മന്ദസമീരൻ മെല്ലെത്തഴുകുമൊരു സായം-
സന്ധ്യയിലന്തഃപ്പുര ജാലകത്തിനു ചാരേ
വന്നുനിന്നെന്തിനോ, ദൂരെ മേവുന്ന സന്ധ്യാകാശ
കുങ്കുമ നിറമതിൽ കൺപാർത്തു നിന്നൂർമ്മിള
സാന്ധ്യസിന്ധൂരശോഭ ചേർന്ന തൻ നിടിലത്തിൽ
താവിടും സ്വേദബിന്ദുക്കൾക്കൊപ്പം മിഴിചുട്ടു,
നീർ താഴേയ്ക്കിറ്റു വീഴവേയഗാധമാം
മൂകാനുരാഗക്കനൽ നീറ്റുന്ന നെഞ്ഞിന്നുള്ളിൽ
ഉണർന്നൂ സുമിത്രാത്മജൻ തന്റെ തൂമുഖം
മെല്ലെ മലർപോൽ വിടരുന്നൊരാ മന്ദഹസിതവും
മിഥിലാപുരിയിൽവച്ചെള്ളെണ്ണ വിളക്കിന്റെ
നിഴലിൽ കാതോരംചേർത്താനന്ദിപ്പിച്ചമൊഴികളും
ഒക്കെയോർക്കുന്നുണ്ടാമോ നാഥനക്കാനന-
ഭംഗികൾക്കൊപ്പമൊരുവേളയീവേട്ടൊരിപ്പെണ്ണിനെ?
സീതതൻ നിഴലായി നടന്നോരിവളെയാ, ചെം
താരിണക്കഴലുകൾ കാണുമ്പോളോർത്തീടുമോ?
പോവുന്നു, പതിന്നാലു വത്സരമാരണ്യത്തിൽ
ശ്രീരാമജ്യേഷ്ഠന്നുമാ സീതാദേവിക്കും തുണയായി
തിരികെ വരുവോളം സേവിക്ക ഗുരുജനങ്ങളെ
എന്നായി, നീ പറഞ്ഞപ്പോൾ കൺപീലി നനഞ്ഞുവോ?
ഉൾക്കട ദുഃഖത്തിനാലന്ധയായ് ചമഞ്ഞ ഞാൻ
കണ്ടില്ല നിൻ രൂപം കണ്ണീന്നു മറയവേ
രാമദേവനും സീതാദേവിക്കുമൊപ്പം മേവുമാനന്ദം
നിനക്കന്യമീയയോദ്ധ്യയിലെന്നറിഞ്ഞ ഞാൻ
പിൻവിളി വിളിച്ചില്ല, വിരഹവിപിനത്തിൽ തങ്ങുവാൻ,
തുണയായ് കരളിൽ നിൻരൂപത്തെ
ഒപ്പമെൻ ജ്യേഷ്ഠത്തിയെ, പിന്നെ രാമനാമത്തെ
ഒക്കെയെൻ ഹൃദയത്തിൽ പ്രതിഷ്ഠിച്ചുപാസിച്ചു
വാസരമൊഴുകുന്നതുണ്ടോയെന്നോർത്തീടാതെ
കാലമെത്രയായെന്നോർത്തു സന്ദേഹിച്ചിരിക്കാതെ
ഒരു മൺചെരാതുപോലുരുകിയയോദ്ധ്യക്കൊപ്പം
കാത്തിരുന്നീടുന്നെന്നോകേട്ടീടും മംഗലനാദത്തിനായ്.