Site iconSite icon Janayugom Online

ജറേഡ് ഐസക്‌മാൻ നാസ മേധാവിയാകും; പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

അമേരിക്കന്‍ ശതകോടീശ്വരനും ആദ്യത്തെ സ്വകാര്യ ബഹിരാകാശ യാത്രികനുമായ ജറേഡ് ഐസക്മാനെ നാസയുടെ അടുത്ത മേധാവിയായി പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേശകരില്‍ ഒരാളായ ഇലോണ്‍ മസ്‌കിന്റെ അടുപ്പക്കാരനായ ജറേഡ് ഐസക് മാന്റെ നിയമനം വിവാദങ്ങള്‍ക്കും വഴിവച്ചിരിക്കുകയാണ്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ബഹിരാകാശ ഏജന്‍സി നടത്തിയ ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശയാത്രാ നടത്തത്തില്‍ ജറേഡ് ഐസക് മാനും പങ്കെടുത്തിരുന്നു. 

41 വയസുകാരനായ ഐസക് മാൻ യുഎസിലെ പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് കമ്പനിയായ ‘ഷിഫ്റ്റ് 4 പേയ്‌മെന്റിന്റെ’ സ്ഥാപക സിഇഒ കൂടി ആണ്. സ്പേസ് എക്സില്‍ നിന്ന് തന്റെ ആദ്യത്തെ ചാര്‍ട്ടേഡ് ഫ്ലൈറ്റ് വാങ്ങിയതുമുതല്‍ മസ്‌കുമായി ഐസക് മാൻ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. പ്രഗത്ഭനായ ബിസിനസുകാരനും മനുഷ്യ സ്നേഹിയും പൈലറ്റും ബഹിരാകാശയാത്രികനുമായ ജറേഡ് ഐസക്‌മാനെ നാസയുടെ അഡ്മിനിസ്ട്രേറ്ററായി നാമനിര്‍ദേശം ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണെന്ന് ഡൊണാൾഡ് ട്രംപ് എക്‌സിൽ കുറിച്ചു . ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, പര്യവേക്ഷണം എന്നിവയില്‍ മികച്ച നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്ന നാസയുടെ ദൗത്യങ്ങളെ അദ്ദേഹം നയിക്കുമെന്നും ട്രംപ് പറഞ്ഞു. 

Exit mobile version