രാജ്യത്തെയാകെ ഞെട്ടിക്കുകയും ആശങ്കകള്‍ സൃഷ്ടിക്കുകയും ഒട്ടനവധി ചോദ്യങ്ങള്‍ക്ക് അവസരമൊരുക്കുകയും ചെയ്ത സംഭവമാണ് ഇന്നലെ പാര്‍ലമെന്റിലുണ്ടായത്. സന്ദര്‍ശക ഗാലറിയിലിരുന്ന രണ്ടുപേര്‍ സമ്മേളനം നടന്നുകൊണ്ടിരിക്കെ സഭയ്ക്കകത്തേക്ക് ചാടുകയും ഒരാള്‍ മേശപ്പുറത്തുകൂടി സ്പീക്കറുടെ മുന്നിലേക്ക് നീങ്ങുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഇരുവരുടെയും കൈകളില്‍ വാതകം നിറച്ച കാനിസ്റ്ററുകളുണ്ടായിരുന്നു. അതില്‍ നിന്ന് പുറത്തേക്ക് വമിപ്പിച്ച മഞ്ഞപ്പുക സഭയ്ക്കകത്തു നിറയുന്ന സാഹചര്യവുമുണ്ടായി. പുക കണ്ണിന് അസ്വസ്ഥതയുണ്ടാക്കിയതായി അംഗങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അംഗങ്ങളില്‍ ചിലരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്. സഭയിലേക്ക് ചാടിയ രണ്ടുപേര്‍ കര്‍ണാടകയിലെ മനോരഞ്ജന്‍, സാഗര്‍ശര്‍മ എന്നിവരാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. അത്യന്തം ഗുരുതരമായ സുരക്ഷാ വീഴ്ചയെത്തുടർന്ന് ലോക്‌സഭ നിർത്തിവച്ച് എംപിമാർ പുറത്തിറങ്ങി. ഇതേസമയം തന്നെ സഭയ്ക്ക് പുറത്ത് ഒരു യുവതിയടക്കം രണ്ടുപേര്‍ മഞ്ഞ വാതകം ചീറ്റുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഹരിയാനയിലെ നീലം, മഹാരാഷ്ട്രയിലെ അമോല്‍ ഷിന്‍ഡെ എന്നിവരാണ് പുറത്ത് പ്രതിഷേധിച്ചത്. എല്ലാവരെയും ചോദ്യം ചെയ്യുകയാണ്. 2001ല്‍ പാര്‍ലമെന്റിനു നേരെ ഭീകരാക്രമണമുണ്ടായതിന്റെ 22-ാം വാര്‍ഷിക ദിനത്തിലാണ് ഈ സംഭവമുണ്ടായിരിക്കുന്നത്. ഈ ദിവസത്തിന് മുമ്പ് ഡല്‍ഹിയില്‍ ആക്രമണം നടത്തുമെന്ന് ഖലിസ്ഥാന്‍ സംഘടനകളുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളുണ്ടായിരുന്നു. ഡിസംബർ 13ന് മുമ്പായി പാർലമെന്റിന് നേർക്ക് ആക്രമണം നടത്തുമെന്ന് വീഡിയോ സന്ദേശത്തിലൂടെ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്‍ ആണ് ഭീഷണി മുഴക്കിയത്. ഭീഷണിയെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് പാര്‍ലമെന്റിലും പരിസരത്തും സുരക്ഷ ശക്തമാക്കിയെന്ന് അറിയിക്കുകയും ചെയ്തു. ഇന്നലെ നടന്ന സംഭവത്തിന് പ്രസ്തുത ഭീഷണിയുമായി ബന്ധമുണ്ടോ എന്നതൊക്കെ കണ്ടെത്തേണ്ട കാര്യമാണ്. പക്ഷേ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നടക്കുന്നതിനിടെ ഭീഷണി സന്ദേശം പുറത്തുവന്നിട്ടും സുരക്ഷ ഒരുക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വ്യക്തമാകുന്നത്. സഭയില്‍ സംഭവത്തിന് സാക്ഷികളായ എല്ലാ അംഗങ്ങളും ഒരേ സ്വരത്തില്‍ അക്കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി.
