യാഥാര്‍ത്ഥ്യങ്ങള്‍ കാണാതെയും ജനങ്ങളുടെ കൂടെനില്‍ക്കാതെയും നിലപാടുകളില്‍ നട്ടംതിരിയുകയാണ് കേരളത്തിലെ യുഡിഎഫ് എന്ന മുന്നണി. കഴിഞ്ഞ കുറേവര്‍ഷങ്ങളായി അവര്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ ജനങ്ങള്‍ അപ്പാടെ തള്ളുന്നതും സമരപ്രഹസനങ്ങള്‍ വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടേണ്ടിവന്നതും അതിന്റെ നല്ല ഉദാഹരണങ്ങളാണ്. എന്നാല്‍ എന്തുകൊണ്ടാണ് ജനം തങ്ങളെ തള്ളുന്നതും അവരുടെ വിശ്വാസം ആര്‍ജിക്കുവാന്‍ സാധിക്കാത്തതെന്നുമുള്ള ആത്മപരിശോധനയ്ക്കു തയ്യാറാകുന്നതിന് പകരം അതേ നിലപാടുകള്‍ ആവര്‍ത്തിക്കുകയാണ് അവര്‍. അതിന്റെ രണ്ട് തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണപരമായ മികവുകള്‍ അംഗീകരിക്കുക എന്നത് യുഡിഎഫിനെ സംബന്ധിച്ച് അസാധ്യമായ കാര്യമാണ്. കേരളത്തിന്റെ വികസനവും കുതിപ്പും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ പോലും അംഗീകരിച്ച വസ്തുതയാണ്. അതിനാലാണ് ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ നിരവധി പുരസ്കാരങ്ങള്‍ കേരളത്തെ തേടിയെത്തിയത്. ഏറ്റവും ഒടുവില്‍ വിനോദ സഞ്ചാര വികസനത്തിനുള്ള ആഗോള അംഗീകാരവും നമ്മുടെ സംസ്ഥാനത്തിനാണ് ലഭിച്ചത്. കേന്ദ്ര ബിജെപി സര്‍ക്കാര്‍ പല വിധത്തില്‍ ശ്വാസം മുട്ടിക്കുവാന്‍ ശ്രമിച്ചിട്ടും അല്ലലില്ലാതെ ഓണം ആഘോഷിക്കാന്‍ മലയാളിക്ക് അവസരമൊരുക്കിയതും സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കൈവരിക്കുന്നതും കേരളത്തിന്റെ നേരനുഭവങ്ങളാണ്.
ഇതുകൂടി വായിക്കൂ; കെപിസിസിയുടെ വിലക്ക് ലംഘിച്ച് കേരളീയം വേദിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍
കേരളം കൈവരിച്ച നേട്ടങ്ങള്‍ അംഗീകരിക്കുക എന്നുള്ളത് ഭരണമുന്നണിയായ എല്‍ഡിഎഫിനെ അംഗീകരിക്കുന്നതിന് തുല്യമാകുമെന്നതിനാല്‍ അതിനവര്‍ തയ്യാറാകണമെന്നില്ല. പക്ഷേ കേരളത്തിന്റെ ഭാവി വികസനത്തെ ലക്ഷ്യം വച്ച് ആവിഷ്കരിക്കുന്ന പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും കേവല രാഷ്ട്രീയത്തിന്റെ പേരില്‍ എതിര്‍ക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയോട് അവര്‍ സ്വീകരിച്ച സമീപനം അതിന്റെ ഉദാഹരണമാണ്. കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ നിന്ന് വിട്ടുനിന്നു എന്നുമാത്രമല്ല പങ്കെടുക്കുവാന്‍ തയ്യാറായ മണി ശങ്കര്‍ അയ്യരെ പോലുള്ളവരെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. പങ്കെടുത്ത അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്. അദ്ദേഹം പങ്കെടുത്ത സെമിനാറിന്റെ വിഷയം കേരളത്തിലെ പ്രാദേശിക സർക്കാരുകൾ എന്നതായിരുന്നു. ഗ്രാമങ്ങളുടെ ശാക്തീകരണമെന്നത് ഗാന്ധിജിയുടെ സ്വപ്നങ്ങളില്‍ ഒന്നും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ നടപ്പിലാക്കിയ നിയമനിര്‍മ്മാണങ്ങളില്‍പ്പെട്ടതുമായിരുന്നു. അക്കാര്യം വിളിച്ചുപറയാനുള്ള അവസരമാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് നഷ്ടപ്പെടുത്തിയത്. അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സ്വന്തം ഭൂതകാലത്തെ ഓര്‍മ്മപ്പെടുത്താനുള്ള അവസരം പോലും കളഞ്ഞുകുളിക്കുകയാണ് ചെയ്തത്.
