Site iconSite icon Janayugom Online

വീണ്ടുമൊരു കരിനിയമത്തിന്റെ പിറവി

ലിയ എതിർപ്പുകൾക്കിടയിൽ കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ സ്പെഷ്യൽ പബ്ലിക് സെക്യൂരിറ്റി ബിൽ, 2024 (പ്രത്യേക പൊതു സുരക്ഷാ നിയമം) എന്ന പേരിലുള്ള നിയമം പാസാക്കിയിരിക്കുന്നു. സംസ്ഥാന സുരക്ഷയും പൊതു സാമൂഹ്യക്രമവും സംരക്ഷിക്കാനെന്ന പേരിലാണ് നിയമനിർമ്മാണമെങ്കിലും വിവിധ വകുപ്പുകളിലെ അവ്യക്തതയും നിർവചനങ്ങളിലെ സൂചനകളും പൊലീസ് സംവിധാനത്തിന് ലഭിച്ചേക്കാവുന്ന അമിതാധികാരവും ആദ്യഘട്ടത്തിൽതന്നെ ഉന്നയിക്കപ്പെട്ട ആശങ്കകളായിരുന്നു. ബില്ല് പാസാക്കുന്ന വേളയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞത് നഗര നക്സലുകളെ നിയന്ത്രിക്കുകയാണ് ബില്ലിന്റെ ആത്യന്തിക ലക്ഷ്യമെന്നാണ്. സംസ്ഥാന സുരക്ഷ, പൊതു സാമൂഹ്യ ക്രമം എന്നിവയ്ക്കെതിരെ പ്രവർത്തിക്കുന്ന ഏതൊരു സംഘടനയെയും നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ മഹാരാഷ്ട്ര സ്പെഷ്യൽ പബ്ലിക് സെക്യൂരിറ്റി ബിൽ, 2024 എന്ന പേരിലുള്ള ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. വാറണ്ട് ആവശ്യമില്ലാത്ത പരിശോധനകൾ, പിടിച്ചെടുക്കലുകൾ, വിചാരണ നടപടികൾ നീണ്ടുപോയാലും തടങ്കൽ, പ്രോസിക്യൂഷൻ നടപടികളിൽ നിന്നുള്ള പ്രതിരോധം എന്നിങ്ങനെ പൊലീസിന് വിപുലമായ അധികാരങ്ങളാണ് ബില്ലിൽ നൽകിയിരിക്കുന്നത്. ഈ നിയമപ്രകാരം എല്ലാ കുറ്റകൃത്യങ്ങളും കേസെടുക്കാവുന്നതും ജാമ്യമില്ലാത്തതുമായിരിക്കുമെന്നും നിർദേശമുണ്ട്. എതിരാളികളെ അടിച്ചമർത്തുന്നതിനുള്ള നിയമനിർമ്മാണങ്ങൾ ഫാസിസത്തിന്റെ മുഖമുദ്രയാണ്. അതിന്റെ ഭാഗമാണ് മഹാരാഷ്ട്രയിലെ ഈ നിയമനിർമ്മാണവുമെന്നതിന് മഹാരാഷ്ട്രയിലെ തന്നെ ചില മുൻ അനുഭവങ്ങൾ പാഠമാണ്. 

