Site iconSite icon Janayugom Online

വോട്ടുകൊള്ള തടയാൻ ജനാധിപത്യം സംരക്ഷിക്കാൻ

രിയാനയിൽ 2024ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംഘടിതമായി വോട്ടുകൊള്ള നടന്നുവെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ രാജ്യത്തെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ സാധുത, സുതാര്യത, സത്യസന്ധത എന്നിവ സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. രണ്ടുകോടിയില്പരം വോട്ടർമാരുള്ള ഹരിയാനയിലെ വോട്ടർപട്ടികയിൽ 25 ലക്ഷത്തിലേറെ വോട്ടർമാർ വ്യജന്മാരാണെന്നാണ് പട്ടിക പരിശോധിച്ച് വിശകലനം നടത്തിയ ടീം കണ്ടെത്തിയിരിക്കുന്നത്. അതായത്, ഓരോ എട്ട് വോട്ടർമാരിൽ ഒന്ന് വ്യാജനായിരുന്നു എന്നാണ് കണ്ടെത്തൽ. അത് മൊത്തം വോട്ടർമാരുടെ 12.5% വരും. കോൺഗ്രസ് പാർട്ടി നിയോഗിച്ച ടീമിന്റെ കണ്ടെത്തൽ അനുസരിച്ച് 5,21,619 ഇരട്ടിപ്പുകളും 93,124 അസാധു വിലാസങ്ങളും വിവിധ മേൽവിലാസങ്ങളിലായി 19,26,315 വോട്ടുകൾ നിയമവിരുദ്ധമായി കൂട്ടത്തോടെ രജിസ്റ്റർ ചെയ്യപ്പെട്ടവയും ഉൾപ്പെടെ മൊത്തം 25,41,144 വ്യാജവോട്ടുകളാണ് പരിശോധനയിൽ കണ്ടെത്തിയതായി വെളിപ്പെട്ടിരിക്കുന്നത്. വോട്ടർപട്ടികയിൽ വ്യാജ വോട്ടുകൾ തിരുകിക്കയറ്റുന്നതിൽ ആസൂത്രിതവും സംഘടിതവുമായ ഗൂഢാലോചന നടന്നതിന്റെ നിരവധി തെളിവുകൾ രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകർക്കുമുന്നിൽ നടത്തിയ പവർപോയിന്റ് പ്രസന്റേഷനിൽ നിരത്തിയിരുന്നു. ഒരു ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ വിവിധ പേരുകളിൽ വോട്ടർപട്ടികയിൽ 22 തവണ പ്രത്യക്ഷപ്പെട്ടത് അവയിൽ ഒന്നുമാത്രം. മറ്റൊരു സ്ത്രീയുടെ ചിത്രം വിവിധ പ്രായത്തിലും പേരിലുമായി, രണ്ട് പോളിങ് ബൂത്തുകളിലായി, 223 തവണ പ്രത്യക്ഷപ്പെടുന്നുണ്ട്. സംഘടിതവും ആസൂത്രിതവും കേന്ദ്രീകൃതവുമായി നടന്ന വോട്ടുകൊള്ളയിലേക്കാണ് ഈ തെളിവുകൾ വിരൽ ചൂണ്ടുന്നത്. വോട്ടർപട്ടികയിലെ 1,24,127 ഫോട്ടോകൾ വ്യാജമോ അവ്യക്തമോ ആണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത്തരത്തിലുള്ള തെറ്റുകളും പാകപ്പിഴകളും കണ്ടെത്തി നീക്കംചെയ്യാനുള്ള സോഫ്റ്റ്‌വേർ തെരഞ്ഞെടുപ്പ് കമ്മിഷനിൽ ലഭ്യമാണെന്നിരിക്കെ അവർ അതിന് മുതിർന്നില്ലെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എന്നീ ഉന്നതരുടെ അറിവോടെയും അനുമതിയോടെയും നടന്ന തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അട്ടിമറിയാണെന്ന് കരുതുന്നതിൽ തെറ്റില്ല. 

