Site iconSite icon Janayugom Online

അറിയാനുള്ള അവകാശവും മാധ്യമസ്വാതന്ത്ര്യവും തടയപ്പെടുമ്പോൾ

നങ്ങളുടെ അറിയാനുള്ള അവകാശവും അതുപോലെ അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനൽകുന്നതാണ്. എങ്കിലും ഔദ്യോഗിക രഹസ്യ നിയമം പോലുള്ളവയുടെ ചട്ടക്കൂട് ഉപയോഗിച്ച് സർക്കാർ സംവിധാനങ്ങളുടെ വിവരങ്ങൾ പൗരന്മാർക്ക് ലഭിക്കുന്നത് രാജ്യത്ത് തടയപ്പെട്ടിരുന്നു. തങ്ങൾക്ക് സർക്കാരിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങളും ആനുകൂല്യങ്ങളും പോലും ഇത്തരം നിയമങ്ങളുടെ മറപിടിച്ച് തടയപ്പെടുന്ന സാഹചര്യം നിലനിന്നുപോന്നു. ഈ ഘട്ടത്തിലാണ് ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് പ്രസ്തുത സർക്കാരിനെ പിന്തുണച്ചിരുന്ന ഇടതുപാർട്ടികളുടെ നിർബന്ധത്തെ തുടർന്ന് 2005ൽ വിവരാവകാശ നിയമം പ്രാബല്യത്തിലായത്. എന്നാൽ പല വിധത്തിലും വിവരാവകാശ നിയമത്തെയും നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങളെയും ദുർബലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുണ്ടായി. അതുപോലെതന്നെ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിനും വിവരങ്ങൾ ലഭിക്കുന്നതിനുള്ള മറ്റൊരുപാധിയായ മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിനും നീക്കങ്ങൾ നടക്കുന്നു. അതിന്റെ രണ്ട് ഉദാഹരണങ്ങളാണ് വിവരാവകാശ കമ്മിഷൻ മേധാവി സ്ഥാനം ഉൾപ്പെടെ ഒഴിഞ്ഞുകിടക്കുന്നതും അഡാനി ഗ്രൂപ്പിനെതിരായ വാർത്തകൾ നീക്കണമെന്ന കേന്ദ്ര വാർത്താവിനിയമ വകുപ്പിന്റെ നിർദേശവും. അഡാനി ഗ്രൂപ്പ് നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ ആവിർഭാവത്തോടെ ശക്തി പ്രാപിച്ച കോർപറേറ്റ് സംരംഭമാണ്. അതുകൊണ്ടുതന്നെ നരേന്ദ്ര മോഡി അധികാരത്തിലേറിയതിനുശേഷം അവർക്ക് വഴിവിട്ട നിരവധി സഹായങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. സ്ഥാപനപരമായ സൗകര്യങ്ങളും പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനുള്ള അവകാശങ്ങളും നൽകുന്നു എന്നതിനൊപ്പംതന്നെ അവരുടെ ക്രമക്കേടുകളോ അവിഹിത നടപടികളോ റിപ്പോർട്ട് ചെയ്യുന്നതിനും വിലക്കേർപ്പെടുത്തി വെള്ളപൂശുന്നതിന് ശ്രമിക്കുന്നു. യുഎസിൽ അഡാനിക്കെതിരെയുണ്ടായ തട്ടിപ്പ് കേസ് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കുനേരെ നേരത്തെ കേന്ദ്ര സർക്കാരിൽ നിന്ന് നടപടികൾക്ക് ശ്രമങ്ങളുണ്ടായിരുന്നതാണ്.

