Site icon Janayugom Online

മണിയൂർ ഇ ബാലൻ നോവല്‍ പുരസ്കാരം ജയപ്രകാശ് പാനൂരിന്

panoor

യുവകലാസാഹിതിയുടെ സംസ്ഥാന ഭാരവാഹിയും പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന മണിയൂർ ഇ ബാലന്റെ സ്മരണാർഥം രൂപീകരിച്ച ഫൗണ്ടേഷന്റെ നവാഗത നോവലിസ്റ്റുകൾക്കുള്ള ഈ വർഷത്തെ പുരസ്കാരം ജയപ്രകാശ് പാനൂരിന്. മഹാഭാരതത്തിന്റെ പശ്ചാത്തലത്തിൽ ആധുനിക സമൂഹത്തെ കാണാൻ ശ്രമിച്ച ‘യുയുത്സ’ എന്ന നോവലാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. 11,111 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. പാനൂരിൽ ഫർണിച്ചർ ബിസിനസ് നടത്തുന്ന ജയപ്രകാശ് കിഷ്കിന്ധയുടെ മൗനം, സൗഭദം, ചെന്നായ്ക്കളുടെ മരണവാറണ്ട് എന്നീ നോവലുകളും എഴുതിയിട്ടുണ്ട്. മഹാഭാരത കഥാസന്ദർഭങ്ങളെ ആവിഷ്കരിച്ചുകൊണ്ട് എഴുതിയ തമസോമ ജ്യോതിർഗമയ എന്ന നാടകം 2001‑ൽ കണ്ണൂർ റേഡിയോനിലയം സംപ്രേഷണം ചെയ്തു. ചെറുകഥകളും നാടകങ്ങളും നീണ്ട കഥകളും എഴുതിയിട്ടുണ്ട്.

അവാർഡിനെത്തിയ നോവലുകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ജയപ്രകാശ് പാനൂരിന്റെ യുയുത്സ. ധൃതരാഷ്ട്ര മഹാരാജാവിന്ന് ദാസിയിലുണ്ടായ പുത്രന്റെ മനോവ്യാപാരങ്ങളുടേയും അന്തസ്സംഘർഷങ്ങളുടേയും ആവിഷ്ക്കാരത്തിലൂടെ മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയെ തികഞ്ഞ ഉൾക്കാഴ്ചയോടെ അവതരിപ്പിക്കുന്ന നോവലാണിത്. നേരേതാണ്, നുണയേതാണ് എന്ന് തിരിച്ചറിയാനാവാത്ത മനുഷ്യ ഭാഗധേയത്തെ മഹാഭാരത യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കൈത്തഴക്കത്തോടെ അപഗ്രഥിക്കാൻ നോവലിസ്റ്റിന്ന് സാധിച്ചിട്ടുണ്ടെന്ന് അവാർഡ് ജൂറി ചെയർമാൻ എ പി കുഞ്ഞാമു അഭിപ്രായപ്പെട്ടു.

അധ്യാപകർക്കു വേണ്ടി നടത്തിയ കഥാരചനാ മത്സരത്തിൽ സെന്റ് മേരീസ് ഹൈസ്കൂൾ കൂടത്തായിലെ അധ്യാപിക നിഷ ആന്റണി ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് കഥാരചനയ്ക്കുള്ള സമ്മാനം. അറുപതോളം കഥകളും കവിതകളും എഴുതിയ നിഷ ആന്റണിയുടെ രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെയ് 9 ന് പയ്യോളിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.

Eng­lish Sum­ma­ry: Jayaprakash Panoor wins Maniy­oor E Bal­an Nov­el Award

You may like this video also

Exit mobile version