Site iconSite icon Janayugom Online

ഇന്ത്യ — മാലദ്വീപ് വിഷയത്തിൽ ദുരൂഹമായ സമീപനം പാടില്ല

റ്റൊരു അതിർത്തി രാജ്യമായ മാലദ്വീപിലെ മന്ത്രിമാരും ഉന്നത നേതാക്കളായ ചിലരും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ച് നടത്തിയ പരാമർശങ്ങൾ അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്. കഴിഞ്ഞയാഴ്ച നരേന്ദ്ര മോഡി നടത്തിയ ലക്ഷദ്വീപ് സന്ദർശനവും കടൽത്തീരത്ത് ഉലാത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അപലപനീയമായ പരാമർശങ്ങൾ മാലദ്വീപിലെ മന്ത്രിമാരുൾപ്പെടെയുള്ളവരിൽ നിന്നുണ്ടായത്. മന്ത്രിമാരായ മറിയം ഷിവുന, മാൽഷ ഷെരീഫ്, അബ്ദുല്ല മഹ്സൂം മാജിദ് എന്നിവരാണ് പരാമർശങ്ങൾ ന‍ടത്തിയത്. ഏറ്റവും മോശമായ പരാമർശം നടത്തിയത് യുവജനകാര്യ വകുപ്പ് മന്ത്രി മറിയം ഷിവുനയായിരുന്നു. മോഡിയെ കോമാളിയെന്ന് അപഹസിച്ച അവർ, ഇസ്രയേലിന്റെ പാവ മിസ്റ്റർ നരേന്ദ്ര മോഡി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു എന്നായിരുന്നു സമൂഹമാധ്യമമായ എക്സിൽ കുറിച്ചത്. മാലദ്വീപിന് ഈ മേഖലയിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം ആവശ്യമില്ലെന്നും ഷിവുന ട്വീറ്റ് ചെയ്തിരുന്നു. വൻവിവാദം ഉയർന്നതിനെ തുടർന്ന് മറിയം ഷിവുന പ്രസ്തുത പരാമർശം നീക്കി. ഇന്ത്യ മാലദ്വീപിനെ ലക്ഷ്യംവയ്ക്കുന്നുണ്ടെന്നും ബീച്ച് ടൂറിസത്തിൽ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്സൂം മാജിദും പറഞ്ഞിരുന്നു. മന്ത്രിമാർക്ക് പുറമെ പ്രോഗ്രസിവ് പാർട്ടി കൗൺസിൽ അംഗം സാഹിദ് റമീസ് ഉൾപ്പെടെയുള്ളവരും വ്യക്തിപരമായ അധിക്ഷേപം പുറപ്പെടുവിച്ചിരുന്നു.


ഇതുകൂടി വായിക്കൂ;മോഡിയുടെ ഏതു ഗ്യാരന്റിയെയും കേരളം പ്രതിരോധിക്കും


പരാമർശം വിവാദമായപ്പോൾ തന്നെ അത് ഔദ്യോഗിക നിലപാടല്ലെന്ന വിശദീകരണം മാലദ്വീപ് ഭരണകൂടത്തിൽ നിന്നുണ്ടായി. മന്ത്രിമാരുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും സർക്കാർ നിലപാടല്ലെന്നും വ്യക്തമാക്കി ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുകയുംചെയ്തു. ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മാലദ്വീപ് സർക്കാർ അറിയിച്ചു. ഇതിന് പിന്നാലെ മന്ത്രിമാരായ മറിയം ഷിവുന, മാൽഷ ഷെരീഫ്, അബ്ദുല്ല മഹ്സൂം മാജിദ് എന്നിവരെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. ഇന്ത്യ ഔദ്യോഗികമായും രാജ്യത്തെ വിവിധ സംഘടനകളും വ്യക്തികളും അവരുടേതായ രീതിയിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മാലദ്വീപിനെ ബഹിഷ്കരിക്കാൻ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സമൂഹമാധ്യമ ക്യാമ്പയിൻ നടത്തുകയും ചെയ്തിരുന്നു. ഒരിക്കലും അംഗീകരിക്കുവാനാകാത്ത അധിക്ഷേപ പരാമർശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വലിയ അകൽച്ച സൃഷ്ടിച്ചിരിക്കുകയാണ്. മാലദ്വീപ് ഹൈക്കമ്മിഷണർ ഇബ്രാഹിം ഷഹീബിനെ കേന്ദ്ര വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തി. ഇത്തരം നടപടി സ്വാഭാവികവും അനിവാര്യവുമായിരുന്നു. ഇതിന് തിരിച്ചടിയെന്നോണം മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ മുനു മഹാവറിനെ മാലദ്വീപ് ഭരണകൂടവും വിളിച്ചു വരുത്തി.


