Site iconSite icon Janayugom Online

കോഴിക്കോടിന്റെ മെഹ്ഫിൽ രാവുകൾ

‘പാടാനോർത്തോരു മധുരിതഗാനം പാടിയതില്ലല്ലോ…’ മലയാളികൾ ഹൃദയത്തിലേറ്റിയ ഈ ഗാനം കോഴിക്കോടൻ തട്ടിൻപുറങ്ങളിൽ അപൂര്‍വമായി ഇന്നും മുഴങ്ങുന്നുണ്ട്. കോഴിക്കോട് സൈഗൾ എന്ന് ആസ്വാദകർ സ്നേഹത്തോടെ വിളിച്ച കോഴിക്കോട് അബ്ദുൾഖാദറിന്റെ ഈ ഗാനം ഒരുകാലത്ത് മെഹ്ഫിൽ വേദികളിലും ഗാനമേള സദസുകളിലും നിരവധിത്തവണ ഉയരുമായിരുന്നു. ബാബുരാജും ദർബ മൊയ്തീൻകോയയും മുഹമ്മദ് റഫിയുമെല്ലാം അനശ്വരമാക്കിയ ഗാനങ്ങൾ സംഗീതസദസുകളിൽ കുളിർമഴ പെയ്യിച്ചു. ഒപ്പം ലതാമങ്കേഷ്കറുടെയും ആശ ബോസ്‌ലേയുടെയും പാട്ടുകളും അരങ്ങുവാണു. കെ ടി മുഹമ്മദിന്റെയും തോപ്പിൽ ഭാസിയുടേയുമെല്ലാം നാടകങ്ങളിലെ ഗാനങ്ങളും സംഗീതസദസുകളിൽ നിറഞ്ഞു. ഒരു കാലത്ത് സമ്പന്നരുടെ ആഘോഷങ്ങൾക്ക് കൊഴുപ്പേകിയിരുന്ന സംഗീതത്തെ സാധാരണക്കാരിലേക്ക് കൈപിടിച്ച് ആനയിച്ചവരാണ് കോഴിക്കോട് അബ്ദുൾ ഖാദറും ബാബുരാജുമെല്ലാം. മണിമാളികകളിൽ ആഡംബരത്തോടെ അരങ്ങേറിയിരുന്ന ഗസൽ രാവുകൾ പിന്നീട് നഗരത്തിന്റെയാകെ സംഗീതമായി മാറി. ഈ സംഗീത കുലപതികളെ പിൻപറ്റി നിരവധിപ്പേർ ആസ്വാദകരുടെ മനം കവർന്നു. കോഴിക്കോട് നഗരത്തിന്റെ തെരുവോരങ്ങളിലും തട്ടിൻ പുറങ്ങളിലും കല്യാണവീടുകളിലുമെല്ലാം ഗസലിന്റെ മാധുര്യംപൊഴിഞ്ഞു. ഇത് നഗരഹൃദയം ത്രസിപ്പിച്ചു. ഒരു തപസ്യപോലെ കോഴിക്കോട് സംഗീതത്തെ ഹൃദയത്തോട് ചേർത്തു. കാലചക്രത്തിന്റെ പ്രവാഹത്തിലും ഇതിന് കോട്ടമൊന്നും തട്ടിയില്ല.

