ഇന്നലെ അവതരിപ്പിച്ച മൂന്നാം മോഡി സർക്കാരിന്റെ ആദ്യ ബജറ്റ് രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളോട് പുറംതിരിഞ്ഞുനിൽക്കുന്നതാണെന്ന് ഒറ്റവാക്യത്തിൽ വിലയിരുത്താവുന്നതാണ്. രാജ്യം നേരിടുന്ന കാതലായപ്രശ്നങ്ങൾ വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ്. അതോടൊപ്പം ആരോഗ്യ പരിപാലന രംഗത്തെ അപര്യാപ്തത, ദാരിദ്ര്യം, പാർപ്പിടപ്രശ്നം എന്നിവയും ഇവയോട് ചേർന്നുനിൽക്കുന്നു. പക്ഷേ ഇത്തരം വിഷയങ്ങളെ പാടെ അവഗണിക്കുകയാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റ്. കേരളത്തോട് കടുത്ത വിവേചനം കാട്ടിയപ്പോൾ ഭൂരിപക്ഷമില്ലാത്ത ബിജെപി സർക്കാരിനെ താങ്ങിനിർത്തുന്ന കക്ഷികളെയും പ്രദേശങ്ങളെയും പ്രത്യേകമായി പരിഗണിക്കുകയും ചെയ്തിരിക്കുന്നു. തൊഴിലില്ലായ്മയെ അഭിസംബോധന ചെയ്യുന്നുവെന്ന് പറഞ്ഞ് അവതരിപ്പിക്കുന്ന പദ്ധതികളാകട്ടെ കടലാസിൽ ഒതുങ്ങുമെന്ന് മാത്രമല്ല യുവജന വഞ്ചനയെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. തൊഴിൽ‑ബന്ധിത പ്രോത്സാഹനത്തിന് എന്ന പേരിൽ നാല് പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവയെല്ലാം പ്രൊവിഡന്റ് ഫണ്ടുമായി ബന്ധിപ്പിച്ചതിനാൽ പ്രായോഗിക പഥത്തിലെത്തില്ലെന്നുറപ്പാണ്. ആദ്യമായി ജോലി ലഭിക്കുന്നവർക്ക് ഇൻസെന്റീവ് എന്ന പേരിലാണ് ഒരു പദ്ധതി. എല്ലാ ഔപചാരിക മേഖലകളിലും പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ഓരോ വ്യക്തിക്കും ഒരു മാസത്തെ വേതനം നേരിട്ട് കേന്ദ്രം നൽകുമെന്നാണ് പറയുന്നത്. അതാകട്ടെ പിഎഫിൽ ചേരുന്നവർക്ക് മാത്രവുമാണ്. ബിജെപി സർക്കാർ നടപ്പിലാക്കിയ തൊഴിലുടമാ ആഭിമുഖ്യ നയങ്ങൾ പ്രകാരം കരാർ, താൽക്കാലിക തൊഴിലുകളാണ് കൂടുതലായും രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നത്.
