Site iconSite icon Janayugom Online

മാറാത്ത മുഖംമൂടിയും മറുപടിയില്ലാത്ത ചോദ്യങ്ങളും

തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ മാറ്റിവച്ച് എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കണം, ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രധാനമന്ത്രി മോഡിയുടെ പ്രസംഗം ഇങ്ങനെയായിരുന്നു. 2024ലെ തെരഞ്ഞെടുപ്പിനായി ശേഷിക്കുന്ന 400 ദിവസങ്ങളുടെ പ്രാധാന്യവും ഓര്‍മ്മിപ്പിച്ചു. ദേശീയ എക്‌സിക്യുട്ടീവ് പൂര്‍ണമായും ആ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം ലാക്കാക്കിയുള്ള പദ്ധതികളിലൊതുങ്ങി; മോഡിയുടെ പ്രസംഗം പതിവു മുഖംമൂടിയിലും. ആര്‍എസ്എസ്-ബിജെപി സഖ്യം ഫാസിസ്റ്റ് പ്രത്യയശാസ്ത്ര ലഹരിയില്‍ ഉന്മത്തരാണ്. ആര്‍എസ്എസ്, പോയവര്‍ഷം തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഒരു ലക്ഷം പുതിയ ശാഖകളുടെ മറവില്‍ രാജ്യത്തെ എല്ലാ പോളിങ് ബൂത്തുകളിലും ബിജെപി പ്രവര്‍ത്തനം സജീവമാക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതര രാഷ്ട്രീയ കക്ഷികള്‍ ജനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍, ആര്‍‌
എസ്എസ് തെരഞ്ഞെടുപ്പില്‍ മാത്രം കേന്ദ്രീകരിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിഷയങ്ങളിലും മാറ്റമില്ല. അതിസമ്പന്നരുടെയും തീവ്രവലതുപക്ഷത്തിന്റെയും വര്‍ഗതാല്പര്യങ്ങളെ പ്രതിനിധീകരിക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയുടെ രാഷ്ട്രീയ സംഭരണിയില്‍ പുതിയതായി ഒന്നുമില്ല. അഡോള്‍ഫ് ഹിറ്റ്‌ലര്‍ രൂപപ്പെടുത്തിയ ഫാസിസത്തിന്റെ കാല്‍പ്പാടുകള്‍ നെഞ്ചോടുചേര്‍ത്ത് അവര്‍ സഞ്ചരിക്കുന്നു. വംശീയ അഭിമാനം സ്ഥാപക തത്വമായി ഉദ്‌ഘോഷിച്ച് വന്യമായി നടപ്പിലാക്കുന്നു. തങ്ങളുടെ എല്ലാ പരാജയങ്ങളും വ്യാജപ്രചാരണങ്ങളുടെ പാളി പുതപ്പിച്ച് മൂടിവയ്ക്കാന്‍ കളമൊരുക്കിയിരിക്കുന്നുവെന്ന് ദേശീയ എക്‌സിക്യുട്ടീവ് ബോധ്യപ്പെടുത്തുന്നു.

 


ഇതുകൂടി വായിക്കു: ജനാധിപത്യ സര്‍ക്കാരുകള്‍ ഇല്ലാതാകുന്ന നവലോകം


 

