Site iconSite icon Janayugom Online

ഷേഖ് ഹസീനയുടെ പലായനം ഉയര്‍ത്തുന്ന പ്രതിസന്ധി

സർക്കാർ ഉദ്യോഗസ്ഥ നിയമനങ്ങളിലെ ക്വാട്ട സംവിധാനത്തിനെതിരെ ബംഗ്ലാദേശിൽ വിദ്യാർത്ഥികൾ ആരംഭിച്ച പ്രക്ഷോഭം ലോകത്ത് ഏറ്റവുമധികം കാലം തുടർച്ചയായി അധികാരത്തിലിരുന്ന പ്രധാനമന്ത്രി എന്ന റെക്കോഡിലേക്ക് നീങ്ങുകയായിരുന്ന ഷേഖ് ഹസീന ഭരണകൂടത്തെ കടപുഴക്കി. ഇക്കഴിഞ്ഞ ജനുവരിമാസത്തിൽ അഞ്ചാംതവണയും വിവാദ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഷേഖ് ഹസീന തികച്ചും നാടകീയമായി ഇന്നലെ പൊടുന്നനെ പ്രധാനമന്ത്രിപദം രാജിവച്ച് രാജ്യത്തുനിന്നും പലായനം ചെയ്യാൻ നിർബന്ധിതയായി. രാജ്യംവിട്ട അവർ ബംഗ്ലാദേശിന്റെ ഒരു സൈനിക വിമാനത്തിൽ ധാക്കയിൽനിന്നും ഗാസിയാബാദിലെ ഹിൻഡോൺ വ്യോമ താവളത്തിൽ എത്തിച്ചേർന്നതായി വാർത്തയുണ്ട്. ബ്രിട്ടണിൽ രാഷ്ട്രീയാഭയം തേടിയതായും റിപ്പോർട്ടുണ്ട്. ഷേഖ് ഹസീനയുടെ പലായനത്തെത്തുടർന്ന് ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ താൽക്കാലിക സര്‍ക്കാര്‍ രൂപീകരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. സമാൻ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിൽ ഹസീനയുടെ അവാമി ലീഗ് ഒഴികെയുള്ള രാഷ്ട്രീയപാർട്ടികൾ പങ്കെടുത്തതായും ഒരു തെരഞ്ഞെടുപ്പ് നടത്തി പുതിയ സർക്കാർ അധികാരമേറ്റെടുക്കുംവരെ സൈന്യം നേതൃത്വംനൽകുന്ന സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതായും വാർത്തകൾ സൂചിപ്പിക്കുന്നു. എന്നാൽ, ക്വാട്ട സംവിധാനത്തിനെതിരെ പ്രക്ഷോഭം നയിച്ച വിദ്യാർത്ഥികൾ സൈന്യം നേതൃത്വം നൽകുന്ന ഭരണകൂടത്തെ അംഗീകരിക്കില്ലെന്നും, ‘വിപ്ലവത്തിന്’ നേതൃത്വം നൽകിയ വിദ്യാർത്ഥികളും ജനങ്ങളും ഉൾപ്പെട്ട ഭരണകൂടത്തിന് അധികാരം കൈമാറണമെന്നും ആവശ്യപ്പെട്ടതായി വാർത്തകൾ പുറത്തുവരുന്നു. ഷേഖ് ഹസീന രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാജ്യത്തുടനീളം നടന്ന പ്രക്ഷോഭത്തിലും പൊലീസും പട്ടാളവും അവാമി ലീഗും അവരുടെ വിദ്യാർത്ഥി യുവജന സംഘടനകളും ഉൾപ്പെട്ട അക്രമ സംഭവങ്ങളിലുമായി 14 പൊലീസ് ഉദ്യോഗസ്ഥരടക്കം നൂറോളംപേർ കൊല്ലപ്പെട്ടിരുന്നു. ജൂലൈ 17ന് വിദ്യാർത്ഥി പ്രക്ഷോഭം ആരംഭിച്ചതുമുതൽ ഇതുവരെ 300ലധികം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഇപ്പോഴത്തെ രാഷ്ട്രീയ കുഴപ്പങ്ങൾക്ക് നിമിത്തമായത് പാകിസ്ഥാനിൽനിന്നുള്ള ബംഗ്ലാദേശിന്റെ വിമോചനപ്പോരാട്ടത്തിൽ പങ്കെടുത്തവരുടെ പിന്മുറക്കാർക്ക് ഉദ്യോഗസ്ഥ നിയമനത്തിൽ നല്‍കിയിരുന്ന സംവരണത്തിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭമാണ്. 2018ൽ ഇതേവിഷയത്തില്‍ ഉയർന്നുവന്ന പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി ഹസീന സംവരണം പൂർണമായും പിൻവലിച്ചിരുന്നു. പ്രക്ഷോഭകർ സംവരണത്തിന് പൂർണമായും എതിരായിരുന്നില്ല. എന്നാല്‍ ഹസീനയുടെ നിലപാട്, തന്റെ പ്രാമാണ്യത്തെ ചോദ്യംചെയ്തു എന്ന തോന്നലിനോടുള്ള നിഷേധാത്മക സമീപനമായിരുന്നു. തുടർന്ന് വിഷയത്തിൽ ധാക്ക ഹൈക്കോടതി 30 ശതമാനം സംവരണം പുനഃസ്ഥാപിച്ചു. അതിനെതിരെയാണ് വിദ്യാർത്ഥി പ്രക്ഷോഭം ആരംഭിച്ചത്. അമ്പതു വർഷങ്ങൾക്ക് മുമ്പുനടന്ന വിമോചന സമരത്തിന്റെ പേരിൽ അതിൽ പങ്കെടുത്തവരുടെ അനന്തര തലമുറകൾക്ക് സംവരണാനുകൂല്യം തുടരുന്നത് ഹസീനയുടെ സ്വേച്ഛാധിപത്യത്തിന് അനുകൂലമായ ഉദ്യോഗസ്ഥ സംവിധാനം നിലനിർത്തുന്നതിനാണെന്ന് പ്രക്ഷോഭകർ ആരോപിക്കുന്നു. അത് ഭരണ സംവിധാനത്തിലെ അഴിമതിയുടെ സ്ഥാപനവൽക്കരണത്തിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നു. പ്രക്ഷോഭകരുമായി സംസാരിക്കാൻ വിസമ്മതിച്ച ഹസീന അതിനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്താനാണ് ശ്രമിച്ചത്. അനേകംപേരുടെ മരണത്തിനും വൻ നാശനഷ്ടങ്ങൾക്കും ഇന്റർനെറ്റ് അടച്ചുപൂട്ടലടക്കം പൗരാവകാശ ധ്വംസനങ്ങൾക്കുമാണ് കഴിഞ്ഞ ഒരുമാസം ബംഗ്ലാദേശ് സാക്ഷ്യംവഹിച്ചത്. പ്രക്ഷോഭകരെ പ്രധാനമന്ത്രി രാജ്യദ്രോഹികൾ എന്നർത്ഥംവരുന്ന ‘റസാക്കർ’ എന്ന് മുദ്രകുത്തിയതോടെ പ്രക്ഷോഭം കൂടുതൽ അക്രമാസക്തമാകുകയും പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാകുകയും ചെയ്തു. ഇതിനിടയിൽ ബംഗ്ലാദേശ് സുപ്രീം കോടതിവിധി സംവരണം അഞ്ച് ശതമാനമായി പരിമിതപ്പെടുത്തിയെങ്കിലും പ്രക്ഷോഭം ചർച്ചകളിലൂടെ അവസാനിപ്പിക്കാനുള്ള സാധ്യത കൈവിട്ടുപോയിരുന്നു. അവാമി ലീഗിന്റെ മുൻ സഖ്യകക്ഷികളായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയടക്കം രാഷ്ട്രീയപാർട്ടികളും ഹസീന മന്ത്രിസഭയിൽ മുമ്പ് അംഗങ്ങളായിരുന്നവരടക്കം പ്രമുഖ വ്യക്തികളും മുൻ ഉന്നത സൈനിക ഉദ്യോഗസ്ഥരും സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിക്കാൻ നിർബന്ധിതരായി.
ഇപ്പോഴത്തെ പൊട്ടിത്തെറിയുടെ യഥാർത്ഥ കാരണം രൂക്ഷമായ തൊഴിലില്ലായ്മയും ഗുരുതരമായ സാമ്പത്തിക കുഴപ്പങ്ങളും നാലാം തവണയും തുടർച്ചയായി അധികാരത്തിലേറിയ ഷേഖ് ഹസീനയിൽ വർധിതതോതിൽ പ്രകടമായ സ്വേച്ഛാധിപത്യ പ്രവണതയുമാണ്. ജനുവരിമാസത്തിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് മുഖ്യ പ്രതിപക്ഷപാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയടക്കം പ്രമുഖ പ്രതിപക്ഷ പാർട്ടികളെല്ലാം ബഹിഷ്കരിച്ചിരുന്നു. 

