പണപ്പെരുപ്പവും അതുവഴിയുണ്ടാകുന്ന വിലക്കയറ്റവും ഏറ്റവും പെട്ടെന്ന് ബാധിച്ചേക്കാവുന്ന ഉപഭോക്തൃ സംസ്ഥാനമാണ് കേരളം. അതുമനസിലാക്കി ശക്തമായ പൊതുവിതരണ സംവിധാനം, പ്രത്യേകിച്ച് ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്ത് സൃഷ്ടിക്കപ്പെട്ടിരുന്നു എന്നതിനാല്‍ ആഘാതം വളരെയധികം കുറയ്ക്കുവാന്‍ സാധിക്കുന്നുണ്ട്. റേഷന്‍ കടകള്‍ക്ക് പുറമേ മാവേലി സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിങ്ങനെ വിതരണ ശൃംഖലകള്‍ സൃഷ്ടിച്ചും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള ശക്തമായ ശ്രമങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് ഭക്ഷ്യ‑പൊതു വിതരണ വകുപ്പ് ശ്ലാഘനീയമായ രീതിയില്‍ നടത്തിവരുന്നു. കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങളെ പട്ടിണിക്കിടാതെ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍, പ്രത്യേകിച്ച് ഭക്ഷ്യ‑പൊതു വിതരണ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലാ കോണുകളില്‍ നിന്നും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നതാണ്. അതേസമയം തന്നെ സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാറുള്ളതെന്നത് വസ്തുതയാണ്. കേരളീയര്‍ ആഹാരത്തിനായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അരി വിഹിതത്തിലും ഗോതമ്പിന്റെ അളവിലും കുറവ് വരുത്തി പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. അതിനൊപ്പംതന്നെ വലിയൊരു വിഭാഗം തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്ന മണ്ണെണ്ണയുടെ വിഹിതത്തിലും കുറവ് വരുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഇതുകൂടി വായിക്കു; റേഷൻ വിഹിതം പകുതിയായി വെട്ടിക്കുറച്ചു, മണ്ണെണ്ണ കുറയ്ക്കരുത്: കേരളം
2013ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കുന്നതിന് മുമ്പ് പ്രതിവര്‍ഷം 16 ലക്ഷം മെട്രിക് ടണ്‍ ധാന്യമാണ് സംസ്ഥാനത്തിന് ലഭിച്ചിരുന്നത്. 2011ലെ കാനേഷുമാരി അടിസ്ഥാനമാക്കി അത് 14.25 ലക്ഷം മെട്രിക് ടണ്ണായി കുറച്ചു. നിയമത്തിന്റെ അടിസ്ഥാനത്തില്‍ 46.34 ശതമാനം ജനങ്ങളും എഎവൈ, പിഎഎച്ച് വിഭാഗത്തില്‍പ്പെടുന്നവരാണ്. അതാകട്ടെ 2011ലെ കാനേഷുമാരി അടിസ്ഥാനമാക്കി നിശ്ചയിക്കപ്പെട്ടതുമാണ്. മുന്‍ഗണനാ വിഭാഗത്തിന് പുറത്തുള്ള 53.66 ശതമാനത്തിന് ലഭിക്കുന്ന 33,294.198 മെട്രിക് ടണ്‍ ഭക്ഷ്യധാന്യ വിഹിതം തികയാതെ വരുന്നതിനാല്‍ പലപ്പോഴും അധിക വില നല്കി വാങ്ങുന്ന ധാന്യങ്ങള്‍ കാര്‍ഡുടമകള്‍ക്ക് നല്കേണ്ടി വരികയാണ്. കോവിഡ് കാലത്ത് കിലോയ്ക്ക് 20 മുതല്‍ 22.50 രൂപ വരെ നല്കി എഫ്‌സിഐയില്‍ നിന്ന് വാങ്ങിയാണ് മുന്‍ഗണനേതര വിഭാഗത്തിന് സൗജന്യമായും 15 രൂപ നിരക്കിലും ധാന്യം വിതരണം ചെയ്യേണ്ടി വന്നത്. സാധാരണ നിലയില്‍ 2021ല്‍ വീണ്ടും കാനേഷുമാരി നടത്തേണ്ടതാണെങ്കിലും അതിനുള്ള നടപടി ഇതുവരെ ആരംഭിച്ചതുപോലുമില്ല. കാനേഷുമാരി യഥാസമയം നടന്നിട്ടില്ലാത്തതിനാലും സംസ്ഥാനത്ത് ആധാര്‍ ബന്ധിപ്പിച്ചതിന്റെ കണക്കുകളുടെ അടിസ്ഥാനത്തിലും വിഹിതം വര്‍ധിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിന് കേന്ദ്രം തയ്യാറാകുന്നില്ല. ആധാര്‍ ബന്ധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ പോലും 3.53 കോടി ജനങ്ങള്‍ സംസ്ഥാനത്തുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് സംസ്ഥാനത്തിന് വിഹിതം നിഷേധിക്കുന്ന സമീപനം കേന്ദ്രം തുടരുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പുഴുക്കലരി വിഹിതത്തിലും കുറവ് വരുത്തുന്ന സ്ഥിതിയുണ്ടായി.
