Site iconSite icon Janayugom Online

ട്രംപിന്റെ ഗാസ സമാധാന പദ്ധതി ചരിത്രത്തിന്റെ അന്ത്യമായിരിക്കില്ല

ശ്ചിമേഷ്യയെ ഗ്രസിച്ച വംശീയ ഉന്മൂലനയുദ്ധം ഇന്ന് രണ്ടുവർഷം പൂർത്തിയാക്കുകയാണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ അന്ത്യശാസനം ഞായറാഴ്ച പിന്നിട്ടെങ്കിലും ഇസ്രയേലി പ്രതിരോധ സേനയുടെ വിനാശകരമായ വ്യോമാക്രമണം നിർബാധം തുടരുന്നതായാണ് ഇതെഴുതുമ്പോഴും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രംപും നെതന്യാഹുവും പ്രഖ്യാപിച്ച വൈറ്റ്ഹൗസ് കരാർ പ്രാബല്യത്തിൽ വരുത്തുന്നതിന്റെ ആദ്യപടിയായി ബന്ദികളുടെ മോചനം സാധ്യമാകണമെങ്കിൽ വെടിനിർത്തൽ സത്വരം നടപ്പാക്കണമെന്ന നിർദേശവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പരസ്യമായി രംഗത്തുവന്നു. ഇത് സൂചിപ്പിക്കുന്നത് ട്രംപിന്റെ സമാധാന പദ്ധതി നടപ്പാക്കുന്നതിന് മുഖ്യ തടസം കരാറിലെ രണ്ടാം പാർട്ടിയായ ഇസ്രയേലും പ്രധാനമന്ത്രി നെതന്യാഹുവും ആണെന്നതാണ്. ഗാസയിലെ പലസ്തീനികളുടെ സമ്പൂർണ ഉന്മൂലനമോ പലസ്തീൻമുക്ത ഗാസയിൽ കുറഞ്ഞ യാതൊന്നുമോ തങ്ങൾക്കു സ്വീകാര്യമല്ലെന്ന നിലപാടിലാണ് നെതന്യാഹുവിന്റെ കൂട്ടാളികളായ തീവ്ര വലത് സയണിസ്റ്റുകൾ. അവരെ പിണക്കുകയെന്നാൽ അത് ഇസ്രയേൽ ഭരണം കയ്യാളുന്ന യുദ്ധകാര്യ മന്ത്രിസഭയുടെ അന്ത്യവും ഇടക്കാല തെരഞ്ഞെടുപ്പുമായിരിക്കും. അതാവട്ടെ നെതന്യാഹു ഭരണത്തിന്റെ മാത്രമല്ല അയാളുടെ രാഷ്ട്രീയ ജീവിതത്തിന്റെ തന്നെ അന്ത്യംകുറിക്കും. രാജ്യത്തിനുള്ളിൽ അഴിമതിക്കേസുകളിൽ വിചാരണയും അന്താരാഷ്ട്രതലത്തിൽ യുദ്ധ കുറ്റകൃത്യങ്ങൾക്കും മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റുവാറണ്ട് നേരിടുന്ന കുറ്റവാളിയാണ് നെതന്യാഹു. സാമ്പത്തിക, ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരിൽ കുറ്റവാളിയെന്ന് കണ്ടെത്തിയിട്ടും അധികാരത്തിന്റെ പിൻബലത്തിൽ മാത്രം ശിക്ഷാവിധിയിൽ നിന്നും രക്ഷപ്പെട്ടുനിൽക്കുകയാണ് ട്രംപ്. ഇത്തരം കുറ്റവാളി സംഘങ്ങളുടെ നേതൃത്വത്തിൽ പശ്ചിമേഷ്യയിലോ ലോകത്തെവിടെയെങ്കിലുമോ സമാധാനം പുലരുമെന്ന പ്രതീക്ഷയ്ക്ക് യുക്തിഭദ്രമായ യാതൊരു അടിത്തറയുമില്ല. 