കീഴ്‌വഴക്കമനുസരിച്ച് കാവൽ സർക്കാരിന്റെ മേൽനോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. അതിന് ഹസീന വിസമ്മതിക്കുകയായിരുന്നു. ഒരു പതിറ്റാണ്ടിലേറെയായി ഹസീന സർക്കാരിനെതിരെ വളർന്നുവന്ന ഭരണവിരുദ്ധ വികാരവും അസംതൃപ്തിയുമാണ് സംഭവ പരമ്പരകളെ ഒരിക്കൽക്കൂടി പട്ടാളഭരണത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്നത് ഇന്ത്യയുടെമേൽ ബഹുതല സമ്മർദങ്ങൾ സൃഷ്ടിച്ചേക്കാം. നാലായിരത്തിലധികം കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയിലൂടെയുള്ള അഭയാർത്ഥിപ്രവാഹം മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വരെയുള്ള വിഷയങ്ങളിൽ കടുത്ത പ്രത്യാഘാതങ്ങളെപ്പറ്റി കരുതൽ പുലർത്താൻ നാം നിർബന്ധിതമാകുന്നു. ഹസീന ആരോപിക്കുന്നതുപോലെ ജമാഅത്തെ ഇസ്ലാമിയടക്കം മതതീവ്ര നിലപാടുള്ള സംഘടനകൾക്കും ഭീകര സംഘടനകൾക്കും ഇപ്പോഴത്തെ സംഭവവികാസങ്ങളിലുള്ള പങ്ക് പരിശോധിക്കപ്പെടേണ്ടതാണ്. അത് ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തെ സ്വാധീനിക്കാതിരിക്കാനും വർഗീയ ഫാസിസ്റ്റ് ശക്തികൾ അതിനെ ദുരുപയോഗം ചെയ്യുന്നത് തടയാനും മതേതര ജനാധിപത്യ പുരോഗമന ശക്തികൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. 

Exit mobile version