വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയും തിരുവനന്തപുരം കോര്‍പറേഷനിലെ വ്യാജ കത്തിന്റെ പേരിലും നടക്കുന്ന സമരങ്ങള്‍ അക്രമത്തിന്റെ മാര്‍ഗത്തിലാണ് ഇപ്പോള്‍ മുന്നേറുന്നത്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പ്രദേശത്തെ ജനങ്ങളുടെ ചില പ്രശ്നങ്ങള്‍ക്കാെപ്പം മറ്റു വിഷയങ്ങളെയും കൂട്ടിക്കുഴച്ച് നടന്നുവന്നിരുന്ന സമരം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ഒരാവശ്യത്തില്‍ കേന്ദ്രീകരിച്ചാണ് അക്രമാസക്തമായിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരവധി ഘട്ടങ്ങള്‍ മുന്നേറിയപ്പോഴാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കപ്പെട്ടത്. പദ്ധതി പ്രദേശത്തെ ജനങ്ങളുമായി ബന്ധപ്പെട്ടെന്ന പേരിലുന്നയിക്കുന്നവയാകട്ടെ പരിഹാര നടപടികളാവുകയും സര്‍ക്കാര്‍ സജീവമായി പരിഗണിക്കുകയും ചെയ്യുന്ന പൊതു വിഷയങ്ങളുമായിരുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം, താല്ക്കാലികമായി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള ആശ്വാസ സഹായം, തീരദേശ സംരക്ഷണത്തിനുള്ള പദ്ധതി, തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ തുടങ്ങിയവയാണ് പ്രസ്തുത ആവശ്യങ്ങള്‍. ഇതില്‍ പലതും വിഴിഞ്ഞം തുറമുഖപദ്ധതിയുമായി നേരിട്ടു ബന്ധപ്പെടുന്നില്ല.
ഇതുകൂടി വായിക്കു; കുപ്രചരണം കൊണ്ട് വികസനം തടയരുത്
തീരപ്രദേശങ്ങളുടെ പൊതു വിഷയമാണ്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയൊഴിക്കപ്പെടുന്നുണ്ടെങ്കില്‍ അത് മതിയായ പുനരധിവാസ പാക്കേജ് പ്രകാരം ആയിരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്കിയിട്ടുണ്ട്. താല്കാലിക ക്യാമ്പുകളില്‍ കഴിയുന്നവരുടെ വിഷയം പ്രകൃതിക്ഷോഭവും കടല്‍ക്ഷോഭവും കാരണമുള്ളതാണ്. അത്തരക്കാര്‍ക്ക് പുനരധിവാസവും തീരശോഷണത്തിനുള്ള പ്രതിവിധിയും സര്‍ക്കാരിന്റെ മുഖ്യപരിഗണനാ വിഷയവുമാണ്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കുന്നതിനുള്ള തുക നേരത്തെതന്നെ അനുവദിക്കുകയും ചെയ്തു. ഇത് മറ്റു പല തീരപ്രദേശങ്ങളിലെയും വിഷയമെന്ന നിലയിലുള്ള നടപടികളും സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. മണ്ണെണ്ണ വില നിയന്ത്രണം കേന്ദ്ര തീരുമാനത്തില്‍ നടപ്പിലാക്കപ്പെടേണ്ടതാണ്. സംസ്ഥാനത്തിന്റെ വലിയാെരു വിഭാഗം മത്സ്യത്തൊഴിലാളികളെ ബാധിക്കുന്നതെന്ന നിലയില്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തിവരുന്നുണ്ട്. അക്കാര്യം പരിഗണിക്കാതെ സംസ്ഥാനം സബ്സിഡി നല്കണമെന്ന ആവശ്യം മുന്‍വയ്ക്കുകയായിരുന്നു. തീരശോഷണം, കാലവസ്ഥാ പ്രശ്നങ്ങളാല്‍ തൊഴിലെടുക്കുവാന്‍ സാധിക്കാത്തവര്‍ക്കുള്ള സാമ്പത്തിക സഹായം എന്നീ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു.
