പാപസങ്കീര്‍ത്തനത്തിനു മുമ്പുള്ള ജപം ഏറ്റുപറഞ്ഞ് തൃപ്പൂണിത്തുറ അംഗം ആവര്‍ത്തിച്ചു, “എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ”. രാജ്യത്തിന്റെ സ്വാതന്ത്ര്യം കോണ്‍ഗ്രസിന്റെ പാട്ടപ്പറമ്പിലെ ഔദാര്യം എന്നു സൂചിപ്പിക്കാനും സിപിഐ എമ്മിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളെ പരിഹസിക്കാനുമായിരുന്നു ” മിയാ കുള്‍പ്പാ, മിയാ കുള്‍പ്പാ, മിയാ മാക്സിമാ കുള്‍പ്പാ” ബാബു ചൊല്ലിയത്. അന്ത്യകാലത്തിന്റെ വരവായി എന്നു പറഞ്ഞ് മഞ്ഞളാംകുഴി അലിയും കൂടെച്ചേര്‍ന്നു.
അമരപന്തലില്‍ വീണ പോലെയല്ലേ, ഉയര്‍ത്താനാവില്ലല്ലോ, കോണ്‍ഗ്രസിന്റെ വര്‍ത്തമാനം വിശദീകരിച്ചുള്ള മറുപടിക്ക് തുടക്കമിട്ടത് പി ബാലചന്ദ്രനായിരുന്നു. പ്രസിഡന്റിനെ മാറ്റി, ജില്ലാ പ്രസിഡന്റുമാരെ മാറ്റുന്നു, ഇനി കെപിസിസി അഴിച്ചുപണിയുന്നു, അല്ലെങ്കില്‍ മോന്തായം മാറ്റുന്നു. ഗാന്ധിയും നെഹ്റുവും ഒക്കെ ഇപ്പോള്‍ കോണ്‍ഗ്രസിന് ഉപ്പുപെട്ടിയുടെ പുറത്തെ ഭാരങ്ങളാണ്.
വിപ്ലവ പ്രസ്ഥാനങ്ങളും അവര്‍ നടത്തിയിട്ടുള്ള പോരാട്ടങ്ങളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ അവിഭാജ്യ പോരാട്ടങ്ങളാണ്, ഭഗത്‌സിങിനെയും ഉത്തംസിങിനെയും രാജ്ഗുരുവിനെയും അടക്കമുള്ളവരെ തള്ളിക്കളയാന്‍ പറ്റുമോ. കോണ്‍ഗ്രസിന്റെ മുഖ്യധാരയില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന നേതാക്കള്‍ നയിച്ചതുകൂടിയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം.
മഹാത്മാവിനെ വെടിവച്ചിട്ടവര്‍ക്കൊപ്പം കൂട്ടുകൂടുന്ന കോണ്‍ഗ്രസ് ശിലാന്യാസത്തില്‍ വിളിച്ചില്ല എന്നുപറഞ്ഞ് കരഞ്ഞ് കണ്ണീരടങ്ങാത്ത പ്രിയങ്കാ വാദ്രെ, ചൂണ്ടിക്കാട്ടിയത് ജെ മാക്സിയായിരുന്നു. നിരവധിയായി പദ്ധതികള്‍ ഏറ്റെടുക്കാന്‍ പോകുന്നതിന്റെ സൂചന തെളിഞ്ഞ ഉപധനാഭ്യര്‍ത്ഥനയെ ഒന്നായി പിന്തുണയ്ക്കണം എന്ന് പറഞ്ഞ മാത്യു ടി തോമസ് പ്രതിപക്ഷത്തിന്റെ തിരുത്തലുകളെ എണ്ണിപ്പറഞ്ഞപ്പോള്‍ അവര്‍ വല്ലാതെ അസ്വസ്ഥരായി. ബിജെപിക്ക് ആയുധം നല്‍കിയ രാമജന്മഭൂമി, നാടുമുടിച്ച ആഗോളീകരണ നയങ്ങള്‍, വിലക്കയറ്റം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ ഭ്രാന്തന്‍ തീരുമാനം എണ്ണിപ്പറഞ്ഞ് ഭാരതയക്ഷിയെന്ന് ആക്ഷേപിച്ച് ഇന്ദിരാ ഗാന്ധിയെ ഉപേക്ഷിക്കുകയും അധികാരത്തിലേറിയപ്പോള്‍ തിരികെപ്പോയ ചരിത്രവും വിശദീകരിച്ചു മാത്യു ടി.
നീ ഉറങ്ങുക, ഞാന്‍ ഉണര്‍ന്നിരിക്കാം.… നാടിനായി സദാ ഉണര്‍ന്നിരിക്കുന്ന പിണറായി സര്‍ക്കാരിന്റെ വികസന നാള്‍വഴികള്‍ വിശദീകരിച്ചു ഡോ. എന്‍ ജയരാജ്. മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യദര്‍ശനങ്ങള്‍ ധനവിനിയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ മുമ്പോട്ടുള്ള പ്രകടനത്തെ നയിക്കാന്‍ കടം വാങ്ങേണ്ടി വരും. ഒരു സാമ്പത്തിക തിയറിക്കും ഇടംകണ്ടെത്തി ഡോ. എന്‍ ജയരാജ്.
നീലം കര്‍ഷകരുടെ മുന്നേറ്റം സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് വഴിയൊരുക്കിയതുപോലെ ഡല്‍ഹിയുടെ അതിരുകളില്‍ കര്‍ഷകര്‍ തുടരുന്ന പ്രക്ഷോഭങ്ങള്‍ രണ്ടാം സ്വാതന്ത്ര്യ പോരാട്ടത്തിന് നാന്ദിയാകുമെന്നായിരുന്നു ഇ കെ വിജയന്റെ മുന്നറിയിപ്പ്. ഇടതുപക്ഷത്തിന്റെ തുടര്‍ഭരണമല്ല തുടര്‍ച്ചയായ ഭരണമാണ് ഇനി സംഭവിക്കുകയെന്ന് പറഞ്ഞു ഷംസീര്‍. കടംകൊണ്ടു മുടിഞ്ഞ നാടിനെ പറഞ്ഞ തീരുവഞ്ചൂരിന് ക്രമാനുഗതമായ കടം വന്ന വഴി പറഞ്ഞു നല്‍കി ധനമന്ത്രി.