Site iconSite icon Janayugom Online

ഈ പ്രാകൃത നടപടികൾ മുളയിലേ നുള്ളണം

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി വിദ്യാർത്ഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം ഹീനവും സാംസ്കാരിക കേരളത്തിന് അപമാനവുമാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പല വിദ്യാലയങ്ങളിലും പ്രാകൃതമായ ഈ നടപടി അരങ്ങേറി. കാസർകോട് ബന്തടുക്ക കക്കച്ചാൽ സരസ്വതി, കണ്ണൂർ ശ്രീകണ്ഠാപുരം വിവേകാനന്ദ, കൂത്തുപറമ്പ് അമൃത, കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതൻ, മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം തുടങ്ങിയ വിദ്യാലയങ്ങളിൽ നിന്നാണ് ഇത്തരം നടപടിയുടെ വാർത്തകൾ വന്നിരിക്കുന്നത്. നിലവിലുള്ളവരും വിരമിച്ചവരുമായ അധ്യാപകർക്ക് പുറമേ വിവിധ പേരുകളിൽ എത്തിച്ച ബിജെപി, ആർഎസ്എസ് നേതാക്കളുടെയും പാദപൂജ നടത്തുന്നതിന് വിദ്യാർത്ഥികളെ നിർബന്ധിക്കുകയുണ്ടായി. കാൽതൊട്ട് വണങ്ങുക, പൂക്കളുപയോഗിച്ച് പൂജ നടത്തുക എന്നിങ്ങനെ കൃത്യങ്ങളാണുണ്ടായത്. ചിലയിടങ്ങളിൽ പാദം കഴുകിക്കുകയും ചെയ്തെന്നാണ് വിവരം. ആർഎസ്എസിന്റെയും തീവ്ര ഹിന്ദുത്വ സംഘടനകളുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലാണ് ഇതുണ്ടായത് എന്നതും സംഘടിതമായിരുന്നു എന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം നടത്തുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഇതിനകം തന്നെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ കാർമ്മികത്വത്തിലും ഭരണാധികാരികളുടെ നേതൃത്വത്തിലും നടന്നുവരികയാണ്. അത് അവിടെമാത്രം പോരെന്ന തീവ്ര ഹിന്ദുത്വ സംഘടനകളുടെ തീരുമാനത്തിന്റെ ഭാഗമായാണ് ഗുരുപൂർണിമാഘോഷത്തിന്റെ പേരിൽ സംഘടിതമായി ഇത്തരം പരിപാടി നടത്തിയത് എന്ന് വേണം അനുമാനിക്കുവാൻ. കുട്ടികളെ കുരുന്നിലേ പിടികൂടുക എന്നത് ആർഎസ്എസ് തുടക്കം മുതൽ പിന്തുടർന്നുപോരുന്ന അജണ്ടയാണ്. അതിന്റെ ഭാഗമായി പ്രാകൃതമായ ആചാരങ്ങളും വിധേയ മനോഭാവവും കുരുന്നു മനസുകളിൽ ജനിപ്പിക്കുന്നതിനുള്ളതാണ് ഈ നടപടി. 

എല്ലാ കോണുകളിൽ നിന്നും ഇതിനെതിരെ ശക്തമായ വിമർശനമാണുണ്ടായത്. എന്നാൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ഇക്കാര്യത്തിലും തന്റെ പ്രതികരണത്തിൽ ആർഎസ്എസ് മനോഭാവം തന്നെയാണ് പ്രകടിപ്പിച്ചത്. ഗുരുഭക്തിയും ഗുരുവന്ദനവും സാംസ്കാരിക പൈതൃകമാണെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം. എതിർക്കുന്നവർ സ്വന്തം സംസ്കാരത്തെയാണ് തള്ളിപ്പറയുന്നതെന്നും അദ്ദേഹം പറയുന്നു. ഗവർണർ പറയുന്ന സംസ്കാരം ഏ­ത് ഗ്രന്ഥത്താൽ നിർവചിച്ചതാണ് എന്ന് പരിശോധിക്കുമ്പോഴാണ് അ­ദ്ദേഹത്തിലെ കടുത്ത ആർ­എസ്­എസുകാരനെ നമുക്ക് തിരിച്ചറിയുവാൻ കഴിയുന്നത്. സർവകലാശാലകളെ കേന്ദ്രത്തിലെ ബിജെപി സർക്കാർ കാവിവൽക്കരിക്കുന്നതിന് നടത്തുന്ന ശ്രമങ്ങൾ ഫ­ലപ്രദമാകാതെ പോകുന്ന കേരളത്തിൽ ഇപ്പോ­ൾ ആ ദൗത്യം ഏറ്റെടുത്തിരിക്കുന്ന വ്യക്തിയാണ് അർലേക്കർ. അതിന്റെ ഫലമായി പല സർവകലാശാലകളുടെയും പ്രവർത്തനം തന്നെ താളം തെറ്റിയിരിക്കുകയാണ്. അങ്ങനെയുള്ള സാഹചര്യം സൃഷ്ടിച്ച വ്യക്തിയിൽ നിന്ന് ഇതിനപ്പുറം പ്രതികരണം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. അതുകൊണ്ടുതന്നെ മതേതര മൂല്യങ്ങളും ജനാധിപത്യവും സോഷ്യലിസമെന്ന സമത്വ ചിന്തയും ഭരണഘടനാപരമായി വേരുറപ്പിച്ചൊരു നാട്ടിൽ ഇത്തരം സങ്കുചിത ചിന്താഗതികളെ പിന്തുണയ്ക്കുന്നവർ, ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഗവർണറാണെങ്കിലും തള്ളിപ്പറയുകയേ നിവൃത്തിയുള്ളൂ. 

