Site iconSite icon Janayugom Online

ബഹുഭാര്യാത്വവും ഏകപത്നീ വ്രതവും

ബഹുഭാര്യാത്വം ഒരു അധർമ്മവൃത്തിയാണെന്ന അഭിപ്രായം അഥവാ കുടുംബത്തിൽ പിറന്നവർ ചെയ്യാവുന്ന കാര്യമല്ല എന്ന നിലപാട് രാമായണം എഴുതപ്പെട്ട കാലത്ത് ഉണ്ടായിരുന്നില്ല എന്നാണ് ശ്രീരാമന്റെ അച്ഛന്‍ ദശരഥ മഹാരാജാവിന്റെ കുടുംബം തെളിയിക്കുന്നത്. ദശരഥന് കൗസല്യ, സുമിത്ര, കൈകേയി എന്നിങ്ങനെ മൂന്നു ഭാര്യമാർ ഉണ്ടായിരുന്നു. ദശരഥ മഹാരാജാവെന്ന അച്ഛനെ വിവാഹകാര്യത്തിൽ മാതൃകയാക്കാൻ ശ്രീരാമചന്ദ്രനെന്ന മകൻ തയ്യാറായില്ല. ശ്രീരാമന് ജനകപുത്രിയായ സീതയൊരാളേ ഭാര്യയായി ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെ ശ്രീരാമനിലൂടെ നമുക്ക് കിട്ടുന്ന ഒരു പാഠം അച്ഛനെ അപ്പാടെ അനുകരിക്കണമെന്നില്ല എന്നും അച്ഛന്റെ ജീവിതശൈലിയെയും തിരുത്തേണ്ടിടത്തും തിരുത്താൻ മക്കൾ തയ്യാറാകുന്നതു തെറ്റല്ല എന്നുമാണ്. വേണ്ടിവന്നാൽ അച്ഛന്റെ ശൈലിയെയും തള്ളിക്കളയാൻ തയ്യാറുള്ള മക്കളാകണം ശ്രീരാമനെ മാതൃകയാക്കുന്നവർ എന്നു ചുരുക്കം. ബഹുഭാര്യാത്വം കൊണ്ട് സുഖവും ക്ഷേമവും സമാധാനവും രാജാ ദശരഥനുണ്ടായില്ല എന്നു മാത്രമല്ല, ജീവിതം വല്ലാത്ത അളവിൽ സംഘർഷ കലുഷമാവുകയും ചെയ്തു. മൂന്നു ഭാര്യമാർ അവരുടെ മക്കളെപ്രതി ഉണ്ടാക്കിയ വൈകാരിക സംഘർഷങ്ങളാൽ സമ്മർദപ്പെട്ട് നെഞ്ചകം ഇടിഞ്ഞുപൊടിഞ്ഞു മരിക്കേണ്ടി വന്നു. എന്നാൽ ഏകപത്നീ വ്രത ദീക്ഷയോടെ ജീവിച്ച ശ്രീരാമന് സീതയാൽ സുഖവും ക്ഷേമവും സമാധാനവും ഉണ്ടായോ ? ധർമ്മ വിഗ്രഹവും ഏകപത്നീ വ്രതക്കാരനുമായ ശ്രീരാമനെ ഭർത്താവായി കിട്ടിയതു വഴി സീതാജീവിതം സുഖസന്തുഷ്ട സമ്പന്നമായോ ? ഈ രണ്ടു ചോദ്യത്തിനും രാമായണം വായിച്ചോ കേട്ടോ അറിഞ്ഞ സത്യസന്ധനായ ഏതൊരാൾക്കും ‘ഇല്ല’ എന്ന ഉത്തരമേ പറയാനാകൂ. 

ഇവിടെ ഒരു വലിയ ചോദ്യം ഉയർത്തേണ്ടി വരുന്നു; ബഹുഭാര്യനായ ദശരഥനും ഏക ഭാര്യാനിഷ്ഠനായ ശ്രീരാമനും അവരുടെ കുടുംബ ജീവിതം ഒട്ടും സുഖകരമല്ലാതായിപ്പോയത് എന്തുകൊണ്ടാണ് ? ഈ ചോദ്യം ഏക ഭാര്യാത്വവാദികളും ബഹുഭാര്യാത്വ വാദികളും ഉത്തരം തേടേണ്ട ഒന്നാണെന്നു മാത്രമല്ല രാമായണങ്ങളിലെ കുടുംബജീവിത മാതൃകയെപ്പറ്റി ചിന്തിക്കുമ്പോൾ അഭിസംബോധന ചെയ്യേണ്ട പ്രധാന പ്രമേയവുമാണ്. അതിലേക്ക് ഒന്നെത്തി നോക്കാം. ഭാര്യമാരിൽ മൂന്നാമത്തവളായ കൈകേയിയോടുള്ള അമിതകാമത്താൽ ആലോചനാശൂന്യമായ ആവേശത്തോടെ നൽകിയ വാഗ്ദാനത്തിന്റെ പേരിലുണ്ടായ സംഘർഷങ്ങളാലാണ് രാജാ ദശരഥനു നെഞ്ചുനീറി മരിക്കേണ്ടി വന്നത്. എന്നാൽ ദശരഥപുത്രനായ രാമന് അമിതമായ ആദർശാവേശത്താൽ ധർമ്മഭീതനാകേണ്ടി വന്നതിനാലാണ് ഏകപത്നി സീതയെ ഒരു മദ്യപാനിയുടെ ജല്പനം അടിസ്ഥാനമാക്കി ഉപേക്ഷിക്കേണ്ടി വന്നതും തദ്ഫലമായി നെഞ്ചുനീറി കഴിയേണ്ടി വന്നതും സരയൂ നദിയിൽ മുങ്ങി മരിക്കേണ്ടി വന്നതും. ബഹുഭാര്യനായ അച്ഛൻ അമിത കാമത്താൽ നെഞ്ചുനീറി മരിച്ചുവെങ്കിൽ ഏകഭാര്യനായ മകൻ അമിത ധർമ്മാവേശത്താൽ ഭാര്യയെ വെടിഞ്ഞ് നെഞ്ചുനീറി മരിക്കേണ്ടി വന്നു. ഇതിലൂടെ ലഭിക്കുന്ന പാഠം കാമമായാലും ധർമ്മമായാലും അമിതമായാൽ അമൃതും വിഷമാകുന്നപോലെ വിഷമവിഷമുണ്ടാക്കും എന്നാണ്. 

Exit mobile version