Site icon Janayugom Online

മകുടത്തിൽ ഒരു വരി ബാക്കിവച്ചുപോയ അജയൻ

പെരുന്തച്ചൻ എന്ന ഒറ്റ സിനിമയിലൂടെ ചലച്ചിത്രലോകത്ത് അടയാളപ്പെട്ട പ്രതിഭാശാലിയാണ് അജയൻ എന്ന സംവിധായകൻ. അജയൻ, തന്റെ മരണം മുന്നിൽക്കണ്ട അവസാന നാളുകളിൽ എഴുതിയ (പറഞ്ഞ് എഴുതിപ്പിച്ചു എന്നു പറയുന്നതാണ് ശരി) ആത്മകഥയാണ് ‘മകുടത്തിൽ ഒരു വരി ബാക്കി’. പ്രവേശികയിൽ ശ്രീകുമാരൻ തമ്പി കുറിച്ചതുപോലെ ‘ഈ പുസ്തകം സിനിമയുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പാഠപുസ്തകമായിരിക്കും. തീവ്രദുഃഖത്തിലും സാമ്പത്തിക പരാധീനതയിലും പ്രണയം എങ്ങനെ പ്രകാശമായിത്തീരും എന്നും ഈ ഗ്രന്ഥം പഠിപ്പിക്കുന്നു.’ മഹാനായ നാടകക്കാരനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോപ്പിൽഭാസിയുടെ സീമന്ത പുത്രനായി ജനിച്ച അജയൻ കുട്ടിക്കാലം മുതൽതന്നെ സിനിമയേയും നാടകത്തേയും അടുത്തറിയാൻ ശ്രമിച്ചിരുന്നു. കുട്ടിക്കാലത്തെ വായനയിൽ നിന്നും മനസിൽ പതിഞ്ഞ ‘മാണിക്യക്കല്ല്’ എന്ന എം ടിയുടെ ബാലകഥ, സിനിമയാക്കുന്ന മഹാസ്വപ്നം മരണം വരെ കാത്തുപോന്നു അജയൻ. ‘പെരുന്തച്ചൻ’ എന്ന ഒറ്റ സിനിമയിലൂടെ ലോകം അറിഞ്ഞ അജയനെ തേടിയെത്തിയത് നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളാണ്. ‘ഞാനിപ്പോൾ സന്തോഷവാനാണ്, അടൂർ ഗോപാലകൃഷ്ണനെപ്പോലെയും ഷാജി എൻ കരുണനെപ്പോലെയും സിനിമയിൽ ഒരു പാത വെട്ടിത്തെളിക്കാൻ എന്റെ മകൻ അജയനു കഴിഞ്ഞതിൽ എനിക്കു സന്തോഷമുണ്ട്’ എന്നാണ് തോപ്പിൽഭാസി ഒരിക്കൽ അഭിമാനംകൊണ്ടത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രരേഖകളിൽ ഒന്നായ ശൂരനാടു സംഭവത്തിന്റെ പശ്ചാത്തലത്തിൽ തോപ്പിൽഭാസി ഒളിവിലായിരുന്ന കാലത്താണ് അമ്മിണിയമ്മ അജയനെ പ്രസവിക്കുന്നത് (1952 ജൂൺ 13). തന്റെ കുഞ്ഞിനെ ഒരു നോക്കുകാണാൻ അച്ഛൻ പെടാപ്പാടുപെടുന്നതും ഒരിക്കൽ സന്ദർശനത്തിനിടയിൽ പൊലീസിന്റെ പിടിയിൽപ്പെടുന്നതും മർദ്ദനമേല്ക്കേണ്ടിവന്നതുമൊക്കെ ഹൃദയം നുറുക്കുമാറ് ഈ കൃതിയിൽ വർണിക്കപ്പെടുന്നു. പുസ്തകത്തിലെ ഏറ്റവും കമനീയമായ ഭാഗം തന്റെ ജീവിതസഖിയായ സുഷമയെ അജയൻ അവതരിപ്പിക്കുന്നതാണ്. ഒരു കവിയുടെ ഭാവനാസമ്പന്നതയും പ്രണയതാരള്യവും നമ്മെ അനുഭവിപ്പിക്കുന്ന സ്നേഹ വർണനകൾ, മരണാസന്നമായ സമയത്ത് അദ്ദേഹം കുറിച്ച വാക്കുകൾ നോക്കൂ — ‘എന്റെ ആത്മാവ് അനശ്വരമാണ്. അവിടെ പ്രണയത്തിൽ പൊതിഞ്ഞ നിന്നെ ഞാൻ ഒളിപ്പിച്ചിരിക്കയാണ്. എന്നെ നിനക്കും നിന്നെ എനിക്കുമല്ലാതെ നമ്മളെ മറ്റാർക്കും കാണാൻ കഴിയില്ല. ഓരോ അണുവിലും നമ്മൾ പ്രാണവായുവാണെന്ന് തിരിച്ചറിയുന്നു’ അറിയാതെ കണ്ണു നനഞ്ഞുപോകുന്ന വാക്കുകൾ.