സമരക്കാര്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച് പല ഘട്ടങ്ങളിലായി ചര്‍ച്ചകള്‍ നടന്നിരുന്നു. വികസന പ്രവര്‍ത്തനങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ആശങ്കകള്‍ അവഗണിക്കേണ്ടതല്ല. എന്നാല്‍ രാജ്യത്ത് ഒരിടത്തുമില്ലാത്ത പുനരധിവാസ പദ്ധതിയാണ് സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നത്. ഭൂമി ഏറ്റെടുക്കല്‍ സ്തംഭനാവസ്ഥയിലായിരുന്ന ഗെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിന് കാരണമായത് എല്‍ഡിഎഫ് സര്‍ക്കാര്‍ മെച്ചപ്പെട്ട നഷ്ടപരിഹാരം നല്കി ഭൂമി ഏറ്റെടുക്കുന്നതിന് സന്നദ്ധമായി എന്നതിനാലായിരുന്നു. ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലും ഇതേ സമീപനമാണ് സ്വീകരിച്ചത്. പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും നഷ്ടപരിഹാര പാക്കേജിന്റെ ആകര്‍ഷണീയതകൊണ്ടു കൂടിയാണ് അവ ഇല്ലാതായത്. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ കുടിയൊഴിപ്പിക്കേണ്ടി വന്നാല്‍ സമഗ്രമായ പാക്കേജ് തന്നെ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്കിയിട്ടുമുണ്ട്. എന്നാല്‍ തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന ഒരു ആവശ്യത്തിലേയ്ക്ക് വിഷയം കേന്ദ്രീകരിച്ചത് എന്തിനായിരുന്നുവെന്ന് വിശദീകരിക്കേണ്ടത് സമരസമിതിയാണ്. അതില്‍ കേന്ദ്രീകരിക്കുകയും സമരം അക്രമത്തിന്റെ മാര്‍ഗത്തിലേയ്ക്ക് മാറുകയും ചെയ്തത് ദുരൂഹവും സംശയാസ്പദവുമാണ്.
ഇതുകൂടി വായിക്കു; ജോയിന്റ് കൗണ്‍സില്‍ സമാപന സമ്മേളനം; ചരിത്രത്തിന്റെ ഭാഗമാകുന്ന വനിതാമുന്നേറ്റ ജാഥ
നിയമനങ്ങളുമായി ബന്ധപ്പെട്ട് മേയര്‍ നല്കിയെന്ന് പ്രചരിപ്പിക്കപ്പെട്ട കത്തിന്റെ പേരിലാണ് തിരുവനന്തപുരം കോര്‍പറേഷന് മുന്നില്‍ യുഡിഎഫും ബിജെപിയും ഒരുപോലെ അക്രമ സമരം നടത്തുന്നത്. അനധികൃത നിയമനത്തിന് നീക്കം നടക്കുന്നുവെന്നായിരുന്നു സമരത്തിന്റെ ആദ്യഘട്ടത്തില്‍ ആരോപിച്ചിരുന്നത്. കത്ത് മേയറുടേതല്ലെന്നും വ്യാജമായി നിര്‍മ്മിക്കപ്പെട്ടതാണെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയും അത്തരമൊരു കത്ത് നിര്‍മ്മിച്ച് പ്രചരിപ്പിക്കാനിടയായ സാഹചര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തപ്പോള്‍ അനധികൃത നിയമനമെന്നതു മാറി വ്യാജ കത്ത് നിര്‍മ്മിക്കപ്പെട്ടതിനെതിരെ എന്ന് സമരമുദ്രാവാക്യം മാറി. ഇപ്പോള്‍ മേയറുടെ രാജി ആവശ്യമാണ് ഉന്നയിക്കപ്പെടുന്നത്. ഇങ്ങനെ വിഷയത്തിന്റെയും ആവശ്യങ്ങളുടെയും കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെങ്കിലും യുഡിഎഫ്-ബിജെപി അക്രമ സമരം തുടരുകയാണ്. കോര്‍പറേഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിക്കൊണ്ടാണ് അക്രമസമരം. കോര്‍പറേഷനിലെ സമരം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള യുഡിഎഫിന്റെയും ബിജെപിയുടെയും നിഴല്‍ യുദ്ധമാണെങ്കില്‍ വിഴിഞ്ഞത്തെ സമരം സംശയാസ്പദമാണ്. സമരങ്ങളുടെ പേരിലുള്ള അക്രമങ്ങള്‍ ദുരുദ്ദേശ്യപരവുമാണ്. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗം വിഴിഞ്ഞത്തുണ്ടായ അക്രമങ്ങളെ ശക്തമായ ഭാഷയില്‍ അപലപിക്കുകയുണ്ടായി. എന്നാല്‍ അക്രമങ്ങള്‍ സ്വാഭാവിക പ്രതികരണമെന്ന നിലപാടിലാണ് സമരസമിതി.