മാനവസംസ്കൃതിയിലെ ആദിമ ഇതിഹാസ കാവ്യങ്ങളാണ് രാമായണവും മഹാഭാരതവും. ആവിർഭവിച്ച കാലം മുതൽ അവ തലമുറകളെ പ്രചോദിപ്പിച്ചും സ്വാധീനിച്ചും കൊണ്ടിരിക്കുന്നു. ഇതിൽ ആദികവി വാല്മീകിയുടെ രാമായണത്തിന് നിരവധി പാഠാന്തരങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇന്തോനേഷ്യ, ടിബറ്റ്, ബർമ, തായ് ലൻഡ്, ഫിലിപ്പൈൻസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം തന്നെ രാമായണത്തിന് അവരുടേതായ പാഠാന്തരങ്ങളുണ്ട്. ഭാരതത്തിൽ മഹാരാമായണം, സംവൃത രാമായണം, ലോമശ രാമായണം, അഗസ്ത്യ രാമായണം, മഞ്ജുള രാമായണം തുടങ്ങി ഒട്ടേറെ വ്യാഖ്യാനങ്ങൾ പിറന്നിട്ടുണ്ട്. പൗരാണിക കാലഘട്ടത്തിന് ശേഷവും ഭാരതത്തിലെ മിക്ക ഭാഷകളിലും രാമായണത്തിന് ചമൽക്കാരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതായി കാണാം. ഫാദർ കാമിൽ ബുൽക്കെ എഴുതിയ വിശ്വപ്രസിദ്ധമായ ‘രാമകഥ: ഉല്പത്തിയും വികാസവും’ എന്ന ഗ്രന്ഥത്തിൽ രാമകഥയ്ക്ക് ഉണ്ടായിട്ടുള്ള എല്ലാ വ്യാഖ്യാനങ്ങളേയും സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്. കേരളത്തിലേക്ക് വരുമ്പോൾ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അധ്യാത്മരാമായണം പൂർവികരുടെ വ്യാഖ്യാനങ്ങളെക്കാൾ നമ്മുടെ സാംസ്കാരിക ജീവിതത്തിൽ ആഴത്തിൽ വേരൂന്നി നിൽക്കുന്നു.
രാമായണ കഥയെ ഉപജീവിച്ച് ഒട്ടേറെ രചനകൾ ഇന്ത്യയിലെ ഇതര ഭാഷയിലെന്നപോലെ മലയാളത്തിലും പിറവിയെടുത്തിട്ടുണ്ട്. പുനം നമ്പൂതിരിയുടെ രാമായണം ചമ്പു, കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത, വള്ളത്തോളിന്റെ കിളിക്കൊഞ്ചൽ തുടങ്ങിയ കൃതികൾ ഉദാഹരണം. കുമാരനാശാന്റെ സീത മലയാളിയെ ഇപ്പോഴും ചിന്തിപ്പിച്ചുകൊണ്ടിരിക്കുന്നു. ആധുനിക മലയാള സാഹിത്യത്തിലേക്ക് കടക്കുമ്പോൾ സി എൻ ശ്രീകണ്ഠൻ നായരുടെ നാടകത്രയമായ സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത എന്നീ നാടകങ്ങളും കെ സുരേന്ദ്രന്റെ സീതായനവും തലപ്പൊക്കത്തോടെ നില്ക്കുന്നു. ഈ നിരയിലേക്ക് കടന്നെത്തുകയാണ് അമേരിക്കൻ പ്രവാസി മലയാളിയായ സിനി പണിക്കർ എഴുതിയ ‘യാനം സീതായനം’ എന്ന നോവൽ.
വാല്മീകിയുടെ രാമൻ ദൈവമല്ല. മാനുഷിക ബലഹീനതകളും സ്ഥൈര്യവുമൊക്കെയുള്ള വ്യക്തികൾ മാത്രമാണ് ആദികവിയുടെ രാമനും സീതയും. സിനി പണിക്കരുടെ സീതയും മനുഷ്യപുത്രി മാത്രമാണ്. പല സംസ്കാരങ്ങളുടെ സംഘർഷങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെട്ട ഭൂമി പുത്രിയായ സീതയുടെ മനോവ്യാപാരമാണ് ഈ നോവൽ. രാമായണം രാമന്റെ അയനത്തെയാണ് പ്രതീകവല്ക്കരിക്കുന്നതെങ്കിലും കൃതിയെ സീതായനം എന്ന് വിശേഷിപ്പിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തെ അന്വർത്ഥമാക്കുന്നുണ്ട് സിനി പണിക്കരുടെ സീതാവതരണം.
