍ഗ്രസിന് 6,601 വോട്ടുകളുണ്ട്. ഗ്രേറ്റര്‍ കൈലാഷില്‍ ബിജെപി 3,188 വോട്ടിന് ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 6,711 വോട്ടുകള്‍ കരസ്ഥമാക്കി. കോണ്‍ഗ്രസ് 32,028 വോട്ട് നേടിയ നംഗ്ലോയി ജട്ടില്‍ ജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം 26,251 ആണ്. മദിപ്പൂര്‍, മെഹ്റൗളി, ബവാന, ടിമാര്‍പൂര്‍, ബദ്‌ലി, മാളവ്യ നഗര്‍, ത്രിലോക്പുരി, എഎപി മൂന്നാമതെത്തിയ കസ്തൂര്‍ബാ നഗര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥിതിയും സമാനം തന്നെ.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ചതിന്റെ ഗുണം ലഭിച്ചില്ലെന്ന് പരസ്പരം കുറ്റപ്പെടുത്തിയാണ് കോണ്‍ഗ്രസും എഎപിയും നേരിട്ട് മത്സരിച്ചതും ഇന്ത്യ സഖ്യത്തെ അപ്രസക്തമാക്കിയതും. ലോക്‌സഭയിലേക്കും നിയമസഭയിലേക്കുമുള്ള വോട്ടെടുപ്പില്‍ സമ്മതിദായകരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റമുണ്ടാകുമെന്ന പ്രാഥമിക തത്വം പോലും അംഗീകരിക്കാതെയാണ് ഇരുകക്ഷികളും പരസ്പരം മത്സരിച്ചത്. ഇത്തരം മത്സരം ഒഴിവാക്കണമെന്നും ബിജെപിക്ക് എതിരെ ചെറുതും വലുതുമായ എല്ലാ മതേതര ജനാധിപത്യ കക്ഷികളും യോജിച്ച് നില്‍ക്കണമെന്നും തുടക്കം മുതല്‍ സിപിഐ ഉള്‍പ്പെടെ ഇടതു കക്ഷികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ പ്രമുഖ കക്ഷികള്‍ രണ്ടും മറ്റു കക്ഷികളെ പരിഗണിക്കാതെ പരസ്പരം മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ നടന്ന ചില സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യോജിച്ചു നിന്നതിന്റെ നേട്ടങ്ങളില്‍ നിന്നോ, പരസ്പരം പോരടിച്ചതിന്റെ ദോഷഫലങ്ങളില്‍ നിന്നോ പാഠമുള്‍ക്കൊള്ളാതെയുള്ള നിലപാട് സ്വീകരിച്ചതാണ് ബിജെപി വിജയം എളുപ്പത്തിലാക്കിയതെന്നതില്‍ സംശയമില്ല. കോണ്‍ഗ്രസിന് നിലംതൊടാനായില്ല എന്നതിനൊപ്പം തന്നെ 10 വര്‍ഷത്തിലധികം സംസ്ഥാനം ഭരിച്ച എഎപിയെ ജനം നിരാകരിച്ചുവെന്നതും പ്രധാനമായും ചര്‍ച്ചാവിഷയമാകേണ്ടതാണ്. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പിന് രാഷ്ട്രീയമായി ഒട്ടേറെ പ്രത്യേകതകളുണ്ട്. കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ എല്ലാ പിന്തിരിപ്പന്‍ പരീക്ഷണങ്ങളുടെയും വേദിയായിരുന്നു രാജ്യതലസ്ഥാനമായ ഡല്‍ഹി. മതേതര ജനാധിപത്യ സംവിധാനങ്ങള്‍ക്കെതിരായ നിഷ്ഠുര നടപടികള്‍ പലതും അവിടെയുണ്ടായി. എതിരാളികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നതിന്റെ മകുടോദാഹരണമായ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും പ്രതിനിധീകരിക്കുന്ന മണ്ണാണ് അത്. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള പൊലീസ് സംവിധാനത്തെയും ലഫ്റ്റ്നന്റ് ഗവര്‍ണറെയും ഉപയോഗിച്ച് സംസ്ഥാന ഭരണത്തെ നിയന്ത്രിക്കുന്നതിന് നടന്ന നിരന്തര ശ്രമങ്ങളുടെയും ഫെഡറല്‍ തത്വങ്ങളെ ലംഘിക്കുന്ന സമീപനങ്ങളുടെയും നിരവധി ഉദാഹരണങ്ങളും അവിടെയുണ്ടായി. സൗജന്യങ്ങളുടെയും സൗകര്യങ്ങളുടെയും ഘോഷയാത്രകളാണ് ഭരണനടപടികള്‍ എന്ന നിലയില്‍ എഎപിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലുണ്ടായത്. എന്നിട്ടും അവിടെ തോറ്റുപോയെങ്കില്‍ അതിന്റെ പാപഭാരം കോണ്‍ഗ്രസും എഎപിയും തന്നെയാണ് ഏറ്റെടുക്കേണ്ടത്. അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് തിരുത്തലുകള്‍ക്ക് തയ്യാറാകുന്നില്ലെങ്കില്‍ വീണ്ടും വീണ്ടും തോറ്റുപോകുന്നത് ഇന്ത്യ തന്നെയായിരിക്കും. 

Exit mobile version