Site iconSite icon Janayugom Online

ശിക്ഷകളിൽ നിന്ന് രക്ഷിക്കപ്പെടുന്നവർ

ൽഹിയിൽ തന്റെ ത്രിദിന പ്രഭാഷണ പരമ്പരയിൽ ആർഎസ്
എസ് സർസംഘചാലക് മോഹൻ ഭാഗവത് ജനാധിപത്യത്തിന്റെ തായ്‌വേരുകളെത്തന്നെ ആക്രമിക്കുക, അതിലേയ്ക്ക് തന്റെ അനുയായികളെ അഴിച്ചുവിടുക എന്ന സംഘ്പരിവാർ നയങ്ങളിൽ അണുവിട മാറ്റമില്ലെന്ന് അടിവരയിട്ടു. വാരാണസിയിലെ ഗ്യാൻവാപി പള്ളിയുടെയും മഥുരയിലെ ഈദ്ഗാഹിന്റെയും സ്ഥലങ്ങൾ ഹിന്ദുക്കൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ആർഎസ്എസ് ഏറ്റെടുക്കില്ല. എന്നാൽ ഈ സ്ഥലങ്ങൾ വീണ്ടെടുക്കണം എന്നാവർത്തിച്ച് തുനിഞ്ഞിറങ്ങുന്ന പ്രസ്ഥാനങ്ങളുമായി സംഘ്പരിവാർ പ്രവർത്തകർ ഇടപഴകുന്നത് തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘മൂന്ന്’ ഇടങ്ങളെ മാത്രം ബാധിക്കുന്ന വിഷയമായതിനാൽ ‘മറുവശത്തുള്ളവർക്ക്’, അതായത് മുസ്ലിങ്ങൾക്ക് തങ്ങളുടെ സ്ഥലങ്ങളുടെമേലുള്ള അവകാശവാദങ്ങൾ ഉപേക്ഷിക്കാവുന്നതാണെന്നും ഭാഗവത് പറഞ്ഞു. ചുരുക്കത്തിൽ അയോധ്യ, മഥുര, കാശി എന്നിവിടങ്ങളിലെ മുസ്ലിങ്ങൾ അവരുടെ പുണ്യസ്ഥലങ്ങൾ വിട്ടുകൊടുക്കണമെന്ന ആർ
എസ്എസിന്റെ പഴയ ആവശ്യം പരോക്ഷമായി വീണ്ടും ഉറപ്പിക്കുകയായിരുന്നു സർ സംഘചാലക്. ആര്‍എസ്എസ് നേതാവ് ഉയർത്തിയത് ഭീഷണി കലർത്തിയ അഭ്യർത്ഥന തന്നെയായിരുന്നു. ആവശ്യപ്പെട്ട സ്ഥലങ്ങൾ തകർക്കുക. എതിർത്താൽ ആക്രമിക്കുക. 

കലാപങ്ങളുടെയും വന്യമായ ആക്രമണങ്ങളുടെയും ഓർമ്മകൾ സചേതനമാണ്. അത് ആരുടെയും ഓർമ്മകളിൽ നിന്നും ഇല്ലാതായിട്ടില്ല. അയോധ്യയിലെ ബാബറി മസ്ജിദിന് എന്ത് സംഭവിച്ചു എന്നത് ഇപ്പോൾ രഹസ്യമല്ല. 1949ൽ ഹിന്ദു വർഗീയവാദികൾ ബാബറി മസ്ജിദിൽ ഒരു വിഗ്രഹം സ്ഥാപിച്ചു. അങ്ങനെ അതിനെ ഒരു തർക്കസ്ഥലമാക്കി മാറ്റി. ‘വിദേശികളുടെ’ അധീനതയിലുള്ള ഹിന്ദു മതസ്ഥലങ്ങൾ മോചിപ്പിക്കണമെന്ന വിനായക് ദാമോദർ സവർക്കറുടെ പ്രബന്ധത്തെ അടിസ്ഥാനമാക്കിയായിരുന്നു അവരുടെ നീക്കം. പിന്നീട് 1980കളിൽ, ബാബറി മസ്ജിദ് തകർക്കാൻ ആർഎസ്
എസ് ഒരു പ്രസ്ഥാനം ആരംഭിച്ചു. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് നിലംപരിശാക്കി. ജുഡീഷ്യറി ഇതിനെ “നിയമവാഴ്ചയുടെ കടുത്ത ലംഘനമായി” അംഗീകരിച്ചു. 1949ൽ വിഗ്രഹങ്ങൾ പ്രധാന ഹാളിൽ സ്ഥാപിച്ച് പൂജ നടത്തിയപ്പോൾ പള്ളി അശുദ്ധമാക്കിയെന്ന വസ്തുതയും സുപ്രീം കോടതി അംഗീകരിച്ചു. നിയമവിരുദ്ധമായി 1992ൽ പള്ളി പൊളിച്ചുമാറ്റിയ ശേഷം ആലംബമില്ലാത്ത ന്യൂനപക്ഷത്തെ ആരും പരിഗണിച്ചില്ല. ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയതിനെ ഒരു ആരാധനാലയത്തെച്ചൊല്ലിയുള്ള തർക്കമായി കണക്കാക്കാനാവില്ല. പക്ഷെ, പള്ളി പൊളിച്ചുമാറ്റിയ സ്ഥലത്ത് ഒരു ക്ഷേത്രം പണിയാമെന്നും പ്രഖ്യാപിച്ചു. ഈ പ്രവൃത്തിയിലൂടെ സുപ്രീം കോടതി ഭൂരിപക്ഷത്തിന് തുല്യമാകാൻ ന്യൂനപക്ഷത്തിന് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ചു. 