ഇതുകൂടി വായിക്കു; ബോട്ടുകള്‍ക്ക് മണ്ണെണ്ണയില്ല; മത്സ്യ മേഖലയ്ക്ക് ഇരുട്ടടി
ഇതിന് പിന്നാലെയാണ് സംസ്ഥാനത്തിന് പൊതുവിതരണ സംവിധാനം മുഖേന വിതരണം ചെയ്യുന്ന മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചിരിക്കുന്നത്. മണ്ണെണ്ണ വിഹിതത്തിൽ കേന്ദ്ര സർക്കാർ 50 ശതമാനത്തിന്റെ കുറവ് വരുത്തി. 38.88 ലക്ഷം ലിറ്ററില്‍നിന്ന് 19.44 ലക്ഷം ലിറ്ററാക്കുകയാണ് ചെയ്തിരിക്കുന്നത്. 2021–22ൽ 6480 കിലോ ലിറ്ററായിരുന്ന കേരളത്തിന്റെ പിഡിഎസ് വിഹിതം 2022–23ൽ 3888 കിലോ ലിറ്ററായി കുറച്ചിരുന്നു. ഇപ്പോഴത്തെ കുറവ് കാരണം എഎവൈ, പിഎച്ച്എച്ച് കാർഡുടമകൾക്ക് മാത്രമായി അര ലിറ്റർ മണ്ണെണ്ണ നല്കേണ്ട അവസ്ഥയുണ്ടാകും. മത്സ്യബന്ധനം, കൃഷി, തുടങ്ങിയ ഗാർഹികേതര ആവശ്യങ്ങൾക്കായാണ് കേന്ദ്ര സർക്കാർ നോൺ സബ്സിഡി മണ്ണെണ്ണ വിഹിതം അനുവദിക്കുന്നത്. നോൺ‑സബ്സിഡി മണ്ണെണ്ണ അനുവദിക്കുന്ന കാര്യത്തിലും കേന്ദ്ര സർക്കാർ തടസവാദങ്ങൾ ഉന്നയിക്കുന്നു. നോൺ സബ്സിഡി മണ്ണെണ്ണ വിഹിതം പ്രധാനമായും ഉപയോഗിക്കുന്നത് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ്. ഇത് ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുകയും ചെയ്യുന്നു. മത്സ്യബന്ധന പെർമിറ്റുള്ള 14,332 പേര്‍ക്ക് നല്കുന്നതിന് മാസം 2300 കിലോലിറ്റർ മണ്ണെണ്ണ ആവശ്യമാണ്. സംസ്ഥാനം ആവശ്യപ്പെടുന്ന നോൺ‑സബ്സിഡി മണ്ണെണ്ണ അനുവദിക്കാത്തതു കാരണം മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ നല്കാൻ കഴിയാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന ഭക്ഷ്യ‑പൊതു വിതരണ വകുപ്പ് കേന്ദ്രത്തിന് കത്ത് നല്കിയിട്ടുണ്ട്. മന്ത്രി ജി ആര്‍ അനില്‍ കേന്ദ്ര പെട്രോളിയം മന്ത്രിയെ നേരിട്ടു കാണുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഏതായാലും സംസ്ഥാനത്തെ പല വിധത്തിലും ദോഷകരമായി ബാധിക്കുന്ന തീരുമാനങ്ങളാണ് കേന്ദ്രത്തില്‍ നിന്നുണ്ടാകുന്നത്. ഇത് കേരളത്തോട് കാട്ടുന്ന കടുത്ത അവഗണനയും പ്രതിഷേധാര്‍ഹവുമാണ്.