ഇതിന് പിന്നാലെയാണ് അസമിലെ ഖനി സമ്പത്തും മറ്റ് പ്രകൃതി വിഭവങ്ങളുമടങ്ങിയ ഭൂമി അനധികൃതമായി കയ്യടക്കിയ നടപടി സംബന്ധിച്ച വാർത്തകൾ നീക്കണമെന്ന നിർദേശമുണ്ടായിരിക്കുന്നത്. ന്യൂസ് ലോൺട്രി, ദി വയർ, എച്ച്ഡബ്ല്യു ന്യൂസ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്കും പരഞ്ജോയ് ഗുഹ താകുർത്ത, അജിത് അഞ്ജും, രവീഷ് കുമാർ തുടങ്ങിയ പത്രപ്രവർത്തകർക്കും കൊമേഡിയൻ ആകാശ് ബാനർജിക്കും അതുപോലെ 138 യുട്യൂബ് ലിങ്കുകളും 83 ഇൻസ്റ്റാഗ്രാം പോസ്റ്റുകളും നീക്കം ചെയ്യാനും നിർദേശം നൽകിയിരിക്കുകയാണ്. അ ഡാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ വ്യവസ്ഥാപിതമല്ലാത്ത നടപടിയിലൂടെയാണ് ഡൽഹി ഹൈക്കോടതി ഉത്തരവുണ്ടായത്. എതിർകക്ഷികളെയെല്ലാം കേൾക്കാതെയുണ്ടായ ഉത്തരവിനെതിരെ ബന്ധപ്പെട്ട കക്ഷികൾ ഹർജി നൽകിയിരിക്കുകയുമാണ്. ഇതിനിടയിലാണ് കേന്ദ്ര മന്ത്രാലയത്തിൽ നിന്ന് ഏകപക്ഷീയ നിർദേശം പുറപ്പെടുവിച്ചത്. ഇതിനെതിരെ മാധ്യമപ്രവർത്തകരുടെ വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയുടെയും കേന്ദ്ര വാർത്താവിനിയമ വകുപ്പിന്റെയും നടപടി മാധ്യമ സെൻസർഷിപ്പിന്റെയും അഭിപ്രായ സ്വാതന്ത്ര്യ നിയന്ത്രണത്തിനുമുള്ള ചുവടുവയ്പാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഉൾപ്പെടെ സംഘടനകൾ കുറ്റപ്പെടുത്തുന്നുണ്ട്.

അതുപോലെതന്നെയാണ് വിവരാവകാശ കമ്മിഷനെ ദുർബലപ്പെടുത്തുന്ന സമീപനം. യുപിഎ സർക്കാരിന്റെ കാലത്തുകൊണ്ടുവന്ന വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കുന്നതിനും പ്രവർത്തനങ്ങൾ ദുർബലപ്പെടുത്തുന്നതിനും നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതുമുതൽ ശ്രമിച്ചുവരുന്നുണ്ട്. നിയമത്തിലെ വകുപ്പുകളെയും ചട്ടങ്ങളെയും ദുർവ്യാഖ്യാനം ചെയ്ത് വിവരങ്ങൾ നൽകാത്ത നടപടി ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കമ്മിഷണർമാരും മതിയായ സംവിധാനങ്ങളുമില്ലാത്തതിനാൽ ഏകദേശം 26,000ത്തിലധികം അപേക്ഷകളും അപ്പീൽ ഹർജികളും കെട്ടിക്കിടിക്കുന്നുവെന്നും അധ്യക്ഷനെ നിയമിക്കുന്നിൽ അലംഭാവം കാട്ടുന്നുവെന്നുമാണ് കേന്ദ്ര വിവരാവകാശ കമ്മിഷൻ (സിഐസി) സംബന്ധിച്ച ഏറ്റവും പുതിയ വാർത്ത. ഒരു വർഷത്തിലധികമായി എട്ട് കമ്മിഷണർമാരുടെ തസ്തിക കേന്ദ്ര വിവരാവകാശ കമ്മിഷനിൽ ഒഴിഞ്ഞുകിടക്കുകയാണ്. ഇവ നികത്തുന്നതിന് ഒരു വർഷം മുമ്പ് അപേക്ഷ ക്ഷണിച്ച് നടപടികൾ തുടങ്ങിയെങ്കിലും നിയമനമായിട്ടില്ല. ഇതിന് പുറമേയാണ് അധ്യക്ഷ പദവിയും ഒഴിഞ്ഞിരിക്കുന്നത്. 11 വർഷത്തിനിടെ ഏഴാം തവണയാണ് അധ്യക്ഷ പദി ഒഴിഞ്ഞു കിടക്കുന്നത്. അധ്യക്ഷനായ ഹീരാലാൽ സമരിയ കഴിഞ്ഞയാഴ്ച വിരമിച്ചതോടെയാണ് ഇത്തവണ ഒഴിവുണ്ടായത്. ഇത് മുൻകൂട്ടി കണ്ട് മേയ് മാസം അപേക്ഷ ക്ഷണിച്ചുവെങ്കിലും അനന്തര നടപടികൾ പൂർത്തിയാക്കിയില്ല. ഈ വിധത്തിൽ വിവരാവകാശ കമ്മിഷനെ നോക്കുകുത്തിയും ദുർബലവുമാക്കുകയാണ് ബിജെപി സർക്കാർ. ഭരണഘടന നൽകുന്ന അഭിപ്രായ, വിവരാവകാശ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന കേന്ദ്ര സമീപനമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. യഥാർത്ഥത്തിൽ സ്വേച്ഛാധിപത്യ സർക്കാരുകൾ അഭിപ്രായങ്ങളെയും വിവരവിനിമയത്തെയും ഭയപ്പെടുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ രണ്ട് സമീപനങ്ങളും.

Exit mobile version