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ബുധനാഴ്ചത്തെ വെളിപ്പെടുത്തൽ നേരത്തെ കർണാടകയിലെ മഹാദേവപുര, അലാന്ദ് എന്നിവിടങ്ങളിലെ വോട്ടർപട്ടികയിൽ ആരോപിക്കപ്പെട്ട അട്ടിമറിയുടെ തുടർച്ചയാണ്. രാജ്യത്തെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തെപ്പറ്റി ഭരണഘടനാപരമായ ഉത്തരവാദിത്തപ്പെട്ട പദവി വഹിക്കുന്ന പ്രതിപക്ഷ നേതാവ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആരോപണം ഉന്നയിക്കുമ്പോൾ അതിൽ നിഷ്പക്ഷമായ അന്വേഷണം പ്രഖ്യാപിക്കാൻ വിസമ്മതിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും നിലപാട് ദുരൂഹവും സംശയാസ്പദവുമാണ്. വിഷയത്തിൽ രാഷ്ട്രീയ പ്രതിയോഗികൾ എന്നനിലയിൽ ബിജെപിയും കേന്ദ്ര ഭരണനേതൃത്വവും സ്വീകരിക്കുന്ന നിലപാട് അവരുടെ രഷ്ട്രീയ പ്രതിരോധമായി കണക്കാക്കാം. എന്നാൽ, ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവിനോടുതന്നെ അവ സത്യവാങ്മൂലം സഹിതം പരാതിയായി സമർപ്പിക്കാൻ ആവശ്യപ്പെടുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ തന്റെ ഭരണഘടനാ പദവിക്കും നിഷ്പക്ഷതക്കും നിരക്കാത്ത സമീപനമാണ് സ്വീകരിക്കുന്നത്. വോട്ടർപട്ടികയിൽ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കാനും പരാതി നൽകുന്നതിനും കാലതാമസം നേരിട്ടുവെന്നതും, അതിൽ പരാജയപ്പെട്ട പ്രതിപക്ഷം അവ തടയുന്നതിൽ പരാജയപ്പെട്ടുവെന്നും പ്രത്യാരോപണം ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും ഏത് പാളയത്തിലാണെന്നും ആരുടെ തടവുകാരാണെന്നും വ്യക്തമാക്കുന്നു. വിഷയത്തിൽ പരമോന്നത നീതിപീഠം നേരിട്ട് ഇടപെടാൻ വിസമ്മതിക്കുകയും തികച്ചും പക്ഷപാതപരമായും വിഭാഗീയ ലക്ഷ്യത്തോടെയും പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷനെത്തന്നെ സമീപിക്കാൻ നിര്‍ദേശിക്കുകയും ചെയ്യുന്നത് ഇന്ത്യൻ ഭരണഘടനയും ഭരണഘടനാ സ്ഥാപങ്ങളും ജനാധിപത്യം തന്നെയും നേരിടുന്ന ആഴമേറിയ പ്രതിസന്ധിയെയാണ് തുറന്നുകാട്ടുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം ബിഹാറിൽ നടന്നതും കേരളം, പശ്ചിമ ബംഗാൾ, തമിഴ്‍നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ മേൽ ഏകപക്ഷീയമായി അടിച്ചേല്പിക്കപ്പെട്ട പ്രത്യേക തീവ്ര വോട്ടർപട്ടിക പുനഃപരിശോധനാ (എസ്ഐആർ) പ്രക്രിയയെ നോക്കിക്കാണേണ്ടത്. അത് വോട്ടുകൊള്ളയും തെരഞ്ഞെടുപ്പ് അട്ടിമറിയും ലക്ഷ്യം വച്ചുള്ളതാണെന്ന സംശയത്തെ ബലപ്പെടുത്തുന്നു. 

തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ അട്ടിമറിക്കാനും വോട്ടർമാരെ കൂട്ടത്തോടെ പട്ടികയിൽനിന്ന് പുറന്തള്ളാനും വ്യാജന്മാരെ പട്ടികയിൽ തിരുകിക്കയറ്റാനും ബിജെപിയുടെയും സംഘ്പരിവാറിന്റെയും നേതൃത്വത്തിൽ സംഘടിത ശ്രമമാണ് രാജ്യത്തുടനീളം നടന്നുവരുന്നത്. ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് ആഴത്തിൽ വേരോട്ടമുള്ള കേരളത്തിൽപ്പോലും അവർ അക്കാര്യത്തിൽ തങ്ങൾക്കുള്ള പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. വോട്ടുകൊള്ളയും തെരഞ്ഞെടുപ്പ് അട്ടിമറികളും നേരിടാൻ ലഭ്യമായ, നിയമ വ്യവഹാരം അടക്കം, എല്ലാ മാർഗവും അവലംബിക്കാൻ ജനാധിപത്യശക്തികൾക്ക് ഇനിയും അമാന്തം അരുത്. എന്നാൽ നീതിപീഠങ്ങളടക്കം ഭരണഘടനാ സ്ഥാപനങ്ങൾ ദുർബലവും അപ്രസകതവുമായികൊണ്ടിരിക്കുന്ന ഈ ഫാസിസ്റ്റുകാല വിപത്തിനെ നേരിടാൻ ജനാധിപത്യത്തിന്റെ സംഘടിത ശക്തിതന്നെയാണ് അവസാനത്തെ ആയുധം. ഇന്ത്യാ മുന്നണിയടക്കം രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ ഇടതുപക്ഷ ശക്തികൾ കേവലം ഒരു തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് എന്നതിലുപരി ജനാധിപത്യം, ഭരണഘടന, ഭരണഘടനാ സ്ഥാപനങ്ങൾ, സുതാര്യവും നിഷ്പക്ഷവും സത്യസന്ധവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് എന്നിവയെ സംരക്ഷിക്കാൻ ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനുവേണ്ടി ജനങ്ങളെ തെരുവിലിറക്കാൻ ഇനിയും വൈകിക്കുന്നതിന് രാഷ്ട്രം വലിയ വില നൽകേണ്ടിവരും. 

Exit mobile version