കോഴിക്കോട് നഗരത്തിലെ വെള്ളയിൽ, കല്ലായി, വലിയങ്ങാടി, ഹൽവ ബസാർ, ചെറൂട്ടി റോഡ്, പുതിയാപ്പ, പള്ളിക്കണ്ടി, കോതി, ഇടിയങ്ങര, കുറ്റിച്ചിറ, ഫ്രാൻസിസ് റോഡ് എന്നിവിടങ്ങളിലെല്ലാം ഇപ്പോഴും മെഹ്ഫിലുകൾ നടക്കുന്നുണ്ട്. പതിവായില്ലെങ്കിലും ഇടയ്ക്കെല്ലാം ഇവിടങ്ങളിലെ തട്ടിൻപുറങ്ങളിൽ സംഗീതം പൊഴിയുന്നു. പഴയതലമുറയ്ക്കൊപ്പം പുതുതലമുറയും ഈ സംഗീതത്തെ ഏറ്റെടുക്കുന്നുണ്ട്. ഒരുകാലത്ത് ഹിന്ദുസ്ഥാനി സംഗീതം കോഴിക്കോടിനെ ശരിക്കും കീഴടക്കുകയായിരുന്നു. മിക്ക രാവുകളിലും കോഴിക്കോടിന്റെ വിവിധ കേന്ദ്രങ്ങളിൽ ഹിന്ദുസ്ഥാനി സംഗീതം ഉയരും. തെരുവു മൂലകളിലും കടകളിലുമെല്ലാം ഈ മാസ്മരിക സംഗീതം ഉയര്‍ന്നു. മിഠായിത്തെരുവിലും വലിയങ്ങാടിയിലുമെല്ലാം രാവേറെചെല്ലുവോളം മെഹ്ഫിലുകളുമായി ജീവിതം മെനയുന്ന തെരുവുഗായകരും അരങ്ങുവാണു. മുഹമ്മദ് റഫിയും സൈഗാളും ജഗ്ജിത് സിങ്ങുമെല്ലാം കോഴിക്കോടിന്റെയും സ്വന്തമാണെന്നാണ് ഈ പാട്ടുകാർ അടിവരയിട്ടത്. വരേണ്യതയുടെ അടയാളമായി കണ്ടിരുന്ന മെഹ്ഫിലുകൾ സാധാരണക്കാരന്റേതായി മാറുന്ന കാഴ്ചയ്ക്കാണ് കോഴിക്കോട്ടെ തട്ടിന്‍പുറങ്ങള്‍ ഹേതുവായത്. ഗായകന്റെ പാട്ടുകൾക്ക് ഒപ്പം ചേര്‍ന്ന് പാടുന്ന ഒരു സംസ്കാരം കോഴിക്കോടിന് സ്വന്തമാണ്. എൺപതുകളുടെ അവസാനം വരെയായിരുന്നു മെഹ്ഫിൽ കാലഘട്ടം. മികച്ച കലാകാരന്മാരെ കൊണ്ടുവരാനും അവർക്ക് അവസരം നല്‍കാനും കോഴിക്കോട് നഗരത്തിലെ മെഹ്ഫിൽ കൂട്ടായ്മകള്‍ മത്സരിച്ചു. തട്ടിന്‍പുറങ്ങൾ വാടകയ്ക്കെടുത്ത് ക്ലബുകൾ സ്ഥാപിച്ചു. വിവിധ നാടുകളില്‍ നിന്നും പുതിയ പുതിയ പാട്ടുകാരെ തങ്ങളുടെ സംഘങ്ങളിലെത്തിക്കാന്‍ അഅവര്‍ മത്സരിച്ചു. കോഴിക്കോട്ടെ തട്ടിൻപുറങ്ങളിൽ പാക്കിസ്താനി സംഗീതജ്ഞർ പോലും പാടിയിട്ടുണ്ടന്ന് പഴയതലുറക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

