Site iconSite icon Janayugom Online

രാജ്യതലസ്ഥാനം ജനാധിപത്യ പരീക്ഷണശാലയാകുമോ !

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജി പ്രഖ്യാപനം സൃഷ്ടിച്ച പ്രകമ്പനത്തിന്റെ അലയടി ഇനിയും കെട്ടടങ്ങിയിട്ടില്ല. ഡൽഹി മദ്യനയക്കേസിൽ ജാമ്യം കിട്ടിയ കെജ്‌രിവാൾ ഞായറാഴ്ചയാണ് താൻ 48 മണിക്കൂറിനുള്ളിൽ രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. അതനുസരിച്ച് അദ്ദേഹം ഇന്നലെ ലെഫ്റ്റനന്റ് ഗവർണറെ സന്ദർശിച്ച് രാജിക്കത്ത് നല്‍കി. ഇതിനിടയിൽ എംഎൽഎമാരുടെ യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയായി അതിഷി മർലേനയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു കൊണ്ട് എതിരാളികളെ ആം ആദ്മി പാർട്ടി വീണ്ടും അത്ഭുതപ്പെടുത്തി. തന്റെ നിരപരാധിത്വം ജനകീയ കോടതിയിൽ തെളിയിച്ച് അഗ്നിശുദ്ധി വരുത്തിയ ശേഷമേ താനിനി മുഖ്യമന്ത്രിപദത്തിലേക്കുള്ളുവെന്ന് കെജ്‌രിവാൾ നടത്തിയ പ്രഖ്യാപനം ബിജെപിക്കുള്ള മുന്നറിയിപ്പാണെന്നതിൽ തർക്കമില്ല. അടുത്ത വർഷം ഫെബ്രുവരി വരെ കാലാവധിയുള്ളതാണ് കെജ്‌രിവാള്‍ ഭരണകൂടം. മദ്യനയവുമായി ബന്ധപ്പെട്ട് ഇഡിയും സിബിഐയും രജിസ്റ്റർ ചെയ്ത കേസുകളിൽ ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും മുഖ്യമന്ത്രി എന്ന നിലയിൽ ഓഫിസിൽ പോകാനോ ഫയലുകളിൽ ഒപ്പിടാനോ ജാമ്യവ്യവസ്ഥ പ്രകാരം കഴിയില്ല. ഭരണപ്രതിസന്ധി ഒഴിവാക്കാൻ രാജിയാണ് ഉചിതം എന്നതിനാലാണ് അദ്ദേഹം രാജിവച്ചതും പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതും. അനിശ്ചിതത്വം തുടർന്നാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി കുതന്ത്രങ്ങളിലൂടെ അധികാരം കെെക്കലാക്കാന്‍ തക്കം പാർത്തിരിക്കുകയായിരുന്നു കേന്ദ്രം. മോഡിയുടെ ആ മോഹവും പാളി. ജനാധിപത്യപരമായി അധികാരത്തിലേറിയ ബിജെപിയിതര സർക്കാരുകളെ ഭരിക്കാൻ അനുവദിക്കാത്ത നിലപാടാണ് കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റേത്. സാമ്പത്തികമായി ഞെരുക്കിയും, ഇഡിയെയും സിബിഐയെയും മറ്റ് കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് ഭരണത്തെ തകർക്കുകയും ചെയ്യുക എന്നത് കേന്ദ്രത്തിന്റെ നയമാണ്. നേരെമറിച്ച് എത്ര അഴിമതി കാട്ടിയാലും ബിജെപിയോടു ചേർന്ന് നിന്നാൽ അവർ സുരക്ഷിതരായിരിക്കും. എത്രയോ കാലമായി നാം കണ്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അശ്ലീല നാടകമാണിത്. 

