പശ്ചിമേഷ്യയിലെ മറ്റൊരു രാജ്യം കൂടി യുഎസ് സഖ്യ ശക്തികളുടെ കുതന്ത്രങ്ങളുടെ ഫലമായി സംഘർഷാത്മക സാഹചര്യത്തിലെത്തുകയും നിലവിലുള്ള ഭരണം തകർക്കപ്പെടുകയും ചെയ്തിരിക്കുന്നു. സിറിയയിലാണ് വിമത നീക്കങ്ങൾക്കും വർഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധത്തിനുമൊടുവിൽ ബാഷർ അൽ അസദ് ഭരണം ഇല്ലാതായിരിക്കുന്നത്. 2011 മുതലാണ് യുഎസ് പിന്തുണയോടെ വിമതർ രാജ്യത്ത് ആഭ്യന്തര യുദ്ധമാരംഭിച്ചത്. ഇതിന് പിന്നാലെ യുഎസും സഖ്യകക്ഷികളും രാജ്യത്തിനെതിരെ ഉപരോധങ്ങളും ഏർപ്പെടുത്തി. ആഭ്യന്തര യുദ്ധവും ഉപരോധങ്ങളും പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും രാജ്യം റഷ്യയുടെയും ഇറാന്റെയുമൊക്കെ പിന്തുണയോടെ പിടിച്ചുനിൽക്കുവാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇസ്രയേൽ ഉൾപ്പെടെ രാജ്യങ്ങൾ യുഎസിനൊപ്പം സിറിയൻ വിമതർക്ക് ചെല്ലും ചെലവും നൽകി സഹായിക്കുന്നതിന് മുന്നിൽ പിടിച്ചുനിൽക്കാൻ പലപ്പോഴും രാജ്യം പ്രയാസപ്പെട്ടു. ഹമ, ഹോംസ്, അലപ്പോ തുടങ്ങിയ പ്രധാന നഗരങ്ങൾ വിമതരുടെ കയ്യിലാവുകയും ചെയ്തു. 1940കളിലാണ് അറബ് സോഷ്യലിസ്റ്റുകളെന്നറിയപ്പെടുന്ന ബാത്ത് പാർട്ടി രൂപംകൊള്ളുന്നത്. 1963ൽ ബാത്ത് പാർട്ടി സിറിയയുടെ ഭരണത്തിലെത്തി. എന്നാൽ സിറിയൻ ബാത്ത് പാർട്ടിക്കകത്ത് ആ ദശകത്തിന്റെ അവസാനത്തോടെ ദേശീയ വാദികളും പുരോഗമന വാദികളും തമ്മിലുള്ള വൈരുദ്ധ്യം രൂപപ്പെടുകയും മൂർച്ഛിക്കുകയും ചെയ്തു. ഇതേത്തുടർന്ന് 1970ലാണ് ഇപ്പോൾ രാജ്യം വിട്ട പ്രസിഡന്റ് ബാഷർ അൽ അസദിന്റെ പിതാവ് ഹഫീസ് അൽ അസദ് അധികാരത്തിലെത്തുന്നത്.
ഐക്യം, സ്വാതന്ത്ര്യം, സോഷ്യലിസം എന്ന ബാത്ത് പാർട്ടിയുടെ ആദ്യകാല മുദ്രാവാക്യം അറബ് രാഷ്ട്രീയ പ്രവർത്തകരുടെ ഒരു തലമുറയെ ആകർഷിച്ചിരുന്നു. യൂറോപ്യൻ പിന്തുണയോടെയുള്ള സർക്കാരുകൾക്കും സംഘടനകൾക്കുെമെതിരായ നിലപാടെടുത്ത ബാത്ത് പാർട്ടിയുടെ പിൻഗാമിയായി വന്ന ഹഫീസ് അൽ അസദും സാമ്രാജ്യത്ത്വ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചു. പുരോഗമനപരമായ നയങ്ങൾക്കും എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണത്തിനും മുൻതൂക്കം നൽകുകയും ചെയ്തു. പക്ഷേ ഭരണഘടന ഭേദഗതി ചെയ്ത് ബാത്ത് പാർട്ടിക്കും പ്രവർത്തകർക്കും എല്ലാ മേഖലയിലും മേൽക്കൈ നൽകുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കി. മേഖലയിലെ എണ്ണ സമ്പത്തിലും പ്രകൃതി വിഭവങ്ങളിലും കണ്ണുവച്ച് നിൽക്കുകയായിരുന്ന യുഎസ് ഉൾപ്പെടെ മുതലാളിത്ത രാജ്യങ്ങൾ ഈ അവസരം മുതലെടുക്കുന്നതിന് രാജ്യത്തെ വിമതരെ തേടിയെത്തുകയും അവർക്ക് സഹായങ്ങൾ നൽകി ചെറുതും വലുതുമായ കലാപങ്ങൾ സൃഷ്ടിക്കുകയും ചെയ്തു കൊണ്ടിരുന്നു. 2000ൽ ഹഫീസ് അൽ അസദിന്റെ നിര്യാണത്തോടെ മകൻ ബാഷർ അൽ അസദ് പകരം അവരോധിക്കപ്പെട്ടു. ഇതിനിടെ യഥാർത്ഥ അധികാരം പ്രസിഡന്റ് അസദിന്റെയും കുടുംബത്തിന്റെയും അടുത്ത അനുയായികളുടെയും കൈകളിൽ കേന്ദ്രീകരിക്കപ്പെട്ടതും അഴിമതിയും സ്വജനപക്ഷപാതവും വർധിച്ചതും വിമതർക്ക് വളമേകുന്നതായി.
