Site iconSite icon Janayugom Online

ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ് ആശങ്കാജനകം

ക്യരാഷ്ട്ര സംഘടനയുടെ വംശീയ വിവേചന നിർമ്മാർജന സമിതി (സിഇആർഡി) ഇന്ത്യക്ക് നല്‍കിയ മുന്നറിയിപ്പിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. രാജ്യത്തെ മുസ്ലിം, ആദിവാസി, വനാശ്രയ സമുദായങ്ങൾക്കെതിരെ അഭൂതപൂർവമായ രീതിയിൽ അവകാശ ലംഘനങ്ങൾ നടക്കുന്നതായാണ് സിഇആർഡി വിലയിരുത്തുന്നത്. നിർബന്ധിത കുടിയൊഴിപ്പിക്കൽ, വ്യാജ ഏറ്റുമുട്ടൽ, കൊലകൾ, ഏകപക്ഷീയമായ അറസ്റ്റുകൾ എന്നിവ വർധിക്കുന്നതിലും സമിതി ആശങ്ക രേഖപ്പെടുത്തി. അവകാശലംഘനങ്ങളിലെ അന്വേഷണം, സുരക്ഷാ സംവിധാനങ്ങൾ, ഇരകൾക്കുള്ള പരിഹാര നടപടികൾ എന്നിവ സംബന്ധിച്ച് മറുപടി നൽകണമെന്ന് ഇന്ത്യൻ അധികൃതരോട് യുഎൻ സമിതി ആവശ്യപ്പെട്ടിട്ടുമുണ്ട്. സിഇആർഡി, ജനീവയിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധിക്കയച്ച ഔദ്യോഗിക കുറിപ്പുകളിലാണ് മുന്നറിയിപ്പുകളും അവയ്ക്ക് വിശദീകരണവും ആവശ്യപ്പെട്ടിരിക്കുന്നത്. വംശീയ വിവേചനങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷൻ (ഐസിഇആർഡി) പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള അവകാശങ്ങളെ ഇന്ത്യ ലംഘിക്കുകയാണെന്ന് കമ്മിറ്റി വിലയിരുത്തി. സുരക്ഷാനയങ്ങളും പൗരത്വ നിയമങ്ങളും വംശീയ വിവേചനം കാണിക്കുന്ന രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. മാവോയിസ്റ്റ് വിരുദ്ധ വേട്ടയുടെ മറവിൽ നിരപരാധികളായ ആദിവാസികൾ കൊല്ലപ്പെടുന്നതും അസമിൽ ബംഗാളി സംസാരിക്കുന്ന മുസ്ലിം സമുദായം ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എൻആർസി) പേരിൽ വിവേചനം നേരിടുന്നതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2024ലെ പൊതുതെരഞ്ഞെടുപ്പുകാലത്ത് മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ വർധിച്ചതായും റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ നവംബറിലും സമാനമായ ആശങ്ക യുഎൻ വിദഗ്ധർ പങ്കുവച്ചിരുന്നതാണ്. പക്ഷേ അന്ന് രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിരുന്നില്ല. 2025 ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യൻ ഭരണകൂടം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്നായിരുന്നു അന്നത്തെ യുഎന്‍ ആശങ്ക. “വിനോദസഞ്ചാര മേഖലയിലുണ്ടായ ക്രൂരമായ ഭീകരാക്രമണത്തെ ഞങ്ങൾ പൂര്‍ണമായും അപലപിക്കുന്നു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഇന്ത്യന്‍ സര്‍ക്കാരിനും അനുശോചനം അറിയിക്കുന്നുവെങ്കിലും, തീവ്രവാദത്തിനെതിരെ പോരാടുമ്പോൾ ഏതു സർക്കാരും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ മാനിക്കണം” എന്നാണ് അന്ന് യുഎന്‍ അധികൃതര്‍ പറഞ്ഞത്. ഭീകരാക്രമണത്തിനുശേഷം, ജമ്മു ക­ശ്മീരിലുടനീളം മാധ്യമ പ്രവർത്തകരും മനുഷ്യാവകാശ സംരക്ഷകരും ഉൾപ്പെടെ ഏകദേശം 2,800 വ്യക്തികളെ അറസ്റ്റുചെയ്ത് തടങ്കലിൽ വച്ചു. ചിലരെ പൊതുസുരക്ഷാ നിയമം അല്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം അനുസരിച്ച് കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തു. ക­സ്റ്റഡിയിലായവരെ കുറ്റം ചുമത്താതെയോ വിചാരണ കൂടാതെയോ ദീർഘകാലം തടങ്കലിൽ വയ്ക്കാ­ൻ ഈ നിയമം അനുവദിക്കുന്നു. അനിയന്ത്രിതമായ അറസ്റ്റുകളും തടങ്കലുകളും, കസ്റ്റഡിയിലെ സംശയാസ്പദ മരണങ്ങള്‍, ആൾക്കൂട്ട കൊലപാതകങ്ങള്‍, കശ്മീരി, മുസ്ലിം സമുദായങ്ങളോടുള്ള വിവേചനപരമായ പെരുമാറ്റം തുടങ്ങിയവ സംബന്ധിച്ച റിപ്പോർട്ടുകളെയാണ് അന്ന് ഐക്യരാഷ്ട്രസഭ അപലപിച്ചത്. നിർബന്ധിത കുടിയൊഴിപ്പിക്കൽ, സ്വേച്ഛാപരമായ കുടിയിറക്കൽ, തീവ്രവാദികളെ പിന്തുണയ്ക്കുന്നുവെന്ന് സംശയിക്കപ്പെടുന്നവരുടെ കുടുംബങ്ങളെ ലക്ഷ്യംവച്ചുള്ളതും കോടതി ഉത്തരവുകളോ ഉചിതമായ നടപടിക്രമങ്ങളോ ഇല്ലാതെ വീടുകൾ ഇടിച്ചുനിരത്തല്‍ തുടങ്ങിയവയും ലോക സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. 

