Site icon Janayugom Online

എന്‍ഡിഎ സ്ത്രീപ്രവേശനം ഔദാര്യമല്ല, അവകാശമാണ്

ദീര്‍ഘകാല നിസംഗതയ്ക്ക് വിരാമമിട്ട് ദേശീയ പ്രതിരോധ അക്കാദമി (എന്‍ഡിഎ) പ്രവേശനത്തിന് യോഗ്യരായ സ്ത്രീകള്‍ക്ക് അവസരം നല്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി സുപ്രീം കോടതി­യെ അറിയിച്ചു. ഈ തീരുമാനം ഔപചാരികമാകുന്നതോടെ 12-ാം ക്ലാസ് പാസായ വനിതകള്‍ക്ക് നാളിതുവരെ പുരുഷന്മാരുടെ കോട്ടയായി കരുതപ്പെട്ടിരുന്ന സായുധസേനയില്‍ ഔദ്യോഗിക ജീവിതത്തിന് വഴിയൊരുങ്ങും. കരസേനയില്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാരായി നിയമിക്കപ്പെടണമെന്ന ആവശ്യം ദീര്‍ഘകാലമായി സ്ത്രീകള്‍ ഉന്നയിച്ചുപോന്നിരുന്നതാണ്. പുരുഷാധിപത്യം കൊടികുത്തിവാഴുന്ന ഭരണനേതൃത്വവും സൈനിക നേതൃത്വവും സ്ത്രീകളുടെ ന്യായമായ ഈ ആവശ്യത്തോട് നാളിതുവരെ മുഖംതിരിച്ചു പോരുകയായിരുന്നു. സ്ത്രീകള്‍ക്ക് സൈന്യത്തില്‍ പെര്‍മനന്‍ന്റ് കമ്മിഷന്‍ നല്കാന്‍ നിര്‍ദ്ദേശം നല്കണമെന്ന അഭിഭാഷകന്‍ കുഷ്‌ കല്‍റയുടെ സുപ്രീം കോടതി വ്യവഹാരം സര്‍ക്കാരിന്റെയും സൈനിക നേതൃത്വത്തിന്റെയും സ്ത്രീവിരുദ്ധവും വിവേചനപരവുമായ സമീപനത്തെയും കാഴ്ചപ്പാടിനെയും തുറന്നുകാണിക്കുന്നതായി. സ്ത്രീകള്‍ ശരീരശാസ്ത്രപരമായി പുരുഷന്മാരെക്കാള്‍ ദുര്‍ബലരും അവര്‍ ഒരുമിച്ച് വിദ്യാഭ്യാസം നടത്തുന്നത് അസ്വഭാവികമായും വ്യാഖ്യാനിക്കുന്നത് അസംബന്ധമാണെന്ന് പരമോന്നത കോടതി നിരീക്ഷിച്ചിരുന്നു.

സ്ത്രീകള്‍ക്ക് ദേശീയ പ്രതിരോധ അക്കാദമിയില്‍ പ്രവേശനം നിഷേധിക്കുന്നത് കേവലം ലിംഗനീതിയുടെ പ്രശ്നമല്ലെന്നും അത് അവരുടെ കഴിവുകളുടെ നിരാസവും വിവേചനപരവും ഭരണഘടന ലിംഗഭേദം കൂടാതെ പൗരന്മാര്‍ക്ക് ഉറപ്പു നല്കുന്ന തുല്യനീതിയുടെ ലംഘനവുമാണെന്ന് കോടതി വിലയിരുത്തിയിരുന്നു. ഓഗസ്റ്റ് 18ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സെപ്റ്റംബര്‍ അഞ്ചിന്റെ നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്കി. പരമോന്നത കോടതിയുടെ ഇടപെടലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം നിര്‍ബന്ധിതമാക്കിയത്. എന്നിരിക്കിലും, ഉത്തരവ് നടപ്പാക്കുന്നതിന് ഇക്കൊല്ലം ഇളവ് അനുവദിക്കണമെന്ന് കേന്ദ്രം അഭ്യ­ര്‍ത്ഥിക്കുന്നു. മതിയായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനുള്ള സാവകാശമാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