ബാഷറിന്റെ ഭരണം തുടങ്ങി അധികകാലം കഴിയുന്നതിന് മുമ്പുതന്നെ വിമതർ യുഎസ് പിന്തുണയോടെ ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ആരംഭിക്കുകയും ചില പ്രദേശങ്ങൾ കയ്യടക്കുകയും ചെയ്തിരുന്നു. അൽഖ്വയ്ദയുമായി ബന്ധപ്പെട്ട അൽ നുസ്ര ഫ്രണ്ട് എന്നറിയപ്പെടുന്ന ഹയാത് തഹ്റിർ അൽ ഷാം (എച്ച്ടിഎസ്) പ്രവർത്തകർക്ക് നല്ലതുപോലെ വിദേശ സഹായവും ലഭിക്കുന്നുണ്ടായിരുന്നു. യഥാർത്ഥത്തിൽ ഇറാനും പലസ്തീനുമെതിരെമുള്ള ഇസ്രയേലിന്റെ അതിക്രമങ്ങളിൽ പലതും സിറിയൻ വിമതർക്കുള്ള സഹായം കൂടിയായിരുന്നു. സിറിയൻ സൈനിക സംവിധാനങ്ങൾ, സിറിയയിലെ ഇറാന്റെ വിതരണ ശൃംഖലകൾ തുടങ്ങിയവയ്ക്കുനേരെയുള്ള ആക്രമണങ്ങൾ ഫലത്തിൽ സിറിയയെ ദുർബലപ്പെടുത്തുകയും വിമതരെ സഹായിക്കുകയും ചെയ്യുന്നതിനുള്ള ഗൂഢപദ്ധതിയായിരുന്നു. ഉക്രെയ‌്നെതിരായ യുദ്ധത്തിനിടെ റഷ്യക്ക് സിറിയയുടെ കാര്യത്തിൽ ശ്രദ്ധപതിപ്പിക്കുവാൻ കഴിയാതെ പോയതും വിമതർക്ക് കരുത്തേകി. ഇതെല്ലാമാണ് അരനൂറ്റാണ്ടിലധികം നീണ്ട സിറിയൻ അസദ് ഭരണത്തിന് അന്ത്യം കുറിക്കുന്നതിന് വഴിയൊരുക്കിയത്. പിതാവിന്റേതായാലും മകന്റേതായാലും അസദുമാരുടെ ഭരണത്തിന് ആദ്യകാല നയങ്ങളിൽ നിന്ന് വ്യതിയാനമുണ്ടായെങ്കിലും പശ്ചിമേഷ്യയിലെ യുഎസ് വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചൊരു രാജ്യം കൂടി അവരുടെ പാവയായി മാറുന്നുവെന്ന വൈരുദ്ധ്യം ഇതോടെ സംഭവിക്കുകയാണ്. ഇറാഖിന് പിറകേ ഇറാനെയും സിറിയയെയും ഞെരുക്കുക എന്നത് യുഎസ്, സഖ്യകക്ഷി താല്പര്യങ്ങളുടെ ലക്ഷ്യമായിരുന്നു. ഇപ്പോൾ സിറിയയിലും സാമ്രാജ്യത്വ ശക്തികൾ അത് നേടിയിരിക്കുന്നു. പക്ഷേ ഇതിലൂടെ സിറിയയുടെ ആഭ്യന്തര പ്രശ്നങ്ങൾ അവസാനിക്കുമെന്ന് കരുതാനാവില്ല. അഫ്ഗാനിസ്ഥാന്റെ അനുഭവം ഇവിടെ ഓർക്കാവുന്നതാണ്. സിറിയയിൽ ഐഎസിന്റെയും വടക്കൻ കുർദിഷ് ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ ഇനിയും സംഘർഷങ്ങൾ ഉണ്ടാകും. മറ്റ് പല ഗ്രൂപ്പുകളും അതുപോലെ മേഖലയിലുണ്ട്. അവയും ഭാഗമാകുന്നതോടെ സംഘർഷം കൂടുകയേ ഉള്ളൂ. ആയുധ വ്യാപാരവും വിഭവക്കൊള്ളയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന യുഎസിനും സഖ്യകക്ഷികൾക്കും അതാണ് ആവശ്യവും.