നഗരത്തെ സംഗീതസാന്ദ്രമാക്കിയ ഗായകര്‍

***************************************
മുംബൈയിലെ കമാൽ എന്ന ഗായകൻ മംഗലാപുരത്തേക്കുള്ള യാത്രാമധ്യേ ഒരിക്കൽ വഴിതെറ്റി മലപ്പുറം ജില്ലയിലെ തിരൂരിലെത്തി. വഴിയറിയാതെ കുഴങ്ങിയ അദ്ദേഹത്തിനു കേരളത്തിൽ അറിയാവുന്ന ഒരേയൊരാള്‍ സംഗീതസംവിധായകൻ ബാബുരാജിനെയിരുന്നു. മുബൈയിൽ സംഗീതസന്ധ്യയില്‍ കണ്ട പരിചയം. തിരൂരിലെ പോർട്ടർമാർ കമാലിനെ കോഴിക്കോട് കല്ലായിയിലേക്ക് പറഞ്ഞയച്ചു. അവിടെ നിന്നും നാട്ടുകാരിലൊരാള്‍ അദ്ദേഹത്തെ കോഴിക്കോട് സൗത്ത് ബീച്ചിൽ പള്ളിക്കണ്ടിക്കടുത്ത ഒരു മാളിക വീട്ടിലെത്തിച്ചു. ആ സായാഹ്നത്തിൽ അവിടെ തട്ടിൻപുറത്തുനിന്ന് ഹിന്ദുസ്ഥാനി സംഗീതം ഉയരുകയായിരുന്നു. ഗായകര്‍ക്കിടയില്‍ ബാബുരാജും. കമാലിനെ കണ്ട ബാബുരാജ് സ്നേഹത്തോടെ അദ്ദേഹത്തെ വരവേറ്റു. പിന്നീട് ഏറെക്കാലം കഴിഞ്ഞാണ് കമാല്‍ നാട്ടിലേക്ക് തിരിച്ചുപോയത്. പിന്നീട് അറിയപ്പെടുന്ന ഹിന്ദുസ്ഥാനി ഗസൽ ഗായകനായി മാറിയ അദ്ദേഹം ബോംബെ എസ് കമാൽ എന്നറിയപ്പെട്ടു. തുടര്‍ന്ന് കോഴിക്കോട്ടെ സംഗീതസദസുകളിലും മെഹ്ഫിലുകളിലും അദ്ദേഹം സ്ഥിരം പാട്ടുകാരനായി. ഇങ്ങനെ നിരവധി ഗായകരാണ് കോഴിക്കോടിന്റെ പാട്ടുകാരായത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമാത്രമല്ല, പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളില്‍ നിന്നും ഒട്ടേറെ ഗായകര്‍ കോഴിക്കോടിന്റെ സംഗീത രാവുകളില്‍ പങ്കാളികളായി. ബാബുരാജും അബ്ദുള്‍ഖാദറുമെല്ലാം പാടിയും സംഗീതംനൽകിയും ജീവന്‍പകര്‍ന്ന കോഴിക്കോട്ടെ തട്ടിന്‍പുറങ്ങളില്‍ ഇടയ്ക്കെങ്കിലും ഇന്നും സംഗീതം ഉയരുന്നുണ്ട്. മലയാളികളുടെ സംഗീത ജീവിതത്തെ സ്വാധീനിച്ച സ്വരമാധുരിയായിരുന്നു കോഴിക്കോട് അബ്ദുൽ ഖാദറിന്റേത്. കോഴിക്കോട് മിഠായി തെരുവിൽ ഒരു വാച്ച് കമ്പനി നടത്തിയിരുന്ന ജെ എസ് ആൻഡ്രൂസിന്റെ മകനായി ജനിച്ച ലെസ്ലി ആൻഡ്രൂസ് എന്ന അബ്ദുള്‍ ഖാദര്‍ വയലിൻ വിദ്വാനായിരുന്ന പിതാവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. വിദ്യാർത്ഥിയായിരിക്കുമ്പോഴേ സംഗീതത്തില്‍ തല്പരനായിരുന്ന അദ്ദേഹം പതിവായി പാതിരാ മെഹ്ഫിലുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. പിന്നീട് ബര്‍മ്മയില്‍ പോയ ആന്‍ഡ്രൂസ് ഇസ്ലാം മതം സ്വീകരിച്ച് അബ്ദുൽ ഖാദർ എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി വേദികളിൽ സ്ഥിരസാന്നിധ്യമായിരുന്നു അദ്ദേഹം. 1954 ലെ നീലക്കുയിലിൽ എന്ന ചിത്രത്തിലെ ‘എങ്ങനെ നീ മറക്കും കുയിലേ…’ എന്ന ഗാനം അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. സിനിമയുടെയും നാടകങ്ങളുടെയും ഗാനമേളകളുടെയുമെല്ലാം ലോകത്ത് ഒരുപാടുകാലം തിളങ്ങി നിന്ന കോഴിക്കോട് അബ്ദുൾ ഖാദറിന് അവസാനകാലത്ത് പാട്ടിന്റെ പേരിൽ ഏറെ സങ്കടപ്പെടേണ്ടി വന്നു. ഗാനസദസുകളില്‍ പാട്ടുകള്‍ പാടി മുഴുമിപ്പിക്കാന്‍ അദ്ദേഹം വിഷമിച്ചു. ഒപ്പം ഓര്‍മ്മക്കുറവും അദ്ദേഹത്തിന്റെ സംഗീതജീവിതത്തിന് വിനയായി.

