കേരളം അടുത്ത വെള്ളിയാഴ്ച 20 ലോക്‌സഭാ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ട് രേഖപ്പെടുത്തും. അതിന് മുന്നോടിയായി മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ച പ്രചരണ പ്രവര്‍ത്തനങ്ങള്‍ അതിന്റെ മൂര്‍ധന്യത്തിലാണ്. ദേശീയ നേതാക്കളടക്കം പര്യടനത്തിനെത്തിയതോടെ അന്തരീക്ഷത്തിനൊപ്പം തെരഞ്ഞെടുപ്പ് രംഗത്തും ചൂടേറിയിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളും ഭരണനയങ്ങളുമാണ് പ്രധാന ചര്‍ച്ചാവിഷയമായി നിറഞ്ഞുനില്‍ക്കുന്നത്. അതോടൊപ്പം ഓരോ മണ്ഡലത്തിലെയും വിധി നിര്‍ണയിക്കുന്നതില്‍ സ്ഥാനാര്‍ത്ഥികളുടെ വ്യക്തി വൈശിഷ്ട്യവും പങ്ക് വഹിക്കാറുണ്ട് എന്നത് പരിഗണിച്ചാണ് അതാത് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാറുള്ളത്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ത്ഥികളും അവരുടെ പ്രത്യേകതകളും ചര്‍ച്ചാ വിഷയമാവുക പതിവുണ്ട്. എന്നാല്‍ പരാജയം മണത്ത യുഡിഎഫ്, രാഷ്ട്രീയത്തിനപ്പുറം സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി മോശമായി ചിത്രീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു എന്ന പരാതി പല കോണുകളില്‍ നിന്നുമുയരുന്നുണ്ട്. നേരത്തെയും അത്തരം ചില ശ്രമങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ അത് വ്യാപകവും വിപുലവുമായിരിക്കുകയാണ്. അത്തരത്തിലൊന്നാണ് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കെതിരെ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ പരാതിക്കിടയായ വിഷയങ്ങളെല്ലാം ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമാണ്. പ്രമുഖ ചാനലുകളില്‍ വന്ന അഭിമുഖങ്ങളും പ്രസ്താവങ്ങളും തങ്ങളുടെ ആവശ്യത്തിനുപയോഗിക്കാവുന്ന വിധത്തില്‍ വ്യാജമായി സൃഷ്ടിച്ചാണ് ശൈലജയ്ക്കെതിരായ പ്രചരണങ്ങളെന്നത് അതാണ് തെളിയിക്കുന്നത്. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽനിന്ന് ചിലഭാഗം മുറിച്ചെടുത്താണ് കെ കെ ശൈലജ പറയാത്ത കാര്യം പറഞ്ഞെന്ന് പ്രചരിപ്പിച്ചത്. തങ്ങളുടെ വീഡിയോ വ്യാജമായി നിര്‍മ്മിച്ചതിനെതിരെ പ്രസ്തുത ചാനല്‍തന്നെ പരസ്യപ്രതികരണം നടത്തി. പ്രമുഖമാധ്യമത്തിന്റെ ഓണ്‍ലൈന്‍ പേജ് വ്യാജമായുണ്ടാക്കിയാണ് മറ്റൊരു സൈബര്‍ ആക്രമണത്തിന് വേദിയുണ്ടാക്കിയത്. വടക്കന്‍ കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ വലിയ സ്വാധീനമുള്ള സുന്നി നേതാവായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ വ്യാജ ലെറ്റര്‍ഹെഡുണ്ടാക്കിയും പ്രചാരണം നടത്തി. പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെ സാഹചര്യത്തില്‍ ശൈലജയ്ക്കെതിരെ അബൂബക്കര്‍ മുസ്ല്യാര്‍ ചില വിശേഷണങ്ങള്‍ നല്‍കിയെന്നായിരുന്നു പ്രചാരണം. ഇതിന് പുറമേ അശ്ലീല വീഡിയോയിലെ ദൃശ്യങ്ങള്‍ രൂപമാറ്റം വരുത്തി വ്യാപകമായി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്നും ആരോപണമുണ്ടായി. ഇവയാകട്ടെ ചില കുടുംബഗ്രൂപ്പുകളിലും പ്രചരിപ്പിച്ചു. ആധുനിക കാലത്ത് സമൂഹമാധ്യമങ്ങളെ എല്ലാ രംഗത്തുമെന്നതുപോലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും നിര്‍ണായക ഘടകമായി ഉപയോഗിക്കുന്നുണ്ട്. നേരിട്ടും അല്ലാതെയും സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും കൂടുതല്‍ വോട്ടര്‍മാരിലെത്താനുള്ള വലിയൊരു ഉപാധിയായി അത് മാറിയിട്ടുമുണ്ട്. എന്നാല്‍ അതോടൊപ്പംതന്നെ ഇതിന്റെ ദുരുപയോഗങ്ങളും വ്യാപകമാണ്. അതാണ് വടകരയിലെ ഇടതുസ്ഥാനാര്‍ത്ഥിക്കെതിരെ പ്രയോഗിച്ചിരിക്കുന്നത്.