അവർക്കാകട്ടെ പിഎഫ് ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭ്യവുമല്ല. അതുകൊണ്ടുതന്നെ ഈ ആനുകൂല്യം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങും. സംസ്ഥാന സർക്കാരുകളുമായും വ്യവസായങ്ങളുമായും നൈപുണ്യത്തിനും സഹകരണത്തിനുമുള്ള പുതിയ കേന്ദ്രാവിഷ്കൃത പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതിൽ 20 ലക്ഷം യുവാക്കൾക്ക് ഒരു വർഷത്തിനുള്ളിൽ നൈപുണ്യമുണ്ടാകുമെന്നാണ് പറയുന്നത്. ഇവർക്ക് തൊഴിൽ ലഭ്യത എങ്ങനെയായിരിക്കുമെന്നതിൽ അവ്യക്തത നിലനിൽക്കുന്നു. മറ്റൊരു പദ്ധതി, നിർമ്മാണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ്. പുതിയ തൊഴിലാളികൾക്കും തൊഴിലുടമയ്ക്കും ഇൻസെന്റീവ് നൽകുമെന്നാണ് പ്രഖ്യാപനം. ഇത് ജോലിയുടെ ആദ്യ നാല് വർഷത്തെ ഇപിഎഫ്ഒ സംഭാവനകളെ പരിഗണിച്ചാണ് ലഭ്യമാകുക. ഇതും പ്രവൃത്തിപഥത്തിലെത്തുന്നതായിരിക്കില്ല. ഈ വിധത്തിൽ തൊഴിൽരഹിത യുവാക്കളെ മോഹിപ്പിച്ച് വഞ്ചിക്കുന്ന പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. രാജ്യത്ത് ഒഴിവുള്ള പത്തുലക്ഷത്തോളം തസ്തികകളിൽ നിയമനം നടത്തണമെന്ന ആവശ്യവും അവഗണിച്ചു. രാജ്യത്തിന്റെ ഗ്രാമീണ തൊഴിൽ — സമ്പദ്ഘടനയിൽ വലിയ പങ്കുവഹിച്ചിരുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ഇത്തവണയും പരിഗണിച്ചില്ല. 2023ലെ പുതുക്കിയ ബജറ്റ് വിഹിതം (86,000 കോടി) മാത്രമാണ് ഇത്തവണയും നീക്കിവച്ചിരിക്കുന്നത്. കൂടുതൽ തുക അനുവദിക്കുകയും തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും വേണമെന്ന ആവശ്യം നിലവിലുള്ളപ്പോഴാണ് ഈ പിന്തിരിപ്പൻ സമീപനം സ്വീകരിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ വരുമാന വർധനയ്ക്ക് സമ്പന്നരിൽ നിന്ന് അധിക നികുതി ഈടാക്കണമെന്നും കോർപറേറ്റ് നികുതി വർധിപ്പിക്കണമെന്നും ധനകാര്യവിദഗ്ധരില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. അത് കേട്ടില്ലെന്ന് മാത്രമല്ല കോവിഡിന്റെ പേരിൽ കുറച്ചുനൽകിയിരുന്ന കോർപറേറ്റ് നികുതി പുനഃസ്ഥാപിക്കുന്നതിന് പോലും തയ്യാറായില്ല. വിദേശ സ്ഥാപനങ്ങൾക്കുള്ള കോർപറേറ്റ് നികുതി 35 ശതമാനമായി കുറയ്ക്കുകയും ചെയ്തിരിക്കുന്നു. കോവിഡ് കാലത്ത് നികുതിയിളവിലൂടെയും ചൂഷണത്തിലൂടെയും വൻ ആസ്തിവർധനയുണ്ടാക്കിയ അതിസമ്പന്നരെ പുൽകുന്ന സമീപനം ആവർത്തിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നാണ് ഇതിലൂടെ അടിവരയിടുന്നത്. വില കുറയുന്ന വസ്തുക്കളുടെ കൂട്ടത്തിൽ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം. സ്വർണം, വെള്ളി, പ്ലാറ്റിനം, തുകൽ ഉല്പന്നങ്ങൾ, രാസ പെട്രോകെമിക്കൽ, മൊബൈൽ ചാർജർ എന്നിവയ്ക്കാണ് വില കുറയുന്നത്. ആശ്വാസമായിട്ടുള്ളത് കാൻസർ മരുന്നുകളുടെ വില കുറയുമെന്നത് മാത്രമാണ്. മുദ്രാ വായ്പയുടെ തുക വർധിപ്പിക്കുമെന്ന പ്രഖ്യാപനം വായ്പാ പദ്ധതിയെന്നതിനപ്പുറം സാധാരണ ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് സാധ്യമല്ലെന്നത് കണക്കിന്റെ പ്രാഥമിക കാര്യങ്ങളറിയുന്നവർക്ക് പോലും ബോധ്യമുള്ളതാണ്.
