Site iconSite icon Janayugom Online

പ്രധാനമന്ത്രി സംസാരിക്കണം

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓരോ ദിവസവും കേവലം സംഘ്പരിവാറുകാരന്‍ മാത്രമായി ചുരുങ്ങി ചുരുങ്ങി പോകുകയാണ്. പ്രധാനമന്ത്രി സ്ഥാനത്ത് പൂര്‍ണ പരാജയമാണെന്ന് സ്വയം ബോധ്യമുള്ളതുകൊണ്ടാണ് ഇത്തരമൊരു സമീപനം സ്വീകരിക്കുന്നതെന്നുവേണം കരുതുവാന്‍. അദ്ദേഹത്തിന്റെ ശരീര ഭാഷയും വായ്‌മൊഴിയുമെല്ലാം പ്രധാനമന്ത്രി പദവിയില്‍ നിന്ന് എത്രയോ താഴെപ്പോയിരിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഇതുവരെ അദ്ദേഹത്തിന്റെ പരിപാടികളും പ്രസംഗങ്ങളും പരിശോധിച്ചാല്‍ അത് ബോധ്യമാകും. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ ആ അവസ്ഥ അതിന്റെ പാരമ്യത്തിലെത്തിയതായാണ് നാം കാണുന്നത്. ഈ വര്‍ഷം ഇതുവരെ രാജ്യം ശ്രദ്ധിച്ച ഏത് വിഷയത്തിലാണ് മോഡി സംസാരിച്ചിട്ടുള്ളത്. ബിജെപി നേതാവെന്ന നിലയിലല്ല, പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് ജനം പ്രതീക്ഷിച്ച എത്രയോ പ്രതികരണങ്ങളുണ്ടായിരുന്നു. ബിബിസി ഡോക്യുമെന്ററിയും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും പ്രധാന മന്ത്രിയെ നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു.

 


ഇതുകൂടി വായിക്കു; തൊഴിലില്ലായ്മയും ഗുണമേന്മയില്ലാത്ത തൊഴിലും


2002ലെ ഗുജറാത്ത് കലാപത്തില്‍ മോഡിയുടെ ഇടപെടലുകള്‍ വെളിപ്പെടുത്തുന്നതായിരുന്നു ബിബിസി ഡോക്യുമെന്ററി. കലാപം ശമിപ്പിക്കുന്നതിന് മുഖ്യമന്ത്രി മോഡി പ്രവര്‍ത്തിച്ചില്ലെന്നും പടരുന്നതിന് കാരണമായ നടപടികളില്‍ സംസ്ഥാന ഭരണത്തിന് പങ്കുണ്ടെന്നും കുറ്റപ്പെടുത്തുന്നുണ്ട് ഡോക്യുമെന്ററി. അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രധാനമന്ത്രിയുമെന്ന നിലയിലുള്ള വാക്കുകള്‍ക്കാണ് രാജ്യം കാതോര്‍ത്തിരുന്നത്. അതിന് പിന്നാലെയാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത്. മോഡിയുടെ മുഖ്യമന്ത്രിപദ കാലത്ത് കുതിപ്പ് ആരംഭിക്കുകയും ഇപ്പോള്‍ ലോകത്തെ ഒന്നാം നമ്പര്‍ കോര്‍പറേറ്റായി വളരുകയും ചെയ്ത ഗൗതം അഡാനിയുമായി ബന്ധപ്പെട്ട ഗുരുതര വെളിപ്പെടുത്തലുകളായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. മോഡി, മുഖ്യമന്ത്രി പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോള്‍ അഡാനിക്ക് ദുരൂഹമായ വളര്‍ച്ചയുണ്ടായെന്നും അനധികൃത സഹായങ്ങള്‍ ലഭിച്ചുവെന്നും സൂ ചനകളുള്ള റിപ്പോ ര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത്. തുടര്‍ച്ചയായി പ്ര തിപക്ഷ പാര്‍ട്ടികളും നിഷ്പക്ഷ മാധ്യമങ്ങളും അ ഡാനിയും മോഡിയും തമ്മില്‍ നേരിട്ടുള്ള ബന്ധത്തിന്റെ ദുരൂഹതകളെക്കുറിച്ച് നിരവധി ചോദ്യങ്ങളുന്നയിച്ചു. അഡാനിയുടെ കടലാസ് കമ്പനികളില്‍ 20,000 കോടി മുതല്‍ മുടക്കിയ അജ്ഞാതന്‍ ആരാണെന്ന ചോദ്യമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മോഡിക്ക് മുന്നില്‍ പാര്‍ലമെന്റിലും പുറത്തും നേര്‍ക്കുനേര്‍ നിന്നു. അനന്തരം പാര്‍ലമെന്റിന്റെ ഇരുസഭകളിലുമായി മണിക്കൂറുകള്‍ പ്രസംഗിച്ച മോഡി മൊഴിഞ്ഞതത്രയും മറ്റു പലതുമായിരുന്നു. ബിബിസിയെക്കുറിച്ചോ, ഹിന്‍ഡന്‍ബര്‍ഗിനെയോ അഡാനിയെയോ 20,000 കോടിയെയോ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. എന്നു മാത്രമല്ല, പ്രതിപക്ഷത്തുനിന്ന് അവയെ കുറിച്ച് പറഞ്ഞതത്രയും രേഖകളില്‍ നിന്നുതന്നെ തുടച്ചുകളഞ്ഞു.