സുപ്രീം കോടതിയുടെ 2024ലെ വിധിയെ ലംഘിക്കുന്ന പൊളിച്ചുമാറ്റലുകൾ ഭരണഘടനാ വിരുദ്ധമാണെന്നും ജീവിക്കാനുള്ള അവകാശങ്ങളെയും മനുഷ്യന്റെ അന്തസിനെയും ലംഘിക്കുന്നുവെന്നും യുഎന്‍ മാത്രമല്ല, നിരവധി ദേശീയ — അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകള്‍ പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകൾക്ക് അനുസൃതമായി ഭീകരവിരുദ്ധ നിയമങ്ങളും രീതികളും പരിഷ്കരിക്കണമെന്നും, ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ സ്വതന്ത്രമായി അന്വേഷിക്കണമെന്നും പൗരാവകാശ സംഘടനകള്‍ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അമിതമായ ഭീകരവിരുദ്ധ നടപടികൾ മനുഷ്യന്റെ അന്തസിനെയും രാജ്യത്തിന്റെ ഭരണഘടനയെയും അന്താരാഷ്ട്ര നിയമത്തെയും ലംഘിക്കുന്നതാണ്. സാമൂഹിക വിഭജനത്തിനും കൂടുതൽ അക്രമത്തിലേക്ക് നയിക്കാനും ഇവ ഇന്ധനം നൽകിയേക്കും. ആഗോള മനുഷ്യാവകാശ സൂചികകളിൽ ഇന്ത്യയുടെ സ്ഥാനം കഴിഞ്ഞവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കുത്തനെ ഇടിയുകയാണ്. ഒപ്പം ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളതും അസമത്വത്തിന്റെ തോത് വളരെ ഉയര്‍ന്നതുമായ രാജ്യമാണിപ്പോള്‍ നമ്മുടേത്. അതൊന്നും പരിഹരിക്കാന്‍ ചെറുവിരല്‍ പോലുമനക്കാത്ത ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയുടെ ഒരു തെളിവ് കൂടിയായിരിക്കുന്നു യുഎന്‍ സമിതിയുടെ മുന്നറിയിപ്പ്.

Exit mobile version