ട്രംപിന്റെ സമാധാന പദ്ധതിയുടെ വിശദാംശങ്ങൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. ബന്ദികളെ വിമോചിപ്പിച്ച് ആയുധം താഴെവയ്ക്കുന്ന ഹമാസിന് പലസ്തീനിന്റെയോ ഗാസയുടെയോ ഭാവിയിൽ നിർദിഷ്ട പദ്ധതിയിൽ യാതൊരു പങ്കും ഉണ്ടാവില്ല. ഗാസയുടെ ഭരണം ഒരുപറ്റം പലസ്തീൻ സാങ്കേതിക വിദഗ്ധരായിരിക്കും നിർവഹിക്കുക. അവർതന്നെ ഒരു അന്താരാഷ്ട്ര സമാധാന സമിതിയുടെ (ബോർഡ് ഓഫ് പീസ്) മേൽനോട്ടത്തിലായിരിക്കും പ്രവർത്തിക്കുക. അതാവട്ടെ യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളുടെ ‘തന്ത്രപരവും രാഷ്ട്രീയവുമായ അധീശത്വത്തിൻ’ കീഴിലായിരിക്കും. ചുരുക്കത്തിൽ ദൈനംദിന മുനിസിപ്പൽ ഭരണം, ക്രമസമാധാന പാലനം, അടിസ്ഥാന ആരോഗ്യ പരിപാലനം എന്നിവയായിരിക്കും ഭരണത്തിൽ പലസ്തീനികളുടെ പങ്ക്. രണ്ടുവർഷത്തെ യുദ്ധത്തിൽ സമ്പൂർണമായി തകർന്ന ഗാസയുടെ പുനർനിർമ്മാണം എന്ന മുഖ്യ ഉത്തരവാദിത്തം പാശ്ചാത്യരുടെയും അവരുടെ വിശ്വസ്ത വിധേയരുടെയും കൈകളിലായിരിക്കും. അത്തരമൊരു അന്താരാഷ്ട്ര സംവിധാനത്തിൽ തുടരാൻ താല്പര്യമില്ലാത്തവർക്ക് യഥേഷ്ടം ഗാസ വിടാം. അവിടെ തുടരാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഭരണസംവിധാനത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയരായി അടിമകളായി തുടരാം. ട്രംപ് ഗാസയെ സംബന്ധിച്ച തന്റെ പദ്ധതി എന്തെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസയെ ഒരു സമുദ്രതീര സുഖവാസ കേന്ദ്രമാക്കുകയെന്നതാണ് ലോകത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ ഉടമയായ ട്രംപിന്റെ ലക്ഷ്യം. പലസ്തീൻ ദേശീയതയ്ക്കോ ആ ജനതയുടെ ആശയാഭിലാഷങ്ങൾക്കോ പദ്ധതിയിൽ യാതൊരു സ്ഥാനവുമില്ല. ഐക്യരാഷ്ട്രസഭയ്ക്കോ ലോകരാഷ്ട്രങ്ങൾക്കോ ഗവണ്മെന്റുകൾക്കോ അതിൽ യാതൊരു പങ്കും ഉണ്ടാവില്ല. ഒരു ജനതയും സഹസ്രാബ്ദങ്ങളായുള്ള അവരുടെ ജന്മഭൂമിയും ഒരുപറ്റം രാഷ്ട്രീയ കച്ചവടക്കാരുടെയും ദല്ലാളുകളുടെയും ക്രിമിനലുകളുടെയും കൈകളിൽ കച്ചവടച്ചരക്കായി മാറുന്നതിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. 

ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ യഥാർത്ഥ ഉറവിടം മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ ആണെന്നാണ് ലഭിക്കുന്ന സൂചന. ബ്രിട്ടീഷ് തൊഴിലാളിവർഗത്തെയും അവരുടെ ലേബർ പാർട്ടിയുടെ അടിസ്ഥാന പ്രമാണങ്ങളെയും വഞ്ചിച്ച് ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച ലേബർ പ്രധാനമന്ത്രിയെന്ന ഖ്യാതിക്ക് ഉടമയാണ് ബ്ലയർ. അധികാരത്തിൽനിന്ന് പുറത്തായശേഷം ആഗോളതലത്തിലും വിശിഷ്യാ പശ്ചിമേഷ്യയിലും പല ആദായകരമായ ഇടപെടലുകളും ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇല്ലാത്ത നശീകരണ ആയുധങ്ങളുടെപേരിൽ ഇറാഖിൽ യുഎസിനൊപ്പം നടത്തിയ ബ്രിട്ടീഷ് സൈനിക നടപടികളിലൂടെ കുപ്രസിദ്ധി നേടാനും ബ്ലയറിനു കഴിഞ്ഞു. ആ ഇടപെടൽ മൂലം മേഖലയിൽ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ അസ്ഥിരത ഇപ്പോഴും അപരിഹാര്യമായി തുടരുകയാണ്. അവിടെ കൊലചെയ്യപ്പെട്ട അനേകായിരങ്ങളുടെ രക്തക്കറ ബ്ലയറുടെ കൈകളിലും പുരണ്ടിരിക്കുന്നു. ട്രംപിന്റെ പേരിൽ അറിയപ്പെടുന്ന ഗാസ സമാധാന പദ്ധതിയുടെ യഥാർത്ഥ സൂത്രധാരൻ എന്നനിലയിൽ അതിന്റെ പുതിയ ചുമതലക്കാരനായി ബ്ലയർ അവരോധിക്കപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ല. അതോടെ ചരിത്രത്തിന്റെ ഒരു വൃത്തം പൂർത്തിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബ്രിട്ടീഷ് കോളനി സാമ്രാജ്യത്തിന്റെ മാൻഡേറ്റിൽ ആയിരിക്കെയാണ് ബാൽഫർ പ്രഖ്യാപനത്തിലൂടെ യൂറോപ്യൻ ജൂതന്മാർ പലസ്തീനിലേക്ക് കുടിയേറ്റം ആരംഭിച്ചതും തദ്ദേശീയരുടെ മേൽ പാശ്ചാത്യ പിന്തുണയോടെ ആധിപത്യം ഉറപ്പിച്ചതും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സാമ്രാജ്യത്വ മൂലധന ശക്തികളുടെ പുതിയ ‘വൈസ്രോയ്’ ആയി ടോണി ബ്ലയർ അവതരിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല. പക്ഷെ, അത് ചരിത്രത്തിന്റെ അന്ത്യം ആയിരിക്കില്ല. 

Exit mobile version