ഇതുകൂടി വായിക്കൂ; ഫെഡറല്‍ ജനാധിപത്യത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന വിധി
ഇന്നലത്തെ സംഭവങ്ങള്‍ ഓരോന്നിന്റെയും ദൃശ്യങ്ങള്‍ കാണുമ്പോള്‍ തന്നെ വീഴ്ചയുടെ ഗുരുതരാവസ്ഥ വ്യക്തമാകും. രണ്ടുപേര്‍ സഭയിലെത്തിയത് ബിജെപി മൈസൂരു എംപി പ്രതാപ് സിങ്ങിന്റെ ശുപാര്‍ശയോടെയായിരുന്നു. അംഗങ്ങളല്ലാത്ത എല്ലാവരെയും മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെ, ശക്തമായ ശരീര പരിശോധന നടത്തിയാണ് പ്രവേശിപ്പിക്കാറുള്ളത്. പേന പോലും കയ്യില്‍ കരുതരുതെന്ന് വ്യവസ്ഥയുണ്ട്. സൂക്ഷ്മവസ്തുക്കള്‍ പോലും ശരീരത്തിലുണ്ടെങ്കില്‍ കണ്ടെത്താനുള്ള പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും രണ്ടുപേര്‍ക്ക് കാനിസ്റ്ററുകളുമായി സന്ദര്‍ശക ഗാലറിയിലേക്ക് കടക്കുന്നതിന് അവസരമുണ്ടായി. പുറത്ത് പിടികൂടിയ രണ്ടുപേര്‍ക്കും മിനിറ്റുകളോളം സ്ഥലത്ത് വാതകം വമിപ്പിക്കുന്നതിന് സാവകാശം ലഭിച്ചു. യുവതിക്ക് മിനിറ്റുകളോളം മാധ്യമങ്ങളോട് സംസാരിക്കുവാന്‍ അവസരം നല്‍കിയതും ചാനലുകളില്‍ കണ്ടതാണ്. വളരെക്കുറച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ മാത്രമാണ് ആ സമയത്ത് കാണാനായത്. അതീവ സുരക്ഷ ആവശ്യമായ പ്രദേശത്ത്, ഇതെല്ലാം ഗൗരവമേറിയ വീഴ്ചകളാണ്. ഇതോടൊപ്പംതന്നെ ശതകോടികള്‍ ചെലവഴിച്ച് നിര്‍മ്മിക്കുകയും കൊട്ടിഘോഷിച്ചും വിവാദപരമായും ഉദ്ഘാടനം നടത്തുകയും ചെയ്ത പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ പോരായ്മകളും സുരക്ഷയുടെ കാര്യത്തിലുള്ള ഉദാസീനതയും സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. പഴയ മന്ദിരത്തെക്കാള്‍ വിപുലവും വിസ്തൃതവും ആഡംബരങ്ങള്‍ നിറഞ്ഞതുമാണെങ്കിലും അസൗകര്യങ്ങളും അതിനാല്‍ത്തന്നെ സുരക്ഷാ വീഴ്ചയ്ക്കുള്ള സാധ്യതകളും കൂടുതലാണെന്ന് അംഗങ്ങള്‍ പറഞ്ഞിട്ടുണ്ട്.
ഇതുകൂടി വായിക്കൂ; മങ്ങലേല്‍ക്കുന്ന ഇന്ത്യന്‍ നയതന്ത്ര പ്രതിച്ഛായ
അത് പൂര്‍ണമായും ശരിവയ്ക്കുന്നതാണ് ഇന്നലെയുണ്ടായ സംഭവം. ഏതിനെയും രാജ്യസുരക്ഷയും ദേശാഭിമാന ബോധവുമായും കൂട്ടിക്കെട്ടുന്ന ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാജ്യം ഭരിക്കുന്ന വേളയിലാണ് ഇത്രയും ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്. ഈ വീഴ്ച കെടുകാര്യസ്ഥതയുടെയും ഉദാസീനതയുടെയും പ്രകടിത രൂപമാണ്. ഇത് രാഷ്ട്രീയ വിഷയമാക്കരുതെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇത് രാഷ്ട്രീയവിഷയമാണെന്ന് മാത്രമല്ല രാജ്യ സുരക്ഷയെയും ദേശാഭിമാന ബോധത്തെയും കുറിച്ചുള്ള ബിജെപിയുടെ അവകാശവാദങ്ങള്‍ കാപട്യമാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നതാണ്. വ്യക്തമായ തിരിച്ചറിയല്‍ രേഖകള്‍ പോലുമില്ലാതെയാണ് ബിജെപി എംപിയുടെ ശുപാര്‍ശയോടെ ഇരുവരും സന്ദര്‍ശകരായി എത്തിയത് എന്ന് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ജനപ്രതിനിധികള്‍ക്കുപോലും രക്ഷയില്ലെന്നതിന്റെ തെളിവുകൂടിയാണിത്. പാര്‍ലമെന്റിന്റെയും രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെയും സുരക്ഷ പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയിലാണ്. സുരക്ഷാ സംവിധാനങ്ങളില്‍ പോരായ്മകളുള്ള പുതിയ മന്ദിരം നിര്‍മ്മാണം നടന്നതാകട്ടെ ബിജെപി സര്‍ക്കാരിലെ ഉന്നതരുടെ നേതൃത്വത്തിലും. അതുകൊണ്ടുതന്നെ ഗുരുതരമായ ഈ വീഴ്ചയ്ക്ക് പൂര്‍ണമായും ഉത്തരവാദികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ്.