മെഹ്ഫിലുകളെ പാടിയുണർത്തിയ എം എസ് ബാബുരാജ് എന്ന ബാബുക്ക ഇന്നും കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരമാണ്. മാപ്പിളപ്പാട്ടിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ആത്മാവ് തൊട്ടറിഞ്ഞ ബാബുരാജ് കോഴിക്കോടന്‍ തട്ടിന്‍പുറ സംഗീതത്തിന്റെ ശില്പികൂടിയാണ്. ഹിന്ദുസ്ഥാനി സംഗീതത്തെ എങ്ങനെ മലയാളത്തിലേക്ക് സന്നിവേശിപ്പിക്കാം എന്ന് അദ്ദേഹം കാട്ടിത്തന്നു. സിനിമയിൽ സംഗീത സംവിധായകനായി തിളങ്ങുമ്പോഴും കോഴിക്കോട്ടെ തട്ടിന്‍പുറങ്ങളെ അദ്ദേഹം വിസ്മരിച്ചില്ല. രണ്ടു പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിനൊടുവില്‍ കോഴിക്കോട് അബ്ദുള്‍ ഖാദറിനെപ്പോലെ അദ്ദേഹത്തിനും ജീവിതസന്ധ്യ സന്തോഷകരമായിരുന്നില്ല. എന്നിരുന്നാലും കോഴിക്കോടന്‍ ജനതയുടെ സംഗീതാഭിനിവേശത്തെ രൂപപ്പെടുത്തുന്നതില്‍ ബാബുരാജ് വഹിച്ച പങ്ക് വളരെ വലുതാണ്.

സംഗീതമൊഴുകിയ തീരദേശം

**********************************
കോഴിക്കോടിന്റെ തീരദേശമേഖലയ്ക്ക് സ്വന്തമായിരുന്നു ഒരുകാലത്തെ മെഹ്ഫിൽ, ഹിന്ദുസ്ഥാനി, ഗസൽ ഗാനങ്ങളുടെ ചരിത്രം. പുതിയാപ്പ, പട്ടുതെരു, സൗത്ത് ബീച്ച്, പള്ളിക്കണ്ടി, കോതി, ചക്കുംകടവ്, ഇടിയങ്ങര, കുറ്റിച്ചിറ, ഫ്രാൻസിസ് റോഡ് എന്നിവിടങ്ങിലെല്ലാം മെഹ്ഫിൽ സന്ധ്യകള്‍ അരങ്ങേറി. ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ സംഗീതം അവതരിപ്പിക്കുവാനെത്തും. അവരില്‍ നഗരത്തിലെ തട്ടുകടക്കാര്‍ മുതല്‍ മത്സ്യത്തൊഴിലാളികള്‍വരെയുണ്ടായിരുന്നു. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും കര്‍ഷകത്തൊഴിലാളികളും എന്നുവേണ്ട സംഗീതത്തെ ഹൃദയത്തിലേറ്റിയവരുടെയെല്ലാം സംഗമ വേദിയായിരുന്നു മെഹ്ഫില്‍ രാവുകള്‍. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമായിരുന്നു ഇത്തരത്തിലുള്ള ഒത്തുകൂടല്‍. നഗരത്തിലെ നിരവധി പീടികകളുടെ തട്ടിന്‍പുറങ്ങള്‍ ഇങ്ങനെ സംഗീതംപൊഴിക്കുന്നവയായി. മുഹമ്മദ് റഫിയുടെയും മുകേഷിന്റെയും ഹേമന്ത്കുമാറിന്റെയുമെല്ലാം പാട്ടുകള്‍ ഓരോരുത്തരും അവരവരുടെ ശബ്ദചാതുരിയില്‍ പാടിപൂര്‍ത്തിയാക്കി. പി ഭാസ്കരന്റെയും വയലാറിന്റെയുമെല്ലാം ഗാനങ്ങളും ഗാനസദസുകളില്‍ ഉയര്‍ന്നു. നിറഞ്ഞ പ്രോത്സാഹനവുമായി ആസ്വാദകരും രാവേറുവോളം ഇതിന് സാക്ഷികളായി.