കേന്ദ്ര നികുതി, കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതത്തിൽ വലിയ വെട്ടിക്കുറവുണ്ടായതിന്റെ ഫലമായി സാമ്പത്തിക ഞെരുക്കമനുഭവിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. അതുകൊണ്ട് കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ഭരണ — പ്രതിപക്ഷ വ്യത്യാസമില്ലാതെ ആവശ്യപ്പെട്ടിരുന്നതാണ്. അത് പൂർണമായും അവഗണിച്ച ബജറ്റ്, മോഡി നയിക്കുന്ന സഖ്യസർക്കാരിനെ നിലനിർത്തുന്നതിനുള്ള ഉപാധിയായി മാറ്റി ചില പ്രത്യേക പ്രദേശങ്ങൾക്ക് അമിത പ്രാധാന്യം നൽകിയിരിക്കുന്നു. അതാണ് ആന്ധ്രാപ്രദേശ്, ബിഹാർ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന പ്രത്യേക പദ്ധതികൾ. ആന്ധ്രയ്ക്ക് ബഹുമുഖ ഏജൻസികൾ മുഖേന പ്രത്യേക സാമ്പത്തിക സഹായം നൽകുമെന്നാണ് പ്രഖ്യാപനം. നടപ്പു സാമ്പത്തിക വർഷത്തിൽ 15,000 കോടി രൂപയും വരുംവർഷങ്ങളിൽ കൂടുതൽ തുകയും അനുവദിക്കും. എൻഡിഎ ഘടകകക്ഷിയായ ജെഡിയു ഭരിക്കുന്ന ബിഹാറിലെ വിവിധ റോഡ് പദ്ധതികൾക്കായി 26,000 കോടി വകയിരുത്തി. പ്രളയ ദുരിതാശ്വാസ സഹായവും പ്രഖ്യാപിച്ചു. അതേസമയം മുൻവർഷങ്ങളിൽ ഗുരുതരമായ പ്രളയക്കെടുതി നേരിട്ട കേരളം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളെ ഇക്കാര്യത്തിലും അവഗണിച്ചു. ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡിഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ മൊത്തത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി പൂർവോദയ എന്ന പേരിൽ സമഗ്ര പദ്ധതി വേറെയുമുണ്ട്. കേരളത്തിന് എത്രയോ വർഷങ്ങൾക്ക് മുമ്പ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന എയിംസ് ഇത്തവണയുമുണ്ടായില്ല. പ്രതീക്ഷയോടെ, ഭൂമിവരെ കണ്ടെത്തി നിൽക്കുമ്പോഴാണ് ഈ അവഗണന. കേരളത്തിൽ റെയിൽവേ, ദേശീയ പാത വികസനത്തിനും പദ്ധതിയില്ലാതെയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഇതെല്ലാംകൊണ്ടുതന്നെ രാജ്യത്തിന്റെ ജീവൽപ്രശ്നങ്ങളെ പരിഗണിക്കാത്തതും കേരളമുള്‍പ്പെടെ പ്രതിപക്ഷ സംസ്ഥാനങ്ങളോട് വിവേചനം മാത്രം കാട്ടുകയും ഫെഡറൽ തത്വങ്ങളെ ലംഘിക്കുകയും ചെയ്യുന്നതാണ് ധനമന്ത്രി ഇന്നലെ അവതരിപ്പിച്ച ബജറ്റ്. ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ഒരാളെന്ന കീർത്തി നിർമ്മലാ സീതാരാമന് ചാർത്തപ്പെടുമെങ്കിലും അവകാശവാദങ്ങൾക്കപ്പുറം രാജ്യത്തിന്റെ സമ്പദ്ഘടനയെയോ സാധാരണക്കാരുടെ ജീവിതത്തെയോ മെച്ചപ്പെടുത്തുന്നതിന് ബജറ്റ് ഒട്ടും പര്യാപ്തമല്ല.