Site iconSite icon Janayugom Online

നവകേരളക്കുതിപ്പിന് ഊർജമേകാൻ വിഷൻ 2031

കേരളം രൂപംകൊണ്ടിട്ട് 75 വർഷം പൂർത്തിയാകുന്ന 2031ഓടെ വികസനത്തില്‍ പൂർണാർത്ഥത്തിൽ പുരോഗതി കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘വിഷൻ 2031’ എന്ന പേരിൽ സെമിനാറുകൾ സംഘടിപ്പിച്ചത്. ഇതുവരെ കേരളം കൈവരിച്ച നേട്ടങ്ങളുടെ അടിത്തറയിൽ നിന്നുകൊണ്ട് ഭാവി വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകൾക്കു കീഴിൽ 33 സംസ്ഥാന തല സെമിനാറുകൾ കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് സമഗ്രമായ സാർവദേശീയ സമ്മേളനം കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്ത് നടന്നത്. നേരത്തെ അതത് വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന സെമിനാറുകൾ ആയിരക്കണക്കിന് വ്യക്തികളുടെ പങ്കാളിത്തവും വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി നടന്ന ചർച്ചകളും കൊണ്ട് സമഗ്രമായിരുന്നു. വിവിധ കാലയളവുകളിലെ ഇടതുപക്ഷ സർക്കാരുകളുടെ കാലത്ത് കേരളം കൈവരിച്ച നേട്ടങ്ങളും പുരോഗതിയും സമാനതകളില്ലാത്തതായിരുന്നു. ചരിത്രത്തിന്റെ ഇന്നലെകളിൽ നിന്ന് ആർജിച്ച അനുഭവങ്ങളുടെ കരുത്തുമായാണ് ഇടതുസർക്കാരുകൾ തങ്ങളുടെ ജനപക്ഷ നിലപാടുകളും നയങ്ങളും രൂപീകരിച്ച് നടപ്പിലാക്കിയത്. അതിൽ ഏറ്റവും പ്രധാനമായിരുന്നു സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന വേളയിൽ 1970 ജനുവരി ഒന്നിന് നടപ്പിലാക്കിയ സമഗ്ര ഭൂപരിഷ്കരണം. അതിന്റെ ഫലമായി ലക്ഷക്കണക്കിന് പേർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുക മാത്രമായിരുന്നില്ല സംഭവിച്ചത്. അതിനപ്പുറം വികസനത്തിനും പുരോഗതിക്കും വ്യാവസായിക വിപ്ലവത്തിനും അനുഗുണമാകുന്ന വിധത്തിൽ മിച്ചഭൂമിയായി സർക്കാരിൽ നിക്ഷിപ്തമായ ഭൂമിയുടെ വിനിയോഗവും സാധ്യമായി. പ്രസ്തുത ഭൂമി ഉപയോഗിച്ചാണ് പൊതുമേഖലാ സംരംഭങ്ങളും വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ സ്ഥാപനങ്ങളും ആരംഭിക്കുവാനായത്. കെൽട്രോൺ ഉൾപ്പെടെ ഇലക്ട്രോണിക്, വിവര സാങ്കേതിക വിദ്യകളുടെ വികസന സംരംഭങ്ങളുണ്ടായത് അക്കാലത്തായിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പിന്നീടുള്ള ഇടതുപക്ഷ സർക്കാരുകൾ മുന്നോട്ടുപോയത്. 