ഇതുകൂടി വായിക്കു; യുക്തിചിന്ത നഷ്ടപ്പെടുന്ന ജനത


 

ഇപ്പോഴിതാ, കര്‍ണാടകയിലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി കവലപ്രസംഗകനെ പോലെ നടന്ന് പ്രസംഗിക്കുകയാണ്. ഒമ്പതുവര്‍ഷമായി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുന്ന ഒരാള്‍, നാലുവര്‍ഷമായി തന്റെ പാര്‍ട്ടി ഭരിക്കുന്ന ഒരു സംസ്ഥാനത്ത് പ്രചരണത്തിനെത്തുമ്പോള്‍ കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനേട്ടം കേള്‍ക്കുകയെന്നത് ജനങ്ങളുടെ ആഗ്രഹമായിരിക്കും. ഒമ്പതുവര്‍ഷംകൊണ്ട് എന്തു ചെയ്തു, നാലു വര്‍ഷംകൊണ്ട് കര്‍ണാടക എത്രത്തോളം കുതിച്ചു എന്നൊക്കെ കേള്‍ക്കാനെത്തുന്ന ജനങ്ങള്‍ക്ക് മുന്നില്‍ ഹനുമാനെയും ടിപ്പു സുല്‍ത്താന്റെ വീരസാഹസികതകളെയും കുറിച്ചും മറ്റ് മതസ്ഥരോടുള്ള വെറുപ്പ് വ്യാപനവും ഇതര സംസ്ഥാനങ്ങളോടുള്ള വിദ്വേഷവും കുപ്രചരണങ്ങളുമല്ലാതെ മറ്റൊന്നും ആ വായ്‌മൊഴിയില്‍ നിന്ന് പുറത്തുവരുന്നില്ല. സംഘ്പരിവാറിന്റെ പരീക്ഷണശാലകളില്‍ ഉല്പാദിപ്പിക്കപ്പെട്ട കേരള സ്റ്റോറി എന്ന സിനിമയും കശ്മീരിനെതിരായ വിദ്വേഷ പ്രചരണത്തിന്റെ കശ്മീരി ഫയല്‍സുമാണ് അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങള്‍. ആയുധങ്ങളും ബോംബുകളും മാത്രമല്ല തീവ്രവാദത്തിനായി ഉപയോഗിക്കുന്നത്, സമൂഹത്തെ ഉള്ളില്‍ നിന്നും തകര്‍ക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നു, തീവ്രവാദം കേരള സമൂഹത്തെ എങ്ങനെ നശിപ്പിക്കുന്നു എന്നതിലേക്ക് വെളിച്ചം വീശുന്ന സിനിമയാണ് കേരള സ്റ്റോറി എന്നുവരെ, അതിന്റെ എഴുത്തുകാരനോ സംവിധായകനോ പോലും പറയാത്ത കടുത്ത കേരള വിരുദ്ധ പ്രസ്താവനയാണ് പ്രധാനമന്ത്രി നടത്തിയത്. തന്റെ നെഞ്ചിനുനേരെ ചോദ്യമായുയര്‍ന്ന ഹിന്‍ഡന്‍ബര്‍ഗും ബിബിസിയും വിട്ടേക്കൂ. ഈ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഡല്‍ഹിയില്‍ നിന്ന് വിമാനം കയറുമ്പോഴാണ് മണിപ്പൂരില്‍ കലാപത്തീയാളിയത്. അനവധിപേര്‍ കൊല്ലപ്പെട്ടത്, പതിനായിരങ്ങള്‍ പലായനം ചെയ്തത്. ആദ്യഘട്ടം പ്രചരണത്തിന് പുറപ്പെടുന്നതിന് മുമ്പാണ്, കശ്മീരിലെ പുല്‍വാമ അക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിന് സംഭവിച്ച ഗുരുതര വീഴ്ചയെ കുറിച്ചും ബിജെപി നടത്താന്‍ പ്രേരിപ്പിച്ച അഴിമതിയെ കുറിച്ചും ബിജെപി നേതാവ് കൂടിയായ സത്യപാല്‍ മാലിക് വിളിച്ചു പറഞ്ഞത്. അദ്ദേഹം ഇപ്പോഴുമത് മാറ്റിപ്പറഞ്ഞിട്ടില്ല. ബിജെപി സമാധാനം കൊണ്ടുവന്നു എന്നവകാശപ്പെട്ട കശ്മീരില്‍ ഒരാഴ്ചയ്ക്കിടെ മൂന്നോ നാലോ അനിഷ്ട സംഭവങ്ങളുണ്ടായി. കുറഞ്ഞത്, തന്റെ അനുയായി ഭരിക്കുന്ന മണിപ്പൂരില്‍ എന്ത് നടക്കുന്നുവെന്ന്, കശ്മീരിനെ കുറിച്ചുള്ള സത്യമെന്താണെന്ന്, ഭരണനേട്ടങ്ങളെന്തൊക്കെയാണെന്ന് തുടങ്ങിയവയാണ് മോഡി വാ തുറന്നു പറയേണ്ടത്.

Exit mobile version