നഗര നക്സലുകളെന്ന സംജ്ഞ വളരെ മുമ്പ് നാം കേട്ടുതുടങ്ങിയിരുന്നതല്ല. ബിജെപി അധികാരത്തിലെത്തിയതിന് ശേഷമാണ് ആരെയും നഗര നക്സലുകളെന്ന് മുദ്ര കുത്തുന്ന സാഹചര്യമുണ്ടായത്. കൂടുതലായും ഈ വാക്കിന്റെ പ്രയോഗമുണ്ടായത് ഭീമാ കൊറേഗാവ് സംഭവത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട് മുംബൈ നഗരത്തിൽ 2018ൽ നടന്ന സംഭവങ്ങളുടെ തുടർച്ചയായിട്ടാണ്. 2018 ജനുവരി ഒന്നിനാണ് 250 ഓളം ദളിത് സംഘടനകളുടെ സംയുക്ത വേദി എൽഗാർ പരിഷത്ത് എന്ന ബാനറിൽ വലിയൊരു റാലി സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചത്. എന്നാൽ റാലിക്കെതിരെ കല്ലേറുൾപ്പെടെയുണ്ടായി. തീവ്ര ഹിന്ദുത്വ നേതാക്കളായ മിലിന്ദ് എക്ബോട്ടെയും സംഭാജി ഭിഡെയും ജനക്കൂട്ടത്തെ പ്രേരിപ്പിച്ച് ദളിത് ജാഥയ്ക്കെതിരെ രംഗത്തിറക്കുകയായിരുന്നുവെന്നും ആരോപണമുണ്ടായി. അവർക്കെതിരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരായിരുന്നു അന്നും മഹാരാഷ്ട്ര ഭരിച്ചിരുന്നത്. എന്നുമാത്രമല്ല ബിജെപിക്കും സംഘ്പരിവാറിന്റെ സവർണാധിപത്യ പ്രവണതയ്ക്കുമെതിരെയും ദളിത് മുന്നേറ്റത്തിനുവേണ്ടിയും പ്രവർത്തിക്കുന്ന നിരവധി പേരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് നഗര നക്സലുകളെന്ന പ്രയോഗം വ്യാപകമായത്. സംഭവവുമായി ഒരു തരത്തിലും ബന്ധമില്ലാതിരുന്ന സ്റ്റാൻ സ്വാമി ഉൾപ്പെടെ ജയിലിലായതും പിന്നീട് അദ്ദേഹം മതിയായ ചികിത്സ കിട്ടാതെ മരിച്ചതും നോവുന്ന ഓർമ്മയാണ്. നക്സൽ ആശയങ്ങളുമായി വിദൂരബന്ധം പോലുമില്ലാത്ത എല്ലാവരെയും ജയിലിടുന്നതിനുള്ള സംജ്ഞയായാണ് അതുപയോഗിക്കപ്പെട്ടതെന്നർത്ഥം. ഭീമാ കൊറേഗാവ് സംഭവത്തിന്റെ പേരിൽ മഹാരാഷ്ട്ര പൊലീസും പിന്നീട് ദേശീയ അന്വേഷണ ഏജൻസിയും രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായവരിൽ പലരും ഇപ്പോഴും തടവറയിലാണ് എന്നത് ഓർത്തുവേണം നഗര നക്സലുകളെ നേരിടാനെന്ന പേരിലുള്ള മഹാരാഷ്ട്ര സർക്കാരിന്റെ പൊതു സുരക്ഷാ നിയമ (ജൻ രക്ഷാ നിയമമെന്നും വിളിക്കപ്പെടുന്നു) ത്തെ വായിക്കേണ്ടത്. 

യുഎപിഎ, ടാഡ തുടങ്ങിയ പേരിൽ കുഴപ്പമില്ലാത്തവ ആയിരുന്നുവെങ്കിലും പ്രയോഗത്തിൽ കുഴപ്പം പിടിച്ചതും നിരപരാധികളെ പോലും ജയിലിടാൻ പര്യാപ്തമായതുമായ നിയമങ്ങൾ നാം കണ്ടതാണ്. ടാഡ 1995ൽ ഇല്ലാതാകുന്നതുവരെ അതാതുകാലത്ത് ദുരുപയോഗം ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങളും മുന്നിലുണ്ട്. ഈ പശ്ചാത്തലത്തിലും ഭീമാ കൊറേഗാവ് കേസിന്റെ അടിസ്ഥാനത്തിലും പരിശോധിച്ചാൽ എതിരാളികളെ മുഴുവൻ നഗര നക്സലുകളെന്നോ സാമൂഹ്യ ക്രമങ്ങൾ നിലനിർത്തുന്നതിനെന്നോ പേരുപറഞ്ഞ് ജയിലിടാൻ സാധിക്കുന്ന വിധത്തിലാണ് പുതിയ നിയമത്തിന്റെ ഘടനയെന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെയാണ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനല്ല, അധികാരം ഏകീകരിക്കുന്നതിനും ജനാധിപത്യ ഇടങ്ങൾ ചുരുക്കുന്നതിനുമാണ് ഈ നിയമമെന്ന് മനുഷ്യാവകാശ പ്രവർത്തകരും പ്രതിപക്ഷവും വിലയിരുത്തിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നഗര നക്സലുകളെന്നും മാവോയിസ്റ്റുകളെന്നും മുദ്രചാർത്തി, ആദിവാസികളെ പോലും കൊന്നുതള്ളുന്നതിന്റെ വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നുണ്ട്. കോർപറേറ്റ് കൊള്ളയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെയും ദളിതരുൾപ്പെടെ ദുർബല വിഭാഗങ്ങളുടെ പ്രശ്നങ്ങളും മനുഷ്യാവകാശ വിഷയങ്ങളുമുന്നയിക്കുന്നവരെയും നഗര നക്സലുകളെന്ന പേരിൽ പീഡിപ്പിക്കുകയും ജയിലിൽ അടയ്ക്കുകയുമാണ് ചെയ്യുന്നത്. ഈ പശ്ചാത്തലം നിലവിലുള്ളതിനാലാണ് മഹാരാഷ്ട്രയിലെ പൊതു സുരക്ഷാ നിയമം എല്ലാവരെയും ആശങ്കപ്പെടുത്തുന്നത്. 

Exit mobile version