സിനിമയുടെ തീവ്രാനുഭവങ്ങളിലേക്ക് അജയൻ കടന്നുവരുന്നത് ഭരതൻ, രവീന്ദ്രൻ, ഹരിപോത്തൻ, പത്മരാജൻ മുതലായവരെ പരിചയപ്പെടുന്നതിലൂടെയാണ്. തോപ്പിൽഭാസി തന്നെയാണ് പത്മരാജനെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. ചരിത്രവിജയം നേടിയ ‘പെരുന്തച്ച’നിലൂടെ അജയൻ എന്ന സംവിധായക പ്രതിഭ, കൃത്യമായി അടയാളപ്പെട്ടുവെങ്കിലും ‘മാണിക്യക്കല്ല്’ എന്ന ജീവിതസ്വപ്നം അജയൻ വിട്ടുകളഞ്ഞതേയില്ല. ആ സിനിമ നടക്കാതെ വന്ന ദുഃഖകരമായ സാഹചര്യങ്ങൾ അജയൻ മനസുതുറന്ന് വെളിപ്പെടുത്തുന്നുമുണ്ട്. എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും മാണിക്യക്കല്ലിനുവേണ്ടിയാണ് ചെലവഴിച്ചത്. നിഷ്കളങ്കമായി നിന്നാൽ ചതിപറ്റുമെന്ന് എന്റെ ജീവിതം എന്നെ പഠിപ്പിച്ചു. അതാണ് സിനിമ എനിക്കുതന്നെ സമ്മാനം എന്ന് അജയൻ നൊമ്പരത്തോടെ പറയുമ്പോൾ വായനക്കാരന്റെ മനസും വിങ്ങിപ്പോകുന്നു. സിനിമാരംഗത്തെ മൂല്യച്യൂതിയും കച്ചവട താല്പര്യങ്ങളും നെറികേടുമൊക്കെ അജയനെ വല്ലാതെ തളർത്തിക്കളഞ്ഞു എന്നതാണ് സത്യം. അകാലത്തിലുള്ള മരണവും ഇതിന്റെ ബാക്കിപത്രമായി കാണാം. പുസ്തകത്തിന് അനുബന്ധമായി എന്നും അജയന്റെ ഗുരുസ്ഥാനീയനായിരുന്ന എം ടി, സംവിധായകൻ ജി ജയകുമാർ, അജയന്റെ സഹധർമ്മിണി ഡോ. സുഷമ, മകൾ ലക്ഷ്മി എന്നിവരുടേയും കുറിപ്പുകൾ ഉണ്ട്.

മകുടത്തില്‍ ഒരുവരി ബാക്കി
അജയന്‍
ഡിസി ബുക്സ്
വില: 199 രൂപ

Exit mobile version