തട്ടിന്‍പുറ സംഗീതത്തിന്റെ ഉപാസകന്‍ എം എ റഹ്മാന്‍

********************************************************
കോഴിക്കോടിന്റെ തട്ടിന്‍പുറസംഗീതത്തെ ഉപാസിക്കുന്ന പാട്ടുകാരനാണ് എം എ റഹ്മാന്‍. എഴുപത്തിനാലാം വയസിലും റഹ്മാന്‍ സംഗീതയാത്രയിലാണ്. കോഴിക്കോടിന്റെ സംഗീതസന്ധ്യകളില്‍ അദ്ദേഹത്തിന്റെ സ്വരം ഇന്നും മുഴങ്ങുന്നു. അനുഗ്രഹീത സംഗീതജ്ഞന്‍ ബാബുരാജിനൊപ്പം രണ്ടുതവണ വേദി പങ്കിടാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുകയായിരുന്നുവെന്ന് ഈ കോഴിക്കോടിന്റെ പാട്ടുകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നും ആരാധനയോടെ കണ്ടിരുന്ന ബാബുരാജിനെ മാതൃകയാക്കിയാണ് റഹ്മാനും സംഗീതരംഗത്ത് ചുവടുറപ്പിച്ചത്. ആദ്യകാലത്ത് വിവാഹ വീടുികളിലും മറ്റ് ആഘോഷച്ചടങ്ങുകളിലും മാത്രമായിരുന്നു പാടിയിരുന്നത്. എന്നാല്‍ പാട്ടുകളും പാട്ടുകാരനും പ്രശസ്തമായതോടെ വേദികളില്‍നിന്നും വേദികളിലേക്കുള്ള ഓട്ടമായി. ഇപ്പോഴും അതിന് കുറവൊന്നുമില്ല.
സ്വാതന്ത്ര്യ സമര സേനാനി ഇളമ്പിലാട്ട് മമ്മു എന്ന സൈക്കിള്‍ മമ്മുവിന്റേയും ആദ്യകാല സാമൂഹ്യ പ്രവര്‍ത്തക പക്കിന്റെകത്ത് മാളിയക്കല്‍ അസ്രാബിയുടേയും മകനായി 1951ലാണ് റഹ്മാന്റെ ജനനം. പഠനകാലം മുതല്‍ സംഗീതത്തോട് തല്പരനായിരുന്ന റഹ്മാന് പിതാവ് എല്ലാ പ്രോത്സാഹനവും നല്‍കി. മാറാട് കലാപത്തിന്റെ മുറിവുണക്കാനായി നടത്തിയ സ്നേഹയാത്രയിലുടനീളം ഗാനവുമായി റഹ്മാനുണ്ടായിരുന്നു. ഉസ്താദ് ഹോട്ടല്‍ എന്ന ചലച്ചിത്രത്തില്‍ ഒരു സൂഫി ഗാനം പാടി അവതരിപ്പിച്ച റഹ്മാന്‍ ചലച്ചിത്ര രംഗത്തും കയ്യൊപ്പുചാര്‍ത്തി. പായ്ക്കപ്പല്‍ എന്ന ചലച്ചിത്രത്തിലും പാടി അഭിനയിച്ചു. ‘പച്ചക്കിളിയേ പനങ്കിളിയേ…’, ‘മണിദീപമേ മക്ക…’, ‘പെണ്ണെന്ന് കേട്ടാല്‍…’, ‘അല്ലാഹുവിന്‍തിരു കല്പനകൊണ്ടു നാം…’, ‘മനസിന്റെ മലര്‍വാടി മഴവില്ല് വിടര്‍ത്തി…’, ‘യാ ഇലാഹി…’ തുടങ്ങിയ എണ്ണമറ്റ ഗാനങ്ങള്‍ റഹ്മാന്റെ ശബ്ദത്തില്‍ ഇന്നും പുനര്‍ജനിക്കുന്നു. എം എ റഹ്മാന്‍ രൂപം കൊടുത്ത മെഹ്ഫില്‍ കാലിക്കറ്റ് എന്ന സംഗീത ട്രൂപ്പ് 22-ാം വര്‍ഷവും സജീവമാണ്.

Exit mobile version