Site iconSite icon Janayugom Online

ജനഹിതം എല്‍ഡിഎഫിന്റെ മൂന്നാമൂഴം: ബിനോയ് വിശ്വം

വികസനത്തിന് വഴികാണിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ച്ച വേണമെന്നതാണ് ജനഹിതമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് തെക്കന്‍ മേഖല വികസന മുന്നേറ്റ ജാഥ ക്യാപ്റ്റനുമായ ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജാഥയില്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയം ശരിയാണെന്ന് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് അനുഭവിച്ചറിയുവാന്‍ സാധിക്കുന്നു. അതിനാല്‍ യുഡിഎഫിനും ബിജെപിക്കും ഈ ജാഥയും അത് ഉയര്‍ത്തുന്ന മുദ്രാവാക്യവും വിഭ്രാന്തി ഉണ്ടാക്കുന്നു. ജനങ്ങളും എല്‍ഡിഎഫും തമ്മിലുള്ള ബന്ധത്തിന്റെ കണ്ണി അവര്‍ക്ക് ഒരിക്കലും അകറ്റുവാന്‍ സാധിക്കുകയില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ദേശീയ പണിമുടക്കില്‍ ഇ­ന്ത്യ­യിലെമ്പാടും മുപ്പത് കോടി ജനങ്ങള്‍ പങ്കെടുത്തു. പണിമുടക്കില്‍ പങ്കെടുക്കാതിരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് ഐഎന്‍ടിയുസിയില്‍ സമ്മര്‍ദ്ദം ചെലുത്തി. സംയുക്ത തൊഴിലാളി പ്രസ്ഥാനത്തില്‍ നിന്ന് രാഷ്ട്രീയമായി ബലം പ്രയോഗിച്ച് അവരെ കോണ്‍ഗ്രസ് അടര്‍ത്തി മാറ്റി. എന്നാല്‍ ഐഎന്‍ടിയുസി സ്വന്തം നിലയ്ക്ക് പണിമുടക്കില്‍ പങ്കെടുത്തു. 

ആ പണിമുടക്കിനെ യുഡി എഫ് തള്ളിപ്പറയുകയും നിസാരവല്ക്കരിക്കുകയും ചെയ്തു. കോണ്‍ഗ്രസിനോട് ചായ്‌വുള്ള തൊഴിലാളികളും കൃഷിക്കാരും പങ്കെടുത്ത പണിമുടക്കിനെ ഇടുങ്ങിയ രാഷ്ട്രീയ കാരണത്താല്‍ ഒരു വിഭാഗം നേതാക്കള്‍ തള്ളിപ്പറയാന്‍ ശ്രമിച്ചു. മോഡിയുടെ ജനദ്രോഹ നയങ്ങളെ യുഡി എഫ് നേതാക്കള്‍ വെള്ളപൂശി. ഇത് രാഷ്ട്രീയമായ വൈരുദ്ധ്യമാണ്. ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ഡിഎഫ് മൂന്ന് ജാഥകളും നടത്തിയിരുന്നില്ല. ഐഎന്‍ടിയുസിയോടൊപ്പം ദേശീയപണിമുടക്കില്‍ നില്‍ക്കുവാന്‍ കടപ്പെട്ട യുഡിഎഫ് പൂര്‍വാധികം വീറോടുകൂടി അവരുടെ ജാഥ നടത്തി. തൊഴിലാളികളും കര്‍ഷകര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ പ്രാധാന്യം അറിയുമായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഒരു ദിവസം ആ ജാഥ നിര്‍ത്തിവയ്ക്കാമായിരുന്നു. ഇത്തരം സമരങ്ങളെല്ലാം തെറ്റാണെന്നും യോജിപ്പില്ലെന്നും വി ഡി സതീശന്‍ പറയുകയുണ്ടായി. അതൊരു മുടന്തന്‍ ന്യായം മാത്രമാണ്. സമരത്തില്‍ പങ്കെടുത്തുകൊണ്ട് മോഡി സര്‍ക്കാരിന്റെ നയങ്ങളെ തള്ളിപ്പറയുവാന്‍ കോണ്‍ഗ്രസിലെ ഒരുകൂട്ടം നേതാക്കള്‍ക്ക് പ്രയാസമുണ്ടെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് രാഷ്ട്രീയം അകപ്പെട്ടിരിക്കുന്ന ഗതികെട്ട അവസ്ഥയുടെ ദൃശ്യമായിരുന്നു കുറ്റ്യാടിയില്‍ കണ്ടത്. അതിനെക്കുറിച്ച് അവര്‍ പറയുന്ന വ്യാഖ്യാനം വിചിത്രമാണ്. സ്നേഹത്തള്ളെന്ന പുതിയ പദപ്രയോഗമായാണ് അവര്‍ ആ സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സ്നേഹത്തല്ലാണോ സ്നേഹത്തള്ളാണോ എന്നാണ് ആ ദൃശ്യം കണ്ട എല്ലാവരും ചോദിക്കുന്നത്. ഇതാണ് യുഡിഎഫിന്റെ ഇപ്പോഴത്തെ അവസ്ഥ. ആത്മാര്‍ത്ഥമായ രാഷ്ട്രീയ ബന്ധത്തിന്റെ ഐക്യത്തിന്റെ അനുഭവം എല്‍ഡിഎഫ് ജാഥകള്‍ നല്‍കുന്നു. ഈ ജാഥയുടെ അടിസ്ഥാനം രാഷ്ട്രീയമാണ്, മുതലെടുപ്പും അധികാരക്കൊതിയുമല്ല. അധികാരം എന്ന ഒറ്റ തന്ത്രപ്പാടില്‍ ഇല്ലാക്കഥകള്‍ കെട്ടിച്ചമച്ച് കൊണ്ട് മുന്നോട്ട് പോകുന്നതാണ് യുഡിഎഫിന്റെ പുതുയുഗയാത്ര. അതില്‍ ഒരു പുതുമയും യുഗപ്പിറവിയുമില്ല. എല്ലാകാലത്തും കോണ്‍ഗ്രസിന്റെ കൂടപ്പിറപ്പായ തമ്മിലടിയുടെ ആവരണമാകുവാന്‍ കണ്ടെത്തിയ പേര് മാത്രമാണതെന്ന് തെളിയുകയാണ്. യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഒരു വശം ബിജെപി ബന്ധമാണ്. പണിമുടക്കില്‍ കാണിച്ച ഒളിച്ചോട്ടവും ജാഥ നിര്‍ത്തിവെയ്ക്കാതിരുന്ന രാഷ്ട്രീയ നിലപാടും വെറുതെയല്ല. ഇതെല്ലാം വ്യക്തമാക്കുന്നത് യുഡിഎഫും ബിജെപിയും രണ്ടല്ല ഒന്നാണ് എന്നാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു. 

Exit mobile version