പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതുമുതൽ രാജ്യത്തെ പാഠപുസ്തകങ്ങളിൽ സർക്കാരിനെ നയിക്കുന്ന തീവ്രഹിന്ദുത്വ ആശയസംഹിതയുടെ അടിസ്ഥാനത്തിൽ വ്യാപകമായ തിരുത്തലുകളും പ്രതിലോമകരമായ സൈദ്ധാന്തികവല്‍ക്കരണവുമാണ് നടന്നുവരുന്നത്. അതിന്റെ ഏറ്റവും പുതിയ ഘട്ടമാണ് സിബിഎസ്ഇ 11, 12 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ എൻസിഇആർടി പ്രഖ്യാപിച്ചിരിക്കുന്ന തിരുത്തലുകൾ. അത് ജനതയുടെ ഓർമ്മയിൽനിന്നും ഇനിയും മാഞ്ഞുപോയിട്ടില്ലാത്ത പ്രതിലോമകരമായ ചരിത്രവസ്തുതകളെ വളച്ചൊടിക്കാനും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിഷം പുതുതലമുറയുടെ മനസിലും മസ്തിഷ്കത്തിലും കുത്തിനിറയ്ക്കാനുമുള്ള ഭരണകൂടത്തിന്റെയും സംഘ്പരിവാർ ശക്തികളുടെയും ഫാസിസ്റ്റ് യത്നത്തിന്റെ ഭാഗമാണ്. രാഷ്ട്രമീമാംസാ പാഠപുസ്തകങ്ങളിലാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള തിരുത്തലുകൾ നടപ്പാക്കുന്നതെന്നതും ഈ യത്നത്തിന്റെ ലക്ഷ്യം എന്തെന്ന് വെളിവാക്കുന്നു. അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തത്, ഗുജറാത്ത് വർഗീയകലാപത്തിൽ മുസ്ലിങ്ങൾ കൂട്ടക്കൊല ചെയ്യപ്പെട്ടത്, മണിപ്പൂരിൽ ഇപ്പോഴും തുടരുന്ന വംശീയ കലാപം, ജമ്മു കശ്മീരിനോടുള്ള ഇന്ത്യയുടെ നിലപാട് തുടങ്ങിയവയെപ്പറ്റിയുള്ള പരാമർശങ്ങൾ എന്നിവയിലാണ് ചരിത്രയാഥാർത്ഥ്യങ്ങളോട് തെല്ലും നീതിപുലർത്താത്ത തിരുത്തലുകൾ വരുത്തിയിരിക്കുന്നത്. ഈ തിരുത്തലുകൾ രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾക്ക് അനുരോധമായ നവീകരണമാണെന്ന വാദമാണ് എൻസിഇആർടി മുന്നോട്ടുവയ്ക്കുന്നത്. ഫലത്തിൽ, ചരിത്രത്തെ ഭരണകൂട താല്പര്യങ്ങൾക്ക് അനുസൃതമായി വളച്ചൊടിക്കാനും ചരിത്രസംഭവങ്ങളെ തമസ്കരിക്കാനും രാഷ്ട്രചേതനയിൽ നിന്നും അപ്പാടെ തുടച്ചുനീക്കാനുമുള്ള ഫാസിസ്റ്റ് സംരംഭമാണ് അരങ്ങേറുന്നത്. ഈ തിരുത്തലുകൾ മോഡി സർക്കാരിന്റെ നിലപാടുകളുമായി പൂർണമായും പൊരുത്തപ്പെടുന്നതാണെന്നുകൂടി എൻസിഇആർടി ഭംഗ്യന്തരേണ പറഞ്ഞുവയ്ക്കുന്നതോടെ ചരിത്രത്തിനും ചരിത്രയാഥാർത്ഥ്യങ്ങൾക്കും ഉപരിയാണ് ഭരണകൂട നിക്ഷിപ്ത താല്പര്യങ്ങളെന്ന യാഥാർത്ഥ്യമാണ് വെളിപ്പെടുന്നത്.
