പൊടുന്നനെ
ഗതാഗതം സ്തംഭിച്ച്
ബസിൽ
അളിഞ്ഞിരിക്കുമ്പോൾ
ഓർക്കാപ്പുറം
എന്ന സ്ഥലത്താണ്
സഹപാഠികളിലൊരുവന്റെ
മുഖം വരച്ച മൗനവണ്ടി
അരിച്ചു നീങ്ങുന്നത്
ഏതൊക്കെയോ
സമരമുഖങ്ങളിൽ
പിണഞ്ഞു പൊന്തിയിട്ടുണ്ട്
ഞങ്ങളുടെ കൈകൾ
കല്ലേറുകൊണ്ട്
ലാത്തിയടിയേറ്റ്
ജലപീരങ്കിയിൽ കുഴഞ്ഞ്
നെഞ്ചിൽ ഒരേ ബൂട്ടിന്റെ
മാംസചിത്രം പേറി
ഒരേ മുദ്രാവാക്യമലറി
കൈയാമങ്ങളിൽ
തൊട്ടടുത്ത കിടക്കകളിൽ
കിടന്നിട്ടുണ്ട്
ഒരേയിലക്കുവേണ്ടി
കുരച്ചും കടിക്കും
ഒരേ കുപ്പിയിൽ നിന്ന്
മോന്തിയും
ഒരേ പിഴച്ച രാത്രിയെ
കടിച്ചു വലിച്ചും
നിലാവിനെ
പുണർന്നൊലിച്ചും
ഒരേ കടലിൽ കുളിച്ചും
തമ്മിൽ പടർന്നിട്ടുണ്ട്
ഓർത്തെടുക്കുമ്പോഴേക്കും
നീങ്ങുകയാണ്
പുഷ്പചക്രങ്ങൾ
പല്ലിളിക്കുന്ന
അവന്റെ വണ്ടി
ഓർക്കാപ്പുറം
നീങ്ങുകയാണ്
വിയർപ്പുകുടിച്ചോടും
എന്റെ വണ്ടി
അവനെയും
എന്നെയും തന്നെ മറന്ന്
മഴയുണ്ടെന്ന് മറന്ന്
ഷട്ടർ താഴ്ത്താൻ മറന്ന്
നനയുന്നതു മറന്ന്
മരിച്ചിരിക്കാൻ
മാത്രം കഴിയാവുന്ന
വിഴുപ്പുഭാണ്ഡമായ്
ചുരുണ്ടിരിക്കുന്നു ഞാൻ