ഇതുകൂടി വായിക്കൂ; തെറ്റ് തിരുത്തുന്ന സുപ്രീം കോടതി വിധി


 

എന്നാൽ ഈ സംഭവങ്ങളെയും ബിജെപിയും മടിത്തട്ട് മാധ്യമങ്ങളും രാഷ്ട്രീയ വിഷയമാക്കി മാറ്റുന്നതിന് ശ്രമിക്കുകയാണ്. അറബിക്കടലിൽ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് റിപ്പബ്ലിക്ക് ഓഫ് മാലെദീവ്സ് അഥവാ മാലദ്വീപ് റിപ്പബ്ലിക്ക്. പ്രധാന തൊഴിൽ മത്സ്യ‑ബന്ധനവും തെങ്ങുകൃഷിയുമാണ്. അതേസമയം വിനോദസഞ്ചാരികളുടെ പറുദീസയാണ് കേരള തീരത്തിനടുത്തുള്ള മാലദ്വീപ്. മലയാളികൾ മാത്രമല്ല നിരവധി ഇന്ത്യക്കാർ വിനോദ സഞ്ചാരത്തിന് മാലദ്വീപിലെത്താറുണ്ട്. കൂടാതെ മാലദ്വീപുകാർ ചികിത്സയ്ക്കും ഷോപ്പിങ്ങിനും തിരുവനന്തപുരത്ത് ഉൾപ്പെടെ എത്തുന്നതും പതിവാണ്. ഇത്തരത്തിൽ പരസ്പരമുള്ള ബന്ധം കാത്തുസൂക്ഷിക്കുന്ന ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴുണ്ടായ വിഷയങ്ങളുടെ പേരിൽ അകൽച്ച ഉണ്ടാകുന്നത് ഗുണകരമാകില്ലെങ്കിലും അതിനുള്ള സുവര്‍ണാവസരമായി ഇത് ഉപയോഗിക്കപ്പെടുന്നുണ്ടോയെന്ന സംശയം പ്രസക്തമാണ്. ആ രീതിയിലുള്ള പ്രചരണങ്ങളാണ് മാലദ്വീപിനെതിരെ ചില കോണുകളിൽ നിന്ന് നടന്നുകൊണ്ടിരിക്കുന്നത്. മാലദ്വീപിലെ ചില മന്ത്രിമാരിൽ നിന്നും നേതാക്കളിൽ നിന്നുമുണ്ടായ അത്യന്തം അപലപനീയമായ സംഭവത്തിന്റെ പേരിൽ കടുത്ത നടപടികളും ഔദ്യോഗിക വിശദീകരണങ്ങളുമുണ്ടായിട്ടും ആ ചെറുരാജ്യത്തിനെതിരെ ഉപരോധസമാനമായ സമീപനങ്ങളാണ് ഉണ്ടായിട്ടുള്ളത്. വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് ബഹിഷ്കരണാഹ്വാനത്തിന്റെ പേരിൽ നേരത്തെ ബുക്ക് ചെയ്ത യാത്രകൾ പലതും റദ്ദാക്കപ്പെട്ടുവെന്നും അതേസമയം ലക്ഷദ്വീപിലേക്കുള്ള യാത്രാപരിപാടികളിൽ വൻ വർധനവുണ്ടായെന്നുമുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇതിനെല്ലാം പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ടെന്ന് കരുതുന്നത് തെറ്റാവില്ല. നിലവിലുള്ള ഭരണസംവിധാനത്തിന്റെ നടപടികൾ മൂലം ലക്ഷദ്വീപിലെ വിനോദ സഞ്ചാരത്തിന് തിരിച്ചടികൾ നേരിടുന്നുണ്ട്. അത് മറികടക്കുന്നതിനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്. മാത്രമല്ല കേവലം മൂന്നര ലക്ഷത്തോളം മാത്രമേ ജനസംഖ്യയുള്ളൂ എങ്കിലും ഇസ്ലാം മതത്തെ ഔദ്യോഗികമായി സ്വീകരിച്ചിരിക്കുന്ന ആ രാജ്യത്തെ പൊതുശത്രുവായി പ്രതിഷ്ഠിച്ച് രാജ്യത്ത് ദേശീയ വികാരം ഉറപ്പിക്കാമെന്നുള്ള ദുഷ്ടബുദ്ധിയും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അനുമാനിക്കാവുന്നതാണ്.

Exit mobile version