അതുകൊണ്ടുതന്നെ എല്ലാ രംഗങ്ങളിലും രാജ്യത്തെ ഇതര സംസ്ഥാനങ്ങളെക്കാൾ മുന്നിലെത്തുന്നതിന് കഴിഞ്ഞു എന്നുമാത്രമല്ല കേരളത്തിന് ലോകോത്തര നിലവാരത്തിലെത്തുവാനും സാധിച്ചു. ഭൂപരിഷ്കരണ നിയമത്തിലൂടെ ഭൂമിയുടെ ഉടമസ്ഥാവകാശം വികേന്ദ്രീകരിച്ചതിനു ശേ­ഷം അധികാര വികേന്ദ്രീകരണം, സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണം, സാമൂഹ്യക്ഷേമം, ആരോഗ്യ സേവനങ്ങൾ, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, സംരംഭകത്വം, വ്യവസായം, നൂത­ന വികസനം എന്നിവയിലും ശ്രദ്ധേയമായ പു­രോഗതിയും നേട്ടങ്ങളും കേരളം കൈവരിച്ചു. ഈ നേട്ടങ്ങളെ കൂടുതൽ വിപുലമാക്കുകയെന്ന ദൗത്യമായിരുന്നു കഴിഞ്ഞ പ­ത്തുവർഷമായി സംസ്ഥാനഭരണം നടത്തുന്ന എൽഡിഎഫ് സർക്കാരിന് മുന്നിലുണ്ടായിരുന്നത്. അതിനുള്ള വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കി മുന്നേറുകയും ചെയ്യുകയുമാണ്. അതിദാരിദ്ര്യ നിർമ്മാർജനം, വിജ്ഞാന സമ്പദ്ഘടനയുടെ വിപുലീകരണം, പാവപ്പെട്ടവർക്കായുള്ള സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ, പശ്ചാത്തല സൗകര്യ വികസനം എന്നിവയിലൂടെ നവകേരളം സൃഷ്ടിക്കുന്നതിനുള്ള ഊർജിത നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഈ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങളുടെ ഫലമായാണ് നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ തുടർച്ചയായി നാല് വർഷവും ഒന്നാമതാകുന്നതിന് നമ്മുടെ സംസ്ഥാനത്തിന് സാധ്യമായത്. ഇതിനകം കൈവരിച്ച ഈ വളർച്ചയും വികാസവും സമഗ്രമായി വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിലാകണം ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതെന്ന കാഴ്ചപ്പാടിൽ നിന്നാണ് വിഷൻ 2031 സെമിനാറുകൾ സംഘടിപ്പിക്കപ്പെട്ടത്. ഈ സെമിനാറുകളുടെ പരിപ്രേക്ഷ്യമെന്തായിരുന്നുവെന്ന് സംസ്ഥാനതല സെമിനാർ സമാപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. 

ഭൂപരിഷ്കരണം, പൊതുവിദ്യാഭ്യാസ‑ആരോഗ്യ മേഖലകളിലെ നിക്ഷേപം എന്നിവ മുതൽ സാമൂഹ്യ സുരക്ഷയും വികേന്ദ്രീകൃത ആസൂത്രണവും വരെ നീളുന്ന ‘കേരള വികസന മാതൃക’ നിരന്തരമായ നവീകരണത്തിന്റേതാണ്. വിപണികൾക്ക് മാത്രം സാമൂഹ്യനീതി ഉറപ്പാക്കാൻ കഴിയില്ലെന്നും, മാനവിക വികസനത്തിന് പൊതു ഇടപെടലുകളും ജനാധിപത്യ സ്ഥാപനങ്ങളും കൂട്ടായ മുന്നേറ്റവും അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞുവച്ചിട്ടുണ്ട്. ഗുണമേന്മയുള്ള തൊഴിലവസരങ്ങളോടു കൂടിയ വളർച്ച, ജനാധിപത്യ പങ്കാളിത്തം, സാമൂഹ്യനീതി എന്നീ പരസ്പരബന്ധിതമായ മൂന്ന് തത്വങ്ങളിലാണ് കേരളത്തിന്റെ ഭാവി അധിഷ്ഠിതമെന്ന് വിഷൻ 2031 ചർച്ചകൾ കാണിച്ചുതരുന്നു. സാങ്കേതികവിദ്യ, ഉന്നത വിദ്യാഭ്യാസം, നവീകരണം, നൈപുണ്യ വികസനം എന്നിവയിലൂടെ ഒരു വിജ്ഞാന സമ്പദ്ഘടന കെട്ടിപ്പടുക്കാനുള്ള ആഗ്രഹം കേരളത്തിന്റെ മാനവിക വികസന നേട്ടങ്ങളിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യയുടെ തന്നെ വികസന കാഴ്ചപ്പാടിന്റെ ബദലാണ് കേരളം ഉയർത്തിക്കൊണ്ടുവന്നിട്ടുള്ളതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. വികസനവും പുരോഗതിയും കൈവരിക്കപ്പെടേണ്ടത്, അതുവരെ ആർജിച്ച നേട്ടങ്ങൾ നിരന്തരം നവീകരിച്ചുകൊണ്ടാകണമെന്നത് ആധുനിക ലോകത്തിന്റെ അനിവാര്യതയാണ്. അവിടെ ചില പിന്തിരിപ്പൻ നിലപാടുകൾ ഉപേക്ഷിക്കേണ്ടിവരും. അത്തരം വിട്ടുവീഴ്ചകളിലൂടെയാണ് കേരളം നേട്ടങ്ങൾ കൈവരിച്ചത്. ഈ അടിസ്ഥാനത്തിൽ നവകേരളത്തെ കൂടുതൽ മുന്നോട്ടേക്ക് കൊണ്ടുപോകുന്നതിന് വിഷൻ 2031 പുതിയ ഊർജമാകുമെന്നതിൽ സംശയമില്ല.

Exit mobile version