ഇതുകൂടി വായിക്കൂ: സൈനിക് സ്കൂളുകളുടെ കാവിവല്‍ക്കരണം
പാഠപുസ്തകങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തുകയെന്നത് അതാതുകാലങ്ങളിൽ ഭരണം നടത്തുന്നവരുടെ ഉത്തരവാദിത്തമാണ്. അത് എല്ലാക്കാലങ്ങളിലും നിർവഹിക്കപ്പെടേണ്ടതാണ്. കാലാനുസൃതമായി ഭാഷയിലും ശാസ്ത്രത്തിലും ചരിത്രത്തിലുമടക്കം ഏത് വിജ്ഞാനമേഖലകളിലും ഉണ്ടാവുന്ന മാറ്റങ്ങൾക്കും പുരോഗതിക്കും അനുസൃതമായി പാഠപുസ്തകങ്ങൾ നവീകരിച്ചാൽ മാത്രമേ പുതുതലമുറയെ പുത്തൻ യാഥാർത്ഥ്യങ്ങൾക്ക് അനുസൃതമായി ജീവിതത്തെ നേരിടാൻ പ്രാപ്തമാക്കാനാവു. എന്നാൽ, അത് ചരിത്ര വസ്തുതകളെയും സംഭവപരമ്പരകളെയും സത്യസന്ധമായും യാഥാർത്ഥ്യബോധത്തോടെയും അംഗീകരിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയുടെ നവീകരണമായിരിക്കണം. ആ മാറ്റങ്ങൾ ആധുനിക ജനാധിപത്യ മൂല്യങ്ങളെയും ഉന്നത മാനവിക സങ്കല്പങ്ങളെയും അംഗീകരിക്കുന്നവയും ഉയർത്തിപ്പിടിക്കുന്നവയും ആവണം. ഇന്ത്യയിലാകട്ടെ അത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകളായ സർവമത സാഹോദര്യത്തിൽ അധിഷ്ഠിതമായ മതനിരപേക്ഷ ജനാധിപത്യത്തിൽ അടിയുറച്ച മാറ്റങ്ങൾ ആയിരിക്കേണ്ടതുമുണ്ട്. ഇവിടെയാണ് നരേന്ദ്ര മോഡി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പാഠ്യപദ്ധതി നവീകരണം വിവാദമാവുകയും വിമർശനവും ശക്തമായ വിയോജിപ്പും ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നത്. 2014ൽ അധികാരത്തിൽവന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുഖ്യകാർമ്മികത്വത്തിലാണ് പാഠ്യപദ്ധതിയുടെ നവീകരണത്തിന്റെ പേരിൽ തികച്ചും പ്രാകൃതവും അശാസ്ത്രീയവുമായ പാഠപുസ്തക തിരുത്തൽ പദ്ധതിക്ക് തുടക്കംകുറിച്ചത്. അതിന്റെ മുന്നോടിയായി വിദ്യാഭ്യാസ, വിജ്ഞാന, പാഠ്യപദ്ധതി നവീകരണ, അധ്യാപന മേഖലകളിലാകെ ആർഎസ്എസ്, തീവ്രഹിന്ദുത്വ, സംഘ്പരിവാർ ശക്തികളെ അവർ വിന്യസിച്ചു. 2017ൽ ആരംഭിച്ച സ്കൂൾ പാഠപുസ്തക തിരുത്തൽ പദ്ധതിയുടെ നാലാം ഘട്ടത്തിലാണ് നാം ഇപ്പോൾ എത്തിനിൽക്കുന്നത്.
ഇതുകൂടി വായിക്കൂ: ഇന്ത്യന്‍ വികസനം സാധ്യതകളും വെല്ലുവിളികളും
രാജ്യത്തെ ജനങ്ങളെ, വിശിഷ്യ പുതുതലമുറകളെ ജാതി, മത, വർണ, വംശ, ഭാഷാ, സാംസ്കാരിക ഭേദചിന്തകൾക്ക് അതീതമായി ഒരുമിപ്പിക്കാനും പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും ഉതകുംവിധമാകണം സ്വതന്ത്ര ഇന്ത്യയുടെ വിദ്യാഭ്യാസ രംഗവും സംവിധാനവും എന്നായിരുന്നു രാഷ്ട്രശില്പികൾ വിഭാവനം ചെയ്തത്. അതിന് കടകവിരുദ്ധമായ, പുതുതലമുറയടക്കം ജനങ്ങളെ ഭിന്നിപ്പിക്കാനും അവരിൽ ഭേദചിന്തകൾ വളർത്താനും ഉതകുന്ന പ്രതിലോമകരമായ ഒരു കാഴ്ചപ്പാടാണ് മോഡി ഭരണവും തീവ്രഹിന്ദുത്വ സംഘ്പരിവാർ ശക്തികളും വിദ്യാഭ്യാസരംഗത്ത് മുന്നോട്ടുവയ്ക്കുന്നത്. സമ്പത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വേർതിരിവിന്റെ ഫാസിസ്റ്റ് സംസ്കാരം നമ്മുടെ വിദ്യാഭ്യാസരംഗത്തെ ഇതിനകം ദുരന്തഭൂമിയാക്കി മാറ്റിയതിന്റെ എത്രയെത്ര ഉദാഹരണങ്ങൾക്കാണ് കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ രാജ്യം സാക്ഷ്യം വഹിക്കേണ്ടി വന്നത്. അതിന് ആക്കംകൂട്ടാനും രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷത്തെ പൂർണമായും രാഷ്ട്രജീവിതത്തിൽനിന്നും അകറ്റി പുറന്തള്ളാനും ലക്ഷ്യംവച്ചുള്ളതാണ് തുടർന്നുവരുന്ന പാഠപുസ്തക തിരുത്തൽ പരമ്പരയുടെ ഈ പുതിയ ഘട്ടം.