Site iconSite icon Janayugom Online

ബിഹാറില്‍ ജെഡിയുവിന് തിരിച്ചടി; ഇബിസി വിഭാഗം നേതാവ് കോണ്‍ഗ്രസില്‍

ബെഗുസാരായിയിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് കുമാർ കോൺഗ്രസിലേക്ക് കൂറുമാറിയത് ബിഹാറില്‍ ജെഡിയുവിന് പുതിയ തിരിച്ചടിയായി. മേഖലയിൽ നടന്ന ഒരു പിന്നാക്ക വിഭാഗ അവകാശ സമ്മേളനത്തിലാണ് രാജേഷ് കുമാര്‍ മാറ്റം വെളിപ്പെടുത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മർദം നേരിടുന്ന ജെഡിയു നേതൃത്വത്തിന് രാജേഷ് കുമാര്‍ പുതിയ തലവേദനയാകും. താഴെത്തട്ടിലുള്ള ഇബിസി നേതാക്കളോടുള്ള അവഗണന, തീരുമാനമെടുക്കലിന്റെ കേന്ദ്രീകരണത്തില്‍ വർധിച്ചുവരുന്ന അതൃപ്തി എന്നിവയെല്ലാം രാജേഷ് കുമാറിന്റെ കൂറുമാറ്റത്തിന് ആക്കം കൂട്ടി. സാമൂഹിക നീതിയെക്കുറിച്ചുള്ള ജെഡിയുവിന്റെ സന്ദേശങ്ങൾ താഴേത്തട്ടിലുള്ള പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് വിമർശകർ വാദിക്കുന്നു.
രാജേഷ് കുമാറിന്റെ വരവ് മുതലെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അനീതി, നിലവിലെ ഭരണ സഖ്യത്തിന് കീഴിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ നേരിടുന്ന അവഗണന എന്നിവയിലേക്ക് കുമാറിന്റെ കൂറുമാറ്റത്തെ സംയോജിപ്പിക്കുന്നു. ഒക്ടോബർ — നവംബർ മാസങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ഇത് സ്വാധീനിക്കാൻ സാധ്യതയുണ്ട്.
2020ൽ എൻഡിഎയിൽ നിന്ന് വേർപിരിഞ്ഞ ശേഷം സ്വതന്ത്രനായി മത്സരിച്ച രാജേഷ് കുമാർ, നിരവധി അനുയായികളെ കോൺഗ്രസിലേക്ക് കൊണ്ടുവന്നു. ബിഹാർ കോൺഗ്രസ് പ്രസിഡന്റ് രാജേഷ് റാം, നിയമസഭാ പാർട്ടി നേതാവ് ഷക്കീൽ അഹമ്മദ് എന്നിവരുൾപ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേർന്നത്. മുൻ എംഎൽഎ ബോഗോ സിങ് ജെഡിയുവിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണിത്.
അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കിടയിൽ എൻഡിഎയുമായുള്ള നിരാശയുടെ ലക്ഷണമാണ് ഈമാറ്റമെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് രാജേഷ് റാം അഭിപ്രായപ്പെട്ടു. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് പോലുള്ള നിർണായക വിഷയങ്ങൾ പരിഹരിക്കുന്നതിൽ നിതീഷ് കുമാറിന്റെ ജെഡിയു പരാജയപ്പെട്ടുവെന്ന് റാം വിമർശിച്ചു.
ഇബിസികൾ ബിഹാറിലെ വോട്ടർമാരിൽ പ്രധാന ശക്തിയാണ്.

Exit mobile version