എറണാകുളത്തെ കങ്ങരപ്പടി എന്ന ഗ്രാമപ്രദേശത്തു നിന്ന് അമേരിക്കയിലെത്തിയ സിനി പണിക്കർ അവിടെ ഗവൺമെന്റ് സർവീസിൽ ശാസ്ത്രജ്ഞയായി പ്രവർത്തിക്കുന്ന വനിതയാണ്. ആധുനിക പാശ്ചാത്യ രാഷ്ട്രങ്ങളായാലും ആചാരനിബദ്ധമായ പൗരസ്ത്യ രാഷ്ട്രങ്ങളായാലും സ്ത്രീകളോടുള്ള സമീപനത്തിൽ പുരുഷ കേന്ദ്രീകൃത സമൂഹം മേൽക്കൈ നേടാനുള്ള ഒരു സന്ദർഭവും പാഴാക്കില്ലെന്ന വസ്തുത അമേരിക്കൻ ജീവിതത്തിനിടയിലും സിനി പണിക്കർ തിരിച്ചറിയുന്നുണ്ട്. സ്ത്രീക്കും പുരുഷനെപ്പോലെ വ്യക്തിത്വവും അഭിമാനവുമുണ്ടെന്ന് പുരുഷ മേധാവിത്വ സമൂഹത്തിൽ സ്ഥാപിക്കുവാനായി ഉയർന്നുവന്ന മീടു പ്രസ്ഥാനങ്ങളിൽ സഹയാത്രികയായി മാറിയ സിനി പണിക്കരുടെ ഉള്ളിലെ കനലുകൾ ജ്വാലയായി പരിണമിച്ചതാണ് യാനം സീതായനം എന്ന കൃതിയെന്ന് ആമുഖം സൂചിപ്പിക്കുന്നു. SITA: Now you know me എന്ന ശീർഷകത്തിൽ ഇംഗ്ലീഷിലാണ് സിനി പണിക്കർ ആദ്യം സീതയെ അവതരിപ്പിക്കുന്നത്. പിന്നീട് മാതൃഭാഷയുടെ സൂക്ഷ്മ പ്രലോഭനങ്ങളാൽ അവർ മലയാളത്തിലും സീതയെ രേഖപ്പെടുത്തിയതാണ് സീതായനം.
മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന പ്രവാസ ജീവിതം കൊണ്ട് സംഭവിച്ചേക്കാവുന്ന മാതൃഭാഷ ശോഷണമൊന്നും ഇല്ലാതെ കാവ്യാത്മകമായ, ഒഴുകുന്ന ശൈലിയിലാണ് ഈ കൃതിയുടെ രചന. ഉഴവുചാലിൽ നിന്ന് ജനക മഹാരാജാവിന് ലഭിക്കുന്ന അഗതിയായ സീത അന്ത്യത്തിൽ ഭൂമിയുടെ മാറിലേക്കു തളർന്നുവീഴുന്ന പരിണാമഘട്ടം വരെയും അമാനുഷിക പരിവേഷങ്ങളൊന്നുമില്ലാത്ത വെറും മനുഷ്യ സ്ത്രീയായാണ് നോവലിൽ ചിത്രീകരിച്ചിരിക്കുന്നത്. മൂലകഥയിൽ വഴിത്തിരുവുകൾക്കായി ആദികവി ഉപയോഗിച്ചിട്ടുള്ള ത്രയംബകം, പുഷ്പക വിമാനം, ഹനുമാൻ എന്നീ ദിവ്യത്വമാർന്ന ചിഹ്നങ്ങൾ മാത്രമാണ് സിനിപണിക്കരുടെ സീതായനവും കടംകൊള്ളുന്നത്. സീതയുടെ സ്മരണകൾ ചാക്രികമായി ഭൂതവർത്തമാന ഭാവികളിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നതിൽ അസാമാന്യമായ കയ്യടക്കമാണ് സിനി പണിക്കർ കാഴ്ചവച്ചിരിക്കുന്നത്. അതോടൊപ്പം പാരിസ്ഥിതിക ദർശനശാഖകളിൽ നവീനമായ പാരിസ്ഥിതിക സ്ത്രീവാദത്തെയും ഈ നോവൽ സാധൂകരിക്കുന്നുണ്ട്. പുരുഷ കേന്ദ്രീകൃത വ്യവസ്ഥയിൽ നിന്നും ഭൂമിയെ മോചിപ്പിച്ച്, സ്ത്രീ പുരുഷ സമത്വത്തിന്റെ പുതിയ ഭൂമികയിൽ പ്രതിഷ്ഠിക്കേണ്ടതിന്റെ മഹത്തായ സന്ദേശവും ഈ കൃതി പ്രദാനം ചെയ്യുന്നു.
അവതാരികയിൽ പ്രൊഫ. എം കെ സാനു കുറിച്ചിരിക്കുന്നത് സിനി പണിക്കരുടെ യാനം സീതായനം എന്ന ആഖ്യായികയെ പി കെ ബാലകൃഷ്ണന്റെ ‘ഇനി ഞാൻ ഉറങ്ങട്ടെ’, എം ടി വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ എന്നീ രചനകൾക്കൊപ്പം പ്രതിഷ്ഠിക്കാമെന്നാണ്.
സാനു മാഷിന്റെ വാക്കുകളെ ന്യായീകരിക്കുന്നു ഈ നോവലിന്റെ വായനാനുഭവം.
യാനം സീതായനം
(നോവൽ)
സിനി പണിക്കർ
പൂർണ പബ്ലിക്കേഷൻസ്
വില: 475 രൂപ