Site iconSite icon Janayugom Online

പ്രതിപക്ഷത്തിന്റേത് ഭീരുത്വം: കെ രാജന്‍

പ്രതിപക്ഷത്തിന്റെ ഭീരുത്വമാണ് ഇന്നലെ നിയമസഭയില്‍ വെളിവായതെന്ന് റവന്യു മന്ത്രി കെ രാജന്‍. ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രതിപക്ഷം പേടിച്ചുപോകുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. ശബരിമല സ്വര്‍ണക്കൊള്ള ചര്‍ച്ചയാകുമ്പോള്‍, കോണ്‍ക്രീറ്റ് തൂണ് ചിതലരിക്കുമെന്ന് കണ്ടെത്തിയ വിദഗ്ധരുടെ അഭിപ്രായങ്ങളുള്‍പ്പെടെ ചര്‍ച്ചയാകും. തുറന്ന് ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് തയ്യാറാണ്. അതിന്റെ ഫലം എന്താകുമെന്നത് യുഡിഎഫിന് പേടിയാണ്. 30 സെക്കന്റ് കൊണ്ടാണ് 300 വീടുകള്‍ പ്രതിപക്ഷ നേതാവ് ഉണ്ടാക്കിയത്. സഭയില്‍ അതൊന്നും പറയാന്‍ പറ്റില്ലല്ലോയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യവിരുദ്ധമായ നടപടികളാണ് സഭയില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. പല തരത്തിലും വിഷയം അവതരിപ്പിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. ചട്ടം 50 പ്രകാരം അടിയന്തര പ്രമേയം അവതരിപ്പിക്കാം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ചര്‍ച്ചയില്‍ ഈ രാഷ്ട്രീയ വിഷയങ്ങളെല്ലാം പറയാം. എന്നാല്‍, നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ ബഹളമുണ്ടാക്കുകയാണ് പ്രതിപക്ഷം ചെയ്തത്. ഫിസ്കല്‍ ഫെഡറലിസം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട മൂന്ന് ഭാഗങ്ങളാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കിയത്. അതില്‍ അഭിപ്രായം പോലും പറയാതെ ഒളിച്ചോടുന്നത് ഭീതി കൊണ്ടാണ്. നേരത്തെ നിയമസഭയി ചര്‍ച്ച ചെയ്തപ്പോഴെല്ലാം പ്രതിപക്ഷത്തിന് തിരിച്ചടിയുണ്ടായെന്ന് മന്ത്രി കെ രാജന്‍ ചൂണ്ടിക്കാട്ടി. 

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍, കര്‍ണാടക സര്‍ക്കാര്‍ മാത്രമല്ല നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ സഹായം നല്‍കിയിട്ടുണ്ട്. തമിഴ്നാടും ആന്ധ്രയുമൊക്കെ നല്‍കിയ സഹായങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയുടേതാണെന്ന് പറയാന്‍ കഴിയില്ലല്ലോ. ഹിമാചല്‍ പ്രദേശിനും ഒഡിഷയ്ക്കും അസമിനുമുള്‍പ്പെടെ ഇത്തരം സാഹചര്യങ്ങളില്‍ കേരള സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. വയനാട്ടില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം കൃത്യമായി നടക്കുന്നുണ്ടെന്ന് പറഞ്ഞത് കോണ്‍ഗ്രസിന്റെ എംഎല്‍എ തന്നെയാണ്. വല്ലവരുടെയും കുട്ടിയെ എടുത്ത് സെല്‍ഫി എടുക്കുന്നതില്‍ തെറ്റില്ല, പക്ഷെ അത് സ്വന്തം കുട്ടിയാണെന്ന് അവകാശപ്പെടാന്‍ പാടില്ലെന്നും കെ രാജന്‍ പരിഹസിച്ചു. വയനാടിനുവേണ്ടി ആപ്പ് ഉണ്ടാക്കി പിരിച്ച പണത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിച്ച് ചിരിക്കുകയാണ്. പിരിച്ചവരും കൊടുത്തവരും തമ്മിലുള്ള മര്യാദയുടെ പേരില്‍ കണക്ക് പുറത്തുവിടേണ്ടതാണ്. സര്‍ക്കാര്‍ ഭൂമി തരാത്തതുകൊണ്ടാണ് വീട് പണിയാത്തതെന്ന ദുര്‍ബലമായ വാദമാണ് പ്രതിപക്ഷത്തിന്റേത്. പ്രതിപക്ഷ നേതാവും ഉപനേതാവുമുള്‍പ്പെടെ പങ്കെടുത്ത യോഗങ്ങളിലൊന്നും ഇത്തരമൊരു ആവശ്യം അവര്‍ മുന്നോട്ടുവച്ചിട്ടില്ല. അഞ്ച് സെന്റില്‍ വീട് പണിയാന്‍ പറ്റില്ലെന്ന് സര്‍ക്കാരിനോട് പറഞ്ഞ പ്രതിപക്ഷം ഇപ്പോള്‍ വാങ്ങിയ മൂന്ന് ഏക്കറില്‍ 100 വീട് പണിയുമെന്നാണ് അവകാശപ്പെടുന്നത്. വഴിയുള്‍പ്പെടെ കണക്കാക്കുമ്പോള്‍ എത്ര സെന്റിലായിരിക്കും വീടുകള്‍ പണിയാന്‍ കഴിയുകയെന്നും മന്ത്രി കെ രാജന്‍ ചോദിച്ചു. 

Exit mobile version