അയോധ്യ കേസ് ഒരൊറ്റ ആരാധനാലയത്തെക്കുറിച്ചായിരുന്നില്ല എന്നതായിരുന്നു ദുരന്തം. ഒരൊറ്റ രാധനാലയത്തെക്കുറിച്ചായിരുന്നെങ്കിൽ ആഴമേറിയ പ്രശ്നമാകുമായിരുന്നില്ല. ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങളിലുമുള്ള ആളുകൾക്കും, വിവിധ സമുദായങ്ങളിൽപ്പെട്ടവർക്കും നിരവധി ആരാധനാലയങ്ങൾ ഉണ്ട്. വാസ്തവത്തിൽ, അയോധ്യാ കേസ് നിയമവാഴ്ചയുടെ പരീക്ഷണശാലയായിരുന്നു. ഒരു ആരാധനാലയം അശുദ്ധമാക്കുകയും തർക്കസ്ഥലമാക്കി മാറ്റുകയും പിന്നീട് പകൽ വെളിച്ചത്തിൽ അത് പൊളിച്ചുമാറ്റുകയും ചെയ്തു. നിയമവാഴ്ച നഗ്നമായി ലംഘിച്ചവരെയെല്ലാം കുറ്റകൃത്യത്തിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത് നിർവഹിച്ചത്. അതുകൊണ്ട്, കേസിലെ കേന്ദ്ര ചോദ്യം ഇതായിരുന്നു: അക്രമികളെ അവരുടെ കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ അനുവദിക്കുമോ? കോടതിയുടെ തീരുമാനം എല്ലാവരും കാണേണ്ടതാണ്. എന്നിട്ടും, മുറിവ് ഉണങ്ങാൻ അനുവദിക്കുന്നതിനുപകരം, ഭാഗവത് ഇപ്പോൾ കൂടുതൽ മുറിവുകൾക്ക് വഴിയൊരുക്കുകയാണ്. ദേശീയതലത്തിൽ സംപ്രേഷണം ചെയ്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്, രാജ്യത്തെ രണ്ട് സ്ഥലങ്ങളിൽ കൂടി അയോധ്യ ആവർത്തിക്കണം എന്ന് ആഗ്രഹിച്ചിരുന്നു എന്നാണ്. അവയെ “മൂന്ന് സ്ഥലങ്ങളുടെ കാര്യം” എന്ന് പറഞ്ഞ് ഭാഗവത് ലഘൂകരിക്കും. എന്നാൽ അതിന്റെ അർത്ഥം രണ്ട് തവണ കൂടി നിയമവാഴ്ച ലംഘിക്കുക എന്നു തന്നെയാണ്. വാരാണസിയിലെയും മഥുരയിലെയും തർക്കങ്ങളുമായി ബന്ധപ്പെട്ട് നിയമനടപടികൾ ഇപ്പോഴും തുടരുകയാണ്. ഇതെല്ലാം സംഭവിക്കുന്നത്, ആരാധനാലയങ്ങളുടെ പരിവർത്തനം നിരോധിക്കുന്നതിനും 1947 ഓഗസ്റ്റ് 15ന് നിലവിലുണ്ടായിരുന്ന സ്ഥലങ്ങളുടെ മതപരമായ സ്വഭാവം നിലനിർത്തുന്നതിനുമായി രൂപകല്പന ചെയ്ത ആരാധനാലയങ്ങൾ (പ്രത്യേക വ്യവസ്ഥകൾ) എന്ന 1991ലെ നിയമം നിലവിലുള്ള രാജ്യത്തിലാണ്. സാമുദായിക സംഘർഷം തടയുന്നതിനും മതസൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപ്പിലാക്കിയ ഈ നിയമം അത്തരം സ്ഥലങ്ങളുടെ മതപരമായ പദവിയെ വെല്ലുവിളിക്കുന്ന ഒരു നിയമനടപടിയും ആരംഭിക്കാനോ തുടരാനോ പാടില്ല എന്ന് നിർദേശിക്കുന്നു. ഒരു ആരാധനാലയം ഭാഗികമായോ പൂർണമായോ, ഒരു മതവിഭാഗത്തിൽ നിന്ന് മറ്റൊന്നിലേക്കോ, അല്ലെങ്കിൽ അതേ വിഭാഗത്തിലെ മറ്റൊരു വിഭാഗത്തിലേക്കോ പോലും പരിവർത്തനം ചെയ്യുന്നത് ഈ നിയമത്തിന്റെ സെക്ഷൻ മൂന്ന് കർശനമായി വിലക്കുന്നു. ഒരു സ്ഥലത്തിന്റെ മതപരമായ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന നിലവിലുള്ള എല്ലാ കേസുകളും നിയമത്തിന്റെ സെക്ഷൻ 4(2) അവസാനിപ്പിക്കുകയും ഈ ആവശ്യത്തിനായി പുതിയ കേസുകൾ ഫയൽ ചെയ്യുന്നത് തടയുകയും ചെയ്യുന്നു. 