ഇതുകൂടി വായിക്കൂ: നക്സല്‍വേട്ട: വസ്തുതകള്‍ വെളിപ്പെടണം
ഈ നടപടികളിലെല്ലാം പങ്കാളികളായിരിക്കുന്നത് യുഡിഎഫിന്റെ വിവിധതലങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ടി എച്ച് അസ്ലം, യൂത്ത് ലീഗ് പ്രവർത്തകനും പേരാമ്പ്ര സ്വദേശിയുമായ സൽമാൻ, ബാലുശേരി പഞ്ചായത്ത് അംഗവും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ഹരീഷ് നന്ദനം തുടങ്ങിയവര്‍ക്കെതിരെയാണ് വിവിധ പരാതികളില്‍ കേസെടുത്തിരിക്കുന്നതും ഇതില്‍ ചിലരാണ് അറസ്റ്റിലായിരിക്കുന്നതും. യൂത്ത്കോൺഗ്രസ് ജനറൽ സെക്രട്ടറി ഷോബിൻ തോമസ് അടക്കമുള്ള നിരവധി പേര്‍ വ്യാജ പ്രചരണത്തില്‍ പങ്കെടുത്തതായും തെളിഞ്ഞിട്ടുണ്ട്. വിഷയം വിവാദമായതിനെയും പരാതികളെയും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ യൂത്ത് കോൺഗ്രസ് സൈബർ വിങ്ങിന്റെ കൂടി നേതൃത്വത്തിലാണ് ഇടതുസ്ഥാനാർത്ഥിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നും വ്യക്തമായി. യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയായിരുന്നു സൈബർ ആക്രമണമെന്നും തെളിഞ്ഞുവരുന്നുണ്ട്. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ കെ കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മിഷന് ഉൾപ്പെടെ പരാതിയും നൽകിയിട്ടുണ്ട്. എന്നാല്‍ സൈബർ ആക്രമണത്തെ തള്ളിപ്പറയാൻ യുഡിഎഫ് നേതൃത്വമോ യൂത്ത്കോണ്‍ഗ്രസോ തയ്യാറാകുന്നില്ല. എന്നുമാത്രമല്ല നേരത്തെയുണ്ടായ ചില സൈബര്‍ നടപടികളുന്നയിച്ച് ന്യായീകരിക്കുവാനും ശ്രമിക്കുന്നു. ഇതിന് മുമ്പ് ഒരു തെരഞ്ഞെടുപ്പിലും ഉണ്ടായിട്ടില്ലാത്ത സൈബര്‍ ആക്രമണമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ച് കെ കെ ശൈലജയ്ക്കെതിരെ ഉണ്ടായിരിക്കുന്നത്. നേരത്തെ സംസ്ഥാന ആരോഗ്യമന്ത്രിയായിരിക്കെയും വിവിധ ഘട്ടങ്ങളില്‍ ശൈലജയ്ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും ഹീനമായ പരാമര്‍ശങ്ങളും നടത്തിയിരുന്നു. പരാജയഭീതി പൂണ്ടുള്ള ഇത്തരം നടപടികള്‍ ജനാധിപത്യത്തിന്റെ അന്തഃസത്ത ചോര്‍ത്തുന്നതും സാമൂഹ്യ രാഷ്ട്രീയ മേഖലയെ അശ്ലീലവല്‍ക്കരിക്കുന്നതുമായ നടപടിയാണ്. ഈ അനാശാസ്യ പ്രവണതയെ തള്ളിപ്പറയുന്നതിന് യുഡിഎഫ് നേതൃത്വവും കര്‍ശന നടപടിയിലൂടെ തടയുന്നതിന് അധികൃതരും തയ്യാറാകേണ്ടതുണ്ട്.