ഗുരുപൂജ, ഗുരുദക്ഷിണ എന്നിവയൊക്കെ പ്രാകൃത സംസ്കാരത്തിന്റെ ഭാഗമായി ഉണ്ടായതാണ്. സാമുദായികമായ ത്രാണിയോ സാമ്പത്തിക ശേഷിയോ ഇല്ലാത്തവരെ അക്ഷരത്തിന്റെയും അറിവിന്റെയും പരിസരങ്ങളിൽ നിന്ന് മാറ്റിനിർത്തിയിരുന്നതാണ് നമ്മുടെ പൂർവകാല ചരിത്രം. പുരാണങ്ങളിൽ ഏകലവ്യനും വേദം പഠിക്കാൻ തുനിഞ്ഞാൽ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കപ്പെടലിന് വിധേയനാകുന്ന ശൂദ്രനും സവർണാധിപത്യ മനോഭാവത്തിന്റെയും മനുസ്മൃതിയുടെയും സൃഷ്ടിയാണ്. അവിടെയാണ് ഗുരുപൂജകളും തൊട്ടുകൂടായ്മയും സൃഷ്ടിക്കപ്പെട്ടത്. ഈ അനാചാരങ്ങളെയും ഹീനമായ ആശയങ്ങളെയും പൊരുതി തോല്പിച്ച ചരിത്രമുള്ള ജനതയാണ് നമ്മുടേത്. അയ്യന്‍കാളിയുടെ വില്ലുവണ്ടിയും പഞ്ചമിയെന്ന പെൺകുട്ടിയും പന്തിഭോജനവുമൊക്കെ ഇത്തരം നീചവൃത്തികൾക്കും നീതിനിഷേധങ്ങൾക്കുമെതിരായ ചെറുത്തുനില്പിന്റെ ചരിത്രസ്തംഭങ്ങളാണ്. അതിനർത്ഥം അനാചാരങ്ങൾ തിരസ്കരിച്ചത് പാദസേവകളിലൂടെയും പൂജകളിലൂടെയും ആയിരുന്നില്ലെന്നും പോരാട്ടങ്ങളിലൂടെയായിരുന്നു എന്നുമാണ്. അങ്ങനെ സൃഷ്ടിക്കപ്പെട്ട പുരോഗമനാന്തരീക്ഷം തങ്ങളുടെ ആശയങ്ങൾക്ക് വേരുപിടിക്കുവാൻ തടസമാകുന്നുവെന്ന തിരിച്ചറിവിൽ നിന്നുണ്ടാകുന്ന ഗൂഢപദ്ധതിയാണ് ഇത്തരം നടപടികളിലൂടെ വെളിപ്പെടുന്നത്. സ്കൂളുകളിൽ കുട്ടികളെ പാദപൂജ മാത്രമല്ല സവർണമഹിമ പഠിപ്പിക്കുകയും അതിലൂടെ ചാതുർവർണ്യത്തെയും തിരസ്കൃത ആചാരങ്ങളെയും തിരികെ കൊണ്ടുവരികയും ചെയ്യുന്നതിനുള്ള നടപടിയാണിത്. ഇതിനെതിരെ സർക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഈ സ്കൂളുകൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ അല്ലാത്തതിനാൽ ഇടപെടാൻ പരിമിതിയുണ്ടെങ്കിലും സംസ്ഥാനത്തിന്റെ അധികാരത്തിനകത്തുനിന്നുള്ള കർശന നടപടികളുണ്ടാകണം. കേരളം പോലെ സാംസ്കാരികവും രാഷ്ട്രീയവും പുരോഗമനപരവുമായി മുന്നിൽ നിൽക്കുന്ന സംസ്ഥാനത്ത് ഇത്തരം നടപടികൾ മുളയിലേ പറിച്ചുകളയേണ്ടതുണ്ട്. 

Exit mobile version