ബാബറി മസ്ജിദ് — രാമജന്മഭൂമി തർക്കം ഇതിനകം തന്നെ തീർപ്പുകല്പിക്കാത്ത നിയമപരമായ വിഷയമായതിനാലും, ഒരു കോടതിയുടെ പരിധിയിൽ ദീർഘകാലങ്ങളായി തുടരുന്ന കേസായിരുന്നതിനാലും ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് അതിനെ ഒഴിവാക്കി. കോടതി നടപടികൾ തുടരാനും തർക്കം പരിഹരിക്കാനും അനുവദിക്കുന്നതിനായാണ് ഈ വിഷയം ആരാധനാലയങ്ങൾ (പ്രത്യേക വ്യവസ്ഥകൾ) എന്ന 1991ലെ നിയമത്തിന്റെ പരിധിയിൽ നിന്ന് മാറ്റി നിർത്തിയത്. അതുവഴി സങ്കീർണമായ ഒരു കേസിൽ നിയമം പ്രയോഗിക്കുന്നത് ഒഴിവാക്കി. ആരാധനാലയ നിയമം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി, പ്രത്യേകിച്ച് മതേതരത്വവുമായി അന്തർലീനമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് 2019ലെ അയോധ്യ വിധിന്യായത്തിൽ സുപ്രീം കോടതി സ്ഥിരീകരിച്ചു. എന്നാൽ കീഴ്‌ക്കോടതികൾ ചില സന്ദർഭങ്ങളിൽ, സ്ഥലങ്ങളുടെ മതപരമായ സ്വഭാവത്തെക്കുറിച്ച് അന്വേഷിക്കാൻ അനുവദിച്ചിട്ടുണ്ട്, ഇത് തുടർച്ചയായ തർക്കങ്ങൾക്കും വിവാദങ്ങൾക്കും കാരണമാകുന്നു. എന്നാൽ പ്രശ്നം നിയമത്തെക്കുറിച്ച് മാത്രമല്ല. നിയമത്തിന്റെ ആമുഖം, ഇന്ത്യൻ രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ മതേതരത്വം, സോഷ്യലിസം, റിപ്പബ്ലിക്, ജനാധിപത്യം എന്നീ തത്വങ്ങളാണെന്ന് ഭരണഘടന വ്യക്തമായി പറഞ്ഞിട്ടുണ്ട്. ബാബറി മസ്ജിദ് സ്ഥിതിചെയ്ത സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ കോടതി വിധി നിയമം ലംഘിച്ചവര്‍ക്ക് അനുഗ്രഹമായി. അടിസ്ഥാന കാതലായ ഓരോ ചോദ്യങ്ങൾക്കും പ്രതിബദ്ധതയും ഉത്തരവും ഇല്ലാതെയായി. മോഹൻ ഭാഗവത് നിയമത്തെയും ഭരണഘടനയെയും മറികടന്ന് പ്രവർത്തിക്കാൻ ധൈര്യപ്പെടുന്നതിന്റെ കാരണവും ഇതുതന്നെയാണ്. 

Exit mobile version