തീവ്രഹിന്ദുത്വരാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയും മനുവാദത്തില്‍ അ­ധിഷ്ഠിതമായ ലിംഗനീതിയുടെയും അടിസ്ഥാനത്തിലാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ നയ സമീപനങ്ങള്‍ രൂപീകരിക്കുന്നതും നടപ്പാക്കുന്നതും. അതാവട്ടെ സമകാലിക ഇന്ത്യന്‍, ലോകയാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് സ്ത്രീകള്‍ ജീവിതത്തിന്റെ സമസ്ത തുറകളിലും കാഴ്ചവയ്ക്കുന്ന മിന്നുന്ന പ്രകടനം സാക്ഷ്യപ്പെടുത്തുന്നു. പെണ്‍ ഭ്രൂണഹത്യ മുതല്‍ ഇങ്ങോട്ട് ജീവിതത്തിലുടനീളം കടുത്ത വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും വിധേയമാണ് ഇന്ത്യന്‍ സ്ത്രീത്വം. ആ യാഥാര്‍ത്ഥ്യത്തെ മതത്തിന്റെയും ദൈവത്തിന്റെയും മാതൃത്വത്തിന്റെയും പ്രതിബിംബങ്ങള്‍ ഉയര്‍ത്തിക്കാട്ടി മറച്ചുവയ്ക്കാനാണ് മതങ്ങളും മതാധിഷ്ഠിത പ്രതിലോമ രാഷ്ട്രീയവ്യവഹാരവും എക്കാലത്തും ശ്രമിച്ചു പോന്നിട്ടുള്ളത്. നാടിന്റെ സാമ്പത്തിക പുരോഗതിയിക്കും സമാധാനപൂര്‍ണമായ വികാസത്തിനും അവര്‍ നല്കുന്ന സംഭാവനകള്‍ക്ക് അര്‍ഹമായ പരിഗണനയോ അംഗീകാരമോ ലഭിക്കുന്നില്ല. ലോകത്തിലെ എല്ലാ തൊഴിലുകളുടെയും മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്കൂള്‍തല അധ്യാപകവൃത്തിയില്‍ പൊതു സ്കൂളുകളില്‍ 76 ശതമാനവും വനിതകളാണെന്ന വസ്തുതതയില്‍ നിന്നുവേണം സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനത്തെയും പദവിയെയും പറ്റിയുള്ള അന്വേഷണം ആരംഭിക്കാന്‍. ആരോഗ്യപരിപാലനത്തിന്റെ നട്ടെല്ലെന്നാണ് നഴ്സുമാര്‍ വിശേഷിപ്പിക്കപ്പെടുന്നത്.

ഇന്ത്യയില്‍ സ്ത്രീ-പുരുഷ നഴ്സ് അനുപാതം യഥാക്രമം 80:20 ആണെന്നത് ആ രംഗത്തെ സ്ത്രീകളുടെ ആധിപത്യമാണ് സൂചിപ്പിക്കുന്നത്. 2018–19 ലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച് രാജ്യത്തെ വനിത അലോപ്പതി ഡോക്ടര്‍മാരുടെ ശതമാനം കേവലം 17 ആയിരുന്നെങ്കില്‍ വരും വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരില്‍ ഭൂരിപക്ഷവും വനിതകളായിരിക്കുമെന്നാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജിലുള്ള 51 ശതമാനം പെണ്‍കുട്ടികള്‍ നല്കുന്ന സൂചന. മുതിര്‍ന്ന മാനേജര്‍മാരുടെ 39 ശതമാനം സ്ത്രീകളുള്ള ഇന്ത്യ അക്കാര്യത്തില്‍ ലോകശരാശരിയായ 31 ശതമാനത്തെക്കാള്‍ ഏറെ മുന്നിലാണ്.

 


ഇതുകൂടി വായിക്കു:  സമൂഹം വിഡ്ഢികളാക്കപ്പെടരുത്


 

ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇന്ത്യന്‍ വനിതകള്‍ക്കുള്ള പങ്കാളിത്തവും മേല്‍ക്കൈയും വ്യക്തമാക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ സ്ഥലപരിമിതിമൂലം ഇവിടെ നിരത്താനാവില്ല. സ്വതന്ത്ര ഇന്ത്യയില്‍ സ്ത്രീകള്‍‍ കൈവരിച്ച അഭൂതപൂര്‍വമായ ഈ നേട്ടങ്ങളെ നിഷ്‌‌പ്രഭമാക്കുന്ന വിവേചനവും പുരുഷാധിപത്യ സംസ്കാരവും തുറന്നുകാട്ടാന്‍ പരമോന്നത നീതിപീഠത്തിന്റെ ഇടപെടല്‍ ആവശ്യമായിവന്നു എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും രാഷ്ട്രനേതൃത്വത്തിന്റെയും പരിമിതിയും വൈകല്യവുമാണ് തുറന്നു കാട്ടുന്നത്. രാഷ്ട്രജീവിതത്തിന്റെ എല്ലാ മേഖലകളും സ്ത്രീകള്‍ക്കായി തുറന്നിടുക എന്നത് പുരുഷന്മാരുടെയും പുരുഷാധിപത്യ സംസ്കാരത്തിന്റെയും ഔദാര്യമല്ല. മറിച്ച്, അത് സ്ത്രീയുടെ തുല്യതയ്ക്കു വേണ്ടിയുള്ള ജന്മാവകാശമാണ്.

Exit mobile version