കോൺഗ്രസ് ഭരണകാലത്ത് അണ്ണാഹസാരെയെ മുൻനിർത്തി നടത്തിയ അഴിമതിവിരുദ്ധ പോരാട്ടത്തിൽ നിന്ന് പിറന്നതാണ് അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി. അതിന്റെ നേതാവിനെയും അഴിമതിയിൽ കുരുക്കി വിശ്വാസ്യത തകർക്കാൻ ബിജെപി എന്തെല്ലാം നീക്കങ്ങളാണ് നടത്തിയതെന്ന് രാജ്യം കണ്ടു. ‘വെടക്കാക്കി തനിക്കാക്കുക’ എന്ന തന്ത്രം നന്നായി പയറ്റുന്നവരാണ് ബിജെപി. യഥാർത്ഥത്തിൽ കെജ്‌രിവാളിനെ രാജിവയ്പിക്കാനാണ് ജയിലിലടച്ചത്. എന്നാല്‍ അദ്ദേഹം രാജിവയ്ക്കാൻ കൂട്ടാക്കാതെ വന്നതോടെ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍ തെ­റ്റി. ഒടുവിൽ സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത് നല്ല അവസരമായി കെജ്‌രിവാൾ കണക്കുകൂട്ടി. ഈയവസരത്തില്‍ അണികളെ ഉണര്‍ത്താനും ആത്മവിശ്വാസം പകരാനും കഴിയുമെന്ന് അദ്ദേഹം കരുതുന്നു. അധികാരത്തിൽ നിന്ന് പുറത്തുവരുന്ന കെജ്‌രിവാളിനും എഎപിക്കും വരാൻ പോകുന്ന നാളുകൾ നിർണായകമാണ്. നവംബറിൽ നടക്കുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനോടൊപ്പം ഡൽഹിയിലും തെരഞ്ഞെടുപ്പു നടത്തണമെന്നാണ് കെജ്‌രിവാൾ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടത്. ഉടനടി ഒരു തെരഞ്ഞെടുപ്പ് നടത്തുന്നത് ബുദ്ധിപൂർവമാണെന്ന് ബിജെപി കേന്ദ്രങ്ങൾക്ക് തോന്നാനിടയില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഫെബ്രുവരിയിലേക്ക് നീണ്ടുപോകാനാണ് സാധ്യത. അഴിമതിക്കെതിരെ പട നയിച്ച് അധികാരത്തിലേക്ക് വന്ന കെജ്‌രിവാൾ അഴിമതിയുടെ പേരിൽ ആറ് മാസം ജയിലിൽ കഴിയേണ്ടി വന്നത് വിരോധാഭാസമാണ്. അഴിമതിക്കറ ജനങ്ങളുടെ കോടതിയിലെ അഗ്നിപരീക്ഷയിലൂടെ ശുദ്ധീകരിക്കുമെന്ന് അദ്ദേഹം പറയുന്നത് അതുകൊണ്ടാണ്. 

അതെന്തുമാകട്ടെ ബിജെപിക്കെതിരായ പോരാട്ടത്തിൽ ഇത്തരം വീമ്പുപറച്ചിൽ കൊണ്ടു മാത്രം രക്ഷപ്പെടുമെന്ന് കരുതാനാകില്ല. അധികാരത്തിന്റെ സർവശക്തിയും പ്രയോഗിച്ച് എതിരാളികളെ തകർക്കാൻ മടിയില്ലാത്തവരാണ് ബിജെപി-സംഘ്പരിവാര്‍ ശക്തികള്‍. അമിതാധികാരവും പ്രചരണ സംവിധാനവും ഭരണഘടനാസ്ഥാപനങ്ങളും അവരുടെ ചൊല്പടിക്കു നില്‍ക്കുമ്പോൾ അതിനെ നേരിടാൻ ശക്തമായ പ്രതിരോധനിര തന്നെ പടുത്തുയര്‍ത്തേണ്ടതുണ്ട്. എഎപിയുടെ അമിതമായ ആത്മവിശ്വാസം അവർക്ക് തുണയാകുമോ എന്ന് കണ്ടറിയണം. ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിൽ നില്‍ക്കുന്ന എഎപി, ഹരിയന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം നിലയിലാണ് മത്സരിക്കുന്നത്. ഭിന്നിച്ചു നില്‍ക്കുന്നതിന്റെ ഗുണം ആർക്കു കിട്ടുമെന്ന് കണ്ടറിയണം. കേവലം നാലോ അഞ്ചോ സീറ്റിന്റെ പേരിൽ തലതല്ലിക്കീറലല്ല ആവശ്യം. വരാൻ പോകുന്ന തെരഞ്ഞെടുപ്പുകൾ കേന്ദ്രത്തിന്റെ നിലനില്പിനെത്തന്നെ ചോദ്യം ചെയ്യുന്നവയാണ്. സ്വന്തമായി ഭൂരിപക്ഷമില്ലാത്ത ബിജെപി ഭരണം ഉറപ്പുള്ളതല്ലെന്ന നല്ല ബോധ്യം അവർക്കുമുണ്ടാകും. ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തുന്നതിലൂടെ കേന്ദ്രഭരണത്തിന്റെ സ്വേച്ഛാമനോനില തെറ്റിക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. എഎപിയും ഇന്ത്യ സഖ്യവും അത് മനസിലാക്കുമെന്ന് പ്രതീക്ഷിക്കാം. 

Exit mobile version