മുല്ലപ്പൂവിന്റെ വില കത്തിക്കയറുന്നു. ഒരു കിലോ മുല്ലപ്പൂവിന്റെ വിപണി വില 3000 രൂപ പിന്നിട്ടതോടെ വ്യാപാരികൾക്കും അമ്പരപ്പാണ്. ഈ വർഷം ആദ്യമായാണ് മുല്ലപ്പൂവിന് ഇത്രയും വില ഉയർന്നതെന്ന് വ്യാപാരികൾ പറയുന്നു. ശനി, ഞായർ തുടങ്ങി അവധി ദിവസങ്ങളിൽ ഒരു കിലോ മുല്ലപ്പൂവിന് 2,500 രൂപ മുതൽ 3,000 രൂപ വരെയാണ് ശരാശരി വില. മറ്റ് ദിവസങ്ങളിൽ ശരാശരി 1700 രൂപ മുതൽ 2000 രൂപ വരെയും വില ലഭിക്കുന്നുണ്ട്.
നിലവിൽ വിവാഹ ആവശ്യങ്ങൾക്ക് ഉൾപ്പെടെ മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമേ മുല്ലപ്പൂ ലഭിക്കുകയുള്ളു. ആവശ്യത്തിന് പൂവ് കിട്ടാത്തതാണ് വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്. മുഖ്യമായും തമിഴ്‌നാട്ടിൽ നിന്നുമാണ് കേരളത്തിലേക്ക് പൂക്കളെത്തിക്കുന്നത്. കമ്പം, തേനി, മാടിവാള, ശിലയാംപെട്ടി എന്നിവടങ്ങളിലാണ് മുല്ല ഉൾപ്പെടെയുള്ള പൂക്കൾ ലഭിക്കുന്നത്.
കാലാവസ്ഥയിലുണ്ടായ വ്യതിയാനത്തിന് പുറമെ തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കവും പൂകൃഷിയെ ദോഷകരമായി ബാധിച്ചു. ഇതോടെ പൂക്കൾ ആവശ്യത്തിന് ലഭിക്കാത്ത സ്ഥിതി ഉണ്ടാകുകയും വില ഉയരുകയുമായിരുന്നു. ശൈത്യകാലമായതിനാൽ പൂക്കൾ കൊഴിയുന്നതും പ്രതിസന്ധിയാണ്. ഇനിയും വില ഉയരാനുള്ള സാധ്യത ഉണ്ടെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. മുൻ വർഷങ്ങളിൽ ഒരു കിലോ മുല്ലപ്പൂവിന് 4000 രൂപ വരെ വില ഉയർന്നിരുന്നു. ബെന്തി, അരളി തുടങ്ങിയ പൂക്കളുടെ വിലയിലും 60 രൂപ മുതൽ 100 രൂപ വരെ വില വ്യത്യാസം ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് മുല്ല ഉൾപ്പെടെയുള്ള പൂക്കളുടെ കൃഷി വ്യാപിക്കുന്നതിനൊപ്പം മലയോര മേഖലയായ ഇടുക്കിയിലെ കാലാവസ്ഥയും സാഹചര്യങ്ങളും ഉപയോഗപ്പെടുത്തിയും പൂക്കളുടെ കൃഷി വിപുലപ്പെടുത്തമെന്ന ആവശ്യവും വ്യാപാരികൾ പങ്കുവയ്ക്കുന്നുണ്ട്.
English Summary: Jasmine Revolution: Prices Soar
You may also like this video