രാമക്ഷേത്രമാണ് പ്രചാരണത്തിന്റെ കേന്ദ്രം. ശ്രീരാമന്‍ വീണ്ടും അധികാര രാഷ്ട്രീയത്തിലേക്കുള്ള മാര്‍ഗമായിരിക്കുന്നു. വിശ്വാസികള്‍ക്ക് ഇത് അചിന്തനീയമായിരിക്കാം. എന്നാല്‍ ആര്‍എസ്എസ്-ബിജെപി സഖ്യത്തിന് അധികാരക്കസേരയ്ക്കുള്ള ശീലമായിരിക്കുന്നു ഇതെല്ലാം. ജി20 അധ്യക്ഷ പദവിയും രാഷ്ട്രീയ പ്രചരണായുധമായിരിക്കുന്നു. അധ്യക്ഷ പദവി മോഡിക്ക് ലോകം നല്‍കിയ പ്രത്യേക ബഹുമതിയായി ബിജെപി ചിത്രീകരിക്കുന്നു. ഇന്ത്യയുടെ ജി20 അധ്യക്ഷ പദവി സ്വാഭാവിക മാറ്റത്തിന്റെ ഭാഗമെന്ന ലളിതമായ വസ്തുത മറച്ചുവയ്ക്കുന്നു. പാവപ്പെട്ടവരുടെ ക്ഷേമത്തിന് ബിജെപിക്ക് ഒരു ഇന്നിങ്സ് കൂടി എന്നും പറഞ്ഞുവച്ചു ബിജെപിയുടെ ദേശീയ എക്‌സിക്യുട്ടീവ്. അടുത്ത കാലത്തായി ധനമന്ത്രി ഇടത്തരക്കാരെക്കുറിച്ച് ഏറെ സംസാരിക്കുന്നുമുണ്ട്. ആര്‍എസ്എസ്-ബിജെപി തന്ത്രജ്ഞര്‍ മധ്യവര്‍ഗത്തെ ആകര്‍ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയിരിക്കുന്നു. നഗര‑ഗ്രാമപ്രദേശങ്ങളില്‍ പലപ്പോഴും ജയപരാജയങ്ങള്‍ മധ്യവര്‍ഗ വോട്ടുകളില്‍ കേന്ദ്രീകരിക്കുന്നുവെന്ന് ബിജെപി തിരിച്ചറിയുന്നു. 2014 മുതലുള്ള ബിജെപി ഭരണം ദളിതരും ആദിവാസികളും അധഃസ്ഥിതരും ഉള്‍പ്പെടുന്ന താഴ്ന്ന‑ഇടത്തരം ജനവിഭാഗങ്ങളെ വഞ്ചിക്കുകയായിരുന്നു. ഭരണകൂടത്തിനെതിരെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും വര്‍ധിച്ചുവരുന്ന അസംതൃപ്തി അവഗണിക്കാനാവില്ല. രാജ്യത്തുടനീളം പല രൂപത്തില്‍ രോഷാഗ്നി പടരുന്നു. ബിഎംഎസും സ്വദേശി ജാഗരണ്‍ മഞ്ചും സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ വിമര്‍ശകരായിരിക്കുന്നു. സാംസ്കാരിക ദേശീയതയുടെ പ്രത്യയശാസ്ത്ര ചട്ടക്കൂടും രാമക്ഷേത്രം പോലുള്ള മത മുദ്രാവാക്യങ്ങളും നീരസത്തിന്റെ ഘടകങ്ങളെ ശമിപ്പിക്കാന്‍ വീണ്ടും പ്രയോഗിക്കുകയാണ്.

 


ഇതുകൂടി വായിക്കു: ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന ജനശ്രദ്ധ തിരിക്കാന്‍


 

ഓക്സ്ഫാം പ്രസിദ്ധീകരിച്ച അസമത്വ റിപ്പോര്‍ട്ട് രാജ്യത്തിന്റെ യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. അസമത്വത്തിന്റെ ആഘാതം രാജ്യത്ത് പ്രകടമാണെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. പട്ടികജാതി പട്ടികവര്‍ഗ സമൂഹങ്ങളെ മുഖ്യധാരയിലേക്ക് കടന്നു വരാനുള്ള അവസരങ്ങളില്‍ നിന്ന് അകറ്റിയിരിക്കുന്നു. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു. ഇത് തെളിയിക്കുന്ന ചില വ്യക്തമായ കണ്ടെത്തലുകളും പുറത്തുകൊണ്ടുവന്നു. 2019 ലെ പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന്, ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള 50 ശതമാനം ആളുകള്‍ക്കും അവരുടെ കരുതല്‍ ശേഷിപ്പ് ഇല്ലാതായി. 2020ല്‍ അവരുടെ വരുമാനം ദേശീയ വരുമാനത്തിന്റെ 13 ശതമാനമായി ഇടിഞ്ഞു. ഉള്ളതാകട്ടെ മൊത്തം സമ്പത്തിന്റെ മൂന്ന് ശതമാനത്തില്‍ താഴെയും. ഫലമോ മോശം ഭക്ഷണക്രമവും കടക്കെണിയും മരണങ്ങളും. മൊത്തം സമ്പത്തിന്റെ 90 ശതമാനത്തിലധികം കൈവശം വച്ചിരിക്കുന്ന 30 ശതമാനത്തിന്റെ കാര്യമോ തികച്ചും വ്യത്യസ്തവുമാണ്. കേന്ദ്രീകൃത സമ്പത്തിന്റെ 80 ശതമാനത്തിലധികം കൈവശം വച്ചിരിക്കുന്നത് അവരില്‍ 10 ശതമാനമാണ്. ചുരുക്കത്തില്‍ സമ്പന്നരായ 10 ശതമാനം മൊത്തം സമ്പത്തിന്റെ 72 ശതമാനത്തിലധികം കൈവശം വച്ചിരിക്കുന്നു. അവരില്‍ അഞ്ചു ശതമാനം മൊത്തം സമ്പത്തിന്റെ 62 ശതമാനവും കയ്യടക്കിയിരിക്കുന്നു.

Exit mobile version