ഇതുകൂടി വായിക്കൂ; ചരിത്രം സാക്ഷി
കേരളം ഒറ്റക്കെട്ടായി നില്‍ക്കുന്ന രാഷ്ട്രീയ‑സാര്‍വദേശീയ വിഷയങ്ങളിലും ഭരണപക്ഷ വിരുദ്ധ മനോഭാവം സ്വീകരിക്കുകയും മാറി നടക്കുകയും ചെയ്യുന്നത് ഉത്തരവാദിത്തബോധമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഭൂഷണമല്ല. പലസ്തീന്‍ വിഷയത്തില്‍ കേരളത്തിലെ യുഡിഎഫ് അത്തരമൊരു സമീപനമാണ് സ്വീകരിക്കുന്നത്. ഇസ്രയേല്‍ പലസ്തീന് നേരെ നടത്തുന്ന ആക്രമണങ്ങളും അതിന്റെ ഫലമായി സംഭവിക്കുന്ന കൂട്ടക്കൊലകളും നാശനഷ്ടങ്ങളും മനഃസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് ലോക ജനതയാകെ പലസ്തീനൊപ്പം നിലയുറപ്പിച്ചിരിക്കുന്നത്. ആക്രമണോത്സുക ഇസ്രയേലിനൊപ്പം നില്‍ക്കുന്ന, ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളില്‍ പോലും പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രസ്ഥാനങ്ങളും അതാത് ഭരണാധികാരികള്‍ക്കെതിരായ രോഷപ്രകടനങ്ങളും ശക്തമാണ്. നമ്മുടെ രാജ്യത്തും അതേ സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ എല്ലാവരെയും പങ്കെടുപ്പിച്ച് നടത്താന്‍ തീരുമാനിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുക്കുന്നതിനോട് യോജിപ്പുള്ളവരെ പോലും പിന്തിരിപ്പിക്കുന്നതിനുള്ള സമീപനമാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വന്തമായ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. പലസ്തീന്‍ വിഷയത്തിലും അതുണ്ടായി. ചിലര്‍ എല്ലാവരെയും പങ്കെടുപ്പിച്ച് നടത്താന്‍ തീരുമാനിക്കും. അങ്ങനെയൊരു ഘട്ടത്തില്‍ വിഷയത്തിന്റെ ഗൗരവവും പ്രശ്നത്തിന്റെ ആഴവും വിലയിരുത്തി നിലപാടെടുക്കുക എന്നതാണ് ഓരോ കക്ഷികളും സ്വീകരിക്കുന്ന സമീപനം. കക്ഷി രാഷ്ട്രീയ ഭേദം മറന്ന് പങ്കെടുക്കേണ്ടതാണെങ്കില്‍ അത് ചെയ്യുക എന്നതാണ് കീഴ്‌വഴക്കവും. എന്നാല്‍ പങ്കെടുക്കുവാന്‍ തീരുമാനിച്ചവരെ പോലും പിന്തിരിപ്പിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്. മറ്റൊരു പാര്‍ട്ടിയുടെ കാര്യത്തിലാണ് ഈ നിലപാടുണ്ടായതെങ്കില്‍ മലപ്പുറത്ത് കോണ്‍ഗ്രസുമായി ബന്ധമുള്ള ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി കേവല ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ തടയാനും അവര്‍ ശ്രമിച്ചു. നേതൃത്വത്തിന്റെ തിട്ടൂരം വക വയ്ക്കാതെ നൂറുകണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. കേവലം രാഷ്ട്രീയ, വിഭാഗീയ ചിന്തകളും അതിലൂടെയുള്ള അധികാര നേട്ടങ്ങളും മാത്രമാണ് കോണ്‍ഗ്രസിനെ നയിക്കുന്നത് എന്നതിന്റെ ഉദാഹരണങ്ങളാണ് ഇവ. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ കേരളത്തില്‍ നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് വല്ലാതെ വിയര്‍ക്കേണ്ടിവരും.